എന്നിൽ നീയറിവിന്റെയുണ്മയാ
യസ്ഥികളിലെരിയുന്നൊ
രഗ്നിയായോർമ്മകളിലൂറി ഇറങ്ങും
സുഗന്ധമായ്
പിന്നെയെന്നാത്മാവിനുള്ളിലെ
ദുഃഖം തുളുമ്പുമൊരു തീരാത്ത
മോഹമായ് തീർന്നിരുന്നെന്നതും
പൊട്ടിക്കരഞ്ഞെന്റെ പുഞ്ചിരി
ഞെട്ടറ്റുനിന്നിലഗ്നിയായ്
പിന്നെ നീയോർമ്മിച്ചുവച്ചൊരു
തെങ്ങലിന്നീണമായ് വീണതും
ഓർത്തൊന്നുണരാനിനി
ഉറങ്ങട്ടെ ഞാൻ …
നിന്റെ നിശ്വാസകൊടുങ്കാറ്റിലാടി
ഉലയുന്നെന്റെ പഞ്ജരം
പൊട്ടിവീണെങ്കിലും
ഇനിയുമൊരിക്കലും
ദീപ്തമാകാത്തപോലെൻ
പ്രിയതാരകം കെട്ടുപോയെങ്കിലും
പുനർജ്ജനിക്കുന്നതിൻ മുമ്പ്
ഓടിക്കിതച്ചെന്റെ ഘടികാരസൂചികൾ
ഇവിടെയെത്തുന്നതിൻ
മുമ്പ് കുതിരക്കുളമ്പിന്റെ
നാദമെൻകാതിലച്ചത്തി-
ലാവുന്നതിനുമുമ്പ് നിന്നെക്കുറിച്ചൊരു
സ്വപ്നവും കൂടി ഒരു മാത്രയെങ്കിലും
കണ്ടുകൊള്ളട്ടെ
ഞാൻ സ്വപ്നത്തിലെങ്കിലും
കണ്ടുപറയുവാനോർമ്മ യിലിത്രയും കൂടി
സൂക്ഷിച്ചു ഞാൻ..,
“ഉഷ്ണിക്കുമെന്റെ കിനാവിന്റെയുള്ളിലെ
ശപ്തമോഹങ്ങൾക്ക് മാപ്പു നീ
നൽകുക ഒടുവിലൊരിക്കലും
കാണാതിരിക്കുവാൻ ഓർമ്മയിൽ
നീയെൻ ചിത കൊളുത്തീടുക “
എങ്കിലുമെല്ലാം മറന്നൊന്നുണരു
വാനെല്ലമൊന്നോർത്തുകൊണ്ടിന്ന്
ഉറങ്ങട്ടെ ഞാൻ..
വീണ്ടുമൊന്നുണരുവാ നായ്
ഉറങ്ങട്ടെ ഞാൻ…
👍