17.1 C
New York
Sunday, April 2, 2023
Home Literature ഒറ്റമൂലി (കഥ):- സുജ പാറുകണ്ണിൽ ✍️

ഒറ്റമൂലി (കഥ):- സുജ പാറുകണ്ണിൽ ✍️

സുജ പാറുകണ്ണിൽ ✍️

അപ്പുറത്തെ വീട്ടിൽ പോയി ക്രിസ്മസ് ട്രീ കണ്ടിട്ട് വന്നപ്പോൾ മുതൽ തുടങ്ങിയതാണ് മൂത്ത ചെറുക്കന്റെ കരച്ചിൽ. അവനും ക്രിസ്മസ് ട്രീ വേണം പോലും. ചിണുങ്ങി കൊണ്ടിരുന്ന അവന്റെ തലയ്ക്കു ഒരു തട്ട് കൊടുത്തിട്ട് ആൻസി ഉറഞ്ഞു തുള്ളി.

മിണ്ടാതിരുന്നോണം, ഇവിടെ കഞ്ഞി വയ്ക്കാൻ അരിയില്ല. അരി ഉണ്ടായിട്ടും കാര്യം ഇല്ല ഗ്യാസ് തീർന്നിട്ട് ദിവസം എത്ര ആയി. അടുപ്പ് ഊതി ഞാൻ മടുത്തു.അപ്പഴാ അവന്റെ ഒരു ട്രീ.

ഒരു കാര്യം ചെയ്യാം ഞാൻ ഒരു പച്ച നൈറ്റി ഇട്ട് ക്രിസ്മസ് കഴിയും വരെ മുറ്റത്തു നിന്ന് തരാമെടാ. നീ മിന്നുന്ന ബൾബോ പൊട്ടിത്തെറിക്കുന്ന ബൾബോ എന്താന്ന് വച്ചാൽ എന്റെ തലവഴി ഇട്ടോ. ആ കൂട്ടത്തിൽ എന്റെ തല കൂടി പൊട്ടിത്തെറിച്ചാൽ മതി ആയിരുന്നു എന്റെ ദൈവമേ.

അല്ലെങ്കിൽ തന്നെ എപ്പളാ ഫ്യൂസ് ഊരുക എന്ന് അറിയില്ല. കറണ്ട് ബിൽ വന്നിട്ട് ദിവസം എത്ര ആയി. നിന്റെ അപ്പനോട് പറഞ്ഞ് മടുത്തു. അതെങ്ങനാ ബോധം ഉണ്ടായിട്ട് വേണ്ടേ. എന്നും നാല് കാലേൽ അല്ലേ? എന്റെ വിധി. എന്റെ പുണ്യാളാ എന്നാലും എന്നോട് ഇത് വേണ്ടാരുന്നു.

ആൻസിയുടെ ഈ കുറ്റപ്പെടുത്തൽ പുണ്യാളൻ അർഹിക്കുന്നുണ്ട്. പുണ്യാളന്റെ പള്ളിയിൽ പെരുന്നാളിന് വന്നപ്പോൾ ആണ് ജോസ് കുട്ടി ആൻസിയെ ആദ്യമായി കാണുന്നതും കല്യാണം ആലോചിക്കുന്നതും.

സ്ത്രീധനം വേണ്ട എന്ന് കേട്ടതും അപ്പൻ ചാടി വീണ് മുൻപിൻ നോക്കാതെ അവളെ ജോസുകുട്ടിക്ക് കെട്ടിച്ചു കൊടുത്തു. അവളുടെ വീട്ടിൽ ഇളയ രണ്ടു പെൺകുട്ടികളും കൂടി ഉണ്ട്. അത് കൊണ്ടാവും അപ്പൻ അങ്ങനെ ചെയ്തത്.അപ്പനെക്കുറിച്ച് ഉള്ളതിനേക്കാൾ കൂടുതൽ പരാതി ആൻസിക്ക് പുണ്യാളനെ കുറിച്ച് ആണ്.

കല്യാണം നടക്കുമ്പോൾ ഇത്ര വലിയ ഒരു കുരിശ് ആണ് എടുത്തു തലയിൽ വയ്ക്കാൻ പോകുന്നത് എന്നതിന്റെ ഒരു സൂചന പോലും തരാതെ കുന്തവും പിടിച്ചു കുതിരപ്പുറത്തു വെറുതെ കാഴ്ച കണ്ടോണ്ട് ഇരുന്നില്ലേ? ഒരു ചെറിയ മുന്നറിയിപ്പ് എങ്കിലും തരാമായിരുന്നു.വല്ലാത്ത ഒരു ചതി ആയിപ്പോയി പുണ്യാളാ. ഏതായാലും ഞാൻ പെട്ടു. ഇനി അതിയാന്റെ കുടി എങ്കിലും ഒന്ന് മാറ്റി തന്നൂടെ. ഇപ്പോൾ ആൻസിയുടെ പ്രാർത്ഥന അതിനു വേണ്ടി മാത്രം ആണ്.

ജോസുകുട്ടി ആള് പാവം ആണ്. ആൻസിയെയും മക്കളെയും ഇഷ്ടവും ആണ്. പക്ഷെ അതിനേക്കാൾ ഇഷ്ടം അവനു കള്ളിനോട് ആയിപ്പോയി. അവൻ കള്ള് കുടിക്കുക ആണോ അതോ കള്ള് അവനെ കുടിക്കുക ആണോ എന്നാണ് നാട്ടുകാർക്ക് സംശയം.അവൻ പണിക്ക് പോകുന്നത് കൊണ്ട് ആൻസിക്കും പിള്ളാർക്കും ഒരു ഗുണവും ഇല്ല.അവൾ കരഞ്ഞും പറഞ്ഞും, ഇണങ്ങിയും പിണങ്ങിയും പഠിച്ച പണി പതിനെട്ടും നോക്കി. ജോസുകുട്ടിയുടെ കുടി നിർത്താൻ. പക്ഷെ ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ.

ആൻസി തൊഴിൽ ഉറപ്പിന് പണിക്ക് പോകുന്നത് കൊണ്ടാണ് ആ വീട് തട്ടിയും മുട്ടിയും കഴിഞ്ഞു പോകുന്നത്. തീരെ മുട്ട് വരുമ്പോൾ കൂടെ പണിക്ക് വരുന്ന ലളിത ചേച്ചിയുടെ അടുത്താണ് ഓടി ചെല്ലുന്നത്. എല്ലാ വിഷമങ്ങളിലും അവരാണ് ഒരു ആശ്രയം. ഇതിപ്പോ ട്രീ വാങ്ങാൻ അവരോട് കാശ് ചോദിക്കാൻ പറ്റുമോ

ഇതിനിടയിൽ ഇളയ കുരുപ്പ് ഒക്കത്തു ഇരുന്നു മൂത്രം ഒഴിച്ചത് കഴുകി ഒരു നൈറ്റി മാറ്റി ഇട്ട് പുറത്തോട്ട് വന്നപ്പോൾ ആണ് ലളിത ചേച്ചി കയറി വന്നത്.

കുറച്ചു കപ്പയും ഒന്നുരണ്ട് ഓമയ്ക്കയും പിന്നെ പിള്ളേർക്ക് ഐസ്ക്രീമും ആയിട്ടാണ് ചേച്ചി വന്നത്. ഐസ്ക്രീം കിട്ടിയപ്പോൾ ചെറുക്കൻ കരച്ചിലിന് ഒരു ബ്രേക്ക് എടുത്തു. തലയ്ക്കു ഇത്തിരി വെളിവ് കിട്ടിയത് കൊണ്ട് ആൻസി എന്നും പറയുന്ന കാര്യങ്ങൾ ആണെങ്കിലും ലളിത ചേച്ചിയുടെ മുൻപിൽ ആവലാതിയുടെ കെട്ട് അഴിച്ചിട്ടു

പതിവ് പോലെ രാത്രി ആയപ്പോൾ പണി കഴിഞ്ഞു കള്ളിൽ മുങ്ങി ജോസുകുട്ടി വന്നു. അപ്പോഴേക്കും പിള്ളേർ കപ്പയും മുളകും കഴിച്ചു ഉറക്കം പിടിച്ചിരുന്നു.

അത്താഴം കഴിച്ചു കഴിഞ്ഞ് ജോസുകുട്ടി നീണ്ടു നിവർന്നു കിടന്ന് ഉറങ്ങി. കള്ളിന്റെ നാറ്റവും കൂർക്കം വലിയും സഹിച്ചു ആൻസിയും കട്ടിലിന്റെ മൂലയിൽ ചുരുണ്ട് കൂടി.

പാതിരാത്രി ആയപ്പോൾ എന്തോ ശബ്ദം കേട്ട് ജോസുകുട്ടി ഞെട്ടി ഉണർന്നു. ആൻസിയെ കാണുന്നില്ല.ജോസുകുട്ടി ഞെട്ടി. ഇവൾ ഇത് ഇവിടെ പോയി. ഇനി വല്ലവരുടെയും കൂടെ ഒളിച്ചോടി എങ്ങാനും പോയോ. അവനു വേവലാതി ആയി. അവളെ കുറ്റം പറയാൻ പറ്റില്ല. സഹനത്തിനും ഇല്ലേ ഒരു പരിധി.

നാട്ടുകാര് കേട്ടാലും തന്നെയേ കുറ്റം പറയു. നല്ലൊരു പെണ്ണും തങ്കകുടം പോലത്തെ മൂന്നു കുഞ്ഞുങ്ങളും. അവരോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നുന്നെടാ എന്ന് കഴിഞ്ഞ ദിവസം കൂടി വികാരി അച്ചൻ ചോദിച്ചതേ ഉള്ളു.

ജോസുകുട്ടി മക്കളെ നോക്കി ഒന്നും അറിയാതെ നിലത്തു വിരിച്ചിട്ട പായയിൽ കിടന്ന് ഉറങ്ങുന്നു. ദൈവമേ നാഴിയും ഇടങ്ങഴിയും പോലെ മൂന്ന് എണ്ണം. ഇതുങ്ങളെ ഞാൻ എങ്ങനെ നോക്കി വളർത്തും.

ജോസുകുട്ടി വേഗം ഹാളിലേക്ക് ഇറങ്ങി. അടുക്കളയിൽ എന്തോ അനക്കം കേട്ടപോലെ. അവൻ ചെവിയോർത്തു. ആൻസി ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഓഹോ അവൾ ഒളിച്ചോടിയിട്ടില്ല. അതിന് പ്ലാൻ ചെയ്യുക ആയിരിക്കും.ഇപ്പോൾ അതാണല്ലോ ട്രെൻഡ്.രാത്രി തന്നെ ഉറക്കി കിടത്തി ഒളിച്ചു വന്നിരുന്നു ഫോൺ ചെയ്യുന്നു കള്ളി.

വികാരി അച്ചൻ അന്ന് തന്നോട് പറഞ്ഞതേ ഉള്ളു നിന്നേ പോലെ ഉള്ളവന്മാരുടെ ഒക്കെ ഭാര്യമാര് ആണെടാ കണ്ടവൻമാരുടെ കൂടെ ഒളിച്ച് ഓടി പോകുന്നത് എന്ന്. ഏത് അവന്റെ കൂടെ ആണോ പോകുന്നത്. കൈയ്യോടെ പിടിച്ചിട്ട് തന്നെ കാര്യം.

ജോസുകുട്ടി അടുത്ത് ചെന്ന് ചെവിയോർത്തു. ആൻസിയുടെ സ്വരം അവന്റെ കാതിൽ വന്നു വീണു. എങ്ങനെ എങ്കിലും സംഘടിപ്പിച്ചു തരണം വേറെ വഴി ഇല്ലാത്തത് കൊണ്ടാ. അത്ര മോശം ആണ് എന്റേം പിള്ളേരുടെയും അവസ്ഥ. തന്നില്ല എങ്കിൽ ഞാൻ ഒറ്റയ്ക്ക് മുറ്റത്തെ പ്ലാവിൽ കെട്ടി തൂങ്ങി ചാകും. പിന്നെ എന്റെ പിള്ളേര് തെണ്ടി നടക്കുന്നത് ചേച്ചി കാണേണ്ടി വരും. അതിയാൻ പിള്ളേരെ നോക്കുമോ ഇല്ല. ഇതാകുമ്പോൾ വല്ല കഞ്ഞിയിലും കലക്കി അതിയാനും പിള്ളേർക്കും കൊടുത്ത് ഞാനും കഴിച്ചാൽ മതിയല്ലോ. അതോടെ കഷ്ടപ്പാട് എല്ലാം തീരുമല്ലോ.

ചേച്ചിക്ക് എന്തു കുഴപ്പം വരാൻ. ചത്തു കഴിഞ്ഞു ഞങ്ങളാരും എണീറ്റു വന്നു പറയില്ലല്ലോ ചേച്ചി ആണ് തന്നത് എന്ന്. എത്രയും പെട്ടെന്ന് സംഘടിപ്പിച്ചു താ. അത്രക്ക് മടുത്തിട്ടാണ്.ഈ കുഞ്ഞുങ്ങളെ ഞാൻ എങ്ങനെ വളർത്തും ഇനി വയ്യ ചേച്ചി.അവൾ തേങ്ങി കരയുന്നു.

ജോസുകുട്ടി ഞെട്ടിപ്പോയി.
അവൾ ഫോൺ കട്ട്‌ ചെയ്തതും ജോസുകുട്ടി വേഗം മുറിയിലേക്ക് നടന്നു .
.
അപ്പോൾ അതാണ് പ്ലാൻ. കുറ്റം പറയാൻ പറ്റില്ല. അവന്റെ ഓർമ്മകൾ പുറകിലേക്ക് പോയി. അപ്പൻ നന്നായി കുടിക്കുമായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ കുടിക്കാൻ പഠിപ്പിച്ചതും അപ്പൻ ആണ്. അപ്പന്റെ കുടി കാരണം അമ്മക്ക് എന്നും തോരാ കണ്ണുനീർ ആയിരുന്നു. അത് കണ്ടാണ് താൻ വളർന്നത്. എന്നിട്ട് താനും ഇങ്ങനെ ആയി. രോഗി ആയ ഇളയ പെങ്ങൾ പണം ഇല്ലാത്തതിനാൽ ചികിത്സ കിട്ടാതെ ആണ് മരിച്ചത്.

അപ്പന്റെ കുടി കാരണം തന്റെ കുടുംബം ശിഥിലം ആയി പോയി. നല്ലൊരു പെണ്ണിനെ കിട്ടിയിട്ടും നല്ല കുഞ്ഞുങ്ങളെ കിട്ടിയിട്ടും താൻ അപ്പനെ പോലെ തന്നെ, തെറ്റിപ്പോയി… കുടുംബം തകർന്ന് പോകുന്നതിനെ കുറിച്ച് ചിന്തിച്ചില്ല ദൈവമേ ഇവൾ എങ്ങാനും വിഷം കലക്കി തനിക്ക് തരുമോ. ജോസുകുട്ടിക്ക് പേടി തോന്നി.

പിറ്റേന്ന് പണി കഴിഞ്ഞതും കുറച്ച് പൈസ അഡ്വാൻസ് ആയി വാങ്ങി ജോസുകുട്ടി. വീട്ടു സാധങ്ങൾ എല്ലാം വാങ്ങി, ഒരു ക്രിസ്മസ് ട്രീയും നക്ഷത്രവും കേക്കും വാങ്ങി നേരത്തേ തന്നെ വീട്ടിൽ എത്തി. അത്ഭുതം കൊണ്ട് ആൻസിയുടെ കണ്ണുകൾ മിഴിഞ്ഞു.

രാത്രി ആൻസി അവനോട് ചോദിച്ചു. എന്തു പറ്റി. ആളാകെ മാറിയല്ലോ.

ഒന്നുമില്ല മോളെ ഞാൻ ഇനി കുടിക്കില്ല. നിർത്തി.

സത്യമായിട്ടും ? അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മച്ചി ആണേ സത്യം. അവൻ ആണയിട്ടു.

എന്റെ പുണ്യാളാ അപ്പോൾ പണി ഏറ്റു അല്ലേ? ആൻസി മനസ്സിൽ പറഞ്ഞു.ലളിത ചേച്ചി പറഞ്ഞു തന്ന ഒറ്റമൂലി. എന്റെ ലളിത ചേച്ചി നിങ്ങൾക്ക് ഇത് നേരത്തേ പറഞ്ഞ് തന്നൂടാരുന്നോ.

കഴിഞ്ഞ രാത്രിയിലെ ഫോൺ വിളിയും, വിഷം കലക്കലും, കഥ തിരക്കഥ, സംഭാഷണം എല്ലാം ലളിത ചേച്ചിയുടെ വക ആയിരുന്നു. അതേറ്റു. ഒരു തുള്ളിപോലും കുടിക്കാതെ ആണ് ജോസുകുട്ടി വന്നത്.ആള് ശരിക്കും പേടിച്ചു.

ഒരുപാട് നാളുകൾക്കു ശേഷം കള്ളിന്റെ മണം ഇല്ലാതെ, സുഖമായി, സ്വസ്ഥം ആയി ആൻസി ജോസുകുട്ടിയുടെ ഒപ്പം രാത്രി ഉറങ്ങി.

സുജ പാറുകണ്ണിൽ ✍️

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: