ഓർമ്മകളോടി കളിച്ചു തിമിർക്കുന്നോരോല വീടുണ്ടിന്നുമെൻ്റെയുള്ളത്തിലും,
കുഴിയാന മന്ദമായ് കളം വരച്ചീടുന്ന
ചിത്രങ്ങളുണ്ടതിൻ മുറ്റത്ത് ചുറ്റിലും
അമ്മൂമ്മ ചൊല്ലിയ കഥ കേട്ടുറങ്ങിയ പൂമുഖ മുണ്ടതിൻ മുന്നിൽ മുകളിലായ്,
മഴയത്ത് നീർത്തുള്ളി യിറ്റിറ്റു വീഴുന്നോരോല മേഞ്ഞുള്ളോരു മേൽക്കൂരയും,
തെക്കുവശത്തുള്ള കൊച്ചുമുറിയതിൽ
പത്തായമൊന്നുണ്ട് നെൽ നിറയ്ക്കാൻ
പത്തായപ്പുറമാകെ ഓടി നടക്കുന്ന കുഞ്ഞനെലിയുണ്ട് കണ്ടു നില്ക്കാൻ,
തെക്കിനി ക്കോലായിലഴകിലടുക്കിയ
കറ്റകളുണ്ടുമെതിച്ചെടുക്കാൻ,
മുറ്റത്ത് നീളേനിവർത്തിയിട്ടുള്ളോരു
ചിക്കു പായുണ്ടൊന്നു
നെല്ലുണക്കാൻ,
കൂട്ടുകാരൊത്തൊന്നൊളിച്ചു കളിക്കുവാൻ
കച്ചിത്തുറുവൊന്നു ചന്തത്തിലായ്
കൂടെ കളിക്കുവാൻ
കൂത്താടിത്തുള്ളുവാൻ
കിങ്ങിണി കെട്ടിയ പൈക്കിടാവും.
വടക്കിനിക്കോലായിൽ
അടുക്കള മച്ചിൻമേൽ
തൂങ്ങിയാടുന്നോരു റികളുണ്ട്
ഉറികളിൽനാവിൻമേല മൃതു നിവേദിക്കും
കറികൾ നിറച്ചുള്ള ചട്ടികളും,
ഓർമ്മകളാലോലം തൊട്ടിലിലാടുമ്പോൾ
മാടി വിളിക്കുന്നുണ്ടിപ്പോഴു
മെന്നെയാ ബാല്യം പകുത്തൊരാ ഓലപ്പുര
സോയ✍