17.1 C
New York
Wednesday, December 1, 2021
Home Literature ഓലഞ്ഞാലി കിളി (കഥ)

ഓലഞ്ഞാലി കിളി (കഥ)

സുജ പാറുകണ്ണിൽ ✍

വീട്ടിലേക്കുള്ള സ്റ്റെപ്പുകൾ കയറിയപ്പോൾ അയാൾ വല്ലാതെ അണച്ചു പോയി. ഒഴുകി വന്ന വിയർപ്പ് ടിഷ്യു കൊണ്ടു തുടച്ചു. വീട് തുറന്നു അകത്തു കയറി പരവേശത്തോടെ അയാൾ ജഗിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു. ഹൃദയം പറിഞ്ഞു പോകും പോലെ അയാൾക്ക്‌ തോന്നി . ഇല്ല എന്ന് അറിയാമെങ്കിലും വീടിന്റെ ഓരോ മുറികളിലും കയറി അയാൾ വെറുതെ അമ്മയെ തിരഞ്ഞു . തിരികെ വന്നു കട്ടിലിൽ ഇരുന്ന് ഹൃദയം പൊട്ടി കരഞ്ഞു.

അല്പം ഒരു ആശ്വാസം തോന്നിയപ്പോൾ ആ വഴി പോകേണ്ടിയിരുന്നില്ല എന്ന് അയാൾ ഓർത്തു. ഒരു അത്യാവശ്യം വന്നതുകൊണ്ടാണ് അവളുടെ വീടിനു മുൻപിലൂടെ പോകേണ്ടി വന്നത് .

പക്ഷെ ആ വീടും പരിസരവും അയാളെ വീണ്ടും ഓർമകളിൽ മുക്കി കൊന്നു. സഹിക്കാൻ കഴിയാതെ അയാളുടെ ഹൃദയം പിടച്ചു കൊണ്ടിരുന്നു.

അയാളെ സംബന്ധിച്ചിടത്തോളം അവളുടെ ഒഴിവാക്കൽ സ്നേഹം നഷ്ടപ്പെടൽ മാത്രം ആയിരുന്നില്ല. ജീവിതം നഷ്ടപ്പെടൽ കൂടി ആയിരുന്നു. ഒരു പ്രണയനഷ്ടം ഇത്രമേൽ വേദനിപ്പിക്കും എന്ന് അയാൾക്ക്‌ ഇപ്പോൾ ആണ് മനസ്സിലായത്.കൂടെ നടന്നവൾ, കൂട്ടായിരുന്നവൾ, എല്ലാം ആയി കരുതിയവൾ … തന്റെ ജീവിതത്തിൽ എല്ലാറ്റിലും വലുത് അവൾ ആയിരുന്നു എന്ന് അറിഞ്ഞുകൊണ്ടു തന്നെ മനഃപൂർവം അവൾ ഒഴിഞ്ഞു പോയി. ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കുകൾ ഉണ്ടാക്കി, പേടിപ്പിച്ചു ഭയത്തിന്റെ ചങ്ങലയിൽ കൊരുത്തിട്ടു അങ്ങനെ അങ്ങനെ… ആശ്വാസത്തിനും സമാധാനത്തിനും പകരം എപ്പോളും ഭയം മാത്രം തന്നു നോവിക്കാവുന്ന അത്ര നോവിച്ച് അവൾ പോയി. അതുകൊണ്ട് അയാളുടെ ജീവിതം ആണ് ഉടഞ്ഞു പോയത്. അവൾക്ക് ഉപയോഗിച്ച് പഴയതായത് എന്തോ വലിച്ചെറിഞ്ഞു കളയുന്നപോലെയും.

അഞ്ചു വർഷങ്ങൾക്കു മുൻപാണ്, അമ്മ മരിച്ചത് അറിഞ്ഞു അയാൾ എമർജൻസി ലീവിൽ നാട്ടിൽ എത്തിയത്. ഓരോ ലീവിന് വരുമ്പോളും മോനെ എന്ന് വിളിച്ചു ആഹ്ലാദത്തോടെ ഓടി വരാറുള്ള അമ്മ പോയപ്പോൾ വീട്ടിൽ മാത്രം അല്ല ഈ ലോകത്തും തനിച്ചായപോലെ അയാൾക്ക്‌ തോന്നി. അമ്മ ആയിരുന്നു അയാളുടെ ലോകം. നടന്നുകൊണ്ടിരുന്ന വഴി പെട്ടെന്ന് അവസാനിച്ചപോലെ, ഇനി ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ അയാൾ പകച്ചു നിന്നു. അമ്മയുള്ളപ്പോൾ ഒരുപാട് പേർ ജീവിതത്തിൽ ഉള്ളതു പോലെ ആയിരുന്നു. എല്ലാം ഉള്ളപോലെ.ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു . ഇപ്പോൾ ജീവിതം ശുന്യം. ഒറ്റപ്പെടൽ എത്ര ഹൃദയഭേദകം ആണ് എന്ന് അയാൾക്ക്‌ മനസ്സിലായി.

അമ്മയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോളാണ് അവൾ അടുത്തുവന്ന് സംസാരിച്ചത്. പോകും മുൻപ് വീട്ടിൽ വരണം അവൾ ക്ഷണിച്ചു. വരാം എന്ന് അയാൾ സമ്മതിച്ചു.

പിന്നിടുള്ള ദിവസങ്ങൾ അയാൾക്ക്‌ കഠിനം ആയിരുന്നു. നരകം പോലെ. ആരുമില്ലാതെ ഒറ്റയ്ക്ക് ഇരുന്നു കരഞ്ഞു. സങ്കടങ്ങൾ ആരോടും പറയാനാവാതെ വീർപ്പുമുട്ടി. അയാൾക്ക്‌ മരിക്കാൻ തോന്നി. തന്നെ തനിച്ചു ആക്കി പോകാൻ അമ്മക്ക് എങ്ങിനെ കഴിഞ്ഞു എന്ന് അയാൾ വിലപിച്ചു. അയാളുടെ സന്തോഷവും, ധൈര്യവും എല്ലാം അമ്മ ആയിരുന്നു. അമ്മയില്ലാതെ ജീവിച്ചിരിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല.മരിക്കാൻ ആഗ്രഹിച്ചു. അതിനെക്കുറിച്ചു മാത്രം ചിന്തിച്ചു. അയാൾ അങ്ങനെ ഒരു തീരുമാനത്തിൽ എത്തി.

അതിനു മുൻപ് അവളെ ഒന്ന് കാണാൻ തോന്നി. അങ്ങനെ ആണ് അയാൾ അവളുടെ വീട്ടിൽ എത്തിയത്. അയാളെ കണ്ടപ്പോൾ ഉത്സാഹത്തോടെ തുമ്പിയെ പോലെ അവൾ പാറി പറന്നു വന്നു. ആ കൂടിക്കാഴ്ച അയാളുടെ മനസ്സിനെ തണുപ്പിച്ചു. അവൾ അയാളെ ആശ്വസിപ്പിച്ചു. ഞാൻ ഉണ്ട് കൂടെ എന്ന് അവൾ ആവർത്തിച്ചു പറഞ്ഞു. അവളുടെ സ്നേഹപ്രകടനത്തിലും കരുതലിലും അയാൾ ഉലഞ്ഞു പോയി.

അമ്മ തന്നിട്ട് പോയതാണ് അവളെ എന്ന് അയാൾ വിശ്വസിച്ചു. മനസ്സ് ഇവിടെ വച്ചിട്ടാണ് ലീവ് കഴിഞ്ഞു അയാൾ തിരികെ പോയത്.മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യാനുള്ള അനൗൺസ്‌മെന്റ് വരുന്നതിനു മുൻപ് ഫ്ലൈറ്റിൽ ഇരുന്ന് പല തവണ അയാൾ അവളെ വിളിച്ചു നോക്കി. ഓരോ തവണ റിങ് ചെയ്യുമ്പോളും അയാളുടെ ഹൃദയം പടപടാ മിടിച്ചു കൊണ്ടിരുന്നു. ഞാൻ ഈ ഭൂമിയിൽ ഒറ്റയ്ക്ക് ആണ് ഇനി എന്നും കൂടെ ഉണ്ടാകുമോ എന്ന് അയാൾക്ക്‌ അവളോട് ചോദിക്കണം ആയിരുന്നു.

അവസാന റിങ്ങിൽ അവൾ ഫോൺ എടുത്തു. ഡ്യൂട്ടിയിൽ ആയിരുന്നു എന്നും ലഞ്ച് ബ്രേക്ക്‌ ആണെന്നും ഫോൺ എടുക്കാൻ ഓടി വന്നതാണെന്നും അവൾ പറഞ്ഞു. യാത്ര പറഞ്ഞു എങ്കിലും, തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്ന ആൾ അയാളെ തന്നെ നോക്കി ഇരുന്നതു കൊണ്ടു ചോദിക്കാൻ കരുതിയ കാര്യം അയാൾ ചോദിച്ചില്ല

എയർപോർട്ടിൽ ഇറങ്ങിയ ഉടൻ അയാൾ ചെയ്തത് ഫോൺ റീചാർജ് ചെയ്തു അവളെ വിളിക്കുക എന്നതായിരുന്നു. അയാൾ അവളോട്‌ ഹൃദയമിടിപ്പോടെ ആ ചോദ്യം ചോദിച്ചു. എന്നും കൂടെ ഉണ്ടാകും ഒരിക്കലും ഉപേക്ഷിക്കില്ല എന്ന അവളുടെ മറുപടി കേട്ടപ്പോൾ അറേബ്യ മുഴുവൻ പച്ച പുതച്ചതുപോലെ അയാൾക്ക്‌ തോന്നി.

പിന്നീട് അയാൾ ദിവസങ്ങൾ എണ്ണിക്കൊണ്ട് ഇരുന്നു. എങ്ങനെ എങ്കിലും തിരികെ നാട്ടിൽ അവളുടെ അടുത്ത് എത്തിയാൽ മതി എന്ന് അയാൾ ആഗ്രഹിച്ചു. തനിക്കു ചുറ്റും നടക്കുന്ന ഒരു കാര്യവും അയാൾ അറിഞ്ഞില്ല അയാളുടെ ലോകം അവൾ മാത്രം ആയി. മണിക്കൂറുകൾ അയാൾ അവളോട് ഫോണിൽ സംസാരിച്ചു. അവളെ കണ്ടു സംസാരിക്കാൻ അയാൾ ഒരു പുതിയ ഫോൺ അവൾക്കു കൊടുത്ത് അയച്ചു. അവൾ അയാൾക്കുവേണ്ടി മനോഹരം ആയി പാടി, കഥകൾ പറഞ്ഞു.

അവൾക്കായി അയാൾ ഓരോ സർപ്രൈസുകൾ ഒരുക്കി. അവൾക്കുവേണ്ടി ഷോപ്പിങ്ങുകൾ നടത്തി. കൊച്ചു കൊച്ചു കമ്മലുകളും ലോക്കറ്റുകളും ഷോപീസുകളും അങ്ങനെ അവൾക്കു ഇഷ്ടം ഉള്ളതെല്ലാം വാങ്ങി കൂട്ടി.അവളെ കാണാൻ അത്യാഹ്ലാദത്തോടെ ആണ് അയാൾ നാട്ടിലേക്കു പുറപ്പെട്ടത്.

എയർപോർട്ടിൽ നിന്നും വീട്ടിലേക്കു പോകാനുള്ള കാർ അവളാണ് അറേൻജ് ചെയ്തത്. ഒരു പൊതിച്ചോറും അവൾ കൊടുത്തു വിട്ടിരുന്നു. ദൂര യാത്ര പറ്റാത്തതുകൊണ്ട് അവൾ വന്നില്ല. പൊതിച്ചോറ് കഴിച്ചപ്പോൾ അവൾക്കു നല്ല കൈപ്പുണ്യം ഉണ്ടല്ലോ എന്ന് അയാൾ ഓർത്തു. അവസാനത്തെ വറ്റും അയാൾ ആസ്വദിച്ചു കഴിച്ചു.അവളെ കണ്ട നിമിഷം ജീവിതത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത സന്തോഷം അയാൾ അനുഭവിച്ചു. അവളെ കൂടെ കൂട്ടിയപ്പോളും ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ താൻ ആണെന്ന് അയാൾ വിശ്വസിച്ചു.

അവളുടെ സ്നേഹത്തിലും കരുതലിലും അയാൾ എല്ലാ സങ്കടങ്ങളും മറന്നു. അവളുടെ ഇഷ്ടങ്ങളിൽ സ്വയം മറന്ന് അയാൾ ജീവിച്ചു.

ചിലപ്പോൾ ഒക്കെ അവൾ അയാളോട് കലഹിച്ചു. കാരണം ഇല്ലാതെ വഴക്കുകൾ ഉണ്ടാക്കി. വെറുതെ സംശയിച്ചു.
ഒരുപാട് കാലം ഒറ്റയാൻ ആയി ജീവിച്ച അയാൾ അതൊന്നും കാര്യം ആക്കിയില്ല. തനിച്ചായി പോയ ജീവിതത്തിലേക്ക് അവൾ വന്നു എന്നതായിരുന്നു അയാൾക്ക്‌ ഏറ്റവും പ്രധാനം.

ലീവ് കഴിഞ്ഞു തിരിച്ചെത്തിയാൽ അവളെ പിരിഞ്ഞ ദുഃഖത്തിൽ അയാൾ വല്ലാതെ നീറിക്കൊണ്ടിരുന്നു. വീണ്ടും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഫോൺ വിളി. അല്പം ആശ്വാസത്തിനാണ് അയാൾ വിളിക്കുന്നത്‌ എങ്കിലും വഴക്കിലും ബഹളത്തിലും മാത്രം ആയിരിക്കും അത് അവസാനിക്കുന്നത്.

അവൾ എന്നും അയാളെ ഒരു കാര്യവും ഇല്ലാതെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി.വാക്കുകൾ കൊണ്ട് ആക്രമിച്ചു. ചെറിയ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു മഹാ സംഭവം ആക്കി. അവളുടെ ഒച്ചപ്പാടും ബഹളവും അയാളെ നിസ്സഹായൻ ആക്കി. കേൾക്കാനും ഉൾക്കൊള്ളാനും ഉള്ള ക്ഷമ ഒരു കാര്യത്തിലും അവൾ കാണിച്ചില്ല.

എങ്കിലും അയാൾക്ക്‌ അവളെ വെറുക്കാൻ കഴിഞ്ഞില്ല, വീഴാൻ തുടങ്ങിയപ്പോൾ വിരൽത്തുമ്പ് നീട്ടി തന്നവൾ, കൈപ്പുണ്യം രുചിയോടെ വിളമ്പി തന്നവൾ, വിരലിൽ വിരൽ കോർത്തുവച്ചു സ്നേഹം പങ്കിട്ടവൾ….. എങ്ങനെ വെറുക്കും.

കാലക്രമേണ എല്ലാം ശരിയാകും എന്ന് അയാൾ വിശ്വസിച്ചു. പക്ഷെ കാര്യങ്ങൾ കൂടുതൽ വഷളായി. അയാളെ ഒഴിവാക്കാനും അയാളിൽ നിന്നു മാറ്റാരിലേക്കോ ഓടിപ്പോകാനും അവൾ വ്യഗ്രത കാട്ടി. അയാളുടെ അവസ്ഥയോ നീറുന്ന ഹൃദയമോ അവൾ കണ്ടില്ല.

അവളെ ജീവിതത്തിലേക്കു കൂട്ടാൻ തീരുമാനിച്ചപ്പോൾ അവൾക്കു ചുറ്റും ഉണ്ടായിരുന്നവർ അയാൾക്ക്‌ മുന്നറിയിപ്പ് കൊടുത്തത് ആണ്. അവൾക്കു പെട്ടെന്ന് ആളുകളെ മടുക്കും. അത് അവളുടെ സ്വഭാവം ആണ് എന്ന്. അന്നത് കാര്യം ആക്കിയില്ല. കിട്ടാവുന്ന സ്നേഹം മുഴുവൻ അവൾ ഊറ്റി എടുത്തു. അറിയാനുള്ളതെല്ലാം അറിഞ്ഞു. ഇനി ഒന്നും ബാക്കിയില്ല പിന്നെ എന്തിനു കാത്തു നിൽക്കണം അവൾ അങ്ങനെ ആയിരിക്കും ചിന്തിച്ചത്.ഇനി ഒരു തുള്ളി സ്നേഹം പോലും തന്നിൽ അവശേഷിച്ചിട്ടില്ല എന്ന് അയാൾക്ക്‌ തോന്നി.

മരണത്തിൽ പോലും ഒന്നിച്ചായിരിക്കും എന്ന് വാക്ക് തന്നവൾ, ഒരു കല്ലറയിൽ ഉറങ്ങണം എന്ന് തീരുമാനിച്ചവൾ, ഇങ്ങനെ ഒക്കെ വെറും വാക്ക് പറയാൻ അവൾക്കു എങ്ങനെ കഴിഞ്ഞു.

അവളെ കാണാനും സംസാരിച്ചു എല്ലാം ശരിയാക്കാനും കൂടി ആണ് അയാൾ നാട്ടിൽ എത്തിയത്. അത് അയാൾക്ക്‌ കൂടുതൽ വേദന ആയി. ലോകത്തെ വിറപ്പിച്ച മഹാമാരിയിൽ അയാളും പെട്ടു. ആശുപത്രി കിടക്കയിൽ ഒരിറ്റു ശ്വാസം എടുക്കാനാവാതെ, അവൾ നൽകിയ വേദനകളും അവളോടൊപ്പം ഉണ്ടായിരുന്ന നല്ല നിമിഷങ്ങളും ഓർത്തു അയാൾ മരണം കാത്തു കിടന്നു.

തിരികെ വീട്ടിൽ എത്തിയ അയാൾ അവൾ ഇല്ലാതെ ജീവിക്കാൻ ശ്രമം നടത്തി എങ്കിലും ഓർമ്മകൾ അയാളെ വേട്ടയാടി കൊണ്ടിരുന്നു. ദിനംപ്രതി വാർത്തകളിൽ തേച്ചിട്ടു പോയ കാമുകിമാരെ ആസിഡ് ഒഴിച്ച് പൊള്ളിക്കുന്നതും റോഡിൽ ഇട്ടു വെട്ടി കൊല്ലുന്നതും വീട് കയറി ആക്രമിക്കുന്നതും അയാൾ കണ്ടുകൊണ്ടിരുന്നു.

അവളുടേതായി ഒന്നും വീട്ടിൽ അവശേഷിച്ചിട്ടില്ല എങ്കിലും എല്ലായിടത്തും അവളുടെ ഓർമ്മകൾ നിറഞ്ഞു നിന്നിരുന്നു. ഉറക്കത്തിൽ പോലും അവളുടെ പാട്ടുകൾ അയാൾ കേട്ടു. മയിൽ പീലി വിടർത്തും പോലെ മനോഹരമായി സാരി ഉടുത്തു അയാളുടെ സ്വപ്നങ്ങളിൽ അവൾ വന്നു നിന്നു.

അവളുടെ ഓർമകളിൽ നിന്നു മോചനം നേടാൻ അയാൾ പലതും ചെയ്തു നോക്കി. എല്ലാ വഴികളും അവസാനം അവളിൽ തന്നെ വന്നു നിന്നു.

അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് അയാൾ ഓർത്തു. അവൾ ഇല്ലാതെ മുന്നോട്ടു പോകാൻ തനിക്കു ഇനി കഴിയില്ല എന്ന തിരിച്ചറിവിൽ അയാൾ മുറ്റത്തെ മരക്കൊമ്പിൽ ഓലഞ്ഞാലി കിളിയെ പോലെ തൂങ്ങിയാടി. അപ്പോളും അവൾ അയാൾക്ക്‌ എതിരെ ഉള്ള പരാതിയിൽ കൂടുതൽ കാര്യങ്ങൾ എഴുതി ചേർത്തു കൊണ്ടിരുന്നു.

സുജ പാറുകണ്ണിൽ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: