17.1 C
New York
Sunday, May 28, 2023
Home Literature ഒരു തേവള്ളിപ്പറമ്പിൽ അപാരത (കഥ)

ഒരു തേവള്ളിപ്പറമ്പിൽ അപാരത (കഥ)

മേരി ജോസി മലയിൽ, തിരുവനന്തപുരം.

കൊയിലാണ്ടിക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ നിന്നും 1,123 രൂപ കല്ലട ബസ് ടിക്കറ്റ് എടുത്ത് ബാംഗ്ലൂരിലേക്ക് വണ്ടികയറിയ സുരേഷ് എന്ന ചെറുപ്പക്കാരൻറെ കയ്യും കാലും ഒരുപോലെ വിറക്കാൻ തുടങ്ങി. പ്രശസ്തമായ ഒരു എം.ബി.എ. കോളേജിലേക്കുള്ള സെലക്ഷൻ റൗണ്ടുകൾ ആണ് ഇന്ന്. എഴുത്തുപരീക്ഷ എന്ന ബാലികേറാമല എങ്ങനെയോ താണ്ടി. മംഗ്ലീഷ് മാത്രം വശമുള്ള താൻ ആഷ്‌ ബൂഷ് നാടൻ സായിപ്പന്മാരുടെയും മദാമ്മമാരുടെയും നടുവിൽ ഗ്രൂപ്പ് ഡിസ്കഷൻ റൗണ്ടിൽ ഷഡ്ജം കീറി നിൽക്കാൻ ഉള്ള പുറപ്പാടാണ്. ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് മീഡിയംത്തിലാണ് പഠിച്ചത്. ഇംഗ്ലീഷ് നന്നായി എഴുതാൻ അറിയാം. പറയുമ്പോൾ ആക്‌സെന്റ് ശരിയാകുമോ, വിക്കി പോകുമോ, ഗ്രാമർ തെറ്റുകൾ കടന്നു കൂടുമോ എന്നൊക്കെയുള്ള ആശങ്ക ആയിരുന്നു സുരേഷിനെ അലട്ടിയിരുന്നത്.സമയം രാവിലെ ഒമ്പതര മണി.കോട്ടും സൂട്ടും അണിഞ്ഞ് കോളേജിലെ ഒരു പ്രൊഫസറും ഗ്രൂപ്പ് ഡിസ്കഷനിലെ മിനിട്സ് എഴുതിയെടുക്കാൻ ഒരു രണ്ടാംവർഷ വിദ്യാർത്ഥിയും മുറിയിലേക്ക് കടന്നുവന്നു. തനി സായിപ്പിൻറെ സ്വാധീനത്തിലാണ് ആ മുറിയിൽ ഉള്ള എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നത്. ഒരു സ്റ്റൈലൻ ഗുഡ്മോർണിംഗോടെ അപേക്ഷകരെ അഭിവാദ്യം ചെയ്ത് പ്രൊഫസർ തുടങ്ങി. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ അദ്ദേഹം തുടർന്നു. “ഇന്ത്യ ആസ് ആൻ ഇക്കോണമി ഫെയ്സസ് വാട്ട്‌ ഓൾ പ്രോബ്ലംസ്? ദിസ്‌ ഈസ്‌ ഗോയിങ് ടു ബി അവർ സബ്ജക്ട് മാറ്റർ ഓഫ് ഡിസ്കഷൻ റ്റുഡെയ്. ഓൾ ദ ബെസ്റ്റ് എവരി വൺ.” (India as an economy faces what all problems? This is going to be our subject matter of discussion today. All the best everyone. )

യഥാർത്ഥ വാദപ്രതിവാദങ്ങൾ തുടങ്ങുന്നതിനുമുമ്പ് എല്ലാ അപേക്ഷകരുടെയും ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം ആരായുന്ന ഒരു ചടങ്ങ് ഉണ്ട്. അത് കഴിഞ്ഞ് ഡിസ്കഷൻ തുടങ്ങും. ആദ്യത്തെ റൗണ്ടിൽ തന്നെ മറ്റ് വിദ്യാർത്ഥികളുടെ സംഭാഷണം കേട്ട് സുരേഷ് നടുങ്ങിപ്പോയി. അറിയാവുന്ന മംഗ്ലീഷിൽ വിക്കിവിക്കി എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.
“ബ്ഭ ബ്ഭ ബ്ഭാ” സ്ഫടികത്തിലെ ചാക്കോ മാഷ് മകനെ കളിയാക്കി ക്ലാസ്സിന്‍റെ മുന്നിൽവെച്ച് തൊലി ഉരിക്കുന്നത് പോലെ പ്രൊഫസറും മിനിറ്റ്സ് എഴുതിയെടുത്ത വിദ്യാർത്ഥിയും തന്നെ നോക്കി പുഞ്ചിരിച്ചുവോ? ജാള്യതയോടെ സുരേഷ് ഓർത്തു. അതോ തനിക്ക് തോന്നിയതോ?

തൻറെ കൈവശമിരുന്ന നോട്ട് ബുക്ക് പെട്ടെന്ന് ഒന്ന് മറിച്ചപ്പോൾ അതാ നിൽക്കുന്നു സാക്ഷാൽ തേവള്ളി പറമ്പിൽ ജോസഫ് അലക്സ്.’The King’ ലെ മമ്മൂട്ടിയുടെ കവർചിത്രം.ആശയങ്ങൾക്കും വാക്കുകൾക്കും വേണ്ടി പരതി നിന്ന സുരേഷിന്റെ മനസ്സിൽ ഒരായിരം ഇംഗ്ലീഷ് ലഡുകൾ പൊട്ടി. ത്രസിപ്പിക്കുന്ന ഡയലോഗുകളിലൂടെ ഇന്ത്യ എന്ന രാജ്യത്തിൻറെ യഥാർത്ഥ പ്രശ്നങ്ങൾ നായികയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന നമ്മുടെ മമ്മൂക്ക കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം!!

കൂടെയുണ്ടായിരുന്ന നാടൻ സായിപ്പു കുഞ്ഞു പറഞ്ഞു. “ഐ.പി.എൽ. ലും മറ്റും എന്ത് മാത്രം അഴിമതിയാണ് നടക്കുന്നത് അതൊക്കെ നമുക്ക് ഇന്ത്യയുടെ പ്രശ്നങ്ങളായി കരുതാവുന്നതാണ്.” എന്ന്. ഒരു ഈറ്റപ്പുലിയുടെ വീര്യത്തോടെ സുരേഷ് ചാടിവീണു. “Excuse me, The India you learnt from books is not the real India. The India of the poor and the prostitutes. The India of the lepers and scavengers. The India which belongs to mothers who sell their uterus for money to feed their kids at least once a day”.സകല രോമങ്ങളും എഴുന്നേറ്റുനിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ അന്തംവിട്ടു നിൽക്കുകയാണ് നമ്മുടെ പ്രൊഫസറും മിനിറ്റ്സ് എഴുതിയെടുക്കുന്ന വിദ്യാർത്ഥിയും. ഐ.പി.എൽ ലെ അഴിമതി ആണ് ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം എന്ന് പറഞ്ഞ സഹ വിദ്യാർത്ഥിയോട് സിനിമാസ്റ്റൈലിൽ വെട്ടിത്തിരിഞ്ഞ് സുരേഷ് ആക്രോശിച്ചു. “This is the real India. Not the India where cricket fanatics commit suicide when we lose a match.”കയ്യടികളാൽ അന്തരീക്ഷം ശബ്ദമുഖരിതമായി. പ്രൊഫസർ അന്നേരം തന്നെ എഴുന്നേറ്റു വന്ന് സുരേഷിന് ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് പറഞ്ഞു. “You really have set the stage on fire, young man you will lead this poor nation one day”.

അങ്ങനെ ഗ്രൂപ്പ് ഡിസ്കഷന് തിരശീലവീണു. G.D യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് തനിക്കാണെന്നും അഡ്മിഷൻ കിട്ടി എന്നും സുരേഷ് പിന്നീടറിഞ്ഞു. സന്തോഷത്തോടെ നാട്ടിലേക്ക് വണ്ടി കയറി. മടിവാലാ ബസ് സ്റ്റേഷനിൽ നിന്നു ബസ്സ് പുറപ്പെടാറായപ്പോൾ ഓടിക്കിതച്ച് അതാ വരുന്നു ഗ്രൂപ്പ് ഡിസ്കഷനിൽ ഒപ്പമുണ്ടായിരുന്ന ഒരു സഹ അപേക്ഷകൻ. ഒരു കള്ളച്ചിരിയോടെ സുരേഷിന് ഷേക്ക്ഹാൻഡ് കൊടുത്തിട്ട് അദ്ദേഹം പച്ച മലയാളത്തിൽ ചോദിച്ചു. “The King “ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടടാ കൊയിലാണ്ടിക്കാരാ? ഏതായാലും അതിലെ ഡയലോഗുകൾ തർജ്ജമ ചെയ്തിട്ടാണെങ്കിലും നീ കാര്യം നേടിയെടുത്തല്ലോ? ആ കന്നടക്കാരൻ പ്രൊഫസർ പറഞ്ഞതുപോലെ ഒരു ദിവസം ഈ രാജ്യത്തെ നീ നയിക്കും എന്ന് എനിക്കും ഉറപ്പുണ്ട്.”

മേരി ജോസി മലയിൽ

FACEBOOK - COMMENTS

WEBSITE - COMMENTS

5 COMMENTS

  1. കൊയിലാണ്ടിക്കാരൻ മാത്രമല്ല, എഴുത്തുകാരിയും കലക്കി. അനുമോദനങ്ങൾ

  2. ശരിക്കും അപാരത തന്നെ.
    സംശയമില്ല. എഴുത്തുകാരിക്ക് ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാക്കാത്തോട് പാലം നവീകരിക്കുന്നു.

കോട്ടയ്ക്കൽ:ആര്യവൈദ്യശാലയ്ക്കു സമീപത്തെ കാക്കാത്തോട് പാലം വീതി കൂട്ടി നവീകരിക്കാൻ ഭരണാനുമതി ലഭിച്ചു. 5 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം പുതുക്കിപ്പണിയുന്നത്. വർഷങ്ങളുടെ പഴക്കമുള്ള പാലത്തിൽ നിർമിച്ചതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കൈവരികൾക്കും തൂണിനുമെല്ലാം...

അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല

കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം, വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ്...

കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന്

പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36...

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ

പ്രശസ്ത കാർട്ടൂണിസ്റ്റും സംവിധായകനുമായ ചേർത്തല ഹാരീസ് വരച്ച കാർട്ടൂൺ
WP2Social Auto Publish Powered By : XYZScripts.com
error: