ഒരു ഗുണപാഠ കഥ
രാവിലെ മുതൽ തുടങ്ങിയ ജോലി അവസാനിച്ചത് വൈകുന്നേരമായിരുന്നു. അയാൾ ആകെ തളർന്നു ക്ഷീണിതനായിരുന്നു. ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് എത്താൻ ഇനിയും കുറേദൂരം ഉണ്ട് . അയാൾ താൻ സ്ഥിരം പോകുന്ന ബസ്സ് കാത്തു നിന്നു .
ഇന്ന് അയാൾക്ക് ശമ്പളം കിട്ടിയ ദിവസമായിരുന്നു. അയാളുടെ പോക്കറ്റിൽ ആ ശമ്പളം കിട്ടിയ അയ്യായിരം രൂപയും ഉണ്ടായിരുന്നു.
അതിൻ്റെ ചെറിയ ഒരു സന്തോഷത്തിലാണ് ഇന്നയാൾ..
അപ്പോളാണ് അയാളെ തോണ്ടി വിളിച്ച് ഒരു ബാലൻ തൻ്റെമുൻപിൽ നിൽക്കുന്നു ….
തൻ്റെചിന്തകളെ തട്ടിയുണർത്തിയ ബാലനെ അയാൾ നോക്കി.
ശോഷിച്ച കൈകൾ മുമ്പിലേക്ക് നിട്ടി വിശപ്പ് സഹിക്കാൻ വയ്യാ.. എന്തെങ്കിലും തരണമേ..
എന്ന് ദയനീയ ശബ്ദത്തിൽ അപേക്ഷിക്കുന്നു..
അയാൾ ആ ബാലനെ കാണാത്ത മട്ടിൽ നിന്നു,
വീണ്ടും ബാലൻ അയാളെ തോണ്ടി .അപ്പോൾ അയാൾക്ക് ദേഷ്യം വന്നു.. അയാൾ അവനെ ആട്ടിയോടിച്ചു ….
പക്ഷെ, അവൻ അവിടെ തന്നെ തളർന്നിരുന്നു.
അയാൾ വീണ്ടും തൻ്റെ ചിന്തകൾ തുടർന്നു.. വീട്ടിലെ പ്രാരാബ്ധങ്ങളും, കടങ്ങളുടെ ലിസ്റ്റുമായി നിൽക്കുന്ന അവൻ്റെ ഭാര്യയെ ഓർത്തപ്പോൾ അയാൾക്ക് സങ്കടം വന്നു.
ഇന്ന് അവൾക്ക് ഒരു നൈറ്റി വാങ്ങിക്കാം എന്ന് വിചാരിച്ചു കടയിൽ കയറി ഒരു നൈറ്റി വാങ്ങി.
കടയിൽ നിന്ന് ഇറങ്ങുമ്പോൾ അയാളുടെ മനസ്സിൽ നൂറു ചിന്തകളായിരുന്നു..
ഈ ശമ്പളം കിട്ടിയ ബാക്കി തുകയിൽനിന്നും
തൻ്റെ മക്കൾക്ക് പാലും ബിസ്കറ്റും വാങ്ങിക്കണം. കഴിഞ്ഞ മാസത്തെ വാടക പൈസ കൊടുക്കണം. അടുക്കളയിലേക്ക് ആവശ്യമായതെല്ലാം വാങ്ങണം. ഈ മാസം എങ്ങനെ മുൻപോട്ട് കൊണ്ടുപോകും എന്ന് ആലോചിച്ചു ബസ് കയറാനായി നടക്കുമ്പോഴേക്കും ഇതാ അയാൾക്ക് പോകാനുള്ള വണ്ടി വന്നു. അയാൾ ആ ബസ്സിലേക്ക് കയറി. വലിയ തിരക്കില്ലാത്തതിനാൽ കയറിയപ്പോഴേ ഇരിക്കാൻ
ഒരു സീറ്റ് കിട്ടി. ക്ഷീണിതനായ അയാൾ അറിയാതെ ചെറിയ ഒരു മയക്കത്തിലേക്ക് വഴുതി വീണു – താമസിയാതെ അയാൾക്ക് ഇറങ്ങേണ്ട സ്ഥലമെത്തി….
‘ഇറങ്ങാൻ ആൾഉണ്ടോ’ എന്ന് കണ്ടക്ട്ടർ അലറിവിളിച്ച ഒച്ച കേട്ട്
ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു ആളുണ്ടേ എന്ന് പറഞ്ഞ് ഇറങ്ങാനായി വേഗം ചെന്നപ്പോൾ കണ്ടക്ടർ ദേഷ്യത്തോടെ പിറുപിറുത്തു …എത്ര നേരമായി വിളിക്കുന്നു മനുഷ്യനെ.. വേഗമാവട്ടെ.. മെനക്കെടുത്താൻ ഓരോരുത്തർ ഇറങ്ങിക്കോളും എന്നും പറഞ്ഞു വണ്ടി നിർത്താനുള്ള ബെല്ല് ശക്തിയായി വലിച്ചടിച്ചു.
അയാൾ ബസ്സിൽ നിന്നിറങ്ങി.
കടയിൽ കയറി തൻറെ മക്കൾക്ക് ബിസ്ക്കറ്റും, പാലും , പഴവും വാങ്ങിച്ചു..
സാധനങ്ങൾക്കെല്ലാം കൂടി 20 രൂപയായി എന്നു കടക്കാരൻ പറഞ്ഞപ്പോൾ അയാൾ പേഴ്‌സ് എടുക്കാൻ പോക്കറ്റിൽ കയ്യിട്ടു.. തന്റെ പേഴ്‌സ് കാണുന്നില്ല..
ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറി…ദേഹം തളരും പോലെ തോന്നി.. ദൈവമേ എന്റെ പേഴ്‌സ്.. എന്റെ ശമ്പളം കിട്ടിയ പൈസ.. അയാൾ തളർന്നിരുന്നു കരഞ്ഞു..
തളർന്ന മനസ്സിനെയും ശരീരത്തെയും
താങ്ങി ഒരുവിധേന വീട്ടിലേക്ക് നടന്നു..
പോയ വഴിയും, തന്നെ കടന്നു പോയ ആളുകളെയും ഒന്നും അയാള് കണ്ടില്ല….. ആരോടും ഒന്നും മിണ്ടിയില്ല…..വീട്ടിൽ എത്തിയിട്ടും ആരോടും ഒന്നും പറയാൻ പോലും അയാൾക്ക് ശേഷി ഇല്ലായിരുന്നു. മനസ് നിറയെ ആ നഷ്ടപ്പെടലിന്റെ വിങ്ങുന്ന ഓർമ്മകൾ ആയിരുന്നു.
അങ്ങനെ..ഒരുവിധം നേരം പുലർത്തിയെടുത്തു. രാവിലെ ഒന്നും മിണ്ടാതെ ജോലിക്കായി ഇറങ്ങി ബസ് കയറി ജോലിസ്ഥലത്തേക്ക് യാത്രയായി..
അയാൾ ബസ് ഇറങ്ങുന്നതും കാത്ത് ജോലി സ്ഥലത്തെ ബസ്റ്റോപ്പിൽ തലേദിവസം അയാൾ ആട്ടിപ്പായിച്ച ആ ബാലൻ നിൽക്കുന്നു … ഇന്നലെ വെറുപ്പോടെ ആട്ടിയോടിച്ച ആ ബാലൻ.. അതേ വേഷത്തിൽ.. അതേ രൂപത്തിൽ, താൻ നഷ്ടപ്പെട്ടു എന്നുകരുതിയ പേഴ്സും നീട്ടിപ്പിടിച്ച് അയാളുടെ മുൻപിൽ വന്നു നിൽക്കുന്നു….
ഒരു നിമിഷം അയാൾ അത്ഭുത പറവശനായി..ദൈവമാണ് ബാലന്റെ രൂപത്തിൽ തൻ്റെ മുൻപിൽ നിൽക്കുന്നത് എന്ന് അയാൾക്ക് തോന്നി. എല്ലാം മറന്ന് സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് അയാൾ ആ ബാലനെ വാരിപ്പുണർന്നു…
ഓർക്കുക..
ആരെയും നിസാരമായി കാണരുത് …..പുച്ഛിക്കുകയും അരുത്…
കാരണം, എന്നെയും നിന്നെയും സൃഷ്ടിച്ചത് ദൈവമാണ്……..
- നിഷ ജോർജ്