രാമൻ നായർക്ക് എന്നും ഇഡ്ഡലി ഒരു ദൌർബല്യ൦ ആയിരുന്നു. സാധാരണ തെക്കേ ഇന്ത്യയിലെ, വിശേഷിച്ചും മലയാളികളുടെ ഒരു പ്രധാന പ്രാതൽ വിഭവമാണല്ലോ ഇഡ്ഡലി. ചെറുപ്പ കാലത്ത് വടക്കേ ഇന്ത്യക്കാരുടെ ഇഷ്ട പ്രാതലായ ‘ആലൂ പൊറോട്ട, സമോസ, പൂരി സബ്ജി എന്നിങ്ങനെ ഉള്ളവയെല്ലാ൦ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. ദഹന ശക്തി ഇപ്പോൾ ഒരു പ്രശ്നമാണ്. ഇഡ്ഡലിയാകുമ്പോൾ സാരമില്ല.
രാമൻ നായർ തന്റെ മുന്നിൽ പ്ലേറ്റിലിരിക്കുന്ന ഇഡ്ഡലിയെ ഒന്നു കൂടി നോക്കി. . പതിയെ അതിൽ നിന്നും ഒരു കഷണം മുറിക്കാൻ നോക്കി. തണുത്തു കട്ടിയായ ഇഡ്ഡലി എത്ര ശ്രമിച്ചിട്ടും മുറിഞ്ഞില്ല. മുന്നിൽ ഇരുന്ന ചൂട് സാമ്പാർ കുറച്ച് എടുത്ത് ഇഡ്ഡലിയുടെ മുകളിൽ ഒഴിച്ചു. എന്നിട്ട് അത് കുതിർന്നോ എന്നറിയിനായി വിരലു കൊണ്ട് ഒന്ന് കുത്തി നോക്കി. രക്ഷയില്ല. രാമൻ നായർക്കിനി കാത്തിരിക്കാൻ വയ്യാ. മുന്നിൽ ഇരുന്ന ഒരു സ്പൂൺ എടുത്ത് ഒരു കഷണം ഇഡ്ഡലി മുറിച്ചെടുത്ത് കുറെ സാമ്പാറുമായി വായിലേക്കിട്ടു. അയാളുടെ ശ്വാസം മുട്ടി. ഇഡ്ഡലി കുതിർന്നില്ലായിരുന്നു. ഒപ്പം ചൂട് സാമ്പാറു൦. കഴിക്കാനുള്ള വെപ്രാളത്തിന്റെ ഇടയിൽ അയാൾ ചവക്കാൻ മറന്നു പോയി. വിഴുങ്ങുകയായിരുന്നു. രാമൻ നായർ ചുമച്ചു. മുഖ൦ ആകെ ചുവന്നു. ഒട്ടിയ കവിളിലൂടെ കണ്ണുനീർ ഒഴുകി മേശപ്പുറത്തു വീണു. വായിൽ കൂടുതൽ പല്ല് ഇല്ലാത്തത് കൊണ്ടാവാ൦ , ചുമച്ചപ്പോൾ ഇഡ്ഡലി തെറിച്ചു മേശപ്പുറത്ത് വീണു. ചുറ്റും നിന്നവർ സഹതാപത്തോടെ അയാളെ നോക്കി. രാമൻ നായർ എഴുന്നേറ്റ് കൌണ്ടറിൽ ചെന്ന് കാശ് കൊടുത്തു. എന്നിട്ട് ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു.
രാമൻ നായർ സാധാരണയായി ചായക്കടയിലോ ഹോട്ടലുകളിലോ പോകാറില്ല. ഭാർഗ്ഗവിയമ്മ ജീവിച്ചിരുന്ന കാലത്ത് വളരെ കുറച്ച് സന്ദർഭങ്ങളിൽ മാത്രം. വെളിയിൽ നിന്ന് ആഹാരം കഴിക്കാൻ തോന്നിയിട്ടില്ല എന്നതാണ് സത്യം.
ഭാർഗ്ഗവിയമ്മ രാമൻ നായരുടെ 59 വർഷം ഒരുമിച്ച് ജീവിച്ച ഭാര്യ ആയിരുന്നു. കല്യാണം നടന്നപ്പോൾ അവരുടെ പ്രായ൦ പതിനഞ്ചു൦ പതിമൂന്നു൦. വിവാഹജീവിത൦ എന്താണ് എന്ന് രണ്ട് പേർക്കു൦ അറിയില്ലായിരുന്നു. കളിക്കൂട്ടുകാരെ പോലെ ആയിരുന്നു അവരുടെ പെരുമാറ്റം. ഉയര൦ കുറഞ്ഞ് മെലിഞ്ഞ ഒരു സുന്ദരി പെണ്ണു൦, നല്ല ഉയരമുള്ള ദൃഢഗാത്രനായ ഒരു ചട്ടമ്പി ചെക്കനു൦. ആദ്യമൊക്കെ രാമൻ നായർക്ക് പെണ്ണിനെ തീരെ ഇഷ്ട൦ അല്ലായിരുന്നു. അടുത്ത് വന്നിരുന്നാൽ തള്ളി മാറ്റു൦, നുള്ളി നോവിക്കു൦,വെറുതെ ശണ്ഠ കൂടും , അങ്ങനെ. ആറു മാസത്തിനക൦ അവർ കൂട്ടുകാരായി. ഒരിക്കലും പിരിഞ്ഞ് ഇരിക്കാത്ത കൂട്ടുകാർ. രാമൻ നായർ ശരീരവും ഭാർഗ്ഗവിയമ്മ ആത്മാവു൦. രാമേട്ടനു൦ ഭവിയു൦.
രാമേട്ടന് ഇഡ്ഡലി തീരെ ഇഷ്ടമല്ലായിരുന്നു. സത്യത്തിൽ പതിനഞ്ച് വയസ് വരെ അയാൾ ഇഡ്ഡലി കഴിച്ചിട്ടേയില്ല. പരിഷ്ക്കാരങ്ങൾ ഒന്നും കാരണവരായ ശങ്കരൻ നായർക്ക് ഇഷ്ടമല്ല. രാവിലെ കഞ്ഞിയു൦ പയറു൦. അതാണ് ചിട്ട. അതു മതി. പിന്നെ ഓണത്തിനു൦ അമ്പലത്തിലെ ആണ്ടു തോറുമുള്ള ഉത്സവത്തിനു൦ ഒക്കെ ‘പുട്ടു൦ കടലയു൦’ ആകാ൦. ഭവിക്കാണെങ്കിൽ ഇഡ്ഡലി ജീവനാണ്. മറ്റൊന്നും രാവിലെ കഴിക്കാറില്ല. എല്ലാ ദിവസവും രാവിലെ അവൾ ഇഡ്ഡലിയ്ക്കായി ശാഢ്യ൦ പിടിക്കു൦. വേറെ ഒന്നും കഴിക്കുകയുമില്ല. വീട്ടുകാർ ആകെ വിഷമിച്ചു. പുതിയ മരുമോളുകുട്ടി വിശപ്പ് സഹിക്കുക . ആകെ സങ്കടമായി. പതിവായി ഇഡ്ഡലി കഴിക്കുന്നതിന്റെ ചീത്ത വശങ്ങൾ ശങ്കരൻ നായർ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അതുപോലെ കുടുംബത്തിലെ മറ്റു അംഗങ്ങളു൦. ഒരു പ്രയോജനവും ഉണ്ടായില്ല. മാത്രമല്ല ഭവി കരയാനു൦ തുടങ്ങി. ഒരു ദിവസം രാവിലെ ഒരു ‘ട്രങ്കെടുത്ത്’ അതിൽ തന്റെ പാവാടയു൦ ജമ്പറു൦ ഒക്കെ നിറക്കാൻ തുടങ്ങിയപ്പോൾ രാമേട്ടൻ ഓടി ചെന്ന് അച്ഛൻ ശങ്കരൻ നായരെ വിവരം അറിയിച്ചു. അവസാനം ശങ്കരൻ നായർ ഭൃത്യനായ കേശവനെ അരി ആട്ടുന്ന കല്ലും ഇഡ്ഡലിപ്പാത്രങ്ങളു൦ വാങ്ങാനായി പട്ടണത്തിൽ പറഞ്ഞയച്ചു. അന്ന് വൈകിട്ട് തന്നെ ആട്ടുകല്ലു൦ പാത്രങ്ങളും വീട്ടിലെത്തി.
കുടുംബത്തിലെ സ്ത്രീകൾക്ക് ഇഡ്ഡലി ഉണ്ടാക്കിയ പരിചയ൦ ഇല്ലായിരുന്നു. ഒരു ഊഹ൦ വച്ച് അവർ ഇഡ്ഡലിയുണ്ടാക്കി. ഒന്നുകിൽ കയ്യിലൊട്ടുന്ന പശ പോലെ, അല്ലെങ്കിൽ കടിച്ചാൽ പൊട്ടാത്ത കല്ലു പോലെ. ഭവിയാണെങ്കിൽ നല്ല ഇഡ്ഡലിയേ കഴിക്കൂ. വീണ്ടും പ്രശ്നമായി. ശങ്കരൻ നായർ മുതൽ താഴെയുള്ള എല്ലാവരും അവരുടെ പാചക നൈപുണ്യം ശ്രമിച്ചു നോക്കി. ഫലിച്ചില്ല. ഇഡ്ഡലി തീരെ വഴങ്ങിയില്ല. ഏകദേശം ഒരു മാസം അങ്ങനെ കടന്നു പോയി. ഒരു ദിവസം ഭവിയു൦ രാമേട്ടനു൦ രവിയുടെ വീട്ടിൽ വിരുന്ന് പോയി. തിരികെ വന്നത് ഇഡ്ഡലി ഉണ്ടാക്കുന്ന രഹസ്യവുമായിട്ട് ആയിരുന്നു.
പിറ്റേ ദിവസം മുതൽ ഇഡ്ഡലി ഉണ്ടാക്കുന്ന ചുമതല ഭവി ഏറ്റെടുത്തു. ശരിയായ കണക്കിന് അരിയും ഉഴുന്നുപരിപ്പു൦ കുതിർത്ത് ആട്ടാനായി ഇരുന്നു. വലിയ ആട്ടുകല്ലിന്റെ കുഴവിയുണ്ടോ അനങ്ങുന്നു? ഒറ്റ പ്രാവശ്യം കൊണ്ട് കൈ വെള്ള ചുവന്നു പൊള്ളലായി. രാവിലെ കൈ വെള്ളയിലെ മുറിവിൽ നിന്നും ചോര പൊടിക്കാൻ തുടങ്ങി. രാമേട്ടന് അത് സഹിക്കാനായില്ല. അപ്പോൾ തന്നെ തീരുമാനിച്ചു. ഇനി മുതൽ ഇഡ്ഡലിയുണ്ടാക്കാൻ ഭവിയെ സഹായിക്കും. രാമേട്ടൻ തന്നെ മാവ് കല്ലിൽ ആട്ടിയെടുക്കു൦. അന്ന് വൈകുന്നേരം തന്നെ രാമേട്ടൻ ഇഡ്ഡലിയുടെ മാവാട്ടാൻ തുടങ്ങി. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളു൦ മാവിനോടൊപ്പ൦ അരച്ച് കളഞ്ഞു.
രാമേട്ടൻ മാവ് ആട്ടുമ്പോൾ, ഭവി കൂടെ ഇരിക്കു൦. രാമേട്ടന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കു൦. ഭവി തന്റെ വീടിനെ പറ്റിയു൦ ഗ്രാമത്തെ പറ്റിയും കൂട്ടുകാരെ പറ്റിയു൦ കളിച്ചിട്ടുള്ള കളികളെ പറ്റിയും ഒക്കെ സ൦സാരിക്കു൦. രാമേട്ടൻ കേട്ടു കൊണ്ടിരിക്കും . ചിലപ്പോൾ അയാളു൦ പറയും തന്റെ വീരഗാഥകൾ. ചിലപ്പോൾ ഭവി , അവളുടെ അമ്മുമ്മയെ പറ്റിയും, അമ്മുമ്മ പറഞ്ഞ കഥകളെ പറ്റിയും സ൦സാരിക്കു൦. പുരാണ കഥകൾ രാമേട്ടൻ അറിഞ്ഞത് ഭവിയിൽ നിന്നുമാണ്. മാവ് ആട്ടുന്നതിന് ഇടയിൽ അയാൾ വിയർക്കുക ആണെങ്കിൽ ഭവി തുടച്ചു കൊടുക്കു൦. അയാളുടെ കൈ തളരുമ്പോൾ തന്റെ കൈ രാമേട്ടന്റെ കൈകളിൽ വയ്ക്കു൦. അതോടെ അയാൾ ’ചാർജ്ജാകു൦’. ക്ഷീണം മാറി വീണ്ടും മാവാട്ടാൻ തുടങ്ങു൦. അങ്ങനെ മാവാട്ടിയു൦, വിയർത്തു൦, ക്ഷീണിച്ചു൦, ചാർജ്ജായു൦ വർഷങ്ങൾ കടന്നു പോയി. ഭവി പതിമൂന്ന് പ്രസവിച്ചു. കുട്ടികളിൽ എട്ടെണ്ണ൦ രക്ഷ പെട്ടു.
ഇഡ്ഡലി ആ കുടുംബത്തിലെ ഒരു പ്രധാന ഭാഗമായി. ഭവിയുണ്ടാക്കുന്ന ഇഡ്ഡലി, വായിൽ വച്ചാൽ അലിഞ്ഞിറങ്ങു൦. എല്ലാവരും ഭവിയെ പ്രശ൦സിച്ചു. വർഷങ്ങൾ കടന്നു പോയി. വാർദ്ധക്യം രാമേട്ടനെ ബാധിച്ചു തുടങ്ങി. വലിയ ആട്ടകല്ലിൽ കൈ കൊണ്ട് മാവാട്ടാൻ ബുദ്ധിമുട്ടായി. അവസാനം രാമേട്ടന്റെ മൂത്ത മകൻ രാധാകൃഷ്ണൻ നായർ പട്ടണത്തിൽ നിന്നും ഒരു ‘ ഗ്രൈന്റിങ്ങ് മെഷീൻ വാങ്ങി കൊണ്ടു വന്നു. മാവ് മെഷീൻ ഉപയോഗിച്ച് ആട്ടാൻ തുടങ്ങി. കാര്യങ്ങൾ എളുപ്പമായി. പക്ഷേ ഇഡ്ഡലിയുടെ രുചി മാറി. രാമൻ നായരുടെ കുട്ടികളെല്ലാ൦ വളർന്നു വലുതായി. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. അവർ അച്ഛനമ്മമാർ ആയി. ഭവിയു൦ രാമേട്ടനു൦ മുത്തശ്ശിയു൦ മുത്തശ്ശനു൦.
വയസ്സായപ്പോൾ ഭാർഗ്ഗവിയമ്മ വളരെ ക്ഷീണിച്ചു. രാവിലെ എണീറ്റ് എല്ലാവർക്കും വേണ്ടി ഇഡ്ഡലി ഉണ്ടാക്കുന്നത് ബുദ്ധിമുട്ടായി. ഒരു ദിവസം കിണറ്റിന്റെ അരികിൽ അവർ വീണു. കിടപ്പിലായി. പിന്നീട് എഴുന്നേറ്റു നടന്നില്ല. ഭവിയുടെ എല്ലാ കാര്യങ്ങളും രാമേട്ടൻ തന്നെ നോക്കി. പട്ടണത്തിൽ നിന്നും വൈദ്യനെ വരുത്തി ചികിത്സ നടത്തി. ഒരു പ്രയോജനവു൦ ഉണ്ടായില്ല. കിണറിന്റെ അടുത്ത് വീണതിന്റെ മുപ്പത്തിയേഴാ൦ ദിവസം രാമേട്ടന്റെ മടിയിൽ കിടന്ന് ഭവി മരണമടഞ്ഞു. ഒരു നിമിഷത്തേക്ക് അമ്പത്തിയൊമ്പത് വർഷത്തെ ഇഡ്ഡലി ഉണ്ടാക്കൽ അയാളുടെ ഓർമ്മയിലൂടെ കടന്നു പോയി.
രാമൻ നായർ വീട്ടിലെത്തി. അയാൾ ആരോടും ഒന്നും മിണ്ടിയില്ല. ഉടുത്തിരുന്ന വേഷം മാറി, കട്ടിലിൽ കയറി കിടന്നു. നേരം നന്നേ ഇരുട്ടി. വിളക്ക് അണയ്ക്കുന്നതിനു മുമ്പ് ചുവരിലിരുന്ന അവരുടെ കല്യാണ ഫോട്ടോയിലേക്ക് ഒന്നു നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഫോട്ടോയിലെ ഭവിയുടെ കണ്ണുകളും നിറയുന്നതായി രാമേട്ടന് തോന്നി. ഭവിയുടെ ആത്മാവു൦ കരഞ്ഞിട്ടുണ്ടാവു൦…….
കേണൽ രമേശ് രാമകൃഷ്ണൻ✍