എന്നും നടന്നിടും വഴികളിലെവിടെയോ
എന്നോ ഒരിക്കല്‍ നാം കണ്ടു
പിന്നിടും പാതയില്‍ പിന്നെ പരസ്പരം
പിന്നേയും പിന്നേയും കണ്ടു
ഒന്നുമുരിയാടാതെത്രയോനാളുകള്
ഒരുമിഴിനോട്ടമെറിഞ്ഞു
പിന്നെ കടന്നുപോകുന്നോരു വേളയില്‍
പുഞ്ചിരിമൊട്ടും വിടര്‍ന്നു
ഒരുദിനം കാണാതിരിക്കുവാന്‍
വയ്യാത്ത
ഒരു മൂകപ്രണയമായ് തീര്‍ന്നു
എന്നിട്ടുമെന്നിട്ടും ഒരുവാക്കു
ചൊല്ലാതെ
എത്രയോ കാലം നടന്നു
വഴിയിലെ പൂമരച്ചില്ലയിൽ പലകുറി
തളിരിട്ടു പിന്നെ കരിഞ്ഞു.
വേനലും വര്‍ഷവും ഹേമന്ത ശിശിരവും
വേഗത്തിലോടിമറഞ്ഞു
ഒരുദിനംവഴിയില് പരസ്പരം കാണവെ
ആദ്യമായെന്നോടു ചൊല്ലി
‘’അവസാനയാത്രയാണീ
മൗനവഴികളില്
ഇനി നമ്മള് കാണുകയില്ല! ‘’
മിഴിയില്‍ പൊടിയുമീയശ്രുബിന്ദുക്കളെ
മെല്ലെത്തുടച്ചവളോതി
‘’നാളെ ഞാന്‍ പോകുന്നു,
ദൂരദേശത്തേയ്ക്കു-
കാണുമോയിനിയറിയില്ല’’
ഒരുവഴിയിരുവഴിയായി പിരിയവേ
മനമൊന്നു തേങ്ങി ഞാന്‍ ചൊല്ലി
“ഒന്നുചോദിക്കട്ടെയെന്നെ
നീയോര്‍ക്കുമോ?
നിന്നെഞാന്‍ സ്നേഹിച്ചിരുന്നു !
✍ കൃഷ്ണകുമാർ മാപ്രാണം