അവൾ _ജീവിതത്തിന്റെ ഏതോ ഒരു ദശാ സന്ധിയിൽ ഒറ്റയാവാൻ വിധിക്കപ്പെട്ടുപോയവൾ അവഗണനയുടെ ആഴക്കടലിൽ അറിയാതെ വീണ് പോയവൾ
എല്ലാരുമുണ്ടായിട്ടും അനാഥയെന്ന തിരിച്ചറിവിൽ മനസ് നിർവികാരതയുടെ മഞ്ഞു മൂടിയ തീരമണഞ്ഞവൾ
നഷ്ടങ്ങളുടെ ഒരുകടൽ സ്വന്തമാക്കി പതിയെ മനസിനെ കല്ലാക്കി മാറ്റി തുടങ്ങിയവൾ ഇനി ഈ ഭൂമിയിൽ ഒന്നും അവൾക്കൊരു മോഹമാവില്ല
അവൾ മനസിനുള്ളിൽ നോവിന്റെ ഉലയൂതി തീ പെരുക്കും
നഷ്ട സ്വപ്‌നങ്ങളതിൽ പൊള്ളിപിടയും ആത്മാരോഷത്തിന്റെ കനൽ ഉള്ളിൽ ചോപ്പായി ജ്വലിച്ചു നിൽക്കും
തിരസ്‌കാരങ്ങളുടെ പൊള്ളൽ ഉള്ളിലുണ്ടാവുമ്പോഴും പുറമെ സ്നേഹത്തിന്റെ ഒരു മൺചിരാത് തെളിഞ്ഞ് കത്തും അവളാ വെളിച്ചം ചിരിയായണിയും
എന്നോ അവൾക്കു കൈവിട്ടു പോയ ഇഷ്ടങ്ങളെ ഉള്ളിൽ തന്നെ ചിതയൊരുക്കി സ്വയം ഹോമിക്കുംഅന്യമായ ജീവിതം കൊണ്ട് നഷ്ടങ്ങളുടെ തുലാഭാരം നേരും
ഇന്നലെകൾ സമ്മാനിച്ച നോവിന്റെ കിനാമുത്തുകൾ പൊള്ളുന്ന കണ്ണീർ വീണെരിഞ്ഞു ചാമ്പലാവും അവൾ നിസ്സഹായതയുടെ ഒറ്റത്തുരുത്താവും
അവൾ ഒറ്റയായപെണ്ണാണ് ഒരിറ്റു ദയയോ ഇത്തിരി സ്നേഹമോ തേടി അവൾ അഭയാർത്ഥിയായി നിങ്ങളിലേയ്ക്കെത്തില്ല
നഷ്ടങ്ങളെ അവൾ സ്നേഹിക്കും കൈവിട്ടു പോയ ഓർമ്മകളെ അരുമയായി മനസ്സിൽ തൊട്ടു തലോടും
അവളിൽ നിർവികരതയുടെ മണ്ണടിഞ്ഞുറച്ചൊടുവിൽ
മനസ്സിൽ ശിലാപാളികൾ നിറയും ആഗ്രഹങ്ങൾ കല്ലിൽ കൊതിവെച്ച ശിലാവാക്യമാവും
ഒരുനാൾ ഓർമ്മയുടെ കണക്കെഴുതിയ പുസ്തകം എന്നേക്കുമായി വലിച്ചെറിയും ഇഷ്ടങ്ങളെല്ലാം ത്യജിച്ചു എങ്ങോ പോയൊളിക്കും
ജീവിക്കുന്നിടത്തോളം കാലമവൾക്ക്
സ്വയം നഷ്ട സ്വപ്നങ്ങൾകൊണ്ടൊരു കൈവിലങ്ങു തീർക്കും
ശിലാമനസുള്ള പെണ്ണ് അവൾ എല്ലാമെല്ലാം ഉപേക്ഷിച്ചു വെറുമൊരാത്മാവായി അഗ്നിപഥങ്ങളിലൂടെ മനസുപൊളിയടർന്നൊരു യാത്ര പോവും
ജനിമൃതികൾകൾക്കപ്പുറം അവൾ മോഹിച്ച മോക്ഷം തേടി എന്നോ മനസ്സിൽ കൊരുത്തിട്ട
സ്നേഹത്തിന്റെ ചെമ്പനീർ പൂക്കുന്ന താഴ്‌വാരം തേടി അവൾ യാത്രയാവും
അവൾക്കായി ആരെങ്കിലുമൊക്കെ സ്നേഹത്തിന്റെ വരികൾ ചിലപ്പോൾ ചരമക്കുറിപ്പായി ചിലയിടങ്ങളിൽ കോറിയിടും
അല്ലെങ്കിലും ഒറ്റയായി പോവുന്നവരുടെ ലോകത്തിനു പിന്നെ മൗനത്തിന്റെ തടവറ മാത്രമേ കാണൂ സ്നേഹത്തിന്റെ ഒരു കിളിവാതിൽ പോലുമില്ലാത്ത
ഓർമ്മയുടെ പഴുതടച്ച ഇരുണ്ട കാരാ ഗൃഹം
മീനു (ശ്രീലത മോഹൻ)✍