ഇന്നലെകളിലൊരിടത്ത്,
ഇരവ് ഭയം കാട്ടിയൊരു കാലം,
ഇടനെഞ്ചുലയുന്ന പ്രായം,
ഇന്ദ്രിയങ്ങൾക്കപ്പുറം ആത്മാവ് വിശക്കുന്ന നേരം,
ഈണമായ് താളമായ്,
ഇഷ്ടം പകരുവാനൊരു ഇടയനെത്തി!
ഇമ്പമേറും സ്വരം മീട്ടി,
ഇരു കൈകളാവോളം നീട്ടി,
ഇടനെഞ്ച് വിടർത്തിയത് കാട്ടി,
ഇടറാതെ ചേർത്തവൻ,
ഇണയായ് പേർത്തവൻ,
ഇഷ്ടം പകർന്നു വേണുമീട്ടുന്നയിടയൻ!
ഇലകൾ കൊഴിഞ്ഞ് ഋതുക്കളേറെ വന്നു,
ഇലകൾ തളിർത്തു മരമേറെ മാറി,
ഇരവകന്ന് ഉദയം തുടർച്ചയായ് കണ്ടു,
ഇനിയുമേറെ ദൂരം മുന്നിലി-
ടമുറിയാതെ നടക്കണം!
ഇച്ഛകളേറെയുണ്ടവ കൊതിതീരുവോളം തീർക്കണം!
ഇന്നലെകളെയോർക്കാതെ വെറുതെ താണ്ടണം!
ഇന്നലെകൾ വിലങ്ങാവതെ മുന്നോട്ട് നോക്കണം!
ഇന്ന്,
ഈ ഇരുൾ പടരാത്ത വീഥിയിൽ
ഇടയനവൻ ഇടയ്ക്കിടെ തെളിയുന്നു,
ഇക്കരെയെന്നരികത്തണയുവാൻ വെമ്പിയാർക്കുന്നു,
ഇടനെഞ്ചോടമരാൻ പിന്നേയും വേണുമീട്ടുന്നു!
ഇന്നലെകളിൽ പൊഴിച്ചത് കാലാതീതമല്ല,
ഇന്നലെകളിലുതിർത്തത് പാഴ്മുളംതണ്ട്,
ഇന്നലെകളത് തടസ്സങ്ങളാണ് ,
ഇരവ് തീർക്കും ചിന്തകളാണ്,
ഇടങ്കോലിടുന്ന ഓർമ്മകളാണ്,
ഈണം മുറിക്കുന്ന മൂളലാണ്,
ഇനി കടന്ന് വരേണ്ടാത്ത ചിന്തകളാണ്!
ഇനി ഞാൻ വെറുതെ നീങ്ങട്ടെ,
ഈണത്തിൽ,
ഇടമുറിയാതെ,
ഇരവ് തീണ്ടാതെ,
ഇനിയൊന്നുമോർക്കാതെ,
ഇന്നലെകൾ വിലങ്ങുകളാണെപ്പഴും!
പ്രബോധ് ഗംഗോത്രി✍
മനോഹരമായ രചന. ആശംസകൾ