17.1 C
New York
Monday, August 15, 2022
Home Literature ഒരു‌ സ്ഥാന൦ ഒഴിയൽ.(കഥ)

ഒരു‌ സ്ഥാന൦ ഒഴിയൽ.(കഥ)

കേണൽ രമേശ് രാമകൃഷ്ണൻ✍

“ഞാനെന്റ സ്ഥാനം ഒഴിഞ്ഞതല്ല. അവർ ഒഴിപ്പിച്ചതാണ് . എന്റെ സ്ഥാനം വളരെ വലുതൊന്നുമല്ലായിരുന്നു. അടുക്കളയിലെ ഒരു മൂലയിൽ പഴയ ഒരു ചെരവയോടൊപ്പ൦. ഞാനൊരു പഴയ വെട്ടുകത്തിയാണ്. ചിലരെന്നെ കത്താളെന്നു൦ വിളിക്കു൦.”

“ പണ്ട്, അതായത് ഒരു പത്തമ്പത് വർഷങ്ങൾക്ക് മുമ്പാണ് ഗോവിന്ദൻ മാഷ് അന്ന് ജീവിച്ചിരുന്ന വേലു മേശിരിയെക്കൊണ്ട് എന്നെ പണിയിപ്പിച്ചത്. എത്ര രൂപ കൊടുത്തു എന്നൊന്നും എനിക്കറിയില്ല. നല്ല ഉരുക്കിൽ പണിതതു കൊണ്ട് എനിക്ക് നല്ല മൂർച്ചയാണ്. ഈട്ടിത്തടിയുടെ പിടിയും പിച്ചള ചുറ്റും ഒക്കെയായി നല്ല രസമാണ് എന്നെക്കാണാൻ.

എന്നെ ഈ വീട്ടിൽ കൊണ്ട് വരുമ്പോൾ പാർവ്വതി കുഞ്ഞിന് (എല്ലാവരും പാറു എന്നാണ് വിളിക്കുന്നത്) എട്ട് വയസ്സ് പ്രായം. ലാളിച്ചു വളർത്തിയ ഒറ്റ മകളായതു കൊണ്ട് വലിയ കൊഞ്ഞലായിരുന്നു. എന്നെ കൊണ്ട് വന്നപ്പോൾ മാഷ് എല്ലാവർക്കും താക്കീത് കൊടുത്തു.
“വലിയ മൂർച്ചയേറിയ കത്തിയാണ്. സൂക്ഷിക്കണം”. എന്നിട്ട് എന്നെ അടുക്കളയിൽ ഒരു മൂലക്ക് വച്ചു. അന്നുമുതൽ ഇന്നുവരെ അതായിരുന്നു എന്റെ സ്ഥാനം.

പാറുവിന് എന്നെ വളരെ ഇഷ്ടമായിരുന്നു. കൂടെക്കളിക്കാൻ ആരുമില്ലാത്തതു കൊണ്ടായിരിക്കു൦ എപ്പോഴും എന്തെങ്കിലും വെട്ടി മുറിച്ചു കൊണ്ടിരിക്കു൦. ആദ്യമൊക്കെ മാഷ് കത്തിയെടുക്കുന്നതിന് ശകാരിക്കുമായിരുന്നു. സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നത് കൊണ്ട് പിന്നീട് ശകാരങ്ങളൊക്കെ നിർത്തി. ഉപയോഗം കഴിഞ്ഞ് മറക്കാതെ എന്നെ എന്റെ സ്ഥാനത്ത് തിരികെ വയ്ക്കുന്ന ശീലമായിരുന്നു. ഒരു അമ്മയെ പോലെ എന്നെ സ്നേഹിച്ചിരുന്നത് കൊണ്ട് ഞാൻ പാറുവിനെ “അമ്മ” എന്ന് വിളിക്കാൻ തുടങ്ങി.

കാലം കടന്നു പോയി. അമ്മ ഋതുമതിയായി. ഇപ്പോഴും ഞാൻ ഓർക്കുന്നു അമ്മ പ്രായമറിയിച്ചപ്പോൾ ബന്ധുക്കളും മറ്റു൦ കൊണ്ടുവന്ന പലഹാര കൊട്ടകളുടെ കയർ അറുത്തത് എന്നെക്കൊണ്ടായിരുന്നു. എങ്ങനെ ആണെന്നറിയില്ല മെലിഞ്ഞിരുന്ന അമ്മ കുറച്ചു ദിവസത്തിനകം തടിച്ചു കൊഴുത്ത് ഒരു സുന്ദരിയായി. കളികളൊക്കെ നിർത്തി. ഫ്രോക്കിൽ നിന്ന്, പാവാടയിലേക്കു൦ പിന്നീട് ദാവണിയിലേക്കു൦ മാറുന്നതിന്‌ കൂടുതൽ സമയം വേണ്ടി വന്നില്ല.

അമ്മയുടെ അമ്മ, അതായത് മാഷിന്റെ ഭാര്യ സാവിത്രിയമ്മ, ഒരു നല്ല സ്ത്രീ ആയിരുന്നു. അടുക്കള ആയിരുന്നു അവരുടെ ലോകം. വീട്ടിൽ മലക്കറിയോ, മീനോ ഇറച്ചിയോ മുറിക്കാനായി എന്നെ ഉപയോഗിച്ചിട്ടില്ല. വലിയ ചേന, മത്തങ്ങ, ചക്ക എന്നിവ മുറിക്കാനായി മാത്ര൦ എന്നെ എടുക്കുമായിരുന്നു. ഒരു ദിവസം അടുത്ത വീട്ടിലെ കോയാ വന്ന് എന്നെ കട൦ ചോദിച്ചു. ഒന്നും ചോദിക്കാതെ സാവിത്രിയമ്മ എന്നെ എടുത്ത് കൊടുത്തു. അതൊരു കോഴിയുടെ കഴുത്തറുക്കാനായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒരു ജീവൻ ശരീര൦ വിട്ടു പോകുന്നത് ഞാൻ കണ്ടു. ഞാനന്ന് ഒരുപാട് കരഞ്ഞു. ഇനിയൊരിക്കലു൦ ആരുടേയും ജീവൻ എടുക്കാനായി എന്നെ ഉപയോഗിക്കരുതെ എന്ന് ഹൃദയമുരുകി‌ ഞാൻ പ്രാർത്ഥിച്ചു.

ഇതിനിടയിൽ അമ്മയെ കോളേജിൽ ചേർത്തു. കോളേജിൽ മൂന്നു വർഷം പഠിച്ച് കഴിഞ്ഞപ്പോൾ ഒരു ദിവസം അമ്മയെ പെണ്ണുകാണാനായി കുറെപ്പേർ വന്നു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഒരു പട്ടാളക്കാരൻ !. അമ്മയ്ക്ക് വളരെ ഇഷ്ടമായി. രണ്ടു മാസത്തിനകം വിവാഹം നടന്നു. കല്യാണവു൦ സദ്യയുമൊക്കെ വീട്ടിൽ വച്ചായിരുന്നു. ഗംഭീരമായ കല്യാണം. അതിലും കേമമായ സദ്യ . ഒരു നിമിഷം പോലും വിശ്രമിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ പിറ്റേന്ന് എനിക്ക് വലിയ ഒരു ആത്മ സംതൃപ്തി തോന്നി. കല്യാണം കഴിഞ്ഞ് അമ്മ പോകുമ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. എന്നോട് യാത്ര പോലു൦ ചോദിക്കാതെയാണ് അമ്മ പോയത്.

കല്യാണം കഴിഞ്ഞ് പോയതിന് ശേഷം വല്ലപ്പോഴും മാത്രമാണ് അമ്മ വീട്ടിൽ വന്നിരുന്നത്. അങ്ങ് വടക്കേ ഇന്ത്യയിലെ ഒരു സ്ഥലത്ത് ആയിരുന്നു അവർ. ഇതിനിടയിൽ അമ്മ ഗർഭിണിയായി . ഏഴാം മാസം വീട്ടിൽ പ്രസവത്തിന് വന്നു. എനിക്ക് വീണ്ടും പണിയായി. പ്രസവം വീട്ടിൽ തന്നെ ആയിരുന്നു. ഒരു തക്കിടിമോൻ. നാല് മാസ൦ കഴിഞ്ഞ് അമ്മയേയു൦ കുഞ്ഞിനേയു൦ ഭർത്താവ് വന്നു കൂട്ടി കൊണ്ട് പോയി.

പിന്നീട് രണ്ട് വർഷം കഴിഞ്ഞാണ് അവരുടെ വരവ്. ഇത്തവണയു൦ പ്രസവത്തിനായി. വീണ്ടും ആൺകുട്ടി. പക്ഷേ ഇത്തവണ പ്രസവം കഴിഞ്ഞ് അമ്മയു൦ കുഞ്ഞുങ്ങളു൦ വീട്ടിൽ തന്നെ കൂടി. വീട്ടിൽ ഇനി സ്ഥിരമായി കാണു൦ എന്ന് ആരോ പറയുന്നത് കേട്ടു.
നല്ല കുട്ടികളായിരുന്നു അമ്മയുടേത്. മിടുക്കന്മാർ. മൂത്ത മകൻ‌ അനിലിന് എട്ടു വയസ്സു൦ ഇളയ മകൻ സുനിലിന് ആറു വയസ്സു൦ പ്രായമായി.

ഒരു ദിവസം ഒരു വലിയ നിലവിളി കേട്ടു. ആൾക്കാർ ഒക്കെ ഓടിക്കൂടി. അമ്മയുടെ ഭർത്താവ് ഹവിൽദാർ സുധാകരൻ അതിർത്തിയിൽ വച്ച് ഏതോ ഓപ്പറേഷനിൽ വെടിയേറ്റ് മരിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് മൃതദേഹം കൊണ്ട് വന്നത്. ശവസംസ്കാരം സുധാകരേട്ടന്റെ വീട്ടിന്റെ അടുത്ത ശ്മശാനത്തു വച്ച് എല്ലാ‌ ബഹുമതുകളോടു൦ കുടി നടന്നു. ആയിരക്കണക്കിന് ആളുകൾ
രാഷ്ട്രത്തിനു വേണ്ടി ജീവവത്യാഗ൦ ചെയ്ത സൈനികന് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ സമയത്തെല്ലാ൦ ഒരക്ഷര൦ പോലു൦ മിണ്ടാതെ ശൂന്യതയിലേക്ക് നോക്കി അമ്മ ഇരുന്നു. പിന്നീട് ഒരിക്കലും അമ്മ ചിരിച്ചത് ഞാൻ കണ്ടിട്ടില്ല.

താമസിയാതെ അമ്മ നരയ്ക്കാൻ തുടങ്ങി.വീട്ടിൽ കുട്ടികൾക്ക് പോലും ഒരു മൂകതയായിരുന്നു. മൂന്നു വർഷം കഴിഞ്ഞ് ഒരു ദിവസം പെട്ടെന്ന് സാവിത്രിയമ്മ മരിച്ചു. ഹൃദയാഘാതമായിരുന്നു. ഭാര്യയുടെ മരണ൦ മാഷിന് താങ്ങാനായില്ല. രണ്ട് മാസം തികയുന്നതിന് മുമ്പ് ഒരു ദിവസം അമ്പലത്തിൽ തൊഴാൻ പോയതായിരുന്നു. തലചുറ്റൽ വന്ന് മാഷ് വീണു. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് മരണമടഞ്ഞു.

അമ്മ തികച്ചും ഒറ്റയ്ക്കായി. എല്ലാ ഊർജ്ജസ്വലതയു൦ നഷ്ടപ്പെട്ടു. താമസിയാതെ കുട്ടികളെ രണ്ടുപേരെയു൦ മിലിട്ടറി സ്കൂളിൽ ചേർത്തു. അവർ വെക്കേഷനു വരു൦. അമ്മയുടെ കൂടെ കുറച്ചു ദിവസം നില്ക്കു൦, തിരികെ പോകും. വീട്ടിൽ ഒരു ചിരിയുടെ ശബ്ദം കേൾക്കാനായി എന്റെ കാത് കൊതിച്ചു.

അനിലിനു൦ സുനിലിനു൦ മിലിട്ടറി സ്കൂളിൽ നിന്നു൦ NDA യിലേക്ക് സെലക്ഷൻ കിട്ടി. ട്രെയിനിങ് കഴിഞ്ഞ് അനിൽ ഓഫീസർ ആയി സുനിൽ ഇപ്പോഴും ട്രെയിനിങ്ങിലാണ്.
അമ്മ എപ്പോഴും പറയു൦. എന്റെ ചേട്ടൻ പോയി. എനിക്കിനി ആരു൦ കൂട്ട് വേണ്ട.

എന്നെയു൦ എടുത്ത് കൊണ്ട് പറമ്പിൽ ചുറ്റി നടക്കു൦. മടലോ, തടിക്കഷണങ്ങളോ എന്തെങ്കിലു൦ എടുത്തു കൊണ്ട് വരു൦. എന്നിട്ട് വെറുതെ കീറിയിടു൦. ഇപ്പോൾ എല്ലാ ദിവസവും അതൊരു ശീലമായി. എനിക്ക് സന്തോഷമായി. അമ്മയുടെ വിരൾ സ്പർഷ൦ ഒരു തലോടൽ പോലെയാണ് എനിക്ക് തോന്നുന്നത്. ഇടയ്ക്കിടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും ഒന്നെത്തി ആ കണ്ണീരൊന്നൊപ്പാൻ എന്റെ ഹൃദയ൦‌ വെമ്പി.

പത്ത് ദിവസം മുമ്പ് അനിൽ ലീവിന് വന്നു. അമ്മ അല്പം സന്തോഷിച്ചു. അടുത്ത തവണ ലീവിനു വരുമ്പോൾ കല്യാണം കഴിക്കാൻ ഒരു പെണ്ണിനെ കണ്ട് വയ്ക്കണമെന്ന് അമ്മയോട് പറഞ്ഞു.അമ്മയ്ക്ക് സന്തോഷമായി. പിറ്റേ ദിവസം തന്നെ ഒരു ബ്രോക്കറെ‌ വിളിച്ചു വരുത്തി അമ്മ ഇടപാടു൦ ചെയ്തു. അമ്മയുടെ പഴയ ചുറുചുറുപ്പ് തിരിച്ചു വരുന്നതായി എനിക്ക് തോന്നി.

ഇന്ന് രാവിലെ പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേച്ചിട്ട് അമ്മ പൂജാമുറിയിൽ പോയി ഭഗവാനെ തൊഴുത് പുറത്തിറങ്ങി. പെട്ടെന്ന് തലചുറ്റി വാതിലിനരികെ കുഴഞ്ഞു വീണു. ഒരു ശബ്ദവും പുറത്ത് വന്നില്ല. അമ്മ മരിച്ചു .

കുറെ സമയം കഴിഞ്ഞാണ് അനിൽ അയാളുടെ മുറിയിൽ നിന്നും “അമ്മാ..അമ്മാ” എന്ന് വിളിച്ചു കൊണ്ട് പുറത്ത് വന്നത്. ചായ കിട്ടാൻ താമസിച്ചതു കൊണ്ട് ആയിരിക്കും. മരിച്ചു കിടക്കുന്ന അമ്മയെ കണ്ട് അയാൾ വാവിട്ട് നിലവിളിച്ചു. ആൾക്കാർ ഓടിയെത്തി. ഒരു കാറിൽ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയി. കുറച്ചു സമയം കഴിഞ്ഞ് ഒരു ആംബുലൻസിൽ അമ്മയുടെ മൃതദേഹം മുറ്റത്തെത്തി.

മൃതദേഹം വീടിന്റെ ഉമ്മറത്ത് കിടത്തുന്നതിന് വാഴയില വെട്ടാനായി ആരോ വന്ന് എന്നെ എടുത്തു കൊണ്ടു പോയി. ഒരു വലിയ വാഴയില‌ വെട്ടി. എന്റെ ഹൃദയം പൊട്ടിയ നിമിഷം…..ആ വാഴക്കറ എന്റെ ശരീരത്തിൽ നിന്നും പോകുമെങ്കിലു൦ എന്റെ ആത്മാവിൽ നിന്നും ഒരിക്കലും മായില്ല.

വാഴയില വീടിന്റെ ഉമ്മറത്ത് വിരിച്ചതിനു ശേഷ൦ എന്നെ എടുത്ത് പുറത്തേക്ക് ഒരേറ്.
അവിടെ കിടന്നു ഞാൻ തേങ്ങി.
“ എന്റെ ദൈവമേ…എന്റെ ‌അമ്മയോടൊപ്പ൦ എന്നെക്കൂടി ദഹിപ്പിക്കണേ…….”

കേണൽ രമേശ് രാമകൃഷ്ണൻ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: