ഓരോന്നും എഴുതപ്പെടേണ്ടതാണെന്ന്
നീ പറഞ്ഞിരുന്നു.
കണ്ണാ
എന്തിനാണ് നമ്മുടെ കണ്ണുകൾ ക്കിടയിലേക്ക് തണുപ്പുടുത്ത് മഴ ഒരുങ്ങിവന്നത്.
കൈകൾ നീട്ടി അവൾ നമ്മെ തൊടാനാശിച്ചതും
എന്റെ ചുണ്ടുകൾ നീ നനയ്ക്കുന്നതുകണ്ട്
അസൂയപ്പെട്ടതും കാഴ്ച മറച്ച ചില്ലുവാതിലിലൂടെ കൃത്യമായി ഞാൻ മനസ്സിലാക്കിയിരുന്നു.
ഓരോ അടയാളവും
അനേകം പൂക്കളായി നമുക്കിടയിലങ്ങനെ…
നീയെന്നിലേക്കിറങ്ങിവന്ന നിമിഷം ഓർമ്മയിലുണരുമ്പോൾ തന്നെ എന്നിലൊരു ഗസലുണരുന്നു.
ഇടക്കു നുണഞ്ഞ ഉമ്മ മിഠായി എന്തു മധുരമായിരുന്നു
ആ താമരകൾ
നമുക്കുവേണ്ടി മാത്രമായിരിക്കും വിരിഞ്ഞത്.
കണ്ണാ നീ എന്നിലുണരുന്നു.
അപ്പോഴെല്ലാം ഞാൻ പൂക്കുന്നു.
യാത്ര പറഞ്ഞപ്പോൾ നീ തന്ന കരുതലിന്റെ പൊട്ട് അതെന്റെ നെറ്റീലങ്ങനെ തന്നെയുണ്ട്.
എന്റെയിടങ്ങളിലങ്ങനെ തിളങ്ങട്ടേ അത്.