മഞ്ഞുപുതച്ച ഡിസംബർപോലെ
എന്നിൽ പ്രണയം നിറഞ്ഞുനിന്നു.
തളിർചില്ലപൂത്ത പോൽ മനതാരിലും..
നിന്നോർമ്മപ്പൂക്കൾ നിറഞ്ഞുനിന്നു.
പറയാതെയറിയാതെ നീ മറഞ്ഞു
ഒരു തിരിവെട്ടം പൊലിഞ്ഞപോലെ
പുറമേച്ചിരിക്കുന്ന, എന്റെയുള്ളിൽ
ചോരപൊടിയുന്ന നീറ്റലുണ്ട്.
ഒരു കൊടുംങ്കാറ്റായി വീശീടുവാൻ
എന്നിലെ സ്ത്രീയും കൊതിച്ചിടുന്നു
മിഴികളാൽ തിരയുന്ന പ്രണയമാം പ്രാവിന്റെ
കുറുകലിൽ നെഞ്ചോടു ചേർന്നിരിക്കാൻ.
മൗനം കുടിച്ചു ഞാൻ, പൂവാടിയിൽ
വിരിയുന്ന പൂക്കളെ നോക്കിനിന്നു
മൂളുന്ന വണ്ടായി, മധുനുകരും ശലഭമായ്
നീ പാറിവരുന്നത് കാണുവാനായ്.
പ്രണയമേ… നീ ഏറെയകലയാണ്
എന്നാലും നീയെനിക്കരികിലുണ്ട്.
മഞ്ഞുപുതച്ചതാം കൊടുംതണുപ്പിൽ
എൻ ഗാത്രം വിയർത്തു കുളിച്ചിടുന്നു.
പ്രണയമേ പിന്നെയുമെൻ മനസ്സിൽ
മാരീചനായി നീ വന്നണഞ്ഞു.
ഓ…. പ്രണയമേ നീയൊരു വികാരജീവിയോ?.
ഹേമാമി.
