ട്രെയിൻ നിർത്തിയതും പ്രിയ ചാടി ഇറങ്ങി. ഡ്രൈവർ പയ്യൻ വണ്ടിയുമായി കാത്തു നിൽപ്പുണ്ട്. എന്താ ചേച്ചി ഇത്ര ലേറ്റ് ആയത്. പ്രിയയെ കണ്ട ഉടൻ അവൻ ചോദിച്ചു. ഞാൻ അല്ലെടാ പൊട്ടാ ട്രെയിൻ ആണ് ലേറ്റ് ആയത്. ചേച്ചിക്ക് ഫ്ലൈറ്റിൽ വന്നു കൂടാരുന്നോ? അവന്റെ ചോദ്യത്തിന് മനസ്സിലാണ് പ്രിയ മറുപടി പറഞ്ഞത്.നിന്റെ അപ്പൻ എയർപോർട്ട് പണിത് ഇട്ടിട്ടുണ്ടോ വീട്ടുമുറ്റത്ത്.
പ്രിയയുടെ കസിൻ കല്യാണിയുടെ കല്യാണം ആണ് ഇന്ന്. ഒരാഴ്ച മുൻപേ എത്തണം എന്ന് അവൾ പ്രത്യേകം പറഞ്ഞതാണ്. ലീവ് കിട്ടണ്ടേ. ഇന്നെങ്കിലും വരാൻ പറ്റിയത് ഭാഗ്യം. കഷ്ടകാലത്തിനു ട്രെയിൻ ലേറ്റ് ആയി. കല്യാണി പ്രിയയുടെ കസിൻ മാത്രം അല്ല ഒരേ പ്രായം. ഒന്നിച്ചു പഠിച്ചവർ. തൊട്ടടുത്ത വീടുകൾ.ഒരേ മനസ്സോടെ കൂട്ട് കൂടി നടന്നവർ. ജോലി കിട്ടി ബാംഗ്ലൂർ പോകും വരെ എപ്പോളും തമ്മിൽ കാണുമായിരുന്നു. പരസ്പരം പറയാത്ത ഒരു രഹസ്യങ്ങളും ഇല്ല. കല്യാണം തീരുമാനിച്ച വിവരം പറഞ്ഞപ്പോൾ അപ്പോൾ നീ തേപ്പൊക്കെ നിർത്തിയോ എന്ന് അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു. പോടീ പട്ടി അത് ഞാൻ എന്നേ നിർത്തി എന്ന് അവൾ ആക്രോശിച്ചു. പഠിക്കുന്ന കാലത്തു അവൾക്ക് അത് ഒരു രസം ആയിരുന്നു. ഒരുത്തനെ വളക്കും.കുറച്ചു നാൾ പ്രേമിക്കും. കുറച്ചു കഴിയുമ്പോൾ അവൾക്ക് മടുക്കും പിന്നെ തേക്കും.
അവൾക്ക് ജോലി കിട്ടിയതിൽ പിന്നെ പ്രേമ കഥകളും തേപ്പു കഥകളും ഒന്നും കേൾക്കാൻ ഇല്ലായിരുന്നു. അപ്പോളാണ് കല്യാണ കഥയുമായി അവൾ വിളിച്ചത്. ചെറുക്കൻ കാണാൻ സുന്ദരൻ. സൽസ്വഭാവി, നല്ല ജോലി, ഇതിനൊക്കെ പുറമെ കുടുംബത്തു പൂത്ത കാശ്. പറഞ്ഞിട്ടും പറഞ്ഞിട്ടും അവൾക്കു മതിവരുന്നില്ലാരുന്നു. ചെറുക്കന്റെ ഫോട്ടോ ചോദിച്ചപ്പോൾ എന്റെ ചുള്ളനെ നീ നേരിട്ടു കണ്ടാൽ മതി എന്നാണ് അവൾ പറഞ്ഞത്.ഇപ്പോൾ കയ്യിൽ കിട്ടിയാൽ അവൾ തന്നെ കൊന്നത് തന്നെ. ഇത്ര ലേറ്റ് ആകും എന്ന് വിചാരിച്ചില്ല.
വീട്ടിലെത്തിയതും പെട്ടെന്ന് റെഡി ആയി. എന്നിട്ടും പന്തലിൽ എത്തിയപ്പോൾ കെട്ടുകഴിഞ്ഞു. തന്നെ ഇപ്പോൾ കണ്ടാൽ അവളുടെ സ്വഭാവത്തിന് മണ്ഡപത്തിൽ ആണ് എന്നതും കല്യാണ പെണ്ണ് ആണ് എന്നതും മറന്ന് നാട്ടുകാരും വീട്ടുകാരും കേൾക്കെ അവൾ ചീത്ത വിളിച്ചു എന്ന് വരാം. തല്ക്കാലം എവിടേലും ഒതുങ്ങി നിൽക്കാം. എന്നാലും അവളുടെ ചുള്ളനെ ഒന്ന് കാണാനുള്ള അത്യാഗ്രഹം കൊണ്ടാണ് എത്തി നോക്കിയത്. ആ നിമിഷം നെഞ്ചിലൂടെ കൊള്ളിയാൻ പാഞ്ഞു. ആ മുഖം. ഒരിക്കലും മറക്കാൻ പറ്റാതെ മനസ്സിൽ പതിഞ്ഞ മുഖം. ദൈവമേ ഇയാൾ ആണോ അവളുടെ ചുള്ളൻ ?
ആരോട് പറയും എന്തു ചെയ്യും ഒരു എത്തും പിടിയും കിട്ടിയില്ല പ്രിയക്ക്. ഒരു മൂലയ്ക്ക് പോയി അവൾ തളർന്നിരുന്നു. ആരോടേലും പറയണ്ടേ അല്ലെങ്കിൽ അവളുടെ ജീവിതം. എന്നാലും ഇത് എങ്ങനെ. ഇനി തന്റെ തോന്നൽ ആണോ. ഒരാളെ പോലെ ഏഴു പേർ ഉണ്ട് എന്നല്ലേ അങ്ങനെ വല്ലതും ആണോ? അല്ല ഇത് അയാൾ തന്നെ
നീ ഇവിടെ ഇരിക്കുവാണോ വാ കഴിക്കാം. അമ്മ വന്നു അവളെ പിടിച്ചു വലിച്ചു. നല്ല മിടുക്കൻ ചെറുക്കൻ അല്ലേ നടക്കുന്നതിനിടയിൽ അമ്മ സ്വകാര്യം പറഞ്ഞു. മിടുക്ക് ഒക്കെ താമസിയാതെ എല്ലാവരും അറിയും അവൾ മനസ്സിൽ പറഞ്ഞു.
സദ്യ കഴിക്കാൻ ഇരുന്നെങ്കിലും അവൾക്കു ചോറ് ഇറങ്ങിയില്ല. ആരോടേലും ഒന്ന് പറയണ്ടേ. അവൾ പ്രതീക്ഷയോടെ ചെറിയമ്മാവനെ നോക്കി. ഈ ലോകത്തെ തന്നെ വിസ്മരിച്ചു ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിക്കുക ആണ് അദ്ദേഹം. ഇത് ഒരു മത്സരം അല്ല അമ്മാവാ എന്ന് പറയാൻ തോന്നി പ്രിയക്ക്. അന്ന വിചാരം മുന്ന വിചാരം പിന്ന വിചാരം കാര്യ വിചാരം. എന്ന് മുത്തശ്ശി പറയാറുള്ളത് അമ്മാവനെ കുറിച്ച് ആണോ എന്ന് അവൾക്കു സംശയം തോന്നി. അവൾ അമ്മായിയെ നോക്കി. വയറാണ് വലുതാണ് ദൈവം എന്ന പഴഞ്ചൊല്ല് ആണ് അവിടെ ചേരുക. ആരോടോ ഉള്ള വാശി തീർക്കാൻ എന്ന മട്ടിൽ മുരിങ്ങ കോൽ കടിച്ചു വലിക്കുന്നു.
പ്രിയക്ക് ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല. ചുറ്റും ഉള്ള പെണ്ണുങ്ങൾ ആണെങ്കിൽ കല്യാണപ്പെണ്ണിന്റെ സാരിയുടെ വിലയും ആഭരണങ്ങളുടെ ഡിസൈനെ കുറിച്ചും കല്യാണിയുടെ ഭാഗ്യത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നു.
പ്രിയക്ക് പൊട്ടിത്തെറിക്കണം എന്ന് തോന്നി. അവൾ അടക്കി പിടിച്ചു. എല്ലാവരുടെയും മുൻപിൽ കല്യാണ ചെക്കന്റെ കൈ കൂപ്പലും വിനയവും കണ്ടപ്പോൾ പ്രിയ പല്ലു ഞെരിച്ചു. കള്ളൻ അവന്റെ അഭിനയം കണ്ടില്ലേ.
എല്ലാവരോടും യാത്ര പറയുന്നതിന് ഇടയിൽ ആണ് കല്യാണി പ്രിയയെ കണ്ടത്. നീ ഇത് ഇവിടെ ഒളിച്ചിരിക്കുവാരുന്നു. അവൾ ഓടി വന്നു. നിനക്ക് ഞാൻ വച്ചിട്ടുണ്ട്. നേരത്തെ വരണം എന്ന് പറഞ്ഞതല്ലേ. അവൾ പ്രിയയെ ഭർത്താവിന് വിനയിന് പരിചയപ്പെടുത്തി.ഞാൻ പറഞ്ഞിട്ടില്ലേ പ്രിയ. ഓ യെസ് അറിയാം. അയാൾ ചിരിച്ചു. അത് ഒരു ആക്കിയ ചിരി അല്ലേ പ്രിയ സംശയിച്ചു. ഇത് അവൻ തന്നെ. അവളുടെ നെഞ്ചിടിപ്പ് കൂടി. കല്യാണി യാത്ര പറഞ്ഞു പോയിട്ടും പ്രിയ നടുക്കടലിൽ പെട്ട പോലെ നിന്നു.സന്ധ്യ ആയപ്പോൾ അവൾക്കു ഇരിക്കപ്പൊറുതി ഇല്ലാതെ ആയി.
അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞാലോ അവൾ ആലോചിച്ചു. പെട്ടന്ന് അവൾക്കു ഒരു ബുദ്ധി തോന്നി. ഫോൺ എടുത്തു കല്യാണിയെ വിളിച്ചു. എന്താ പ്രിയക്കുട്ടി ഇന്ന് ശല്യം ചെയ്യാൻ പാടില്ല എന്ന് അറിയില്ലേ? അതല്ല ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ…. എന്തു കാര്യം ആയാലും നാളെ ഞങ്ങൾ വരുമ്പോൾ പറഞ്ഞാൽ മതി. ഇന്ന് ബിസി ആണ് സോറി. അവൾ ഫോൺ കട്ട് ചെയ്തു.
പ്രിയക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. അവൾ വീണ്ടും ഡയൽ ചെയ്തു. ഫോൺ സ്വിച്ച് ഓഫ്. പത്തു തവണ എങ്കിലും അവൾ ഡയൽ ചെയ്തു നോക്കി. രക്ഷ ഇല്ല. എന്തു ചെയ്യും
പ്രിയ അപ്പുറത്ത് അമ്മാവന്റെ വീട്ടിലേക്കു നോക്കി. അമ്മാവനും ശിങ്കിടി ഗോപി പിള്ളയും എന്തൊക്കെയോ സംസാരിച്ചു നിൽക്കുന്നു. അവൾ അങ്ങോട്ട് ചെന്നു. ഇത് ആര് പ്രിയമോളോ. അടുത്തത് പ്രിയ കുട്ടിയുടെ കല്യാണം അല്ലേ. നമുക്ക് ഉഷാറാക്കണം ഗോപി പിള്ള ചിരിച്ചു.
അമ്മാവാ എനിക്ക് കല്യാണിയോട് അത്യാവശ്യം ആയി ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവിടെ വേറെ ആരുടെ എങ്കിലും നമ്പർ അമ്മാവന്റെ കയ്യിൽ ഉണ്ടോ. കല്യാണിയുടെ ഭർത്താവിന്റെ നമ്പർ അമ്മാവന്റെ കയ്യിൽ കാണാതിരിക്കില്ല. കിട്ടിയാൽ അതിൽ വിളിച്ചു അവളോട് സംസാരിക്കാം പ്രിയ കണക്ക് കൂട്ടി. എന്റെ പ്രിയ മോളെ അവര് നാളെ ഇങ്ങോട്ട് അല്ലേ വരുന്നത്. പറയാനുള്ളത് ഒക്കെ അപ്പോൾ പറയാം. ഇന്ന് ഫോൺ വിളിച്ചു അവരെ ശല്യം ചെയ്യരുത്. ഗോപി പിള്ള ഉറക്കെ ചിരിച്ചു. അയാളുടെ ഒരു ചിരി. പ്രിയക്ക് അയാളെ കഴുത്തു ഞെരിച്ചു കൊല്ലാൻ തോന്നി. രാത്രി ഉറങ്ങാതെ അവൾ നേരം വെളുപ്പിച്ചു.
പിറ്റേന്ന് വൈകുന്നേരം വീടിനു പുറകിലെ ചാമ്പ ചുവട്ടിൽ നിൽക്കുക ആയിരുന്നു പ്രിയ. ഹലോ ചാമ്പക്ക പറിക്കുകയാണോ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി. ചിരിച്ചു കൊണ്ട് വിനയ് അടുത്തു വന്നു. കല്യാണിയും വന്നിട്ടുണ്ട് കേട്ടോ. അപ്പുറത്ത് എല്ലാവരോടും സംസാരിക്കുന്നു.
അവളുടെ മുഖം ചുമന്നു.അച്ഛനും അമ്മയും ഒരു മരണ വിവരം അറിഞ്ഞു ബന്ധു വീട്ടിൽ പോയ ദിവസം രാത്രി കല്യാണിയുടെ വീട്ടിൽ ആണ് കിടന്നതു. വീട് മാറി കിടന്നതു കൊണ്ടാവും ഉറക്കം വന്നില്ല. രാത്രി ഹാളിൽ എത്തി ലൈറ്റ് ഇട്ടതും മുൻപിൽ ഒരു കള്ളൻ . ഞെട്ടിപ്പോയി.അവൻ തന്നെ തള്ളി താഴെ ഇട്ട് ഓടി പോയി. ഒരു നിമിഷമേ കണ്ടുള്ളു എങ്കിലും ഒരിക്കലും മറക്കില്ല ആ മുഖം. അത് ഇവൻ തന്നെ.
നിങ്ങൾ നിങ്ങളല്ലേ ആ കള്ളൻ. പ്രിയ അയാളെ നോക്കി ചോദിച്ചു.
അപ്പോൾ പ്രിയക്ക് എന്നെ മനസ്സിലായി അല്ലേ. ഞാൻ ഓർത്തു ഇന്നലെ എല്ലാവരുടെയും മുൻപിൽ വച്ചു വിളിച്ചു പറയും എന്ന്. നല്ല കുട്ടി. ഇനി ഇത് ആരോടും പറയണ്ട. പറഞ്ഞാൽ കല്യാണി മാത്രം അല്ല ഇയ്യാളും ഭൂമിയിൽ ഉണ്ടാവില്ല. ഞാൻ കള്ളൻ ആണ്. പെരും കള്ളൻ. കായംകുളം കൊച്ചുണ്ണിയെക്കാളും വലിയ കള്ളൻ. എനിക്കുള്ളത് എല്ലാം ഞാൻ മോഷ്ടിച്ചു ഉണ്ടാക്കിയത് ആണ്. ഇത് ആരോടെങ്കിലും പറഞ്ഞാൽ ഞാൻ ആരാണെന്നു മോൾ അറിയും കേട്ടല്ലോ.
പ്രിയ അടിമുടി വിയർത്തു. അവൾക്കു നിയന്ത്രിക്കാൻ ആയില്ല. എടാ കള്ളാ നീ ഭീഷണിപ്പെടുത്തുന്നോ. അവൾ തല്ലാൻ കൈ ഓങ്ങിയതും കല്യാണി ഓടി വന്നു. എടി പൊട്ടിക്കാളി തല്ലല്ലേ. നീ വന്നേ പറയട്ടെ. എടീ കള്ളൻ ഒന്നും അല്ല ഞാൻ പറയാം. അന്ന് എന്നെ കാണാൻ വന്നതാ. ഞാൻ വഴക്കിട്ടു പിണങ്ങി രണ്ടു മൂന്നു ദിവസം ഫോൺ എടുക്കാതെ ഇരുന്നപ്പോൾ എന്നെ കാണാൻ വന്നതാ. നീ കൂവി വിളിച്ചു സീൻ ആക്കും എന്ന് ആര് കരുതി.
അപ്പോൾ നിങ്ങൾ തമ്മിൽ… അതെ പ്രേമം ആയിരുന്നു. ഈ പ്രേമം തുടങ്ങിയപ്പോളല്ലേ ഞാൻ തേപ്പു നിർത്തി നല്ല കുട്ടി ആയത് . എന്നിട്ട് നീ എന്താ എന്നോട് പറയാഞ്ഞത്. സോറി മോളെ ഇത് ശരിക്കും സീരിയസ് ആയിരുന്നു. അതുകൊണ്ടാ രഹസ്യം ആക്കി വച്ചതു.സോറി.
പിന്നെ ഇന്നലെ മുതൽ നീ ടെൻഷൻ അനുഭവിച്ചു എന്ന് എനിക്ക് അറിയാം. കല്യാണത്തിന് താമസിച്ചു വന്നതിനുള്ള ശിക്ഷ ആണ് എന്ന് കരുതിയാൽ മതി.
എനിക്ക് അങ്ങോട്ട് വരാമോ. വിനയ് വിളിച്ചു ചോദിച്ചു. എന്റെ പൊന്നു പ്രിയ,ഞാൻ ഇന്നുവരെ ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല. മൂന്നു ദിവസം ഫോൺ വിളിച്ചിട്ട് ഇവൾ എടുത്തില്ല. കണ്ടേ മതിയാവൂ എന്ന് തീരുമാനിച്ചു വലിഞ്ഞു കയറിയതാ രാത്രി ഇവളുടെ വീട്ടിൽ. പ്രിയ അവിടെ ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല. സോറി.അന്ന് ഇയ്യാൾ കള്ളൻ കള്ളൻ എന്ന് വിളിച്ചു കൂവിയപ്പോൾ ഞാൻ ഓടി രക്ഷപെടാൻ പെട്ട പാട്. ഇപ്പോളും ഓർക്കുമ്പോൾ കയ്യും കാലും വിറക്കും . പിന്നെ ഇന്നലെ മുതൽ ഇയ്യാളെ ടെൻഷൻ അടിപ്പിച്ചത് ഇവളുടെ പ്ലാൻ ആണ്. എനിക്ക്അതിൽ ഒരു പങ്കും ഇല്ല.
അത് അവിടെ നിൽക്കട്ടെ. വിനയേട്ടന്റെ കൂട്ടുകാരൻ ഇവളുടെ കാര്യം ചോദിച്ചല്ലോ അത് പറ. അവൻ കുറെ പെണ്ണ് കണ്ടു. ഒന്നും ശരിയായില്ല. ഇന്നലെ പ്രിയയെ കണ്ടപ്പോൾ ആലോചിച്ചാൽ നടക്കുമോ എന്ന് ചോദിച്ചു.വീട്ടിൽ വന്നു ആലോചിക്കാൻ പറയട്ടെ. ആ നീല ഷർട്ട് ഇട്ട് വന്ന ആൾ ആണോ? പ്രിയയുടെ ചോദ്യം കേട്ടതും അതിശയത്തോടെ കല്യാണി അവളെ നോക്കി.അമ്പെടി ആ ടെൻഷന്റെ ഇടയിലും നീ അവനെ നോക്കി അല്ലെ. പിന്നല്ലാതെ എനിക്കും വേണ്ടേ ഒരു കള്ളൻ. അവൾ ചിരിയോടെ പറഞ്ഞു കല്യാണിയെ കെട്ടി പിടിച്ചു ചെവിയിൽ പറഞ്ഞു അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ ?.
സുജ പാറുകണ്ണിൽ ✍
സ്നേഹിതരുടെ ആരുടെ എങ്കിലും കഥ ആണോ? കൊള്ളാം.