ഇരുട്ടിന്റെ സന്തതിയാണത്രേ ‘കറുപ്പ് ‘
കല്പിച്ചു കിട്ടിയ അടയാളം !!
മേൽക്കോയ്മയുടെ വെളുപ്പിന്റെ മുന്നിൽ,
തീണ്ടാപ്പാടകലെ നടുവളഞ്ഞ് നിൽക്കണം
പുച്ഛിച്ചു ഭ്രഷ്ട് കൽപ്പിക്കുന്ന വെളുത്ത കരങ്ങൾ
രാത്രിയിൽ കറുപ്പ് തേടി പോകാറുണ്ടത്രേ
അന്തിയാവോളം അയിത്തവും അന്തിക്കൊരു പായമേൽ ഐക്യവും പേറി
വിയർപ്പിന്റെ കണങ്ങൾ കാമാഗ്നിപടർത്തുമ്പോൾ
കറുപ്പ് ലഹരിയായിരുന്നു പോലും!
തെരുവിലും പൂക്കുന്നുണ്ട് കറുത്ത ജന്മങ്ങൾ
ഇരുട്ടിലെ അയിത്തമില്ലായ്മയുടെ വടുക്കൾ
കാലിടുക്കിലൂടെ ഒഴുകി പരക്കുന്ന ചുടുചോരയിൽ മുങ്ങി
വെളുത്ത ബീജങ്ങൾ കറുത്തു പോകുന്നുണ്ട്
പകലിന്റെ സന്തതികൾ ഭ്രഷ്ട്ട് കല്പിച്ചു നൽകുമ്പോൾ
ഇരുട്ടിലെങ്ങനെ കറുപ്പ് പൂക്കാതിരിയ്ക്കും?
ഓരോ അണുവിലും തേച്ചുമിനുക്കിയെടുക്കണം
ഇരുതലമൂർച്ചയുള്ള വാളുപോലെ
കറുപ്പുമോന്തിക്കുടിയ്ക്കുവാൻ സിരകളിൽ കാമം തിളയ്ക്കുമ്പോൾ
അരിഞ്ഞു വീഴ്ത്തിയ തലകൾ
മണ്ണിൽ ചോരപുരണ്ട് കറുപ്പിച്ചെടുക്കണം
വീണ്ടും വെളുത്ത വടുക്കൾ തീണ്ടാതിരിയ്ക്കുവാൻ
അനീറ്റ അനീഷ്.