നാളെ ലക്ഷ്മിമോളുടെ കല്യാണം ആണ്… എത്രയോ നാളുകളായി ഞങ്ങൾ കാത്ത് കാത്ത് ഇരിക്കുന്നു അവൾ കല്യാണപ്പെണ്ണായി ഒരുങ്ങി നിൽക്കുന്നത് കാണാൻ…
ഡോക്ടർ ആയ തന്റെയും വക്കീൽ ആയ ഭാര്യയുടെയും ഒരേയൊരു മകൾ.. സുന്ദരി ക്കുട്ടി… നക്ഷത്രക്കണ്ണുകൾ ഉള്ള രാജകുമാരി…. നുണക്കുഴിയുള്ള കവിൾ… വശ്യമായ പുഞ്ചിരി… എല്ലാ വേദനകളും മറക്കുവാൻ അവളുടെ പുഞ്ചിരിക്ക് കഴിയുമായിരുന്നു…..
പണത്തിനു മീതെ ജനിച്ചു വളർന്നവളെങ്കിലും അതിന്റെതായ യാതൊരു അഹങ്കാരവും ഇല്ലാത്തവൾ……
ഒരിക്കൽ കണ്ണിയറ്റു പോയേക്കാമായിരുന്ന ഞങ്ങളുടെ ദാമ്പത്യം കൂട്ടിവിളക്കിചേർത്തവൾ….
എല്ലാത്തിനും നന്ദി പറയേണ്ടത്.. അയാളോടാണ്…. അയാളോടു മാത്രം…. ഈ ലോകത്തു ഞാനേറ്റവും കടപ്പെട്ടിരിക്കുന്നത് അയാളോടു മാത്രമാണ്….. അയാളാണല്ലോ എന്റെ ലക്ഷ്മിയെ എനിക്ക് തിരികെ തന്നത്…
പതിനെട്ടു വർഷങ്ങൾക്കു മുൻപാണ് അയാളെ ഞാൻ ആദ്യമായി കാണുന്നത്…. സ്കൂൾ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ അയാളായിരുന്നു മുൻപന്തിയിൽ…..
അപകടത്തിൽ സാരമായി പരുക്കേറ്റ ലക്ഷ്മി മോളെയും കൊണ്ട് എന്റടുത്തേക്കു അയാൾ ഓടി വന്നു… “എന്റെ മോളെ രക്ഷിക്കണേ ഡോക്ടർ സാർ “എന്നയാൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു….
എന്നാൽ അതു എന്റെ മോൾ ലക്ഷ്മിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തകർന്നു പോയി ഞാൻ…. ഒരു ഡോക്ടർ ആയ ഞാൻ തളർന്നു പോയ നിമിഷം….
മോൾക്ക് ചെറിയൊരു സർജറി വേണ്ടി വന്നു.. കുറെ ദിവസങ്ങൾ ആശുപത്രിയിൽ കിടന്നു.. അപ്പോളെല്ലാം അയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു.. മകളുടെ ജീവൻ രക്ഷിച്ച അയാളോടു എനിക്കും ഭാര്യക്കും എന്തെന്നില്ലാത്ത അടുപ്പം ഉണ്ടായി…..
ലക്ഷ്മിമോൾക്ക് നേരത്തെ തന്നെ അയാളെ അറിയാമായിരുന്നു എന്നത് ഞങ്ങൾക്ക് പുതിയ അറിവായിരുന്നു…
മോളെ അയാൾക്ക് പ്രാണൻ ആയിരുന്നു… മോൾക്ക് തിരിച്ചു അയാളെയും… അവളുടെ ആഗ്രഹപ്രകാരം അയാളെ എന്റെ ഡ്രൈവർ ആയി നിയമിച്ചു… അയാൾ അവളുടെ കണ്ണുകളിൽ തന്നെ നോക്കിയിരിക്കുമായിരുന്നു… അവളോടൊപ്പം കളിച്ചും ഓടിയും ചാടിയും നടക്കുന്ന അയാൾ ഞങ്ങൾക്കെപ്പോഴും ഒരു വിസ്മയം ആയിരുന്നു…
എന്തിനും ഏതിനും സഹായിക്കാൻ അയാളുണ്ടായിരുന്നു.
എന്നു മുതലാണ് എനിക്കയാളോട് ഇഷ്ടക്കേട് തുടങ്ങിയത്…..
മോൾക്ക് അയാളോടും അയാൾക്ക് മോളോടും ഉള്ള അടുപ്പം എന്നെ ചെറുതായി വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു….
സ്വാർത്ഥത എന്നിൽ വല്ലാതെ കൂടിക്കൂടി വന്നു തുടങ്ങി…
പല യാത്രകളിൽ നിന്നും അയാളെ അകറ്റി.. അതു മോൾക്കും അയാൾക്കും സഹിക്കാൻ പറ്റാത്തതാണ് എന്നറിഞ്ഞിട്ടും….
ഒടുവിൽ പറയാൻ പാടില്ലാത്ത പല വാക്കുകളും പറഞ്ഞു.. കുറെ നാൾ ജോലി ചെയ്തതിനുള്ള ശമ്പളമായി ഒരു തുക അയാളുടെ കയ്യിൽ വച്ചു പറഞ്ഞു വിടുമ്പോൾ അയാൾ പൊട്ടിക്കരയുന്നതു ഞാൻ കണ്ടു… മോളെ കയ്യിൽ കോരിയെടുത്ത് അവളുടെ കണ്ണുകളിൽ ഉമ്മ വയ്ക്കുമ്പോളും ദേഷ്യത്തോടെ ഞാനയാളുടെ കയ്യിൽ നിന്നും അവളെ പിടിച്ചു വാങ്ങുമ്പോൾ മോൾ അയാളെ ഇറുക്കി പിടിച്ചുരുന്നു…
അയാൾ ഇനി ഒരിക്കലും തേടി വരാതിരിക്കാൻ ഭാര്യയെയും മോളെയും കൊണ്ടു നാടു വിടുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും സന്തോഷവും തോന്നിയെനിക്ക്….
മോൾ പലപ്പോളും അയാളെ തിരക്കുമായിരുന്നു….
അയാളുടെ പൊട്ടിക്കരയുന്ന മുഖം എന്റെ ഉറക്കം കെടുത്തിയിരുന്നു പലപ്പോളും…. എന്നാൽ അയാളിലേക്കൊരു തിരിച്ചുപോക്കിന് ഒരുങ്ങിയതുമില്ല….
യാദൃശ്ചികമായി ആണ് ആ പത്ര വാർത്ത കാണുവാനിടയായത്…. മകളുടെ പാതയിൽ അച്ഛനും എന്ന തലക്കെട്ടോട് കൂടി വന്ന വാർത്ത ഞാൻ വായിച്ചു..
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ നാലു പേർക്ക് പുതു ജീവൻ നൽകിയെന്ന്… ഒരു ഡോക്ടർ കൂടിയായ എനിക്ക് അതു സന്തോഷം പകരുന്ന വാർത്ത ആയിരുന്നു…
ആ ഫോട്ടോയിൽ കാണുന്ന യുവാവിന് അയാളുടെ മുഖച്ഛായ….അതയാളാണെന്നു ഞെട്ടലോ ടെയാണ് ഞാൻ തിരിച്ചറിഞ്ഞത്……..
എന്നാൽ അയാൾക്കൊപ്പമുള്ള അയാളുടെ മകളുടെ ഫോട്ടോ കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി…
എന്റെ ലക്ഷ്മി മോൾക്ക് കണ്ണുകൾ ദാനം ചെയ്ത ആ പൊന്നുമോൾ അയാളുടെ മകളായിരുന്നു..
ആ കണ്ണുകൾ അയാളെ അച്ഛാ എന്നു വിളിക്കുന്നുണ്ടായിരുന്നിരിക്കാം.. മകൾ മരിച്ചു എന്ന യാഥാർഥ്യം ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ടാകാം ഞങ്ങളിൽ നിന്നും അയാൾ ആ സത്യം മൂടിവച്ചത്..
മകളുടെ മരണത്തിൽ സുബോധം നഷ്ടപ്പെട്ട അയാളെ ഞങ്ങൾക്ക് അന്നു കാണുവാൻ സാധിച്ചിരുന്നില്ല..
അതിനാൽ ഞങ്ങൾക്കും അയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല…
എന്റെ സ്വാർത്ഥത എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ മനസാക്ഷിയെ ആയിരുന്നു…
കാലങ്ങൾ എത്ര കഴിഞ്ഞാലും എന്നെ മരണം പുൽകുന്ന നാൾ വരെയും എന്നിലെ കുറ്റബോധം അവസാനിക്കില്ല..അയാളോടുള്ള കടപ്പാടും….
രമ്യ വിജീഷ്✍️