17.1 C
New York
Monday, August 15, 2022
Home Literature 'കണ്ണിമാങ്ങകൾ പൊഴിയും കാലം' (ചെറുകഥ)

‘കണ്ണിമാങ്ങകൾ പൊഴിയും കാലം’ (ചെറുകഥ)

പ്രതാപ് ചന്ദ്രദേവ്✍

ഉറക്കമുണർന്ന് ക്ലോക്കിൽ നോക്കിയപ്പോൾ സമയം പത്തര.. എന്നിട്ടും ഉറക്കക്ഷീണം മാറുന്നില്ല.. കിടന്നപ്പോൾ വെളുപ്പിന് നാലു മണിയായിക്കാണും.. അതങ്ങനെയാണ്.. ഏതെങ്കിലും ഒരു കഥയുടെ ആശയം മനസ്സിലുദിച്ചാൽ, പേപ്പറും പേനയും എടുക്കാനുള്ള മടി കൊണ്ട് ചിലപ്പോൾ തുടങ്ങാൻ താമസിച്ചാലും തുടങ്ങിക്കഴിഞ്ഞാൽ എഴുതിത്തീർന്നിട്ടേ പേപ്പറും പേനയും താഴെ വയ്ക്കൂ… എഴുതി തീർത്ത ആ പുതിയ കഥ മേശപ്പുറത്തിരിക്കുന്നു. വായിച്ചു നോക്കിയിട്ടില്ല. എന്തായാലും പ്രാതൽ കഴിഞ്ഞിട്ട് ആകാം..

കുളിമുറിയിൽ നിന്നിറങ്ങി വന്നപ്പോൾ ഡൈനിംഗ് ടേബിളിൽ ചൂടുള്ള ഇഡ്ഢലിയും സാമ്പാറും സുന്ദരേട്ടൻ കൊണ്ടു വച്ചു. കുഴിവുള്ള സ്റ്റീൽ പത്രത്തിലെ സാമ്പാറിൽ മുങ്ങിക്കിടക്കുന്ന ഇഡ്ഢലി… സോമസുന്ദരം എന്ന തമിഴൻ സുന്ദരേട്ടൻ്റെ മാസ്റ്റർ പീസ് ബ്രേക്ക് ഫാസ്റ്റ് ആണ്.. ചെന്നെയിലുണ്ടായിരുന്നപ്പോൾ പരിചയപ്പെട്ടതാണ് സുന്ദരേട്ടനെ.. തന്നെപ്പോലെ ആരോരുമില്ലാത്ത ഒരാൾ.. ഇങ്ങോട്ട് ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ കൂടെ കൂടി.. നല്ലൊരു പാചകക്കാരനും വിശ്വസ്തനായ കാര്യസ്ഥനുമായി തൻ്റെ കൂടെ കൂടിയിട്ട് ഏകദേശം പത്ത് വർഷമാകുന്നു..

എഴുതിവച്ചിരുന്ന പേപ്പറും പേനയും എടുത്തിട്ട്, സുന്ദരേട്ടനോട് വിളിച്ചു പറഞ്ഞു

“സുന്ദരേട്ടാ കസേരയെടുത്ത് ആ മാവിൻ്റെ തണലിൽ ഇട്ടേയ്ക്ക്.. “

” അങ്കേ പോട്ടിരിക്കേ തമ്പീ.. “

തൻ്റെ രീതികളെല്ലാം എന്നേ മനസ്സിലാക്കിയിരിക്കുന്നു സുന്ദരേട്ടൻ.. പേപ്പറുകളുമായി ആ കസേരയിൽ ചെന്നിരുന്നു….. മാവിൽ നിന്ന് പൂക്കളും കണ്ണിമാങ്ങകളും ഒത്തിരി കൊഴിഞ്ഞു വീണു കിടക്കുന്നു.. അത്രയ്ക്ക് വലിയ കാറ്റായിരുന്നല്ലോ ഇന്നലെ..
കൊഴിഞ്ഞു കിടക്കുന്ന ഈ കണ്ണിമാങ്ങകൾ കാണുമ്പോൾ.. കണ്ണേട്ടാ നമുക്ക് കണ്ണിമാങ്ങ പറക്കാൻ പോകാം… എന്ന ഒരു പെറ്റിക്കോട്ടുകാരിയുടെ വാക്കുകൾ പഴയ ഓർമ്മകളിലേയ്ക്ക് കൊണ്ടു പോകുന്നു..
‌പേപ്പർ മറിച്ചു നോക്കിക്കൊണ്ടിരുന്നപ്പോൾ മാവിൻ കൊമ്പിലിരുന്ന് ഒരു കാക്ക, കാ… കാ … എന്നു ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു.. പണ്ട് ഇത് കേൾക്കുമ്പോൾ അമ്മ പറയും.. വിരുന്നുകാരാരോ വരുന്നെന്ന്… ആരാ ഇവിടെ വിരുന്നു വരാൻ ?! ഒറ്റപ്പെട്ടു നില്ക്കുന്ന ഈ പഴയ ബംഗ്ലാവ്, ഇതിവിടെയുണ്ടെന്നു തന്നെ പലർക്കും അറിയില്ല.. പണ്ടിവിടെ പടിഞ്ഞാറുവശത്തായി രണ്ടു ചെറിയ വീടുകൾ ഉണ്ടായിരുന്നു.. അതിലൊന്നിലായിരുന്നല്ലോ താനും… ആ രണ്ടു വീടുകളും ഇന്നില്ല.. ഏതോ സ്ഥാപനം തുടങ്ങാൻ വേണ്ടി, ചുറ്റുമുള്ള സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയ ആ പങ്കാളികൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, മരങ്ങൾ മുറിച്ചു കൊണ്ടിരുന്നപ്പോൾത്തന്നെ രണ്ടായി തെറ്റിപ്പിരിഞ്ഞു.. കേസു നടക്കുന്ന സ്ഥലം വിജനവുമായി.. പ്രതാപം വിളിച്ചോതിക്കൊണ്ട് ഈ കെട്ടിടം മാത്രം അന്നും ഇന്നും ഒരു പോലെത്തന്നെ നില്ക്കുന്നു.. മോഹ വിലകൊടുത്ത് താനീ കെട്ടിടം വാങ്ങിയിട്ട്, കാലാകാലങ്ങളിൽ പെയിൻ്റ് ചെയ്തതല്ലാതെ ഇതിന് പരിക്കേൽക്കുന്ന രീതിയിൽ ഒന്നും ചെയ്തിട്ടില്ല.. ഒരു വൃക്ഷവും മുറിച്ചുകളഞ്ഞിട്ടില്ല.. പ്രത്യേകിച്ച് ഈ മാവിനെ, ഒരു പോറൽ പോലും ഏൽക്കാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു.. തൻ്റെ ആ കളിക്കൂട്ടുകാരിയുടെ ഓർമ്മയ്ക്കായി…

വായന മതിയാക്കി അകത്തേയ്ക്കു കയറി. സുന്ദരേട്ടൻ അടുക്കളയിൽ സ്പെഷ്യൽ തൈര്സാദം ഉണ്ടാക്കുന്ന തിരക്കിലാണ്. ഉറക്കം ശരിയായിട്ടില്ല. കുറച്ചു നേരം കൂടെ ഒന്ന് കിടക്കണം.കട്ടിലേയ്ക്ക് ചാഞ്ഞിട്ട് FM ഓൺ ചെയ്തു..

‘വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ..’

എന്ന പാട്ട് ഒഴുകി എത്തി. തനിക്ക് ഏറ്റവും ഫീലുചെയ്യുന്ന ആ പാട്ടും കേട്ടുകൊണ്ട് കണ്ണുകൾ മെല്ലെ അടച്ചു..

സുന്ദരേട്ടൻ വിളിച്ചുണർത്തി വിളമ്പിത്തന്ന തൈര് സാദം കഴിച്ചിട്ട്, വീണ്ടും പേപ്പറുമായി ആ മാവിൻ ചുവട്ടിൽ വന്നിരുന്നു.. ഗേറ്റിനടുത്ത് ഒരു ഓട്ടോ വന്നതും അതിൽ നിന്ന് സാരി ഉടുത്ത ഒരു സ്ത്രീ ഇറങ്ങുന്നതും കണ്ടു.. അവർ പടിഞ്ഞാറു വശത്ത് ആ പൊളിച്ചു കളഞ്ഞ വീടുകൾ ഇരുന്ന ഭാഗത്ത്, ചെന്നു നില്ക്കുന്നു.. ആരോ വഴിതെറ്റി വന്നതായിരിക്കുമെന്ന് കരുതുമ്പോഴാണ് ആ സ്ത്രീ ഗേറ്റിനടുത്തേയ്ക്ക് വന്നത്.. ഗേറ്റിൽ പിടിച്ചു കൊണ്ട് അവൾ താനിരുന്ന ഭാഗത്തേയ്ക്ക് നോക്കി നില്ക്കുന്നു.. തുറന്നു വരാൻ ആംഗ്യം കാണിച്ചപ്പോൾ, ഗേറ്റ് തുറന്ന് അവൾ മെല്ലെ മെല്ലെ തൻ്റെ അടുത്തേയ്ക്കു നടന്നു വന്നു.. ഒരു മുപ്പത് മുപ്പത്തഞ്ച് വയസ്സു തോന്നിക്കുന്ന സൗന്ദര്യവും കുലീനത്വവുമുള്ള ഒരു യുവതി.. നല്ല ഭംഗിയായി സാരി ഉടുത്തിരിക്കുന്നു.. അടുത്തുവന്ന അവൾ കൊഴിഞ്ഞു വീണു കിടക്കുന്ന കണ്ണിമാങ്ങകളിലേയ്ക്ക് നോക്കി ഒരു നിമിഷം നിന്നു.. ശേഷം തൻ്റെ മുഖത്ത് നോക്കിയിട്ട്,

“സാർ ഞാനിവിടെ കുറച്ചു നേരം നിന്നോട്ടെ..?”

“പിന്നെന്താ…”

സുന്ദരേട്ടനെ വിളിച്ച് ഒരു കസേരകൂടെ എടുപ്പിച്ചു.. കസേരയിൽ ഇരുന്നിട്ട്, തൻ്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൾ

“കൃഷ്ണകുമാർ സാറല്ലേ..?! ഈ കഥകളൊക്കെ എഴുതുന്ന…”

അതെയെന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ,

”സാറിൻ്റെ കഥകൾ ഞാൻ ധാരാളം വായിച്ചിട്ടുണ്ട് “

തന്നെ പരിചയപ്പെടാൻ വന്നതായിരിക്കും എന്നു വിചാരിച്ച്

” ഞാൻ ഇവിടെയാണ് താമസിക്കുന്നതെന്ന് ആരാ പറഞ്ഞത് ?”

“അല്ല ഞാനിവിടെ വന്നപ്പോഴാണ് സാറാണ് ഇവിടെ താമസിക്കുന്നതെന്ന് മനസ്സിലായത്..”

ജാള്യത മറച്ചുകൊണ്ട്

“എന്തു ചെയ്യുന്നു? എന്താ ഇവിടെ?”

“ഞാനിവിടത്തെ ഗവർൺമെൻ്റ് സ്കൂളിൽ സ്ഥലം മാറി വന്ന ടീച്ചറാണ്.. പേര് മീനാക്ഷി”

അതുകേട്ട് പുഞ്ചിരിച്ച തന്നെനോക്കി അവൾ തുടർന്നു..

“പണ്ട് ആ ഭാഗത്ത് രണ്ട് ചെറിയ വീടുകൾ ഉണ്ടായിരുന്നല്ലോ… അതിൽ ഒന്നിൽ ഞാൻ കുഞ്ഞുനാളിൽ താമസ്സിച്ചിട്ടുണ്ട് “

കണ്ണുകൾ വിടർന്നെങ്കിലും അവൾ പറയുന്നത് മൂളിക്കേട്ടു..

“എനിക്ക് മറക്കാൻ പറ്റാത്ത കുറെ ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണിത്.. ഇവിടം ഒരിക്കൽ കൂടെ ഒന്നു കാണണമെന്നുണ്ടായിരുന്നു.. ആ വീടുകൾ ഉണ്ടായിരുന്നെങ്കിൽ അതിൽ ഒന്ന് എനിക്ക് വാടകയ്ക്ക് എടുക്കാൻ താല്പര്യമുണ്ടായിരുന്നു.. “

“ആ സ്കൂളിനടുത്തുതന്നെ ഒത്തിരി വീടുകൾ ഉണ്ടല്ലോ.. എന്തേ ഈ വിജനമായ സ്ഥലം നോക്കി വന്നത്.. ?”

“ഞാൻ പറഞ്ഞല്ലോ… കുറേ നിറമുള്ള ഓർമ്മകൾ എനിക്കു സമ്മാനിച്ച സ്ഥലമാണിതെന്ന്…. സാർ ഒരു എഴുത്തുകാരനാണല്ലോ.. അപ്പോൾ എൻ്റെ ഫീലിംഗ്സ് സാറിന് മനസ്സിലാക്കാൻ കഴിയും… ആ വീടുകളിൽ ഒന്നിൽ എൻ്റെ കളിക്കൂട്ടുകാരൻ ഉണ്ടായിരുന്നു.. കണ്ണേട്ടൻ.. ഇപ്പോൾ എവിടെയാണെന്ന് എനിക്ക് അറിയില്ല.. ”

പുറത്തേയ്ക്ക് തുളുമ്പി വന്ന തിരതള്ളൽ മറച്ചു പിടിക്കാൻ പ്രയാസപ്പെടുകയായിരുന്നു താൻ.. എങ്കിലും പറഞ്ഞു

“ഇപ്പോൾ കാര്യങ്ങൾ കുറച്ചു വ്യക്തമായി.. പഴയ ഓർമ്മകളിലേയ്ക്ക് സഞ്ചരിക്കാനാണ് ആ വീട് പ്രതീക്ഷിച്ചു വന്നത്.. അല്ലേ? ഒരു കാര്യം ചെയ്യൂ.. ഞാൻ വേണമെങ്കിൽ ഈ വീടിൻ്റെ ഒരു ഭാഗം താമസിക്കാനായി വിട്ടു തരാം.. “

പെട്ടെന്ന് അവൾ പറഞ്ഞു

“വേണ്ട….. ഈ വീടിനെ രാക്ഷസ കൊട്ടാരം എന്നാണ് കണ്ണേട്ടൻ എനിക്ക് പറഞ്ഞു തന്നിരുന്നത്.. എന്നും എന്നെ ഭീതിപ്പെടുത്തുന്നതായിരുന്നു ഈ ..വീട്… “

ഒന്നും മറുപടി പറയാൻ പറ്റാതെ കണ്ണു മിഴിച്ചിരുന്നു.. താഴെ നിന്ന് ഒരു കണ്ണിമാങ്ങ കൈയ്യിലെടുത്തു കൊണ്ട് അവൾ തുടർന്നു

” പക്ഷെ ഈ കണ്ണിമാങ്ങകൾ.. എനിക്ക് വല്യ ഇഷ്ടമായിരുന്നു.. കണ്ണേട്ടനെയും വിളിച്ചു കൊണ്ട് ആ സൈഡിലെ മതിൽ ചാടി ഞാൻ വരും.. കൊഴിഞ്ഞു കിടക്കുന്ന കണ്ണിമാങ്ങകൾ പെറുക്കിക്കൊണ്ടുപോയി ഉപ്പും ചേർത്ത് ഞങ്ങൾ കഴിക്കും… “

ഓർമ്മയിലെന്ന പോലെ അവളുടെ കൈയ്യിലിരുന്ന മാങ്ങയിൽ ഒരു കടി..

” ഉപ്പു വേണോ..?”

പുഞ്ചിരിച്ചു കൊണ്ട് വേണ്ടയെന്നർത്ഥത്തിൽ അവൾ തലയാട്ടി.. വീണ്ടും അവൾ തുടർന്നു

“ഈ വീട് അന്ന് എപ്പോഴും പൂട്ടിക്കിടക്കുകയായിരിക്കും.. ഈ വീട്ടിൽ ഒരു രാക്ഷസനാണ് താമസിക്കുന്നതെന്ന് കണ്ണേട്ടൻ എന്നെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടായിരുന്നു.. ഒരു ദിവസം ഞങ്ങൾ മാങ്ങ പെറുക്കിക്കൊണ്ട് നില്ക്കുമ്പോൾ പെട്ടെന്ന് കതക് തുറന്ന് വലിയ ശരീരവും ഉണ്ടക്കണ്ണുകളും കൊമ്പൻ മീശയുമുള്ള ഒരാൾ ഇറങ്ങി വന്നു.. അതാണ് രക്ഷസൻ എന്നു വിചാരിച്ച് നിലവിളിക്കാൻ പോലും പറ്റാതെ നിന്നു പോയി ഞാൻ… അയാൾ കണ്ണേട്ടൻ്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നതു കണ്ട് ഞാൻ ബോധംകെട്ടുവീണു പോയി.. ”

ഫിറ്റ്സ് വന്ന് താഴെ കിടന്നു പിടയ്ക്കുന്ന ആ പെറ്റിക്കോട്ടുകാരിയുടെ അപ്പോഴത്തെ അവസ്ഥ ഓർമ്മയിൽ കാണുകയായിരുന്നു അപ്പോൾ.. ഓടിവന്നയാൾ വല്ലാതെ ആയതും.. അയാളും താനും കൂടെ അവളെ, അവളുടെ വീട്ടിൽ എത്തിച്ചതും എല്ലാം…

”എനിക്ക് കുറച്ചു ദിവസം ഒന്നും ഓർമ്മയില്ലായിരുന്നു.. ഓർമ്മ വന്നപ്പോൾ ഞങ്ങൾ വേറെ സ്ഥലത്താണ്.. അച്ഛന് ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി.. ട്രാൻസ്ഫർ വാങ്ങി പോയതാണ് അവിടെ… എന്നെ ചികിത്സിക്കാനുള്ള സൗകര്യത്തിനായി…”

ആരെയും മനസ്സിലാകാതെ കണ്ണു മിഴിച്ചു നോക്കുന്ന അവളുടെ കുഞ്ഞു മുഖമാണ് തൻ്റെ മനസ്സിൽ.. ആ ഓർമ്മ കണ്ണുകളെ ഈറനണിയിപ്പിച്ചു..

“എൻ്റെ കഥ കേട്ട് സാർ കരയുകയാണോ!? അതിന് ഞാൻ കൂടുതലൊന്നും…. ഞാൻ കേട്ടിട്ടുണ്ട്.. ആളുകളെ കരയിപ്പിക്കുന്ന ചില എഴുത്തുകാർ നിസ്സാര കാര്യങ്ങൾ കേട്ടാൽ പോലും കരയുമെന്ന്…”

വിഷയം മാറ്റിക്കൊണ്ട്..

“മീനാക്ഷിയുടെ ഫാമിലിയൊക്കെ…?”

അച്ഛൻ നേരത്തെ മരിച്ചു.. അമ്മ അടുത്ത കാലം വരെ എൻ്റെയൊപ്പം ഉണ്ടായിരുന്നു.. ഇപ്പോൾ അമ്മയുമില്ല.. “

“ഭർത്താവ്, കുട്ടികൾ?

” ഒന്നുമില്ല.. അച്ഛൻ നേരത്തെ പോയതോടെ ചൊവ്വാദോഷക്കാരിക്ക് കല്യാണം ആലോചിക്കാൻ ആരുമില്ലാതായി… അസുഖക്കാരിയായ അമ്മയ്ക്ക് എന്നെയോർത്ത് സങ്കടപ്പെടാൻ മാത്രമേ കഴിഞ്ഞുള്ളു.. എനിക്കും വിവാഹത്തിലൊന്നും വല്യ താല്പര്യമില്ലായിരുന്നു.. ഒരു ജോലിയുള്ളതുകൊണ്ട് ഹാപ്പിയായി കഴിയുന്നു.. “

“ആ കളിക്കൂട്ടുകാരൻ കണ്ണേട്ടനോട് ഇപ്പോൾ വല്ല്യ വിരോധമായിരിക്കും മീനാക്ഷിക്ക് അല്ലേ..?”

“യേയ് എൻ്റെ കണ്ണേട്ടനോട് എനിക്ക് വിരോധമോ !? പാവമാ എൻ്റെ കണ്ണേട്ടൻ.. എന്നെ കളിപ്പിക്കാനായി വെറുതെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചതാ… എനിക്ക് സുഖമില്ലാതെ കിടന്നപ്പോൾ ഭയങ്കര കരിച്ചിലായിരുന്നു കണ്ണേട്ടനെന്ന് അമ്മയും അച്ഛനും പറഞ്ഞു കേട്ടിട്ടുണ്ട്.. ഇപ്പോൾ എവിടെയാണെന്നറിയില്ല.. ഈ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആ മുഖമൊന്നു കാണാൻ പറ്റോ!? എനിക്കറിയില്ല…”

സന്തോഷത്തിൻ്റെയും സങ്കടത്തൻ്റെയും തീവ്രതയിലായിപ്പോയി താൻ..

” ഞാൻ എൻ്റെ കഥ പറഞ്ഞ് സാറിനെ ബോറടിപ്പിച്ചു അല്ലേ? സാറിൻ്റെ ഫാമിലി ഇവിടെത്തന്നെയാണോ ?”

“ഞാൻ കല്യാണം കഴിച്ചിട്ടില്ല.. “

“ഓ സോറി.. എന്നാൽ ഞാനിറങ്ങട്ടേ… ഇത്രയും സമയം എന്നെ ഇവിടെ നില്ക്കാൻ അനുവദിച്ചതിന് വളരെ വളരെ നന്ദി.. “

പോകാനായി അവൾ മെല്ലെ തിരിഞ്ഞു

” മീനൂട്ടീ “

ഞെട്ടിത്തിരിഞ്ഞു നോക്കിയ അവളെ നോക്കി താൻ പറഞ്ഞു

” നിൻ്റെ ഓർമ്മയ്ക്കായി ഈ സ്ഥലവും വാങ്ങി, നിന്നെ അന്വേക്ഷിച്ചു എത്ര അലഞ്ഞിട്ടും കണ്ടെത്താതെ… എന്നെങ്കിലും നീ ഇവിടെ വരും എന്ന പ്രതിക്ഷയോടെ വഴി കണ്ണുകളോടെ കാത്തു നിന്ന നിൻ്റെ ഈ കണ്ണേട്ടനെ ഉപേക്ഷിച്ച് എൻ്റെ മീനൂട്ടി പോകുകയാണോ….?!”

സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയ അവളുടെ ആ കണ്ണുകളിൽ കാറ്റിൻ്റെ തലോടലിൽ ആനന്ദ നൃത്തമാടുന്ന കണ്ണിമാങ്ങകളുടെ പ്രതിഫലനം താൻ കാണുകയായിരുന്നു..

പ്രതാപ് ചന്ദ്രദേവ്✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: