( ന്യൂസിലാന്റിലെ കടൽത്തീരത്ത് കോണ്‍ക്രീറ്റിൽ നിർമ്മിക്കപ്പെട്ട ഗാനറ്റ് പെൺപക്ഷിയെ പ്രണയിച്ചുപോയ നൈജല്‍ എന്ന മീൻ റാഞ്ചിപ്പക്ഷി ലോകത്തിലെ ഏറ്റവും ഏകാകിയും വിഡ്ഢിയുമായ പക്ഷിയായിരുന്നു.
മരച്ചില്ല കൊണ്ടു കൂടുകൂട്ടി,മഞ്ഞുപെയ്യുന്ന രാത്രികളിൽ അവളുടെ കോൺക്രീറ്റ് ചിറകുകൾ തണുക്കാതിരിക്കാൻ തന്റെ ചിറകുകൾ കൊണ്ട് ചൂട് പകർന്ന്, അവനവളെ അടക്കിപ്പിടിച്ചിരുന്നു.
നിർവികാരയായ ആ കാമുകിക്കരികിൽ ഒരു ദിവസം “നൈജൽ ” മരിച്ചു മരവിച്ചു കിടന്നു.
അവന്റെ സ്നേഹം അവളറിഞ്ഞില്ല.
അവൻ നൽകിയ സ്നേഹം തിരിച്ചുകിട്ടിയതുമില്ല. )
കല്ലിലുറഞ്ഞ പ്രണയം.
❤❤
ഹേ, നൈജൽ ….
നീ വെറുമൊരു മീൻ റാഞ്ചിപ്പക്ഷിയല്ല!
ഉടലും, ഉയിരും
പ്രണയത്തീയിൽ എരിയിച്ച്,
ഉയിരില്ലാത്ത ആ കോൺക്രീറ്റ് പക്ഷിയ്ക്കു
നിന്റെ ഉയിരും;
കാപട്യവും, ചതിയും, കൊണ്ടു
വിറങ്ങലിച്ച ലോകത്തിന് ഹൃദയവും;
പകർന്നു നൽകാൻ ശ്രമിച്ചവനാണു നീ.
തിരികെ കിട്ടാതെ കാറ്റിൽ പാറിപ്പോയ
പ്രണയത്തിന് സ്വന്തം ജീവനെരിഞ്ഞ
അഗ്നി പകർന്നവൻ !!
പ്രണയത്തിന്റെയും മരണത്തിന്റെയും
അതിർത്തിരേഖ,
വെള്ളത്തൂവലാൽ മായ്ച്ച്
പ്രപഞ്ചത്തിന്റെ അനാദിയിലേക്ക്
ചിറകടിച്ചവൻ!
അലയാഴിത്തീരത്ത്
അനുരാഗത്തിന്റെ തുരുത്തു സൃഷ്ടിച്ച്
അത് സത്യമെന്ന് തെറ്റിദ്ധരിച്ചവനെങ്കിലും …!
…അതു സത്യമല്ലാതെ മറ്റെന്താണ്;
നൈജൽ?
ഒരു പക്ഷെ
വിഡ്ഢി എന്നു നീ വിളിക്കപ്പെടാം:
പ്രണയത്തിന് സ്വയം സമർപ്പിക്കുക എന്നത്
വിഡ്ഢിത്തമാന്നെങ്കിൽ!!
നൈജൽ…
നീ കണ്ണിൽ ചുണ്ടുചേർത്തു പറഞ്ഞതുമുഴുവൻ
കടൽ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
ഈ ഭൂമിയിൽ
നീ ഇല്ലാതായിരിക്കുന്നു!
പക്ഷെ
നീ പകർന്നു നൽകിയതെന്തോ
അത് ഇന്നും
ബാക്കിനിൽക്കുന്നു!!