17.1 C
New York
Monday, January 24, 2022
Home Literature കാള(ല)വണ്ടി (ചെറുകഥ)

കാള(ല)വണ്ടി (ചെറുകഥ)

ജഗദീഷ് കോവളം.✍

നാടും, വീടും ഒട്ടേറെവട്ടം ചിന്തിച്ചിട്ടും മനസ്സിലാകാത്ത കാര്യമായിരുന്നു “ദാരിദ്ര്യം ഇത്രമേൽ കഴുത്തു ഞെരിച്ചിട്ടും വേലാണ്ടി, തന്റെ രണ്ടു കാളകളെയും തീറ്റിപ്പോറ്റി, വണ്ടിയും സംരക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന്..” പലരും അക്കാര്യം വേലാണ്ടിയോട് ചോദിക്കാറുമുണ്ട്.

“നെനക്ക് ചേതോന്നും ഇല്ലല്ലീ.. കാളേള് നെന്റെ പെറത്ത് കേറാവ്വന്നാ..”

ഒട്ടും മർദ്ദവമില്ലാത്ത സ്വരത്തിൽ വേലാണ്ടിയുടെ മറുപടി ഇങ്ങനെയായിരിക്കും.

വണ്ടിക്കാരൻ വേലപ്പനാണ് കാലാന്തരത്തിൽ വേലാണ്ടിയായി പരിണമിച്ചത്. വേലപ്പൻ, വണ്ടി മുതലാളിയായിരുന്നു. ആറുജോഡി ലക്ഷണമൊത്ത കാളകളുടെയും, മൂന്നു കാളവണ്ടികളുടെയും മുതലാളി. വേലാണ്ടിയുടെ വണ്ടിയേറിയായിരുന്നു, ഗ്രാമം നഗരത്തിലേക്ക് യാത്രചെയ്തിരുന്നത്. മടക്കയാത്രയിൽ വേലാണ്ടിയറിയാതെ, കാളവണ്ടിമേൽ നഗരച്ചീളുകൾ കളളവണ്ടികയറി ഗ്രാമത്തിലേക്കിറങ്ങി.

ഒരുദിനം കൊണ്ട് വാടിപ്പോകുന്ന ചീരയും, ഒരുദിന ദൈർഘ്യത്തിൽ പച്ചമാറി മഞ്ഞയാകുന്ന വഴക്കുലകളും, ഏത് ദീനത്തിനും ശമനമേകുന്ന വേരും, കായും, തണ്ടും, ഇലയും, പൂവുമൊക്കെ വേലാണ്ടിയുടെ കാളക്കഴുത്തേറി രാപകലില്ലാതെ നഗരയാത്ര തുടർന്നു. ഒരിക്കലും വാടാത്ത പൂക്കളും, പഴുത്താലും മഞ്ഞളിക്കാത്ത പഴങ്ങളും, ബട്ടൺ വലുപ്പത്തിലുള്ള സുന്ദരങ്ങളായ രോഗശമനികളും ഗ്രാമക്കാഴ്ചകൾ കാണാനെന്നവണ്ണമെത്തി, തിരികെപ്പോകാതെ ഗ്രാമങ്ങളിൽ കുടിയേറിപ്പാർപ്പ് തുടങ്ങി.

കാലക്രമേണ വേലാണ്ടിയുടെ കാളവണ്ടിക്കീഴിൽ തൂങ്ങിയാടുന്ന റാന്തലിന് വെട്ടം കുറവാണെന്നും, പൈതകൾക്ക് വേഗക്കുറവാണെന്നും, ആഘാതം താങ്ങികൾ വണ്ടിയിലില്ലെന്നുമൊക്കെയുള്ള ന്യൂനതകൾ നാട്ടുകാരുടെ ശ്രദ്ധക്ഷണിച്ചു തുടങ്ങി. അങ്ങിനെ വേലാണ്ടിയുടെ വണ്ടികൾ “പാസഞ്ചർ കം ഗുഡ്‌സ് ക്യാരിയറിൽ” നിന്നും ഗുഡ്സ് ക്യാര്യർ മാത്രമായി തരംതാഴ്ത്തപ്പെട്ടു. ക്രമേണ ചരക്കുകളും വേലാണ്ടിയുടെ വണ്ടിയിൽ കയറാൻ മടികാട്ടിയതോടെ, വേലാണ്ടിയും, കാളവണ്ടികളും ക്വാറന്റൈനിലായി.

കാളകളെ ഒഴിവാക്കി, രണ്ടുവണ്ടികളെ മാത്രം ഒരു റിസോർട്ടുകാർ വിലയ്ക്കുവാങ്ങി. അവരതിന്റെ പൈതകൾ അഴിച്ച്, നിറം പൂശി കോട്ടേജുകൾക്ക് മാറ്റുകൂട്ടും വിധം പ്രദർശിപ്പിച്ചു. കല്ലിലും, ചെളിയിലും ഉരഞ്ഞുനടന്നിരുന്ന പ്രസ്തുത പൈതകൾ അല്പവസ്ത്രധാരികളായ സായിപ്പിന്റെയും, മദാമ്മയുടെയും കരലാളനത്താൽ പുളകിതരാവുകയും, ഭൂതകാലം മറന്നവരായി പരിണമിക്കുകയും ചെയ്തു.

ഒരു ജോഡി കാളകളെയും, ഒരു വണ്ടിയേയും മാറ്റിനിറുത്തി, വേലാണ്ടി രണ്ടുജോഡി കാളകളെ ഇറച്ചിക്കാർക്ക് വിറ്റു. അതിലൊരു കാള ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. വേലാണ്ടിയുടെ രണ്ടുജോഡി കാളകളെ വിലക്കുവാങ്ങിയ ഇറച്ചിവെട്ടുകാരൻ അബ്ദു, അതിലൊരുകാളയെ, സ്വന്തമായി ഇറച്ചിക്കടയില്ലാത്തവനും, എന്നാൽ വഴിയോര ഇറച്ചിക്കച്ചവടത്തിന് പേരുകേട്ടവനുമായ ഉസ്മാന് വിറ്റു. ഉസ്മാൻ വിലയ്ക്കുവാങ്ങിയ കാളയെ ആളൊഴിഞ്ഞ പറമ്പിലിട്ട് കശാപ്പ് ചെയ്തു. പറമ്പിലെ മരചില്ലമേൽ കയറുഞാത്തി, തുടിക്കുന്ന തുടകളും, വാരിയെല്ലും, കരളുമൊക്കെ കെട്ടിത്തൂക്കിയിട്ട് കച്ചോടം തുടങ്ങി. മരച്ചുവട്ടിൽ കാളത്തല കണ്ണുമിഴിച്ചിരുന്നു.

ചേമ്പിലയിൽ പൊതിഞ്ഞുകിട്ടിയ ഇറച്ചിയുമായി ഗ്രാമവാസികൾ വീടണഞ്ഞു. അന്നുച്ചയ്ക്ക്‌ ഗ്രാമത്തിന് ഇറച്ചിക്കറിയുടെ മണമായിരുന്നു. വൈകുന്നേരം, കവലയിലെ വായനശാലത്തിണ്ണയിൽ ഇറച്ചിമണമുള്ള വിരലുകൾക്കിടയിൽ തിരുകിയ ബീഡി ഒന്നാഞ്ഞ് വലിച്ചിട്ട് സുഗുണനാണ് അത് പറഞ്ഞത്.

“എന്തരക്കെ പറഞ്ഞാലും ശിവങ്കോവിലിനടുത്തിട്ട് കാളേവെട്ടിയത് ശെരിയായില്ല.. ഒന്നൂല്ലെങ്കിലും ശിവന്റെ വാഹനോല്ലേ.. കാള..”

രാവിലെ മരച്ചുവട്ടിലിരുന്ന കാളത്തലയിൽ നിന്നും പുറത്തേക്ക് തുറിച്ചിരുന്ന കണ്ണുകൾ പോലെ, നാലുമുക്കിന്റെ നാലുവശത്തുനിന്നും കണ്ണുകൾ സുഗുണനുനേരെ തുറിച്ചുവന്നു.

“പറേമ്പോലെ അത് ശര്യാണല്ലാ.. നമ്മളതോർമ്മിച്ചതുമില്ല.. രാവിലേ വെലക്കണമായിര്ന്ന്..”

“ആമ്മാരെ പള്ളീരെ നുമ്പേക്കൊണ്ടിട്ട് പന്നീനെ വെട്ട്യാ ആമ്മാർക്ക് സയ്‌ക്കോ..”

“അങ്ങനേന്നെ ചെയ്യണം.. അപ്പഴേ പടിക്കൂ…”

സുഗുണന്റെ വിരലുകൾക്കിടയിലിരുന്ന ബീഡി എരിഞ്ഞുതീർന്നു. അപ്പോഴും സുഗുണനുചുറ്റുമുള്ള കണ്ണുകളിൽ കനലുകൾ തെളിഞ്ഞുനിന്നു. ബീഡിത്തുണ്ട് സുഗുണൻ അലക്ഷ്യമായി വലിച്ചെറിഞ്ഞു.

സുഗുണന്റെ നേതൃത്വത്തിൽ പള്ളിയുടെ മുന്നിലേക്ക് നാലുമുക്ക് ഒന്നായി മാർച്ചുചെയ്യുമ്പോൾ, അവർക്കുമുന്നിൽ നേതാവെന്നവണ്ണം ഒരു പന്നിയുമുണ്ടായിരുന്നു. പള്ളിക്ക് മുന്നിലിട്ട് പന്നിയെവെട്ടി, ചേമ്പിലയിൽ പൊതിഞ്ഞ് പകരംവീട്ടി തുടങ്ങിയപ്പോഴേക്കും, സുഗുണൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ മുറിബീഡിയിൽ നിന്ന്‌ തീപടന്ന് നാലുമുക്കിലെ വായനശാല കത്തിയമർന്നിരുന്നു.

പള്ളിയ്ക്ക് മുന്നിൽ പന്നിയെ കശാപ്പുചെയ്ത് പ്രതിഷേധിച്ചിട്ടും, കലിയടങ്ങാതെ സുഗുണനും സംഘവും കാളയെവെട്ടിയ മരത്തണലിൽ ഒരു കൂറ്റൻ കാളയുടെ പ്രതിമയും സ്‌ഥാപിച്ചു. പകരത്തിനു പകരമെന്നവണ്ണം പന്നിയുടെ പ്രതിമയും സ്‌ഥാപിക്കണമെന്ന വാദം, ഹരവും, ഹറാമും തിരിച്ചറിഞ്ഞുകൂടാത്ത ചില മത്സരബുദ്ധികളുടെ ജല്പനങ്ങളായി കരുതി പിന്തള്ളപ്പെട്ടു.

കാലം മുന്നോട്ടു കുതിക്കവേ, വല്ലപ്പോഴുമെങ്കിലും, വേലാണ്ടിയ്ക്ക് കാളവണ്ടിയുമായി പുറത്തിറങ്ങാനും, തുശ്ചമായ വരുമാനം ലഭിക്കുവാനും തുടങ്ങി. ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതീകാത്മക സമരങ്ങളിലും, പരിസ്‌ഥി ദിനാചരണങ്ങളിലുമൊക്കെ വേലാണ്ടിയും, കാളവണ്ടിയും സാന്നിദ്ധ്യമറിയിച്ചു തുടങ്ങി.

ഇപ്പോൾ വേലാണ്ടിയും, കാളവണ്ടിയും രാപകൽ ഭേദമന്യേ, നെട്ടോട്ടമാണ്. പണ്ടെന്നോ നഗരത്തിൽ കൊണ്ടുവെച്ചവയൊക്കെയും തിരിച്ചെടുക്കാനും, പകരം കള്ളവണ്ടിയേറിവന്നവയെ തിരിച്ചുകൊടുക്കാനും. വാടാത്ത പൂവുകളും കയറ്റി നഗരത്തിലേക്ക് ഒരു രാവിൽ വേലാണ്ടി വണ്ടി തെളിക്കവേ.. വണ്ടിപ്പുറകിലിരുന്ന് സുഗുണൻ ഇങ്ങനെ പറഞ്ഞു

” മറ്റേക്കാളകളേം, വണ്ടികളേം വേലാണ്ടി വിക്കണ്ടായിര്ന്ന്…”

സുഗുണന്റെ വാക്കുകൾ കേട്ടില്ലെന്ന് നടിച്ച വേലാണ്ടി, ഇരുളിലേക്ക് ചാട്ടചുഴറ്റി, കാളകളുടെ വേഗതകൂട്ടി.

ജഗദീഷ് കോവളം.✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: