17.1 C
New York
Saturday, December 4, 2021
Home Literature ഒറ്റത്തിരി വിളക്ക് (കഥ)

ഒറ്റത്തിരി വിളക്ക് (കഥ)

✍രവി കൊമ്മേരി

സ്നേഹമുള്ളവരെ,
                ഞാൻ നിങ്ങളോട് ഒരു കഥയാണ് ഇന്ന് പറയാൻ പോകുന്നത് എന്നും പറഞ്ഞായിരുന്നു രാമേട്ടൻ തുടങ്ങിയത്.

കഥ എന്നു പറഞ്ഞാൽ ഇതൊരു വല്ലാത്ത കഥയാണ്. ഈ കഥയിൽ ഞാനും കൂടെ ഉൾപ്പെടുന്നുണ്ട്. കുറച്ചുക്കാലമായി മനസ്സിൽ കിടന്ന് പിടയുന്ന ഒരു വല്ലാത്ത വേദന.

എന്നെ ഈ വേദിയിലേക്ക് ക്ഷണിച്ചവർ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ആവശ്യപ്പെട്ടത് എന്നെ ഒരു കഥ പറയാൻ അനുവദിക്കണം എന്നാണ്. നിങ്ങളോടും ഞാൻ പറയുന്നു , ഞാൻ പറയാൻ പോകുന്നത് ഒരു കഥയാണ്.

ഒരു ദിവസം ഞാനൊരിടത്ത് ഒരു മീറ്റിംഗ് കഴിഞ്ഞ് ബസ്റ്റാന്റിലേക്ക് നടക്കുകയായിരുന്നു. നേരം ഇരുട്ടിയിരുന്നു. എളുപ്പത്തിലെത്താൻ വേണ്ടി ഒരു കാട്ടുവഴിയാണ് തിരഞ്ഞെടുത്തത്
ആ നടത്തത്തിനിടയിലാണ് ഞാൻ അവനെ കാണാനിടയായത്. പതിനഞ്ച് പതിനാറ് വയസ്സ് പ്രായം വരുന്ന ഒരു കുട്ടി.
നഗരത്തിലെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി രാത്രിയുടെ വിജനതയിൽ ഭീകരത തളംകെട്ടിക്കിടക്കുന്ന, നിലാപ്പക്ഷികൾ കാവലിരിക്കുന്ന, കാട്ടുവള്ളിപ്പടർപ്പുകൾ കുടപിടിച്ച ആ കാട്ടിനുള്ളിലേക്ക് സന്ധ്യാ സമയം കഴിഞ്ഞതും യാതൊരു ഭയവുമില്ലാതെ അവൻ നടന്നു കയറുന്നത് ഞാൻ കണ്ടു.

എന്തോ ഒരു ചെറിയ പൊതി അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.
അവിചാരിതമായാണ് ഞാനാ വഴിയിലൂടെ വരാനിടയായത്. പകല് കുറവും രാത്രി കൂടുതലുമാണ് ഇപ്പോൾ. അതു കൊണ്ട് തന്നെ സന്ധ്യ കഴിഞ്ഞതും ഇരുട്ടിന് കട്ടി കൂടിത്തുടങ്ങിയിരുന്നു. 
കുറച്ചു ചുവടുകൾ മുന്നോട്ട് നടന്ന എന്റെ മനസ്സിൽ അവനെക്കുറിച്ചുള്ള ചിന്തകൾ തന്നെയായിരുന്നു. ഈ വൈകിയ വേളയിൽ എന്തിനവൻ ആ കാട്ടിനകത്ത് കയറി പോകണം. പകല് തന്നെ ആരും പോകാത്ത കാടാണത്.

അതിനകത്ത് ഒരു സർപ്പക്കാവും ഉണ്ട്. അവിടം കരിനാഗങ്ങളുടെ വിഹാരകേന്ദ്രമാണെന്ന് അറിഞ്ഞിട്ടുണ്ട്. 
മനസ്സിൽ വല്ലാതെ ഭയം തോന്നുമ്പോഴും, ജിജ്ഞാസ ചിലപ്പോൾ ആ ഭയത്തേയും മറികടക്കാറുണ്ട് അല്ലേ..?

ഞാൻ അവനെ നിരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ചുറ്റിലും ആരും ഇല്ലന്ന് ഉറപ്പു വരുത്തി ഞാൻ ആ പൊന്തക്കാട്ടിനുള്ളിലേക്ക് മറ്റൊരു വഴിയിലൂടെ നുഴഞ്ഞു കയറി മുന്നോട്ട് നീങ്ങി. 

കുറച്ചു ദൂരം ചെന്നപ്പോൾ എന്റെ മുന്നിൽ ചെറിയൊരു വെളിച്ചം കണ്ടു. കുറച്ചു കൂടി അടുത്തോട്ട് ചെന്ന് നോക്കി. അതെ അത് ആ സർപ്പക്കാവായിരുന്നു. 
പെട്ടന്നാണ് എനിക്ക് പരിസരബോധം ഉണ്ടായത്. വല്ലാത്തൊരു ഭയം എന്നെ പൊതിഞ്ഞു. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ചെറിയൊരു മൂളലോടുകൂടി എന്നെ തഴുകിക്കടന്നു പോയി. വവ്വാലുകളുടെ ചിറകടികൾ കാതിലൊരു ഇരമ്പലായി കടന്നു വന്നു.
നിശബ്ദമായ കരിയിലകൾക്കിടയിൽ എന്റെ കാൽപ്പാദങ്ങൾ അമരുമ്പോൾ രാത്രിയിലെ എന്റെ അതിക്രമിച്ചു കടത്തം ഇഷ്ടപ്പെടാത്ത പക്ഷികളും, ചീവീടുകളും, മറ്റ് ചെറു ജന്തുക്കളും തലങ്ങും വിലങ്ങും ഓടി. വിഹാര കേന്ദ്രത്തിലെ ഭീകരയാമങ്ങളിൽ ഭീതിയില്ലാതെ കടന്നു ചെന്ന ഭീകരനായി ഞാൻ.

ആ സമയം കാലിന്നു മുകളിലൂടെ എന്തോ ഒന്ന് ഇഴയുന്നതു പോലെ എനിക്ക് തോന്നി. ഞാൻ അനങ്ങാതെ നിന്നു. ഭയം കൊണ്ട് എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. അതൊരു ചെറിയ കാട്ടു വള്ളിയായിരുന്നു. 

ഒരല്പം ഭയം മാറിയപ്പോൾ ഞാൻ കുറച്ചു കൂടെ മുന്നോട്ട് നടന്നു. അപ്പോൾ ആ വെളിച്ചവും, കാവും. അവനേയും എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു. തികച്ചും ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച്ച. 
ഇരുളിന്റെ ഗാഢതയിൽ അലിഞ്ഞു ചേർന്ന കാവിനു വെളിയിൽ ഒറ്റത്തിരിയിൽ എരിയുന്ന നിലവിളക്കിനു മുന്നിൽ ഒരു ചെറു പലക മേൽ ചമ്രം പടിഞ്ഞിരിക്കുന്ന അവനെ കണ്ട് ഞാൻ തികച്ചും അത്ഭുതസ്തബ്ദനായി. 

ഞാൻ സൂക്ഷിച്ചു നോക്കി. അവനും ആ വിളക്കിനുമിടയിൽ ഒരു ചുകന്ന പട്ടിനു മുകളിൽ എന്തൊക്കെയോ സാധനങ്ങൾ നിരത്തിയിട്ടുണ്ട്. കൈൾ കൂപ്പി ഇടതടവില്ലാതെ എന്തോ മന്ത്രങ്ങൾ ഉരുവിടുകയാണവൻ. 
നിശ്ചലമായിരുന്ന കാട്ടുവള്ളികൾ പതുക്കെ ആടാൻ തുടങ്ങി. കാറ്റടിക്കുന്നില്ല. എന്നിട്ടും കാട്ടുവള്ളികൾ എങ്ങിനെ ആടുന്നു.

പെട്ടന്ന് ഏതോ ഒരു ജീവി എന്റെ തൊട്ടടുത്ത മരത്തിൽ നിന്നും ചാടി ഓടി. ഞാൻ പേടിച്ച് പിറകോട്ട് മറിഞ്ഞു പോയി. ധ്രുതഗതിയിൽ ഞാൻ എഴുന്നേറ്റു. എനിക്കുറപ്പായിരുന്നു ശബ്ദം അവൻ കേട്ടു കാണും. എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന്.
എന്നാൽ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ഒന്നും കേൾക്കാത്തതുപോലെ അവൻ അതേ ഇരിപ്പിൽ തന്നെയാണ്. കൂട്ടിമുട്ടുന്ന കാൽമുട്ടുകളിൽ നിൽക്കാൽ ഞാൻ വളരെ പ്രയാസപ്പെട്ടു.
അല്പസമയം കഴിഞ്ഞതും അവൻ കൂപ്പിയ കൈകൾ കാവിനു നേരെ നീട്ടി തുറന്നു പിടിച്ചു. അത്ഭുതമെന്നു പറയട്ടെ അവന്റെ രണ്ട്‌ കൈകളിലും ഓരോ മൺചിരാതുകൾ തെളിഞ്ഞു. അതിൽ നിന്നൊരു ചെറുദീപനാളം കാവിന്റെ വാതിലിനു നേരെ നീണ്ടു. ഈ സമയം കാവിന്റെ വാതിലുകൾ തുറക്കപ്പെട്ടു. കാവിനകത്തു മാത്രം ദിവ്യമായ ഒരു പ്രകാശം പരന്നു. 

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പല തവണ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു. ജ്വലിക്കുന്ന ആ പ്രകാശത്തിന്നു നടുവിൽ ഫണം വിടർത്തി നിവർന്നു നിൽക്കുന്ന ഒരു ഭീകര സർപ്പം.
ആ കാട്ടിനുള്ളിലെ എല്ലാ ജീവജാലങ്ങളും ഉണർന്നെന്നു തോന്നുന്നു. പക്ഷികൾ കൂട്ടത്തോടെ ചിലയ്ക്കാനും അങ്ങോട്ടുമിങ്ങോട്ടും പറക്കാനും തുടങ്ങി. എലികളും, കീരികളും, അണ്ണാനും തലങ്ങും വിലങ്ങും ഓടുന്നു. എന്റെ കാലിന്റെ മുകളിലൂടെ എന്തോ ഒരു ജീവി ഓടി പോയി. ഞാൻ അതു വരെ പിടിച്ചുവച്ച എല്ലാ ധൈര്യവും കാലിന്നടിയിലെ കരിയിലകളെ നനച്ചു കൊണ്ട് താഴേക്കൊഴുകി. 

തളർന്ന് വീഴുമെന്ന് എനിക്ക് തോന്നി. ആ സമയം ഏതോ ഒരു കിളി തലയ്ക്കു മേലെയിരുന്ന് എന്റെ മുഖത്തു തന്നെ കാഷ്ടിച്ചു. അയ്യേ വല്ലാത്തൊരു നാറ്റം. 
വീണ്ടും എന്റെ ശ്രദ്ധ അവനിലേക്കും ആ നാഗത്തിലേക്കും തിരിഞ്ഞു. നാഗം കാവിനുള്ളിൽ നിന്ന് ഇഴഞ്ഞു വന്ന് അവന്റെ മുന്നിൽ ഫണം വിടർത്തി നിന്നു. അവനാനാഗത്തിന്റെ ഫണത്തിൽ പതുക്കെത്തലോടി. ഒരമ്മതൻ വാത്സല്യത്തലോടൽ കൊതിക്കുന്ന ഒരു പിഞ്ചു കുട്ടിയെപ്പോലെ ആ നാഗം അവന്റെ തലോടൽ ഏറ്റു വാങ്ങി.. 
അവൻ തന്റെ മുന്നിലെ ചുകന്ന പട്ടിൽ നിരത്തി വച്ചിരുന്ന ചെറിയ രണ്ട് പാത്രങ്ങളിൽ നിന്ന് എന്തോ എടുത്ത് ആ നാഗത്തിന്റെ മുകളിലേക്ക് എറിഞ്ഞു. ഉടനെ നാഗം എവിടെയോ അപ്രത്യക്ഷമായി. 
ഞാൻ ചുറ്റിലും നോക്കി. ഇരുട്ടല്ലാതെ മറ്റൊന്നും കാണാനില്ല.

എന്റ ഭയം ഒന്നുകൂടി വർദ്ധിച്ചു. ഞാൻ കൈകാലുകളിൽ തപ്പി നോക്കി. ചിലപ്പോൾ അവൻ എന്റെ സാമീപ്യം അറിഞ്ഞിട്ട് നാഗത്തെ എന്റെ അടുത്തേയ്ക്ക് വിട്ടതാണെങ്കിലോ..?
ഏത് ഗതികെട്ട നേരത്താണീശ്വരാ ഈ വഴി വരാൻ തോന്നിയത്..? ഞാൻ എന്റെ സമയത്തെത്തന്നെ ശപിച്ചു. 

ഒരു നിമിഷം കൊണ്ട് ഞാനെന്റെ സ്ഥലകാലബോധത്തിലേക്ക് വീണ്ടും തിരിച്ചുവന്നു. കാരണം, ചെറിയ ഒരു ചൂളം വിളി ദൂരെ നിന്നും അടുത്തടുത്ത് വരുന്നു. അത് അടുത്ത് വന്ന് ഒരു ശക്തിയായ കാറ്റായി ആ കാവിനു ചുറ്റും തകർത്താടി. കരിയിലകൾ പാറിപ്പറന്നു. ചെറു ചില്ലകൾ ഒടിഞ്ഞു വീണു. ചീവീടുകൾ ഉച്ചത്തിൽ കരഞ്ഞു. ഞാൻ ഒരു തടിച്ച കാട്ടുവള്ളിയിൽ ശക്തിയായിപ്പിടിച്ചു.

എവിടുന്നൊക്കെയോ കുറുക്കൻമാരുടെ കരച്ചിൽ നിർത്താതെ കേൾക്കുന്നു. 
എന്നാൽ അവൻ ഇരിക്കുന്നിടത്ത് കാറ്റ് എത്തുന്നില്ലാ എന്ന് എനിക്ക് മനസ്സിലായി. കാരണം അവന്റെ മുന്നിലെ ഒറ്റത്തിരിവിളക്ക് ഒന്നും സംഭവിക്കാതെ അതിന്റെ നിറ പ്രൗഢിയിൽ ശോഭ പരത്തിക്കൊണ്ടിരിക്കുന്നു. 
അതിനിടയിൽ ഏതോ ഒരു പട്ടിയുടെ നീണ്ട ഓരിയിടൽ ഞാൻ ദൂരെ കേട്ടു. കാലൻകോഴി കളുടെ മുരൾച്ച കാട്ടിനുള്ളിലെ പല ദിക്കുകളിൽ നിന്നും പ്രതിധ്വനിച്ചു തുടങ്ങി. അപ്പോൾ അതാ ഒരു പക്ഷി എവിടെ നിന്നോപറന്നു വന്ന് അവന്റെ തലയ്ക്കു മുകളിൽ മൂന്നു പ്രാവശ്യം വലം വച്ച് മുന്നിലെ ചുകന്ന പട്ടിലക്ക് കുഴഞ്ഞു വീണു. 

നിമിഷങ്ങൾക്കകം അപ്രത്യക്ഷനായ ആ ഭീകര നാഗം അവന്റെ മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവൻ ഇരു കൈകളും നാഗത്തിന്റെ ഫണത്തിനു മുകളിൽ വെച്ച് എന്തോ മന്ത്രങ്ങൾ ചൊല്ലി. തുടർന്ന് മുന്നിലുള്ള കുടത്തിൽനിന്ന് വീണ്ടും എന്തോ എടുത്ത് ചുകന്നപട്ടിൽ പറന്നു വീണ ആ പക്ഷിയുടെ മുകളിൽ വിതറി. എന്നിട്ട് ഇരു കൈകളും മുകളിലേക്കുയർത്തി .
ഉടനെ ആ ഭീകര നാഗം ആ പക്ഷിയെ ആഞ്ഞു കൊത്തി. ഭയങ്കരമായ ഒരു നിലവിളി അവിടെ ആകെ മുഴങ്ങി. എന്റെ കാതുകളിൽ അത് തുളഞ്ഞു കയറി. അല്ല, ഒന്നല്ല മൂന്നു തവണ ഞാനാ നിലവിളി കേട്ടു. 
പാമ്പ് കൊത്തിയതൊരു പക്ഷിയെ. എന്നാൽ ഒരു പക്ഷിയുടെ നിലവിളി യായിരുന്നില്ല ഞാൻ കേട്ടത്, അതൊരു മനുഷ്യന്റെ നിലവിളിയായിരുന്നു. ഇരു കൈകൾ കൊണ്ടും ഞാൻ എന്റെ കാതുകൾ ചേർത്തടച്ചു, എന്റെ രക്തം മുഴുവൻ ഉരുകിപ്പോകു ന്നതു പോലെ എനിക്ക് തോന്നി. അത്രയ്ക്ക് ഭീകരമായിരുന്നു ആ നിലവിളി.

രാമേട്ടൻ കഥ നിറുത്തി എല്ലാവരേയും മാറി മാറി ഒന്നു നോക്കി. കാരണം അദ്ദേഹം നല്ലവണ്ണം കിതയ്ക്കുകയും, വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മുന്നിലെ മേശമേൽ മുടി വച്ചിരുന്ന ഒരു കുപ്പി വെള്ളം അദ്ദേഹം ഒറ്റ വലിക്ക് കുടിച്ചിറക്കി. എന്നിട് ദീർഘമായൊന്ന് നിശ്വസിച്ച് വീണ്ടും തുടർന്നു. എൻ്റെ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കല്പ്പിച്ച് കഥ കേട്ടു നോക്കുട്ടോ.

നേരം പാതിരയായിരിക്കുന്നു. കറുത്തവാവ് അതിന്റെ കറുത്ത പക്ഷത്തിന്റെ മൂർദ്ധന്യത്തിലാണ്.ഈ കാട്ടിലോ പരിസരത്തോ ഞങ്ങളെക്കൂടാതെ വേറൊരു മനുഷ്യൻ ഉണ്ടെന്നു തോന്നുന്നില്ല. പിന്നെ എങ്ങിനെ ആ കരച്ചിൽ …??

ഞാൻ വീണ്ടും ആ കാവിലേക്ക് നോക്കി. അവന്റെ മുന്നിൽ ഇപ്പോൾ നാഗമില്ല. പകരം കാവിനുള്ളിൽ ആ പഴയ വെട്ടം. അതിനകത്ത് തലയിൽ തിളങ്ങുന്ന രത്നം വച്ച ഒരു സ്വർണ്ണ നിറമുള്ള നാഗം. അതും പെട്ടന്ന് അപ്രത്യക്ഷമായി. കാവിന്റെ വാതിലുകൾ അടഞ്ഞു, ആ ഒറ്റത്തിരിവിളക്ക് കുറച്ചു കൂടെ പ്രകാശമയമായി. ആ വെട്ടത്തിൽ അവൻ മുന്നിൽ വിരിച്ച പട്ടും അതിലെ സാധനങ്ങൾ ഒക്കെയും എടുത്ത് കാവിന്റെ ഏതോ മറവിൽ വച്ച് തിരിച്ചു വന്നു. 

ഞാൻ മെല്ലെ പിൻവലിയാൻ നോക്കി. എന്നാൽ എന്റെ കാലുകൾ അനങ്ങുന്നില്ല. എനിക്ക് ചലിക്കാൻ കഴിയുന്നില്ല. 
ഈ സമയം അവൻ നിലവിളക്ക് കൈയ്യിലെടുത്ത് മേലോട്ടുയർത്തി മുകളിലേക്ക് നോക്കി. നിലവിളക്കണഞ്ഞു. ആകാശത്തിൽ ആയിരം അശ്വങ്ങളെപ്പൂട്ടിയ ഒരു കുതിരവണ്ടി മിന്നിത്തെളിഞ്ഞു. ശക്തമായ മിന്നൽപ്പിണർ പരന്നു. ഇടിമുഴങ്ങി. ആ ഇടിമുഴക്കത്തിലും കുതിരക്കുളമ്പടികൾ എന്റെ കാതിനു ചുറ്റും വലം വച്ചു. തുടർന്ന് കാടിനെ നടുക്കിക്കൊണ്ട് ഇടിയും മഴയും ഒന്നിച്ചു വന്നു. കുത്തി ഒലിച്ചു പെയ്യുന്ന മഴയിൽ അവന് വഴികാട്ടിയായി മിന്നൽ മുന്നേ നടന്നു. മാറോടടുക്കിപ്പിടിച്ച ആ ചെറിയ തുണിക്കെട്ടുമായി ഒരു നിഴലുപോലെ അവൻ നടന്നു പോകുന്നത് ഞാൻ നെഞ്ചിടിപ്പോടെ നോക്കി നിന്നു. 

അപ്പോഴും എനിക്ക് അനങ്ങാൻ കഴിയുമായിരുന്നില്ല. കാലുകൾ എവിടെയോ ബന്ധിച്ചിരിക്കുന്നു. എത്ര നേരം അവിടെ നിന്നെന്ന് എനിക്കറിയില്ല. മഴ മുഴുവനും ഞാൻ നനഞ്ഞു.
എപ്പഴാണെന്നറിഞ്ഞില്ല കാലുകൾക്ക് മോചനം കിട്ടിയത്. ഞാൻ എങ്ങോട്ടെന്നില്ലാതെ ഓടി. ഇടയ്ക്ക് വള്ളികൾ തട്ടി വീണു. ഒന്നും കാര്യമാക്കിയില്ല. എഴുന്നേറ്റ്‌ വീണ്ടും ഓടി. ഒടുവിൽ റോഡിലെ വഴിവിളക്ക് കണ്ടു. നേരം വെളുത്തപ്പോൾ ഒരു ബസ്റ്റോപ്പിൽ നനഞ്ഞ് ആകെ ചെളി പുരണ്ട ഉടുവസ്ത്രവുമായി ഞാൻ ഇരിക്കുകയായിരുന്നു. 
രണ്ട് മുന്ന് ഓട്ടോക്കാരു പോലും കൈകാണിച്ചപ്പോൾനിറുത്താൻ കൂട്ടാക്കിയില്ല. ഒടുവിൽ ഒരു വണ്ടിക്കാരൻ എന്നെ ത്തിരിച്ചറിഞ്ഞ് വീട്ടിലെത്തിച്ചു. 

ഉറക്കം കഴിഞ്ഞ് ഒരു കപ്പ് ചായയുമായി ടി. വി ക്ക് മുന്നിൽ വന്നിരുന്നു. ചൂടുപിടിച്ച ചർച്ചയും, ബഹളവുമായിരുന്നു ടി. വിയിൽ. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുടെ ഉടമയും ഡോക്ടറുമായ ഡോ. വിൻസന്റ് മാരകമായ വിഷബാധയേറ്റ് മരണപ്പെട്ടിരിക്കുന്നു. 
കുറച്ച് ദിവസം മുൻപ് കാശില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ട് നാടിനെ ഞെട്ടിച്ച ഒരു പാവപ്പെട്ട കുട്ടിയുടെ മരണത്തിന് കാരണം ഈ ഡോക്ടറാണെന്ന് മാധ്യമങ്ങളിൽ നിറയെ വാർത്ത വന്നിരുന്നു. പോലീസോ സർക്കാരോ അതിനെതിരെ ഒരു നീക്കവും നടത്തിയിരുന്നില്ല. ഇന്നിതാ അദ്ദേഹം അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. 

വാർത്തകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ വാർത്തകളെ വാർത്തകൾ കൊണ്ട് മറക്കുന്ന നമ്മുടെ ഇടയിൽ ഈ മരണ വാർത്തയും എന്നത്തേയും പോലെ ചില ചാനൽ ചർച്ചകളിലൊതുങ്ങി മറയ്ക്കപ്പെട്ടു. ദിനംപ്രതി അങ്ങിനെ എത്ര മരണം.

ചായകുടിച്ച് കഴിഞ്ഞ് ടി.വി യും ഓഫ് ചെയ്ത് ഞാൻ തലേന്ന് വായിച്ച് വച്ച പുസ്തകവുമെടുത്ത് ബാക്കി വായിക്കാനായി റൂമിലേക്ക് പോയി. പുസ്തകം തുറന്നു വായന തുടർന്നു. എന്നാൽ അറിയാതെ എൻ്റെ മനസ്സ് ആ രാത്രിയിലേക്ക് വഴുതിപ്പോകുന്നു. എന്റെ മനസ്സിൽ നിന്ന് അന്നത്തെ രാത്രി മറക്കാൻ കഴിയുന്നില്ല. കാരണം അതൊരു വാർത്തയല്ലല്ലോ.

എന്നിലെ എഴുത്തുകാരനുണർന്നു. ഞാൻ ആ പയ്യനെ അന്വേഷിക്കാൻ തുടങ്ങി. അവൻ എവിടെയാണെന്നോ എന്തു ചെയ്യുന്നെന്നോ എനിക്കറിയില്ല. ഒടുവിൽ ഒരു ദിവസം വീണ്ടും ഞാനവനെ കണ്ടെത്തി. അവനെ അന്വേഷിച്ചു തളർന്ന ഞാൻ ആ കാട്ടുവഴിയിൽ പല സ്ഥലങ്ങളിലായി പല സമയങ്ങളിൽ കാത്തിരുന്നു. അങ്ങിനെ ഒരു നാൾ രാത്രി ഒരു പത്ത് പതിനൊന്ന് മണിയായിക്കാണും കുറച്ചു ദൂരെയായി ഒരു മിന്നലാട്ടം പോലെ ഒരു രൂപം ആ കാട്ടിനകത്തേക്ക് കയറിപ്പോകുന്നതു കണ്ടു. ഞാൻ രണ്ടും കല്പിച്ചു പിൻതുടർന്നു. 
കുറച്ചു ദൂരം നടന്നപ്പോൾ എനിക്ക് മുന്നറിയിപ്പ് കിട്ടി. എന്റെ കാല് എന്തിലോ തട്ടി ഞാൻ കമഴ്ന്നടിച്ചു വീണു. അത് എനിക്ക് പിൻതിരിയാനുള്ള മുന്നറിയിപ്പാണെന്ന് പിന്നെയാണ് മനസ്സിലായത്. കുറച്ചുനേരം ആ കിടപ്പ് കിടന്നു. ഒടുവിൽ കൈത്തണ്ടയിൽ വല്ലാത്തൊരു നീറ്റൽ. തടവിനോക്കി. കൈ മുറിഞ്ഞിരിക്കുന്നു. എന്നാലും എഴുന്നേറ്റ് മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു. 

അന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നില്ല ഇന്നും. എല്ലാം പഴയപടി തന്നെ. 
നാഗം പ്രത്യക്ഷപ്പെട്ടു. കാട്ടുമരങ്ങൾ ആടിയുലഞ്ഞു. മൃഗങ്ങളും പക്ഷികളും ഭയന്നോടി. എവിടുന്നൊക്കെയോ നിലവിളികൾ ഉയർന്നു കേട്ടു. ഭൂമികുലുങ്ങുന്നതായി എനിക്കു തോന്നി. ഏതോ ഒരു മൃഗത്തിന്റെ മുരളൽ എന്റെ അടുത്തേക്ക് നീങ്ങി വരുന്നു. ഞാൻ ചുറ്റിലും പരതി. ഇരുട്ടു മാത്രം. 

ഒടുവിൽ അവൻ ആ നാഗത്തിന്റെ തലയിൽ കൈവച്ചതും പെട്ടന്നൊരു തീഗോളം എന്റെ നേരെ പാഞ്ഞടുത്തതും ഒന്നിച്ചായിരുന്നു. വെട്ടിയിട്ടു പോലെ ഞാൻ മലർന്നടിച്ചു വീണു. 

പുലർകാല സൂര്യൻ കാട്ടുമരങ്ങൾക്കിടയിലൂടെ ഊളിയിട്ട് താഴേക്കിറങ്ങി. മുഖത്ത് വെയിലിന്റെ ചൂട് തട്ടിയപ്പോഴാണ് കണ്ണു തുറന്നത്. ഞെട്ടി എഴുന്നേറ്റു. ഞാൻ എവിടെയാണ്. ചുറ്റും കാട്. മഴ നനഞ്ഞ് കുതിർന്ന ഇലകൾക്ക് മുകളിലാണ് കിടന്നിരുന്നത്. നിറയെ വെള്ളവും ചളിയും. ഈ മഴയത്ത് കിടന്നിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല. 
കൂടുതൽ അവിടുന്ന് ആലോചിക്കുന്നത് പന്തിയല്ലന്ന് മനസ്സിലാക്കി പുറത്തേക്ക് നടന്നു. നടക്കാൻ കഴിയുന്നില്ല. തലയ്ക്കെന്തോ ഭയങ്കര ഭാരം. റോഡുകയറി എത്ര ദൂരം നടന്നെന്ന് അറിയില്ല.

ഉണരുമ്പോൾ വീട്ടിലായിരുന്നു. ഉടുതുണി പോലും ഇല്ലാതെ വെറും ഒരു പുതപ്പു മാത്രം പുതച്ച് കിടക്കുന്നു. ചായയും കൊണ്ടുവന്ന ശ്രീമതിയാണ് പറഞ്ഞത് ഇന്ന് ഹാർത്താലാ. 
അതെന്തിനാടോ..?

ആഭ്യന്തര മന്ത്രി മരിച്ചു പോയി.

ഉടനെ ചാടി എഴുന്നേറ്റു. ടി. വിക്കരികിലേക്ക് ഓടി. ജാക്കീച്ചാന്റെ സിനിമ കണ്ടു കൊണ്ടിരുന്ന കുട്ടികളോട് റിമോട്ട് പിടിച്ചു വാങ്ങി വാർത്ത വച്ചു. 
കഴിഞ്ഞ മാസം പത്തിരുന്നൂറ് സ്ക്കൂൾ കുട്ടികൾ വിഷവാതകം ശ്വസിച്ച് മരിക്കാനിടയായ സംഭവത്തിൽ സ്ക്കൂളിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറി ഉടമയായ നാടിന്റെ ആഭ്യന്തര മന്ത്രിയാണ് കുറ്റക്കാരൻ എന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ആ മന്ത്രിയാണ് ഇന്ന് മാരകമായ വിഷം തീണ്ടി മരിച്ചിരിക്കുന്നത്. 
ഇതിനിടെ മരണപ്പെട്ട ഡോ. വിൻസന്റിന്റെ മരണവും , മന്ത്രിയുടെ മരണവും സാമ്യമുള്ളതാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിതികരിച്ച്

അന്വേഷണം ഊർജിതമാക്കിയിരിക്കുന്നു. 
മാസങ്ങൾക്കഴിഞ്ഞു. പോലീസിന് ഒരു തുമ്പും കിട്ടിയില്ല. എന്നാൽ ഇതേ രീതിയിലുള്ള തുടർ മരണങ്ങൾ വീണ്ടും ഉണ്ടായി. വളരെ പ്രഗത്ഭരായവർ ക്രിമിനലുകളായപ്പോൾ അവരെല്ലാം ഒരേ രീതിയിൽ മരണപ്പെടുന്നു.

അന്നത്തെ സംഭവത്തിനു ശേഷം ഞാൻ ആ പയ്യനെക്കുറിച്ചുള്ള അന്വേഷണം നിറുത്തി. കാരണം എന്റെ സാമീപ്യം അവൻ അറിഞ്ഞിരിക്കുന്നു. ആ തീഗോളം എന്നെ ദഹിപ്പിക്കേണ്ടതായിരുന്നു. എന്തോ ഒരു തരം മരവിപ്പ് എന്റെ ശരീരത്തെ വിറങ്ങലിപ്പിച്ചിരിക്കുന്നു. ശരിക്കും എന്താണ് ആ പയ്യൻ അവിടെ ചെയ്യുന്നത്. എന്തിനാണ് അവൻ ഈ കർമ്മങ്ങൾ ചെയ്യുന്നത് .ഇത്ര ചെറുപ്പത്തിൽ അവൻ ഇതെങ്ങിനെ..? അവൻ ആരാണ് ? ഉത്തരമില്ല. 
ആയിടയ്ക്കാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തലുകൾ. ഡോക്ടറും, മന്ത്രിയും മറ്റുള്ളവരും മരിച്ചത് അത്യുഗ്രവിഷമുള്ള ഒരു പാമ്പിന്റെ കടിയേറ്റാണെന്ന്.
ഞാൻ എന്താണീ കേൾക്കുന്നത്. എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അപ്പോൾ ആ പയ്യനും അവന്റെ പാമ്പുമാണോ ഇതൊക്കെ ചെയ്യുന്നത്. എന്റെ മനസ്സിൽ എന്തന്നില്ലാത്ത ഭയം നിറഞ്ഞു. ഒടുവിൽ ഞാൻ കണ്ടതൊക്കെ പോലീസിനോട് പറയാൻ തീരുമാനിച്ചു. 

എന്നാൽ അന്നു രാത്രി ഉറക്കത്തിൽ എനിക്ക് മുന്നറിയിപ്പുമായി ആ ഉഗ്രനാഗം വന്നു. എന്റെ കണ്ണിനു തൊട്ടു മുന്നിൽ അത് ഫണം വിടർത്തി ആടി. ഒരു നീക്കവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് കരഞ്ഞുപറഞ്ഞപ്പോഴാണ് പോയത്. ഒരു നിലവിളിയോടെ ഞാൻ ഞെട്ടിയുണർന്നു. ആകെ വിയർത്തു കുളിച്ച്. ഭാര്യയും മക്കളും എല്ലാവരും ഭയന്നിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല.

പിന്നെ നിങ്ങളോട് ഇന്ന് ഇത് പറയുന്നത്. സമയമായീന്നൊരു തോന്നൽ. ഇനിയും പറയാതിരുന്നു കൂട. നാളെ ഞാനുണ്ടാകുമോ എന്ന് നിശ്ചയമില്ല. 

സദസ്സ് നിശബ്ദമായിരുന്നു. എല്ലാവരുടേയും മുഖത്ത് ഒരു തരം ഭയം തളം കെട്ടിക്കിടക്കുന്നത് വളരെ വ്യക്തമായി കാണാം. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. കാരണം വാർത്തകൾ അനുഭവങ്ങളാണ്.

സദസ്സ് പിരിഞ്ഞു. രാമേട്ടൻ ക്ഷീണിതനായിരുന്നു. അദ്ദേഹത്തെ രണ്ടു പേർ ചേർന്നാണ് വീട്ടിലെത്തിച്ചത്. ഇത് തികച്ചും പഴയ കാല നെക്സൽ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് അവർ പരസ്പരം അഭിപ്രായപ്പെട്ടു.

പിറ്റേന്ന് പോലീസ് വണ്ടികളും ആംബുലൻസും രാമേട്ടന്റെ വീട്ടുപടിക്കലേക്ക് കുതിച്ചെത്തി. രാമേട്ടനും വിഷബാധയേറ്റ് മരണപ്പെട്ടിരിക്കുന്നു. പോലീസിനും കുറ്റവാളികൾക്കും തലവേദനയായി നാഗം ജൈത്രയാത്ര തുടരുന്നു. 
ഭരണകൂടവും നീതിന്യായവും, നാടിനും നാട്ടുകാർക്കും സംരക്ഷണം നൽകുന്നില്ലങ്കിൽ നീതി നിഷേധിക്കപ്പെടുന്നിടത്ത് ഇതുപോലെ നാഗരാജാക്കൻമാർ വിധിയെഴുതും.
         ശുഭം. 

                                                        
 ✍രചന:
 രവി കൊമ്മേരി

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: