മറന്നുപോകുന്നു മനസിലോർമ്മകൾ
മറഞ്ഞു പോകുന്നു കണ്ണിലീ
കാഴ്ചകളൊക്കെയും.
വിങ്ങുന്നു മാനസം കാഴ്ചയില്ലാതെ
വരളുന്നു മിഴികൾ –
ഉഗ്രമാം വിജനത പേറുമീവഴികളിൽ
ഏറുംഭയത്താൽ നൂറുങ്ങുന്നു
ഹൃദയവും.
അരികിലായ്, അങ്ങകലെയായ്
ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോ
മറഞ്ഞുപോയ്.
കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ –
രടയാള ചിത്രങ്ങളെങ്ങുമെങ്ങും,
കാൺമതില്ലെൻ നാടിന്നതിരിട്ട
കാഴ്ചത്തുരുത്തിന്നോർമ്മകളും .
മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ട
സംസക്കാര സുഗന്ധത്തുടിപ്പുകളും .
മറഞ്ഞു പോയെൻ കുഞ്ഞിളം
കാലുകൾതുള്ളിതിമർത്തിട്ടതറവാട്ടു
ചിത്രങ്ങളും,
മാഞ്ഞുപോയെൻതാരാട്ടുപാട്ടിന്നീണ
മായോരമ്മതൻ കാൽപ്പാടുകളും .
മഞ്ഞു പോകുന്നു നീർത്തണൽ വിരിച്ചു
പടർന്നൊരാചോലമരങ്ങളും.
ഓർമ്മയിൽ മാഞ്ഞു പോയെങ്ങോ
പൂവിതൾ പ്രണയം വിരിയിച്ച
പൂമരച്ചോലകളെങ്ങുമെങ്ങും.
മാഞ്ഞുപോയെൻ കൺമുന്നിലായ്
സൗഹൃദതണൽ ചൂടിനിന്നൊരാൽ
ത്തറച്ചിത്രങ്ങളും.
ഓർമ്മയിലെങ്ങും ഓർത്തെടുക്കു-
വാനാവാതെ മായുന്നെവിടെയുമീ
നാട്ടുചിത്രങ്ങൾ.
വിജനത മാത്രം, വിജനത മാത്രം നീണ്ടു
പോകുന്നൊരീ പച്ച പരിഷ്കാരത്തിൻ
ഭ്രാന്തപാതയിൽ.
മായുന്നു ബന്ധങ്ങൾ, മറയുന്നു
കവലകൾ, മായുന്നു മാനവ
സംസ്ക്കാര ചിത്രവർണ്ണങ്ങൾ.
പൊട്ടിത്തകർന്നുടഞ്ഞു വീഴുന്നു
പഴമയെപ്പേറുംപടുതകളെങ്ങുമെങ്ങും,
കഥകളേറെ പറയുവാനുണ്ടവയിലോ
രോകൽതുണ്ടുകൾക്കും ‘
കരചരണങ്ങൾ മുറിഞ്ഞഹോ
കിടപ്പുണ്ട് ചുറ്റിലും, പച്ച നീരുറ്റും
പച്ചമരക്കൂട്ടങ്ങൾ,
കബന്ധങ്ങളറ്റു ചിതറിയോരടർക്കള
മെന്നപോൽ.
ചിലച്ചു ചിതറിപ്പറന്നകന്നു പോയ്
കിളിക്കൂട്ടങ്ങളെങ്ങോ,
ആലയമില്ലാതലയുന്നു പറക്കമുറ്റാ –
കുഞ്ഞിളം പൈതലുമായി.
വികലമാം വികസനഭ്രാന്തിതവിശ്രമം
തുടരുന്നു,
വിമൂഖമാമീ മാർത്യബോധത്തിൻ
വിളനിലങ്ങളിൽ.
കൊട്ടിഘോഷിക്കുന്നു വിറപൂണ്ട
കാലത്തിൻ വിഭ്രമ സ്വപ്നങ്ങൾ,
പുതുകാലമാണിതെന്നുറക്കെ
പറഞ്ഞവർ, പതിരില്ലാപ്പഴമയ്ക്കു
ചിതയൊരുക്കുന്നു.
ചുട്ടുപൊള്ളുന്നു വീഥികൾ ചുറ്റിലും,
വിളറിവെളുക്കുന്നു കാഴ്ചകൾ
കണ്ണിൽ,
കെട്ടകാലത്തിൻ തപിക്കുന്നൊരോ-
ർമ്മപോലെ.
രാമകൃഷ്ണൻ കീഴൂർ ✍️
നല്ലൊരു വായനാനുഭവം തന്ന കവിത
ആശംസകർ