17.1 C
New York
Tuesday, October 3, 2023
Home Literature കള്ളൻ കുട്ടപ്പായി (കഥ)

കള്ളൻ കുട്ടപ്പായി (കഥ)

മേരി ജോസി മലയിൽ, തിരുവനന്തപുരം.

പവിത്രൻ മൂളിപ്പറക്കുന്ന കൊതുകിനെ തല്ലിക്കൊന്ന് ഇരിക്കുമ്പോഴാണ് പുതിയ ഒരുത്തനെ അങ്ങോട്ട് കൊണ്ടു വരുന്നത് കണ്ടത്. പേര് കുട്ടപ്പായി. പുതിയ ഒരു തടവുകാരൻ എത്തിയാൽ സഹതടവുകരൊക്കെ കൂടി ആദ്യം ഒരു റാഗിംഗ് ഉള്ളതാണ്. അവരെയൊക്കെ റാഗിങ്ങിൽ നിന്ന് രക്ഷിക്കുന്നത് ഈ പവിത്രൻ ആണ്. ഇക്കുറിയും പവിത്രൻ അനുഭാവപൂർവ്വം കാര്യങ്ങൾ തിരക്കി. എങ്ങനെ ഇവിടെ എത്തി എന്ന്‌ ചോദിച്ചു പവിത്രൻ. എല്ലാവർക്കും പറയാനുണ്ടാകും ഒരു കഥ. പവിത്രൻ സീനിയർ ആയതുകൊണ്ട് ആരും പിന്നെ ഒരു മറുവാക്കു പറയില്ല.

നവാഗതൻ അവൻറെ കഥയുടെ ഭാണ്ഡക്കെട്ട ഴിച്ചു. എല്ലാവരും കഥ കേൾക്കാൻ ഇരുന്നു. ബാല്യത്തെകുറിച്ച് വലിയ ഓർമ്മകൾ ഒന്നുമില്ല. ബസ്സ്റ്റാൻഡ് ആണ് വീട്. ഓർമ്മവച്ച പ്പോൾ മുതൽ ഒറ്റയ്ക്കാണ്. ബസ് സ്റ്റാൻഡിലെ കടകളിൽ നിന്ന് കേൾക്കുന്ന പാട്ടൊക്കെ കേട്ട് പഠിച്ചു നന്നായി പാടും. വലുതായപ്പോൾ ഒഴിഞ്ഞുകിടക്കുന്ന മൈതാനത്തിൽ ചെന്നിരുന്നു കുട്ടികൾക്ക് യക്ഷിക്കഥകൾ പറഞ്ഞു കൊടുക്കും. രാത്രിയായാൽ ഒരു വിരി വിരിച്ചു ബസ്റ്റാൻഡിൽ ഉറക്കം. കുറച്ചുകൂടി മുതിർന്നപ്പോൾ ഒരു കടയിലേക്ക് ആക്രി സാധനങ്ങൾ കൊണ്ട് കൊടുക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. വെളിച്ചെണ്ണ മില്ല്കളിലും കമ്പനികളിലും വരുന്ന ഒഴിഞ്ഞ വെളിച്ചെണ്ണ പാട്ടകൾ സൈക്കിളിന്റെ കാരിയറിൽ കെട്ടിയിട്ട് ആക്രിക്കടയിൽ എത്തിക്കും. അങ്ങനെ ഇരിക്കുമ്പോഴാണ് കുട്ടപ്പായിക്ക് ഒരു ഐഡിയ തോന്നിയത്. വെളിച്ചെണ്ണപാട്ടകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ആരും വരാറില്ല. കുട്ടപ്പായി തനിയെ പോയി കമ്പനിയുടെ പുറകുവശത്തുള്ള ഗോഡൗണിൽ നിന്ന് പാട്ട എടുത്തു മുൻവശത്ത് കൊണ്ടു വന്ന് മാനേജരെ കാണിച്ച് കാശും കൊടുത്തു പോകാറാണ് പതിവ്. കാലി പാട്ടകളുടെ കൂടെ ഓരോ നിറച്ച വെളിച്ചെണ്ണ പാട്ട കൂടി കൊണ്ടു പോകാൻ തുടങ്ങി കുട്ടപ്പായി ആരും അറിയാതെ. അതും ആക്രിക്കടയിൽ തന്നെ വിറ്റ് കാശും വാങ്ങി. ആക്രി കടക്കാരനും വെളിച്ചെണ്ണ നല്ല ആദായ വിലക്ക് കിട്ടുന്നതുകൊണ്ട് അയാളും കുട്ടപ്പായിയെ നന്നായി പ്രോത്സാഹിപ്പിച്ചു. കുറച്ചുനാൾ പിടിക്കപ്പെടാതെ മുന്നോട്ടുപോയി. കമ്പനി മുതലാളി സ്റ്റോക്ക് നോക്കുമ്പോൾ ഇടയ്ക്കിടെ ഒന്നും രണ്ടും പാട്ടകളുടെ കുറവ്. തൊഴിലാളികളോട് വരുമ്പോഴും പോകുമ്പോഴും സഞ്ചിയും ചോറ്റുപാത്രവും വരെ മാനേജരെ തുറന്നുകാണിക്കാൻ ആവശ്യപെട്ടു. അവിടുത്തെ ജോലിക്കാരെ ഒക്കെ പരിശോധിക്കുന്നു എന്നറിഞ്ഞു കുട്ടപ്പായിയും ആക്രി കടക്കാരനും ആർത്തുചിരിച്ചു.
“ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ”. ഒരിക്കൽ കുട്ടപ്പായി പിടിക്കപ്പെട്ടു. അതോടെ ആക്രി കച്ചവടം നിർത്തി.

പിന്നെ ചെരുപ്പിനോ കുടയ്ക്കോ ആവശ്യം വരുമ്പോൾ കുട്ടപ്പായി പള്ളിയിൽ കുർബാന കാണാൻ പോയി നേരത്തെ എഴുന്നേറ്റു വന്ന് ഇഷ്ടമുള്ള ചെരിപ്പും കുടയും തിരഞ്ഞെടുത്തു കൊണ്ടുവരും. നാണമില്ലേ നിനക്ക് എന്ന് ആരെങ്കിലും ചോദിച്ചാൽ കുട്ടപ്പായി പറയും ആ ചെരിപ്പും കുടയും ഒക്കെ എന്നെ വിളിക്കുന്നത് പോലെ തോന്നി എന്ന്. പിന്നെ എവിടെയെങ്കിലും ദൂരേക്ക് ഒന്ന് പോകണം എന്ന് വച്ചാൽ സൈക്കിൾ വാടകയ്ക്ക് എടുക്കാൻ ഒന്നും മിനക്കെടില്ല. ഏതെങ്കിലും കടയുടെ മുമ്പിൽ ചെന്ന് ലോക്ക് ചെയ്യാത്ത സൈക്കിൾ എടുത്തു ആവശ്യം കഴിഞ്ഞ് ഭദ്രമായി അവിടെ തന്നെ തിരിച്ചു കൊണ്ടുവയ്ക്കും. ചെരുപ്പ് പോയി കുട പോയി എന്നൊക്കെ പറഞ്ഞു ആരു പരാതി കൊടുക്കാൻ ആണ്? സൈക്കിൾകാരൻ പരാതിയുമായി പുറപ്പെടുമ്പോഴയ്ക്കും തിരിച്ചു കിട്ടുകയും ചെയ്യും. അങ്ങനെ ചില്ലറ മോഷണങ്ങൾ ഒക്കെ നടത്തിയിട്ടുണ്ട് കുട്ടപ്പായി.

പിന്നെ മര്യാദക്കാരനായി ഒരു വീട്ടിൽ ജോലിക്ക് നിൽക്കാം എന്ന് വെച്ചു.പലചരക്ക് കടയിൽ ആൾക്കാർക്ക് സാധനങ്ങൾ എടുത്തു കൊടുക്കൽ, വീട്ടുജോലികൾ, കിണറിൽ നിന്നും വെള്ളം കോരി വാഴക്ക് നനക്കൽ, അങ്ങനെ തീർത്താൽ തീരാത്തയത്ര ജോലിയായിരുന്നു അവിടെ. യാതൊരു അലിവും ഇല്ലാത്ത ഒരു സ്ത്രീയായിരുന്നു ആ ഗൃഹനാഥ. ജോലിയും കൂടുതൽ, ശമ്പളവും കുറവ്. വയറു നിറയെ ഭക്ഷണവും കിട്ടില്ല.കുറച്ചു ദിവസം കൊണ്ടു തന്നെ കുട്ടപ്പായിക്കു മടുത്തു.
“ ഞാൻ പോവുകയാണ്, എൻറെ ശമ്പളം തന്ന് തീർത്തു പറഞ്ഞു വിട്ടേക്ക് “എന്ന് പറഞ്ഞു ഒരു ദിവസം. ആ വീടിനു പുറകിൽ ഒരു അര ഏക്കറോളം വാഴത്തോപ്പ് ആണ്. കുറെ വെള്ളം കോരിയത് അല്ലേ ഏതായാലും പോകുന്നപോക്കിൽ ഇവർക്കിട്ട് ഒരു പണി കൂടി കൊടുത്തിട്ട് പോകാമെന്ന് കുട്ടപ്പായി കരുതി. രാത്രി വന്നു സകല കുലച്ചു നിൽക്കുന്ന വാഴക്കുലകളും വെട്ടി പുറകു വശം വഴി കടത്തി അത് നിസാര വിലയ്ക്ക് വിറ്റു കിട്ടിയ കാശുകൊണ്ട് രണ്ടുമൂന്നുദിവസം അർമാദിച്ചു. പക്ഷേ ആ വീട്ടുകാർ വലിയ സ്വാധീനമുള്ള ആൾക്കാർ ആയതുകൊണ്ട് പോലീസിനെക്കൊണ്ട് പിടിപ്പിച്ചു, കേസ് ഒന്നും ആക്കിയില്ല പോലീസിൻറെ കൈയിൽനിന്ന് അഞ്ചാറ് ചൂരല് പെട കിട്ടി എന്ന് മാത്രം.

പിന്നീട് ഒരു വെളിച്ചെണ്ണ കമ്പനിയിലെ സെക്യൂരിറ്റിയായി ജോലികിട്ടി. വെളിച്ചെണ്ണയും കുട്ടപ്പായിയും തമ്മിൽ എന്തോ ഒരു ബന്ധം ഉള്ളതുപോലെ. ശവ ക്കോട്ടയുടെ അടുത്തായിരുന്നു ആ കമ്പനിയുടെ ഗോഡൗൺ. രാത്രി കിടക്കാൻ ഒരു സ്ഥലം ആയല്ലോ എന്ന് കരുതി കുട്ടപ്പായി സന്തോഷിച്ചു. അവിടെയും അധികകാലം നിൽക്കാൻ പറ്റിയിരുന്നില്ല. യക്ഷിക്കഥകൾ ഒക്കെ പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചിരുന്ന കുട്ടപ്പായിയ്‌ക്ക് തന്നെ രാത്രി ആകുമ്പോൾ പേടിയാകും. വെളിച്ചെണ്ണ ടിന്നുകളും ബാരലുകളും രാത്രി ആകുമ്പോൾ വായുമർദ്ദം കൂടിയിട്ട് ‘ബ്ലൂം ബ്ലൂം’ എന്ന ശബ്ദം ഉണ്ടാക്കുന്നതാണ് സംഭവം. പക്ഷേ ശവക്കോട്ട അടുത്താ യതുകൊണ്ട് അവർ രാത്രി എഴുന്നേറ്റു വരുന്നതാണോ എന്ന ഭയം. ജീവനല്ലേ ഏറ്റവും വലുത് എന്ന് കരുതി കുട്ടപ്പായി ആ ജോലിയും കളഞ്ഞു ബസ് സ്റ്റാൻഡിലേക്ക് തന്നെ മടങ്ങി.

അങ്ങനെ ഇരുന്നപ്പോഴാണ് കുട്ടപ്പായിക്ക് ഒരു ഐഡിയ തോന്നിയത്. വാഴക്കുല മോഷ്ടിച്ച വീടിനടുത്ത് വലിയ ഒരു അറയും നിരയും കൂടിയുള്ള ഒരു വീടുണ്ടായിരുന്നു. ഒരിക്കൽ അയൽപക്കത്തെ ആ വീട്ടിൽ എന്തോ ഒരു ആവശ്യത്തിന് പോയതായി ഓർമ്മയുണ്ടായിരുന്നു. അന്ന് അവിടെ കണ്ട സാധനങ്ങൾ ഒന്നും ജീവിതത്തിൽ ഇതിനു മുമ്പ് ഒരിടത്തും കണ്ടിട്ടില്ല. ഒരു മുറി നിറയെ വലിയ വട്ടകകൾ, ചെമ്പു പാത്രങ്ങൾ, കിണ്ടി, ഉരുളികൾ, അണ്ടാവുകൾ, ഓട്ടു വിളക്കുകൾ, കോളാമ്പി………. അത് അവിടുന്ന് മോഷ്ടിച്ചു എല്ലാംകൂടി ഒരു ചാക്കിലാക്കി പഴയ ആക്രിക്കാരന് കൊണ്ട് കൊടുത്താൽ കാശുണ്ടാക്കാം എന്ന് കരുതി രാത്രി സമയത്ത് പുരപ്പുറത്ത് കയറി ഓടു പൊളിച്ച് അകത്തേക്ക് ഏകദേശം ഒരു എട്ടടി ഉയരത്തിൽ നിന്ന് മുറിയിലേക്ക് ചാടി. ടോർച്ചു കത്തിച്ച് വേണ്ട സാധനങ്ങളൊക്കെ ചാക്കിലാക്കി. അവിടെ നിന്ന് പുറത്തേക്കുള്ള വാതിൽ സാക്ഷാ തുറന്നു പോകാം എന്നാണ് കരുതിയത്. സാക്ഷാ തുറന്നപ്പോഴാണ് മനസ്സിലാകുന്നത് ആ കതക് രണ്ട് സ്ഥലത്തുനിന്നും പൂട്ടിയിട്ടുണ്ട് എന്ന്. അകത്തുനിന്ന് സാക്ഷയും കൂടാതെ പുറത്തുനിന്നും ഒരു ഇരുമ്പ് ദണ്ഡ് കുറുകെ വെച്ച് ഒരു പൂട്ടും ഉണ്ട്. ഓട് വഴി തന്നെ പുറത്തോട്ട് ഇറങ്ങണം. ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നു എന്ന് കുട്ടപ്പായി മനസ്സിലാക്കിയിരുന്നില്ല. നല്ല ഇരുട്ടും. ടോർച്ചടിച്ചു നോക്കിയിട്ട് മുകളിലോട്ട് കയറാൻ ഉയരത്തിലുള്ള ഒരു സാധനവും അവിടെ കാണാനും ഇല്ല. ദൈവമേ, എലിപ്പെട്ടിയിൽ എലി പെട്ടത് പോലുള്ള അവസ്ഥയായി.ടോർച്ചിന്റെ ബാറ്ററിയും തീർന്നു തുടങ്ങി. വേണ്ടാത്ത സാധനങ്ങൾ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു. അ തിനിടയിൽ വല്ല പാമ്പും ഉണ്ടാകുമോ എന്ന ഭയവും ആയി. പാറ്റ, പല്ലി, എട്ടുകാലി, എലി, മരപ്പട്ടി ഇവയൊക്കെ സ്വന്തം വീട് പോലെ ഓടി കളിക്കുന്നുണ്ട്.ഈ മുറി തുറന്നിട്ട് തന്നെ വർഷങ്ങളായി കാണും.

ഏതായാലും അവിടെ ഒതുങ്ങി ഇരുന്നു ഉറങ്ങി നേരം വെളുത്തിട്ട് എങ്ങനെയെങ്കിലും പുറത്തു കടക്കാമെന്ന് വച്ചു. അപ്പോഴാണ് കുട്ടപ്പായിക്ക് ഒരു തുമ്മലങ്ങു തുടങ്ങിയത്. ഓരോ തുമ്മലും അതിൻറെ മുഴക്കം അടക്കം ഓരോ അലർച്ചകൾ ആയി മാറി. ഈ അലർച്ച കേട്ട് അടുത്ത വീടുകളിൽ ഒക്കെ ഉള്ളവർ ഓടിവന്നു. ഓട്ടുപാത്രങ്ങൾ മോഷ്ടിക്കാൻ കള്ളൻ കയറി ഇരിക്കുകയാണ് എന്നവർക്ക് മനസ്സിലായി. അവർ ഉടനെ വീട്ടുടമസ്ഥനെ വിവരം അറിയിച്ചു. രാത്രി സമയത്ത് അദ്ദേഹം പറഞ്ഞു. “അവൻ അവിടെ കിടന്നു തുമ്മി തുമ്മി ചാകട്ടേ. പത്ത് വർഷത്തിൽ കൂടുതലായി ആ വീട്ടിലെ ആ മുറി ഇരിക്കുന്ന ഭാഗങ്ങളൊക്കെ തുറന്നിട്ട്. അവൻ അവിടെ കിടക്കട്ടെ എന്നു പറഞ്ഞു ഉടമസ്ഥൻ. ഏതായാലും അയൽപക്കക്കാർ ഒക്കെ ചേർന്ന് പാതിരാത്രി തന്നെ പോലീസിനെ വിളിച്ചുവരുത്തി. ഉടമസ്ഥൻ താക്കോൽ തപ്പിയെടുത്തു സാക്ഷകളും ഇരുമ്പ് ദണ്ഡ് പൂട്ടിയ താഴുകളും തുറന്നു വന്നു. വാഴക്കുല മോഷ്ടിച്ച വീട്ടിലെ ആ വീട്ടുകാരന്റെ ശബ്ദവും കുട്ടപ്പായി അവിടെ ഇരുന്ന് തിരിച്ചറിഞ്ഞു. പോലീസിൻറെ ഇടി കിട്ടിയാലും വേണ്ടില്ല ഇതിനകത്തു നിന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി കുട്ടപ്പായിക്ക്. പോലീസും വീട്ടുടമസ്ഥനും അയൽക്കാരനും അടക്കം മുറി തുറന്ന് കള്ളനെ കൈയ്യോടെ പിടിച്ചു.എല്ലാവരെയും കണ്ടപ്പോൾ കുട്ടപ്പായി അവരെയൊക്കെ നോക്കി ഒരു വിഡ്ഢിച്ചിരി ചിരിച്ചു. ഇത്തവണയും ഇവന് ചൂരൽ പെട മാത്രം കൊടുത്തു വിട്ടാൽ പോരാ കേസ് ആക്കണമെന്ന് കൂടിനിന്നവർ. കുട്ടപ്പായി കഥ പറഞ്ഞു നിർത്തി. ഇനി മോഷ്ടിക്കാൻ ഇറങ്ങുമ്പോൾ ഈവക കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം എന്ന ഗുണപാഠം സഹതടവുകാർക്ക് ലഭിച്ചു.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘നാമം’ എക്സലന്‍സ് അവാര്‍ഡ് നൈറ്റ് കിക്ക് ഓഫില്‍ നടി സോനാ നായര്‍ മുഖ്യാതിഥിയായി

'നാമം' (North American Malayalee and Aossciated Members) എക്സലന്‍സ് അവാര്‍ഡ് നൈറ്റ് കിക്ക് ഓഫില്‍ നടി സോനാ നായര്‍ മുഖ്യാതിഥിയായി. അവാര്‍ഡ് നൈറ്റിന് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് സെപ്തംബര്‍ 19 ന്...

കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്നേഷ് മനു ( 15...

തിരുവനന്തപുരം ജില്ലയിൽ പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്ക പിന്നീട്...

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലിവാങ്ങി, റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്തത്. ആറ്റിപ്ര കരിമണൽ...
WP2Social Auto Publish Powered By : XYZScripts.com
error: