ചേരാത്ത കാല്പനികതകളുടെ തോരാത്ത കണ്ണുനീരുമായി ഭദ്രയും ബലരാമനും…….
അന്ന് മാസം അവസാനവും ഞായറാഴ്ചയും അങ്ങകലെ എന്റെ മണ്ണിൽ മേടമാസ ഗൃഹാതുരതകളിലൂടെ നടന്നു തീരാത്ത നാട്ടുവഴികളിലെ ഓർമ്മകൾ ഒരുക്കിക്കൂട്ടുന്ന കാലവും . രാത്രി ഏറെ വൈകിയാണ് മാസ അവസാന കൂടിക്കാഴ്ചകൾക്കുള്ള കമ്പനിയുടെ സന്ദേശം ലഭിച്ചത്.ഇവിടെ സ്പ്രിങ് ഫീൽഡിൽ നിന്നും വാഷിംഗ്ടണിലേക്ക് വിമാനമാർഗ്ഗം വെറും രണ്ടുമണിക്കൂർ എന്നിട്ടും തീവണ്ടിയാത്ര തന്നെ തിരഞ്ഞെടുത്തത് ഏകദേശം നാനൂറ്റി അൻപതിലേറെ കിലോമീറ്റർ, ഏഴുമണിക്കൂർ എനിക്കുവേണം എന്റേതായി.ഇതുപോലുള്ള യാത്രയിൽ എന്നോ പാതികണ്ടു നിർത്തിയ സ്വപ്നത്തിന്റെ, ദിവാസ്വപ്നത്തിന്റെ ബാക്കി കാണുവാൻ.
ഇതുപോലൊരു തീവണ്ടിയാത്രയിലാണ് ഭദ്രയെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. എന്റെ എതിർസീറ്റിൽ സായിപ്പിന്റെ നാട്ടിലെ തീവണ്ടിയിൽ ശ്രീ.ഓ വി വിജയന്റെ ‘ഗുരുസാഗരം’ വായിച്ചുകൊണ്ടിരിക്കുന്ന അധികം വണ്ണം ഇല്ലാത്ത ഇരുനിറത്തിലുള്ള സുന്ദരിക്കുട്ടി കയറിയ ഉടനെ തന്നെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു.
അർദ്ധമയക്കത്തിനിടയിൽ താഴെ വീണുപോയ എന്റെ മൊബൈൽ ഫോൺ കയ്യിൽ എടുത്തുവെച്ചു തന്നു.. മലയാളി തന്നെയാണെന്നറിയിക്കുവാൻ വേണ്ടി ആംഗലേയഭാഷ ഉപയോഗിക്കാതെ ഞാൻ “നന്ദി ” പറഞ്ഞു. വീണ്ടും വായനയിൽ മുഴുകുക അല്ലാതെ ആ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല.അതോടെ ഞാൻ വീണ്ടും പഴയപടി അർദ്ധമയക്കവും ആയിരം സ്വപ്നങ്ങളുമായി…
“പ്രപഞ്ചവും പുരുഷാർത്ഥങ്ങളും പൊന്നും പൂവുമിട്ടു പ്രണമിക്കും യുഗങ്ങളാരാധിക്കുമീ ദ്വാപര യുഗപുരുഷനെ…പാരിലിന്നും പകരമൊരു പേരില്ലാപുരുഷജൻമം…. താങ്കളുടെ കവിതയിലെ വരികളാണ്,ഭീഷ്മരെ കൊല്ലാതിരുന്നുകൂടായിരുന്നോ,
വസുക്കളോടൊപ്പം തിരികെ അയക്കാതിരിക്കാമായിരുന്നില്ലേ,കൊല്ലുവാൻ മാത്രം എന്ത് തെറ്റാണു അവർ ചെയ്തത്” അവളുടെ ചോദ്യം എന്നോട് തന്നെ ആണെന്നുറപ്പുള്ളതിനാലും ഇഷ്ടവിഷയം ആയിരുന്നതിനാലും എന്റെ അർദ്ധമയക്കം താൽക്കാലികമായി ഉപേക്ഷിച്ചു.
ധർമ്മവും അധർമ്മവും, അധർമ്മികളാകുന്നതെങ്ങിനെ ,അവതാര ലക്‌ഷ്യമഹത്വങ്ങൾ എന്നിവയെക്കുറിച്ചൊക്കെയും അവളോട് വിശദമായി സംസാരിച്ചു.ആ സംസാരം തുടർന്ന് ഗ്രീക്ക് തത്വ ചിന്തകരെക്കുറിച്ചും എമിലി ഡിക്കൻസ് ,ഫിയോ ദർദസ്തയെവ്സ്ക്കി, ജി കെ ചെസ്റ്റർ ടൺ, ഹോസേരമാഗോ എന്നിവർ വഴി തകഴി ,ചങ്ങമ്പുഴ, ഉറൂബ്, ഓ എൻ വി വരേയും എത്തിയതിനു ശേഷമാണ് അവസാനിച്ചത്. സ്വന്തം ഭാഷയിൽ ഇത്രയും നേരം ഇഷ്ടവിഷയങ്ങൾ സംസാരിച്ചതിന് അവളോട് നന്ദിയും പറഞ്ഞു.വാഷിങ്ടണിൽ വണ്ടി നിർത്തി ഇറങ്ങുവാൻ നേരത്തു മാത്രമാണ് പറഞ്ഞത് പേര് ഭദ്ര ,എന്റെ ഭീഷ്മരെക്കുറിച്ചുള്ള കവിതയും മറ്റു രചനകളും മുഖപുസ്തകത്തിൽ വായിക്കാറുണ്ടെന്നും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആനന്ദവര്‍ദ്ധന്റേയും കേരള സാഹിത്യ അക്കാദമി അവാർഡും നിരവധി പുരസ്‌കാരങ്ങളും നേടിയ എഴുത്തുകാരി ആതിര നമ്പ്യാരുടേയും മകളാണെന്നും.മുഖപുസ്തകത്തിൽ ഭദ്രയുടെ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും സംസാരത്തിനിടയിൽ ഒരു സൂചനപോലും തന്നിരുന്നില്ല, കിട്ടിയിരുന്നില്ല.
മതിൽക്കെട്ടില്ലാത്ത മാനസം ചിന്തകളിൽ നിന്നും ചിന്തകളിലേക്ക് പോകുന്നതുപോലെ ദിവസങ്ങളും ആഴ്ചകളും സായന്തനങ്ങളിൽ കൂടണയുവാൻ വെമ്പും പറവയുടെ വ്യഗ്രതയോടെ…..
മാസം അവസാനമായി. അകലെ കടലുകൾക്കും കാതങ്ങൾക്കുമപ്പുറത്ത് മണ്ണിനും മലയാള ഗന്ധമുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാറും കോളും കാലതാമസമില്ലാതെ വരുമെന്ന സൂചനയുമായി ഒരു ദിനം കഴിഞ്ഞാൽ ഒരു ഇടവപ്പുലരികൂടി.. നാളെ വീണ്ടും വാഷിങ്ടണിലേക്ക്… തയ്യാറെടുപ്പുകളൊക്കെ പൂർത്തിയാക്കിയതിനുശേഷം മുറിയിലെ വെളിച്ചം കെടുത്തി ഉറങ്ങുവാൻ കിടന്നതേയുള്ളൂ മൊബൈൽ ഫോൺ ശബ്ദിക്കുന്നു.അതൊരു മെസ്സേജ് ആയിരുന്നു “എന്റെ റിസൾട്ട് വന്നു .വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിൽ തന്നെ ജോലി ശരിയായി, നാളെ പോകുന്നു കാണുമോ ? -ഭദ്ര ” കാലത്തു പോകുമ്പോൾ ധരിക്കുവാൻ ഹാങ്ങറിൽ വെച്ചിരുന്ന ഇസ്തിരിയിട്ട ഷർട്ട് എടുത്തു ബാഗിൽ വെച്ച് ഷെൽഫ് തുറന്നു പുതുതായി തയ്പ്പിച്ച ഷർട്ട് എടുത്തു ഹാങ്ങറിൽ വെച്ചു.
മുഖത്ത് ഒരു ചെറുചിരിയോടെ വണ്ടിയാപ്പീസിലെ പ്രവേശനകവാടത്തിൽ തന്നെ ഭദ്ര നിൽപ്പുണ്ടായിരുന്നു.വണ്ടിയിൽ എതിർവശത്തുള്ള അവളുടെ സീറ്റിൽ ബാഗ് വെച്ചതിനുശേഷം എന്റെ അടുത്തായി വന്നിരുന്നു. കഴിഞ്ഞതവണ കണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന വേഷവും രീതികളും ഒന്നും ആയിരുന്നില്ല അവൾക്ക്. ‘എന്താണ് മെസ്സേജ് അയക്കുവാൻ തോന്നിയത്, ഇതെന്തു പറ്റി ബാഗ് അവിടേയും ഇരുത്തം ഇവിടെയും? ‘ എന്റെ കണ്ണുകളിൽ തന്നെ നോക്കുന്നുണ്ടായിരുന്ന അവളുടെ മൗനം ഭഞ്ജിക്കുവാനായി ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു. ഒട്ടും ചിന്തിക്കാതെ മുൻകൂട്ടി തയ്യാറാക്കിവെച്ചതുപോലെ അവൾ പ്രതികരിച്ചു. “ഒരാണിന് ഒരു പെണ്ണിന്റെ മൊബൈൽ നമ്പർ കിട്ടിയാൽ കിട്ടിയ നിമിഷം മുതൽ വിളികളുടേയുംസന്ദേശങ്ങളുടേയും പ്രവാഹമായിരിക്കും .ചരിത്രം ഭേദിച്ചുകൊണ്ട് ഞാൻ മെസ്സേജ് അയക്കുന്ന നേരം വരെ ഒരു ശുഭദിനം പോലും എനിക്കയച്ചിരുന്നില്ല” .എന്റെ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അല്പം നർമ്മരൂപേണ ആണ് പറഞ്ഞത്. “ഇവിടെ അടുത്ത് ഇരുന്നത് നിങ്ങൾ ഉറക്കത്തിൽ മൊബൈൽ ഫോൺ താഴെക്കളയുമ്പോൾ എടുത്തു തരുവാൻ, ഇനി എപ്പോഴും ഇരിക്കുന്നത് ഇവിടെയാണ് ഉത്തമമെന്നു തോന്നി.” പിന്നീട് നന്നായി വിശക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പിങ്ക് നിറത്തിലുള്ള തന്റെ വലിയ ഹാൻഡ് ബാഗ് തുറന്നു പുറത്തു ഷിനോല ടെക്സാസ് കഫെ ,സ്പ്രിങ് ടൌൺ എന്നെഴുതിയ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും തായ്‌വാനീസ് ഫ്രൈഡ് ചിക്കനും യൂറോപ്യൻ ബ്രൗൺ ബ്രെഡും എനിക്കും തന്നു അവളും കഴിച്ചുകൊണ്ടിരുന്നു.
ആ യാത്രയുടെ അവസാനം വരെയുള്ള സംസാരങ്ങളിൽ പരസ്പര കരുതലിന്റെയോ പറയാതെ പറഞ്ഞ പലതുകളുടെയോ തുടക്കമാണെന്നു തോന്നി.ഈ മഹാനഗരിയിലെ പാർപ്പുകാരൻ ആയിട്ടു വർഷങ്ങളായെങ്കിലും വേരുകൾ ,വേർപാടിന്റെ വേദനകൾ മറക്കുവാനാകാതെ എന്റെ നാടിനെ എന്നും സ്വപ്നം കണ്ടുണരുന്ന എനിക്ക് ഇവിടെയും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ തുടങ്ങിയിരിക്കുന്നു.ഉപദേശകനായും,ഉള്ളറിയുന്നവനായും, താമസം വേറെയെങ്കിലും രക്ഷിതാവായ താലികെട്ടാത്ത ഭർത്താവായും വേഷങ്ങളൊത്തിരി അവൾക്കുവേണ്ടി ആടിക്കൊണ്ടിരുന്നു.കിട്ടുന്നതൊന്നും പോരാ കൂടുതൽ വേണമെന്ന മാനുഷികമായ വാഞ്ഛ യോടെ സ്നേഹത്തിന്റെ ആഴവും അവൾ എന്റേതുമാത്രമാണെന്ന ഉറപ്പുവരുത്തലും വാക്കാൽ എന്നുമുണ്ടായിരുന്നു.
എഴുത്തുകൾ പരസ്പരം ഇഷ്ടപ്പെടുകയും ആത്മാർത്ഥമായി ആരാധിക്കുകയും ചെയ്യുന്നതിനിടയിൽ നവഭാവ കൗതൂഹലത്തോടെ ഒരിക്കൽ അവൾ പറയുകയുണ്ടായി “ബലരാമേട്ടന്റെ ‘എന്റെ വീട്’ എന്ന കവിതയിലെ അനുബന്ധ ചിത്രമായിക്കൊടുത്ത വീട് ഉണ്ടല്ലോ അതുപോലുള്ള രണ്ടു നിലയുള്ള, ഓടുമേഞ്ഞ ഓർമ്മപ്പാർപ്പിനു ഏറെ ഇടമുള്ള ഒരു വീട് പണിയണം നമുക്ക് ഗ്രാമ കൗതുകം വഴിഞ്ഞൊഴുകുമൊരു വാസ സ്ഥലത്ത്. ” എന്റെ ഇഷ്ടങ്ങൾ ഭദ്രയുടെ സ്വപ്നങ്ങളായി മാറുന്നത്, ജീവ പ്രേരണയായ അനുകൂല ഊർജ്ജമായി ആത്മാവിലോളം ആഴ്ന്നിറങ്ങുന്നത് എന്നിലെ ഞാൻ അറിയുന്നുണ്ടായിരുന്നു.
ഇത്രയധികം, അവളുടെ സംസാര ശൈലിയിൽ ‘ഒത്തിരി…ഒത്തിരി കട്ടി ഒത്തിരി ‘എന്നെ സ്നേഹിക്കുവാൻ മാത്രം എന്ത് പ്രത്യേകതകളാണ് എനിക്കുള്ളതെന്നു അല്പമൊരഹങ്കാരബുദ്ധിയോടെ ഞാൻ സ്വയം തേടിക്കൊണ്ടേയിരുന്ന നാളുകളായിരുന്നു അത്.
ഇന്നലെ ജനുവരി ഒന്ന്..എന്റെ പുസ്തക പ്രകാശനം . ചിരകാല സ്വപ്നം എന്റേയും അവളുടേയും… ഇവിടെ വെസ്റ്റേൺ സ്പ്രിങ് ഗാർഡൻ കമ്മ്യൂണിറ്റി ഹാളിൽ പുസ്തകം ‘ഒരു ശ്രാവണം കൂടി ..’ പ്രകാശനം ചെയ്യപ്പെട്ടു. ഭദ്ര തന്നെ ആയിരുന്നു ആദ്യാവസാനം എല്ലാ കാര്യങ്ങളും ഏർപ്പാടാക്കിയിരുന്നത്.ചടങ്ങുകൾക്കിടയിലും അവളുടെ മുഖം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.എന്തോ പ്രശ്‍നം ഉള്ളതുപോലെ എനിക്ക് തോന്നാതിരുന്നില്ല.എല്ലാം കഴിഞ്ഞു പോകുമ്പോൾ പുറമെ ഒന്നും എഴുതാത്ത, എങ്കിലും അകത്ത് എന്തൊക്കെയോ എഴുതിയ ഒരു വെളുത്ത കവർ നിറകണ്ണുകളോടെ എന്നെ ഏൽപ്പിച്ചിട്ടു ‘ഫ്ലാറ്റിൽ എത്തിയിട്ട് പൊട്ടിച്ചു വായിച്ചാൽ മതി’ എന്ന് മാത്രം പറഞ്ഞുകൊണ്ട് നടന്നകന്നു.ആകാംക്ഷയ്ക്കു അറുതി വരുത്തിക്കൊണ്ട് അവിടെവെച്ചു തന്നെ ഞാൻ അത് പൊട്ടിച്ചു വായിച്ചു.
“എനിക്കുവേണ്ടി എന്നെങ്കിലും ഒരുമിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു…അച്ഛനും അമ്മയും ഇന്നലെ നിയമപരമായി വേർപിരിഞ്ഞു.അവരുടെ ചിന്തകൾ കാതലായതാണോ അല്ലയോ എന്നെനിക്കറിയില്ല രണ്ടു കാല്പനികതകളുടെ ചേർച്ചയില്ലായ്മ. അത് ഒരു ആനന്ദവർദ്ധനിലോ ആതിരാനമ്പ്യാരിലോ ഒതുങ്ങുന്നതല്ല. ചികഞ്ഞു പോകുവാൻ ചിത്തം അനുവദിക്കുമെങ്കിൽ കാണാം ഇവിടേയും മൈക്കിൾചാബനും അയലറ്റും, മാർട്ടിൻ ആർമിൻസും ഇസബെലും,ഡേവ് എഗേഴ്സും വേണ്ടേലവിടയും , യാൻ മാർട്ടലും ആലീസ് ക്യൂപെഴ്സും ഒക്കെയും എഴുത്തുകാരായ ദമ്പതികൾ പരസ്പരം അഭിനയിച്ച് ആടിത്തീർക്കുന്നു ജീവിതങ്ങൾ….
ഇന്നലെകളോട് ഞാൻ മാപ്പ് ചോദിക്കുന്നു…ഇനി കാണില്ല നാം പരസ്പരം….. കൂട്ടം തെറ്റാതെ നന്മകൾ കൂടെയുണ്ടാകട്ടെ എന്നും….”
=================
ഉദയ് നാരായണൻ.
ഉദയ് നാനായിട്ടുണ്ട് ഇനിയും ഉയരത്തിൽ എത്തി ചേരട്ടെ