ഞങ്ങളുടേതും
കേളപ്പേട്ടന്റെതും
ഹലാൽ കുടുംബമാണ്
ഞങ്ങളുടെ അതിരിലെ
മുള്ളുവേലിയിൽ നിറയെ ചമ്പരത്തി
പൂവിട്ടിരുന്നു
*( ഞങ്ങൾ അതിർത്തിക്ക് വേണ്ടി
ഒച്ചവെക്കാത്തതിനാൽ അതിനു
മുകളിൽ മുൾവേലി പൂവിട്ടില്ല )
എന്റെ വീട്ടിലെ നേർച്ചക്ക്
നെയ്ച്ചോറും പോത്തിറച്ചിയും
വേലി ചാടിക്കടന്ന്
കേളപ്പേട്ടന്റെ വാതിലിൽ കൊട്ടി.
വാവിനും കൊടുക്കക്കും
അവലും മലരും
സാമ്പാറും പ്രഥമനും
കേളുവേട്ടന്റെ മുറ്റം കടന്ന്
ഞങ്ങടെ വീട്ടിലെ സുപ്രയിൽ
വന്നിരുന്നു.
ഓണത്തിന് കാലത്ത്
ഒരു ഒറ്റമുണ്ടും നേര്യതും
വീട്ടിൽ നിന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി
അപ്പുറത്തെ വീട്ടിലേക്ക് വിരുന്ന്
പോയി.
അപ്പോൾ ഉമ്മ റമദാൻ നോമ്പിന്
കേളപ്പേട്ടന്റെ ചുമലിലേറി വന്ന
വാഴക്കുല ഓർമ്മയിൽ എടുത്ത്
കെട്ടിത്തൂക്കി.
വിശേഷദിവസങ്ങളിൽ
കേളപ്പേട്ടൻ മുട്ടനൊരു പൂവൻ
കോഴിയെ കൊണ്ടു വന്ന് മുറ്റത്തെ
കവുങ്ങിൽ കെട്ടും
ഉപ്പ തക്ബീർ ചൊല്ലി അതിന്റെ
കഴുത്തിൽ കത്തികൊണ്ട് ചിത്രം
വരക്കും
അത് പിടഞ്ഞു പിടഞ്ഞു
മുറ്റത്ത് രക്തം കൊണ്ട്
സ്നേഹാക്ഷരങ്ങൾ എഴുതി വെക്കും
ഉമ്മച്ചിയും, അടുക്കളയും ഇറുക്കെ
ചിമ്മിയ കണ്ണിനു മുകളിൽ
വാപ്പ വാഴയിലയിടും.
തൊലിയുരിച്ചു വച്ച
കബന്ധങ്ങൾ കേളുവേട്ടൻ
ചിരട്ടപ്പുറത്ത് വെച്ച് കൊത്തിനുറുക്കും.
ഓണത്തിന്
ഞാനും പ്രഭുവും ഊഞ്ഞാൽ ആടും
കേളു വേട്ടനും ഉപ്പയും സൊറക്ക്
തീകൊളുത്തി വലിച്ചു പുക
ഊതുമ്പോൾ
രാധ എന്നെ കൃഷ്ണനാക്കാൻ
വാൽകണ്ണെഴുതി
മുറ്റത്ത് തിരുവാതിരയാടും.
ഇന്ന്, ഞങ്ങടെ അതിരിലെ
മുള്ളുവേലിക്കു പകരം
ചെങ്കല്ലിന്റെ മതിൽ കെട്ടിയിട്ടുണ്ട്
മതിലിനുമുകളിൽ ഇപ്പോഴുമുണ്ട്
ചെമ്പരത്തിക്കാട്.
വിശേഷദിവസങ്ങളിൽ
പ്രഭു “ബിസ്മിചിക്കൻ സ്റ്റാളിൽ ” നിന്നേ
കോഴി ഇറച്ചി വാങ്ങൂ.
അവിടെ അറുത്ത കോഴിയെ ഞാൻ
തിന്നൂന്ന് അവനറിയാം.
✍ ബഷീർ മുളിവയൽ
* വീരാൻ കുട്ടി മാഷിന്റെ കവിത