കോൺഫറൻസ് ഹാളിലേക്ക് ഏഴു മിനിറ്റ് വൈകിയെത്തിയ ചെന്നൈ റീജിണൽ മാനേജരെ എം.ഡി. എം.കെ. മേനോൻ നിർത്തി പൊരിച്ചു. തന്നെക്കാൾ പ്രായം കുറഞ്ഞവരുടെ മുന്നിൽ വെച്ചുള്ള ചീത്ത വിളി അസഹനീയമാണെങ്കിലും സഹിച്ചേ പറ്റു. ഇനിയും ആരെങ്കിലും വൈകി വരുമെന്നും അപ്പോൾ ഈ വിഷമം മാറികിട്ടുമെന്നും സ്വയം സമാധാനിച്ചു. അങ്ങിനെ തന്നെയാണ് സംഭവിച്ചത്…..തിളച്ച എണ്ണയിൽ വെള്ളം വീണത് പോലെയോ, മാലപ്പടക്കം പൊട്ടുന്നത് പോലെയോ ഇടയ്ക്കിടയ്ക്ക് എം.കെ. മേനോൻ പൊട്ടിത്തെറിച്ചു. ഒടുവിൽ എന്നത്തേയും പോലെ യൂറോപ്പ്യൻ രാജ്യങ്ങളിലെ രീതികൾ വിശദികരിച്ചു. സമയത്തിന് പ്രാധാന്യം നൽകുന്ന ജാപ്പനീസിനെ കുറിച്ച് പറഞ്ഞു. അപ്പോൾ അയ്യപുരം രാമനാഥൻ ഒരു സംശയം ചോദിച്ചു.
ഇന്ത്യൻ ചുറ്റുപാടിൽ നമുക്ക് പല കാരണങ്ങളാൽ സമയം പാലിക്കാൻ പറ്റുമോ സാർ……റോഡ് കണ്ടിഷൻ, ട്രാഫിക്, പൂവർ ട്രാൻസ്പോർട്ടെഷൻ …..
അപ്പോൾ എം.ഡി ഒന്ന് രൂക്ഷമായി രാമനാഥനെ നോക്കി….. എന്തെങ്കിലും പറയുന്നതിന് മുമ്പാണ് ചായ മുന്നിലെത്തിയത്. ഒരു ശുദ്ധനായ മലയാളിയായി, കോൺഫറൻസ് ഹാളിൻറെ എല്ലാ മൂലയിലും എത്തുന്ന ശബ്ദത്തോടെ ചായ വലിച്ചു കുടിച്ചു….. കൊറിച്ചു കൊണ്ടിരിക്കുമ്പോൾ താഴെ വീണ ഒരു കശുവണ്ടി പരിപ്പ് കുനിഞ്ഞെടുത്ത്, ഒന്ന് ഊതി പൊടി കളഞ്ഞെന്ന് വരുത്തി തൊണ്ടയിലേക്ക് എറിഞ്ഞു.
എല്ലാവരുടെയും ഉള്ളിൽ ഒരു ചിരി പൊട്ടിയെങ്കിലും പുറത്തു് കാണിച്ചില്ല. ചിലർ രാമനാഥനെ ആദരവോടെ നോക്കി. മുമ്പും രാമനാഥൻ എം.ഡിക്കു മുന്നിൽ പിടിച്ചു നിന്നിട്ടുണ്ട്. ഒരിക്കൽ രാമനാഥനുമായി സംസാരിക്കുന്നതിനിടെ രക്ത സമ്മർദ്ദത്തിന്റെ ആധിക്യത്തിൽ പൊട്ടിത്തെറിച്ചു കൊണ്ട് എം.ഡി മേശയിൽ മുഷ്ടി ചുരുട്ടി ഇടിച്ചുവത്രെ. മേശപ്പുറത്തെ ഗ്ലാസ് ഇടിയുടെ ആഘാതത്തിൽ ചിന്നി……ഒരു നിമിഷം തൻ്റെ ചെയ്തി മോശമായി പോയി എന്ന തോന്നലുണ്ടായെങ്കിലും അത് മറച്ചു് വെച്ചുകൊണ്ട് രാമനാഥനോട് ചാടി….
യൂ ഷുഡ് ഹാവ് ഇൻഫോംഡ് മി ദാറ്റ് ദേർ ഈസ് എ ഗ്ലാസ് കെപ്‌റ്റ് ഇൻ യുവർ ടേബിൾ ….
രാമനാഥൻ കൈ മലർത്തിക്കൊണ്ട് അതെ താളത്തിൽ പ്രതികരിച്ചു….ബട്ട് ഹൗ കാൻ ഐ നോ ദാറ്റ് യൂ ആർ ഗോയിങ്ങ് ടു ബീറ്റ് ഓൺ ദി ടേബിൾ…
തൻ്റെ ചായ കുടി കഴിഞ്ഞ ശേഷം വീണ്ടും അജണ്ടയിലേക്ക് കടക്കുമ്പോഴാണ് സെക്രട്ടറി എം.ഡിയുടെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞത്. അപ്പോൾ തന്നെ സൈലന്റാക്കി വെച്ചിരിക്കുന്ന തൻ്റെ ഫോൺ നോക്കി ….ഒരു പാട് മിസ് കാളുകൾ…. ഉടനെ ആരെയോ തിരിച്ചു വിളിച്ചു. രണ്ട് നിമിഷത്തോളം സംസാരിച്ചു….
ശേഷം, ഒരു നിമിഷം മൗനമായിരുന്നു. പിന്നെ വൈസ് പ്രസിഡന്റിന്റെ ചെവിയിൽ എന്തോ മന്ത്രിച്ച ശേഷം എം.ഡി എഴുന്നേറ്റു. സോറി, ഐ ഹാവ് ആൻ അർജെന്റ് ഇഷ്യൂ. ഐ വിൽ ജോയിൻ ലേറ്റർ….
എം.ഡി പുറത്തേക്ക് കടന്നപ്പോൾ വാർത്ത പരന്നു. എം.ഡി യുടെ അച്ഛൻ മരിച്ചിരിക്കുന്നു. എല്ലാ മാസ്സവും പതിവുള്ള ജനറൽ ചെക്ക് അപ്പിനായി കാലത്തു് പോയതാണത്രേ. മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറുടെ മുന്നിലിരുന്നാണ് എന്തോ തമാശയും പറഞ്ഞ് ചിരിച്ചു കൊണ്ട് മരിച്ചത്. കേട്ടവർ കേട്ടവർ ഭാഗ്യമരണം എന്ന് പ്രതികരിച്ചു. കൂടുതൽ പ്രതികരണം കേൾക്കാതെ വൈസ് പ്രസിഡന്റ് മീറ്റിംഗ് തുടർന്നപ്പോൾ നിർഭാഗ്യവാൻമാർ നിശ്ശബ്ദരായിരുന്നു.
എം.ഡി തൻ്റെ ക്യാബിനിൽ കയറി കമ്പ്യൂട്ടറിൽ മെയിൽ ഒക്കെ നോക്കിയ ശേഷം ലൈറ്റും എ.സിയും ഓഫ് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് ഫാക്ടറി തൊഴിലാളികൾ വരാന്തയുടെ അറ്റത്ത് ശോക ഭാവമേന്തി നിരന്നു നിൽക്കുന്നത് കണ്ടത്……ഒന്ന് തിരിഞ്ഞു നടന്ന് സെക്രട്ടറിയോട് ചാടി….എന്തെങ്കിലും കേട്ടാൽ ഉടനെ ചെണ്ട കൊട്ടി അറിയിച്ചേക്കണം….നാണമില്ലേടോ….
സെക്രെട്ടറിക്ക് ഒന്നും മനസ്സിലായില്ല…..വിവരം സാറിനെ അറിയിച്ചതിനാണോ ഇത് കേൾക്കേണ്ടി വന്നത്…ആയിരിക്കും. എന്നും അങ്ങനെയാണല്ലോ…ഐ ആം പെയ്ഡ് ഫോർ ഇറ്റ് ….. സെക്രട്ടറി സ്വയം ആശ്വസിച്ചു….
നിരന്നു നിൽക്കുന്ന തൊഴിലാളികളുടെ മുന്നിലേക്ക് വേഗത്തിൽ നടന്ന് ചെന്ന ശേഷം എം.ഡി ചോദിച്ചു….
ഉം…..എന്ത് പറ്റി….ജോലിയില്ലേ…
കൂട്ടത്തിൽ തല മൂത്ത ഒരാൾ വിക്കി വിക്കി പറഞ്ഞു – സർ …..അച്ഛൻ മരിച്ചതല്ലേ…
ആരുടെ ….എന്റെയോ….തന്റെയോ
സാറിന്റെ …
പോയി പണിയെടുക്കേടോ…..എം.ഡി. അലറി. ആ അലർച്ച കേട്ടപ്പോൾ സെക്രെട്ടറിക്ക് തന്നോട് ചാടിയതിന്റെ കാര്യം ബോധ്യമായി.
എല്ലാ തൊഴിലാളികളും തിരിച്ചു ജോലിയിൽ കയറി എന്നുറപ്പ് വരുത്തിയാണ് എം.ഡി വരാന്തയിൽ നിന്നനങ്ങിയത്. കാറിൽ കയറുന്നതിന് മുമ്പേ എന്തോ ഓർത്തെന്ന പോലെ അക്കൗണ്ട്സ് മാനേജരെ കൈ കാട്ടി വിളിച്ചു. എന്തോ അടക്കം പറഞ്ഞു….. എം.ഡി.കാറിൽ കയറുന്നതിന് മുമ്പേ ഒരു കെട്ട് പണവുമായി എത്തി.
പണം വാങ്ങി ബാഗിലിട്ട് എം.ഡി കൽപ്പിച്ചു….ഇന്നത്തെ ചിലവെല്ലാം കണക്കിൽ ഉൾക്കൊള്ളിക്കണം…
കാർ മുന്നോട്ട് നീങ്ങിയപ്പോൾ ചിന്തകൾ പുറകോട്ട് പോയി. വിശാലമായ പാടവരമ്പുകളിൽ ചളി പുരണ്ട ഒറ്റമുണ്ടുടുത്ത് പശുക്കളെ മേക്കുന്ന അച്ഛൻ….മഴയെന്നോ, വെയിലെന്നോ നോക്കാതെ ജീവിതത്തിന്റെ വലിയൊരു സമയം മിണ്ടാപ്രാണികൾക്കൊപ്പം ജീവിച്ചു തീർത്തയാൾ. ഇരുപത്തൊന്നാം വയസ്സിൽ ഒരു പശുവിനെ വിറ്റു കിട്ടിയ പൈസയുമായാണ് തൻ്റെ ബോംബെ യാത്ര. അച്ഛൻ ജീവിതത്തിന്റെ ഓരോ നിമിഷവും രസകരമായി എടുത്തു. താൻ എല്ലാം ഗൗരവമായി എടുത്തു….. അത് കൊണ്ടാണ് ബോംബെയിലെ ചെറിയ ജോലിയിൽ തുടങ്ങി ഇന്നത്തെ വലിയ ബിസിനസ്സ് ശൃംഖലയുടെ അധിപനായത്.
ചടങ്ങുകൾ കഴിഞ്ഞു. എല്ലാ സഹോദരങ്ങളെയും പോലെ ദുഃഖമാചരിക്കാനിരിക്കാതെ കർമ്മ നിരതനായി.
വഴിയേ പതിനാറടിയന്തരവും കഴിഞ്ഞു. വീണ് കിട്ടിയ ഒരു ഇടവേളയിൽ അക്കൗണ്ട്സ് മാനേജർ എം.ഡിയുടെ മുന്നിലെത്തി തല ചൊറിഞ്ഞു നിന്നു.
ഉം എന്ന ചോദ്യം കണ്ണടയുടെ ഇടയിലൂടെ നോക്കി എറിഞ്ഞപ്പോൾ….കണക്കൻ പറഞ്ഞു….ആ പൈസയുടെ കണക്ക് ഏത് വകയിൽ കൊള്ളിക്കണം….
എം.ഡി കസ്സേരയിൽ ഒന്ന് നിവർന്നിരുന്നു…..നിങ്ങൾക്കറിഞ്ഞു കൂടെ…യൂ ആർ വെൽ എക്സ്പീരിയൻസ്ഡ്…
സർ…ഇത്തരത്തിൽ ഒരു അനുഭവ ജ്ഞ്യാനമില്ല. ആദ്യമായാണ് ….
ഒന്ന് ഗഹനമായി ആലോചിച്ച ശേഷം എം.ഡി പറഞ്ഞു….വൈ ഡോണ്ട് യൂ പുട്ട് ഇറ്റ് ഇൻ പാക്കിങ്ങ് ആൻഡ് ഫോർവേഡിങ് …..
ബോധി വൃക്ഷ തണലിൽ ഇരുന്ന സിദ്ധാർത്ഥന് ഉണ്ടായ പരിവർത്തനം അക്കൗണ്ട്സ് മാനേജർക്കും കൈ വന്നു….
പരമമായ സത്യം…..മരണ ശേഷം അങ്ങിനെ തന്നെയല്ലേ.
സർ എപ്പോഴെങ്കിലും ഗയയിൽ പോയിട്ടുണ്ടോ എന്ന് ചോദിക്കണമെന്ന് തോന്നി. വെറുതെ ചീത്ത വിളി കേൾക്കേണ്ട എന്ന വിചാരത്തിൽ മൗനിയായി പുറത്തിറങ്ങി.
വി.കെ.അശോകൻ✍
സാകേതം
കൊച്ചി
നല്ല കഥ
നന്ദി… സന്തോഷം
കഥ വളരെ ചെറുതായിപ്പോയില്ലേ എന്ന ഒരു സംശയം ……….
ഒക്കെ …… നല്ല ആശയം ………
പോരെട്ടെ ഇനിയും ……….
നന്ദി…. സന്തോഷം….. അഭിപ്രായം മാനിക്കുന്നു