പുലരുവാനിനിയെത്ര നേരം?
അറിവതില്ലല്ലോ !
കുളിർമഴത്തേൻ തുള്ളിപൊഴിയും
നിസ്വനം കേൾപ്പൂ !
അഷ്ടപദി തൻ അമൃത് കിനിയു
മിടയ്ക്ക തൻ താളം
സിരയിലേതോ ലഹരി പാകിയൊഴു
കിയെത്തുന്നു !
കിളിമരത്തിൻ ചില്ലകളിൽ കിളികൾ
പാടുന്നു !
തൊടിയിലെങ്ങോ കാട്ടുമൈനകൾ
വീണ മീട്ടുന്നു !
ജാലകപ്പഴുതിങ്കലൂറും പൂമ്പുലർവെട്ടം
അലസനിദ്രയിൽ നിന്നുമെന്നെ
വിളിച്ചുണർത്തുന്നു !
തെന്നലിൽ ഹരിചന്ദനത്തിൻ
ഗന്ധമുതിരുന്നു !
താമരക്കുളമർച്ചനയ്ക്കായ് പൂക്കൾ
നീട്ടുന്നു !
മന്ദ്രമധുരശ്രുതിയിണങ്ങും പ്രകൃതി
സംഗീതം
മന്ത്രമായ്, സ്വരഗംഗയായെന്നുയിരിൽ
നിറയുന്നു !
കാവ്യഭാവന ഹൃത്തടത്തിൽ
പൂത്തുലയുന്നു !
ചാരുതൂലിക നൂതനം കളകാഞ്ചി
തീർക്കുന്നു !
മഞ്ജരിയായ്, കാകളിയായ്,
അന്നനടയായി
മഞ്ജുകൈരളി കാതിൽ കളമൊഴി
തൂകിനില്ക്കുന്നു !
ഡോ. ബി, ഉഷാകുമാരി