ഡോക്ടർ. എസ്.ഡി അനിൽകുമാർ ✍️
ചുവന്ന ചായം പൂശിയ ഒരു ഗെയിറ്റ് തുറന്ന് അകത്തേക്ക് കടക്കുമ്പോൾ കറുപ്പും വെളുപ്പും കലർന്ന ഇൻ്റർലോക്ക് കട്ടകളിട്ട മുറ്റം. മുറ്റത്തു നിന്നും അകത്തോട്ടു നോക്കുമ്പോൾ ഒരു നീളൻ വരാന്തയിലൂടെ ചിത്രപ്പണി ചെയ്ത വാതിൽ .വാതിലിൽ ക്ലാവു പിടിച്ച് പഴക്കം തോന്നിക്കുന്ന മണിച്ചിത്രത്താഴ്. താഴ്മാറ്റി അകത്തേക്ക് തുറക്കുന്നത് വിശാലമായ ഒരു റൂമിലേക്ക് .പഴക്കമുള്ള ഒരു ഫാൻ മുരണ്ടു കറങ്ങുന്ന ഒച്ചയുടെ താഴെ ചാരനിറത്തിലുള്ള സോഫാസെറ്റ് . വിശാലമായ സോഫാ സെറ്റിൽ അമ്പതു തികയാത്ത ഒരു മധ്യവയസ്ക .കൊറുങ്കമുടി പനങ്കുല പോലെ കഴുത്തിൽ നിന്നും താഴോട്ട് തലകുത്തിക്കിടക്കുന്നു. തുറന്നു വിരിഞ്ഞ കണ്ണുകൾ. വെളുത്ത മുഖത്ത് പൊട്ടി വിരിഞ്ഞ കറുത്ത വടുക്കൾ.
ചെത്തിയൊരുക്കിയ ചുവന്ന ചുണ്ടുകൾ.മുൻ വശത്തുള്ള സോഫയിൽ യൂണിഫോമിലുള്ള ഒരു പോലീസ് ഓഫീസർ .തോളിൽ ചില നക്ഷത്ര സൂചനകൾ ,ബലിഷ്ഠമായ കരങ്ങൾ . അശ്ളീലം വരച്ചിട്ട ചുണ്ടുകൾ .ആർത്തി തീരാത്ത കണ്ണുകൾ .കവിളിൽ എഴുതിത്തീരാത്ത ക്രൂരത കറുത്ത വടുക്കളായി വിളക്കിച്ചേർത്തിരിക്കുന്നു. താളം പിടിക്കുന്നതുപോലെ ചലിക്കുന്ന കാലുകൾ.ഗ്ലാസ്സ് ടീപ്പോയിൽ സർക്കാർ മുദ്രയുള്ള ഒരു ഫയൽ .കൈയിൽ എന്തും എഴുതുന്ന പേന .മുഖത്ത് ചിരിച്ചു തുടങ്ങിയ തീരാത്ത ഒരു വഷളൻ ചിരി.
മ്യൂട്ടായ ക്യാമറയിൽ ശബ്ദം കൊടുത്തപ്പോൾ ഫാനിൻ്റെ മുരൾച്ച തീർന്നു .മനുഷ്യൻ്റെ ഓരിയിടൽ തിളച്ചൊഴുകുന്ന വാക്കുകളായി പൊട്ടിയൊലിച്ചു.
” ഒരു വിശദമായ മൊഴി വേണ്ടിവരും മാഡം”
” ഇനിയൊരു മൊഴിയും മൊഴിമാറ്റവും എൻ്റെ ക്രഡിബിലിറ്റി തീരില്ലേ “
ക്യാമറയ്‌ക്ക് പുറത്ത് പോലീസ് ഓഫീസറിൻ്റെ ഒരു പുലയാട്ട്
ഇൻ ക്യാമറയിൽ
” മാഡം മീഡിയകൾ പലതും പറയും .സത്യം പറഞ്ഞാൽ കള്ളമാക്കും ,കള്ളത്തെ സത്യവും .നമ്മുടെ നിലനിൽപ്പിന് ഒരു മൊഴി ആവശ്യമാണ് .”
” SP സാറ് ഔട്ട് ഓഫ് ഫോക്കസിൽ എന്നെപ്പറഞ്ഞ തെറി എനിക്ക് മനസ്സിലായി. “
” മാഡത്തിൻ്റെ തോന്നലാണ് .എനിക്കും സാറിനും മാഡം ദേവതയാണ് .”
” മിസ്റ്റർ വിൽഫ്രഡ് തനിക്കും സാറിനും ഞാൻ ദേവതയോ ദേവദാസിയോ? “
” എനിക്ക് ദേവത തന്നെയാണ് മാഡം ,സാറിനും അതുതന്നെയെന്നാണ് എൻ്റെ വിശ്വാസം”
” ഏമാൻ്റെ വിശ്വാസം ഏമാനെ രക്ഷിക്കട്ടേ “
ക്യാമറ വീണ്ടും മ്യൂട്ടായി .സർക്കാർ മുദ്രയുള്ള കടലാസുകളിൽ അവൾ ഒപ്പിട്ടു .ഊർന്നു പോയ സാരിയിൽ രണ്ട് കണ്ണുകളും ക്യാമറയും ഒപ്പിയെടുത്തു .കൗശലത്തിൻ്റെ കൈകൾ സാരി വാരി വലിച്ചിട്ട് പതിയെ എഴുന്നേറ്റു .ആർത്തിമൂത്ത പട്ടിയെപ്പോലെ പോലീസുകാരനും പുറകേ പാഞ്ഞു .ക്യാമറയും കാലവും ഗതികെട്ട് അവർക്ക് പിന്നാലെയും .
അകത്തെ ബഡ്റൂമിലെ മഹസർ തയ്യാറാക്കി ,തെളിവുകൾ അടുക്കിവച്ച് ഏമാൻ ചെറിയ ചിരിയോടെ പുറത്തിറങ്ങി. മൊഴികൾ ഒരിക്കൽക്കൂടി വായിച്ച് തൃപ്തിയായി.
” ഈ മൊഴി വച്ച് ഒരു മഹസ്സർ ഇടാം ,പാപ്പൻ നമ്മുടെ വഴിയിൽ വന്നില്ലെങ്കിൽ പിന്നെ 164 “
” വന്നാലോ? “
” മൊഴി മാറ്റം”
” വീണ്ടും ഞാൻ ചീത്ത “
” അങ്ങനെ മാഡം വിചാരിക്കരുത് .മാഡം ഒരിക്കലും ചീയില്ലെന്ന് സാറിനും എനിക്കും അറിയാമല്ലോ? “
” ഏമാനേ ,നിങ്ങളൊക്കെ കാര്യസാധ്യത്തിന് കൂട്ടിക്കൊടുക്കുന്നവർ.എന്നാൽ പാപ്പൻ കുറേക്കൂടി അന്തസ്സുള്ളവൻ “
” അവൻ്റെ അന്തസ്സിൻ്റെ കൊലക്കയറാണ് ഈ പേപ്പറിൽ “
” പുരുഷൻ്റെ അന്തസ്സ് സ്ത്രീയുടെ മനസ്സിലല്ലേ ഏമാനേ .”
വീണ്ടും ക്യാമറ മ്യൂട്ടായപ്പോൾ കാർ പോർച്ചിൽ നിന്നും ഏമാൻ്റെ വണ്ടി കിതച്ച് ചുമന്ന ഗേറ്റ് കടന്ന് പാഞ്ഞു പോയി. ഗേറ്റ് താനെ അടയുമ്പോൾ പീഡനത്തിലഭിനയിച്ച് തീർന്ന നായിക ഫോൺ ചെവിയിൽ തിരുകി .
മറുതലയ്ക്കൽ പാപ്പൻ വന്നു
ക്യാമറ മ്യൂട്ട് മാറ്റി
” അച്ചായാ ,ഞാൻ മുഴുത്ത മൊഴികൾ പൊഴിച്ചു. “
” നീ മൊഴിയിലൂടെ പൂത്തിറങ്ങിയോടി ……”
ഒരു തെറി ക്യാമറ കുടഞ്ഞെറിഞ്ഞു ,ബീപ്പ് ശബ്ദമിട്ടു .
” അച്ചായൻ സമ്മതിച്ചിട്ടല്ലയോ?”
” എന്നിലെ ആണിനും ചില മോഹങ്ങളില്ലേ?”
” എന്ത് മോഹമാണ് അച്ചായാ?”
” ഒരു പീഡന കേസിൽ പ്രതിയായി ,നാലു നാട്ടുകാർ തിരിച്ചറിഞ്ഞ് ,ജയിലിൽ പോയി ചപ്പാത്തിയും കോഴിക്കറിയും കഴിക്കാൻ “
” ഈ മനുഷ്യൻ്റെ ഓരോ പൂതി കള് .. “
” പോടീ മോളേ , നിന്നെ കാണുന്നതും ……..”
ക്യാമറ ബീപ്പടിച്ച് മ്യൂട്ടായി
നായിക കാലാട്ടി ചിരിച്ചു ചിരിച്ച് ഫോണിലൂടെ മേഘമായി പാറിപ്പറന്നു.
ഇനി കോടതി മുറി ,കുറ്റപത്രം ,വിചാരണ, അന്തിച്ചർച്ച ,ഒത്തുതീർപ്പ് ഇക്കിളിക്കഥകൾ.
ഇനി നിർത്താമെന്ന് ക്യാമറ . ജീവനില്ലെങ്കിലും ക്യാമറയ്ക്കുമില്ലേ ഒരു അന്തസ്സ്.
Dr.അനിൽ കുമാർ .S. D
Super 👍👍
നല്ല രചന