( അടുത്ത ദിവസം മരിച്ച, വയലാറിൻ്റെ മകൾ,
സിന്ധുവിന് അമ്മയുടെ ഓർമ്മയിൽ സ്മരണാഞ്ജലി )
ഞെട്ടി ഉണർന്ന ഞാൻ കണ്ടതെൻ ചുറ്റിലും
വിങ്ങി വിതുമ്പുന്ന മക്കളിൻ കാർമുഖം.
ചാരത്തു നിന്നിഴഞ്ഞെത്തും മിഴികളിൽ
തോരാതെ പെയ്തിറങ്ങും മഴത്തുളളികൾ.
ദുഃഖം തളംകെട്ടി നില്ക്കും മുറിക്കുളളിൽ
തേടി ഞാനെൻ്റെ പൊന്നോമനപ്പുത്രിയെ
അമ്പത്തഞ്ചാണ്ടുകൾ അമ്മേയെന്നെപ്പൊഴും
ഒപ്പം നടന്നു വിളിച്ച, സ്നേഹക്കടൽ.
പൊട്ടിച്ചിരിച്ചും, കളിചിരിവാക്കുകൾ
തൊട്ടരികത്തു നിന്നെപ്പൊഴും ചൊല്ലിയും
അച്ഛൻ്റെയോർമ്മകൾ
ഓർത്തോർത്തെടുത്തെൻ്റെ
നെഞ്ചിലെ മൈനയെ തൊട്ടുണർത്തും മകൾ.
മദ്രാസിൽ നിന്നച്ഛനെത്തിയാൽ മക്കൾക്ക –
ന്നോണമാണൊത്തിരി പുത്തനുടുപ്പുകൾ
മൂത്തവർ ദൂരത്തു നിന്നു കാണും, കുഞ്ഞു-
സിന്ധുവാണച്ഛൻ്റെ “കുഞ്ഞിലെപമ്പരം “
ഇത്ര വളർന്നിട്ടും, അമ്മയായ്ത്തീർന്നിട്ടും,
ഇന്നുമെനിക്കവൾ ഓമനക്കുഞ്ഞാണു.
എന്നോ ഒരിക്കലെന്നോടവൾ ചോദിച്ചു
“അമ്മക്കു കൊഞ്ചുവനാരുണ്ടു
ഞാൻപോയാൽ” ?
ചുക്കിച്ചുളിഞ്ഞ മുഖത്തിറ്റു വീഴുന്ന
കണ്ണുനീർ കൈതലം കൊണ്ടു തുടച്ചു ഞാൻ.
നെഞ്ചിലെ തേങ്ങലടക്കാൻ കഴിയാതെ
വിങ്ങി വിതുമ്പി പിടഞ്ഞു പോയ് മാനസ്സം
നോക്കിനിന്നെൻമകൻ ഓപ്പമിരുന്നെൻ്റെ
കണ്ണുനീരൊപ്പിയെടുത്തൂ മിഴികളാൽ
കെട്ടിപ്പിടിച്ചെന്നെ നെഞ്ചോടു ചേർത്തവൻ
പൊട്ടിക്കരഞ്ഞൊരു കൊച്ചു കുഞ്ഞെന്ന
പോൽ.
ഓർമ്മവച്ചപ്പൊഴേക്കച്ഛൻ മരിച്ചു പോയ്
അച്ഛൻ്റെയോർമ്മയിൽ ജീവിച്ച നാലുപേർ
ഇന്നൊരാൾ തെക്കേപറമ്പിൽ ചിതക്കുള്ളിൽ
കത്തിയെരിഞ്ഞു കനലായ് കിടക്കുന്നു.
കാലമേ നാളെ നീ ആ കനലൂതിയെ-
ന്നാത്മാവിൽ മറ്റൊരു ചിത കൊളുത്തും
എത്ര കനൽക്കെടാച്ചിതകളാണെൻ
നെഞ്ചിൽ
നീറൂന്നതിപ്പൊഴും കാലനിയോഗത്താൽ.
മക്കളില്ലാത്തതിൻ വേദന തീർക്കുവാൻ
സ്വന്തമനുജത്തിക്കേകി ഭാര്യാപദം.
ഏകയായ് തീർത്ത ചിതക്കുള്ളിൽ നീറിയ
ജേഷ്ഠത്തിയെന്നുമെൻ ഓർമ്മക്കെടാക്കനൽ.
സ്നേഹിച്ചു ജീവിച്ചു മതിവരാഞ്ഞിട്ടും
എന്നെത്തനിച്ചാക്കി പോയെൻ്റെ ഗന്ധർവ്വൻ
അന്നു കൊളുത്തിയ നെഞ്ചിലെ ചിതയിൽ
ഇന്നും നീറുന്നുണ്ടാ ഓർമ്മക്കനലുകൾ
വീടിൻ വിളക്കായ്, വെളിച്ചമായ് ഞങ്ങൾക്കു
സാന്ത്വന സ്പർശമാം അമ്മയൊരുദിനം
കുട്ടൻ്റടുത്തേക്കു പോയതെന്നാത്മാവിൽ
കെട്ടടങ്ങാത്തൊരു ചിതയും കൊളുത്തി.
വേദനമാത്രമെനിക്കു തന്നെത്രയോ
മുത്തുകൾ കൊത്തിപ്പറന്നു നീ മൃത്യുവേ
ഈ രാത്രി താണു പറന്നുവന്നെൻ്റെയീ
മുത്തിനെക്കനലിൽ നിന്നെടുത്തു തരൂ.
അർത്ഥ വ്യാപ്തി യുള്ള കവിത