നിന്റെ തിരക്കുകളിലേക്ക് എന്റെ ജനാലകളെ തുറന്നിടുകയായിരുന്നില്ലേ ഞാൻ..
പണ്ട്,
കടലു കാണാൻ, തീവണ്ടി കാണാൻ.. ഒരുപാട് കൊതിച്ചവൾ…
ഇന്നിപ്പോൾ എനിക്ക് കാണാം..
എന്റെ ജനലഴിക്കപ്പുറം മണ്ണിനെ വിറപ്പിച്ചു കിതച്ചു പായുന്ന തീവണ്ടികളെ..
അവയിങ്ങനെ ചുവന്നും നീലിച്ചും
തമ്മിൽ സമാന്തരമായി ദൂരെ ഓടി മറയുന്നു..
കാതുകളുടെ അകലങ്ങളിൽ എനിക്ക് കേൾക്കാം ഉറഞ്ഞു തുള്ളിവരുന്ന തിരമാലയുടെ അലയടികൾ..
ആത്മാവിൽ അറിയാം നോവിന്റെ ഉപ്പു രസം…
ഇതായിരുന്നോ കൊതിച്ചിരുന്നതു…
സന്ധ്യയ്ക്കു നെറ്റിയിലൊരു നീളൻ ഭസ്മക്കുറി..
ഉമ്മറത്തൊരു ദീപം..
അതിനുമപ്പുറം
ഞാൻ കൊതിച്ചൊരു കവിത..,
എന്റെ ജനാലയ്ക്കൽ വിരിയുന്ന പിച്ചകം..
പരിഭവങ്ങൾ പറഞ്ഞ രാത്രി മഴ…
എന്റെ മുടിതുമ്പിൽ നിന്നും
ഊർന്നു വീണ വെള്ളതുള്ളികൾ
അത് കണ്ടു ചിരിച്ച തൊടിയിലെ സ്വർണ ചെമ്പകം..
എനിക്ക് വേണ്ടി കുങ്കുമം തരാൻ കിഴക്ക് പൂത്ത സൂര്യൻ
എന്റെ വള പൊട്ടുകളെ നെഞ്ചോടു ചേർത്ത പൗർണമി…
അവസാന അരിമണിയും കൊറിച്ചുള്ള ഇണ പ്രാവുകളുടെ കുറുകൽ…
അങ്ങനെ എന്റേത് മാത്രമായ എന്തെല്ലാം…
ഇതൊന്നുമില്ലാതെ എവിടയാണ് ഞാൻ എന്നെ മറന്നു വച്ചതു…
നിന്റെ തിരക്കുകളിലേക്കു വരാനായി മാത്രം
എന്തിനായിരുന്നു മറന്നതത്രയും……
കൃഷ്ണ