= പി. ടി. പൗലോസ് =
കൽക്കട്ട കിയോര്‍തല ഘട്ടില്‍ പപ്പേട്ടന്റെ ശവദാഹം കഴിഞ്ഞ് ഇറങ്ങിയപ്പോൾ രാഘവേട്ടൻ എന്നോട് പറഞ്ഞു.
”മുരളി, നീ പപ്പന്റെ ചിതാഭസ്മവുമായി
വന്നോളൂ. അകത്തൊരു പയ്യനെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഞാൻ പോകുന്നു. കടയിൽ ആരുമില്ല”
”ശരി രാഘവേട്ടാ”
കൂടെയുണ്ടായിരുന്ന ബംഗാളി ചെറുപ്പക്കാരുമായി രാഘവേട്ടൻ പോയി. നേരം നന്നേ പുലർന്നുകഴിഞ്ഞു. പച്ചമാംസം കത്തിയുയരുന്ന പുകയും മനം മടുപ്പിക്കുന്ന ഗന്ധവും. ഡിസംബറിലെ
തണുപ്പിൽ ഞാൻ ശ്മാശാന ഓഫീസിനോട് ചേർന്നുള്ള ആലിൻതറയില്‍ ഇരുന്നു. ആരായിരുന്നു എനിക്ക് പപ്പേട്ടൻ ? ആരുമായിരുന്നില്ല എന്ന് പറയാനൊക്കില്ലല്ലോ. രണ്ട് പതിറ്റാണ്ടോളം ഞാൻ ഹൃദയത്തോട്
ചേർത്തുനിർത്തിയ മനുഷ്യസ്നേഹി. അല്ലെങ്കിൽ എന്നിൽ ഒരനുജനെകണ്ട ജേഷ്ടൻ . ചിന്തകൾ പിന്നോട്ട് പാഞ്ഞു.
ഞാനാദ്യമായി എ. പി. എൻ. എന്ന് ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എ. പദ്മനാഭൻ നായർ എന്ന പപ്പേട്ടനെ കാണുന്നത് 1969 ജനുവരിയിൽ നോർത്ത് കൽക്കട്ടയിലെ ബർത്തല പോലീസ് സ്റ്റേഷനിൽ വച്ചാണ്. നക്സൽബാരി വില്ലേജുൾപ്പടെയുള്ള വടക്കൻബംഗാളിലെ നക്സൽ ആക്രമണത്തെപ്പറ്റി ഞാനെഴുതിയ ഫീച്ചർ അച്ചടിച്ചുവന്ന ഫ്രീതോട്ട് ഇംഗ്ലീഷ് വാരികയുമായി സെൻട്രൽ അവന്യൂവിലെ ബോബജാറിൽ രാത്രി പത്തുമണിക്ക് ശേഷം ഞാൻ നിൽക്കുന്നത് കൽക്കട്ട പൊലീസിലെ സ്പെഷ്യൽ സ്‌ക്വാഡ് കാണാനിടയായി. നക്സലിറ്റ് ആണെന്ന സംശയത്തിൽ എന്നെ അറസ്റ്റ് ചെയ്ത് ബർത്തല പോലീസ് സ്റ്റേഷനിലാക്കി. ഒരു മലയാളിയെ നക്സലിറ്റ് സംശയത്തിൽ അറസ്റ്റ് ചെയ്ത് ബർത്തല പോലീസ് ലോക്കപ്പില്‍ ഉണ്ടെന്ന് ആരോ പറഞ്ഞറിഞ് പിറ്റേദിവസം മരംകോച്ചുന്ന തണുപ്പത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ കാണാൻ പപ്പേട്ടൻ ഓടിയെത്തി. ഹിന്ദുസ്ഥാൻ ഹെറാൾഡിലെ സീനിയർ ജേര്‍ണലിസ്റ്റ് എന്ന തന്റെ പദവിയും ഉന്നത ബന്ധങ്ങളും ഉപയോഗിച്ച് അന്നുതന്നെ എന്നെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി. അന്നുതുടങ്ങിയതാണ് ഞാനും പപ്പേട്ടനും തമ്മിലുള്ള ആത്മബന്ധം.
കൽക്കട്ട മലയാളികളുടെ സാംസ്കാരിക കൂട്ടായ്മകളിലെല്ലാം പപ്പേട്ടൻ ഒരു സ്ഥിരസാന്നിദ്ധ്യം ആയിരുന്നു. ഹിന്ദുസ്ഥാൻ ഹെറാൾഡ് വിട്ട് പത്രമാഫീസുകൾ മാറിക്കൊണ്ടിരുന്നെങ്കിലും മലയാളികളുടെ പ്രശ്നങ്ങളിൽ അവരോടൊപ്പം എന്നുമുണ്ടായിരുന്നു അവരുടെ എ. പി. എൻ. ആയി. വ്യക്തിപരമായി എനിക്ക് പപ്പേട്ടൻ ഫ്രണ്ടും ഫിലോസഫറും ഗൈഡും ആയിരുന്നു. എന്റെ നാടകപ്രവർത്തനങ്ങൾക്ക് ആവേശം പകർന്നതുതന്നെ അദ്ദേഹമായിരുന്നു. ഞാനിന്നുമോർക്കുന്നു എഴുപതുകളുടെ തുടക്കത്തിൽ ഞാൻ ‘അഗ്നിചയനം’ എന്ന നാടകമെഴുതാൻ കാരണം തന്നെ പപ്പേട്ടൻ ആയിരുന്നു. 1891 ലെ ബ്രിട്ടീഷ് ഇന്ത്യയുടെ ഏജ് കണ്‍സന്‍റ് ആക്ടിന് വഴിതെളിച്ച 35 വയസ്സുള്ള ഹരിമോഹൻ മൈത്തി എന്ന നവ വരൻ ആദ്യരാത്രിയിൽ 10 വയസ്സുള്ള ഫൂല്‍മണിദാസി എന്ന കുഞ്ഞു നവ വധുവിനെ കാമപൂർത്തീകരണത്തിനിടയിൽ നടുവൊടിച്ചുകൊന്ന സംഭവം വിവരിച്ചുകൊണ്ട് പപ്പേട്ടൻ പറഞ്ഞു.
”മുരളി, 1889 ല്‍ കൽക്കട്ടയിൽ നടന്ന ഈ സംഭവത്തെ ഇതിവൃത്തമാക്കി നീ ഒരു നാടകമെഴുതണം”
അങ്ങനെയാണ് അഗ്നിചയനം എന്ന
എന്റെ വിവാദനാടകത്തിന്റെ പിറവി. രഞ്ജൻ ചൗധരി എന്ന പ്രസിദ്ധ ബംഗാളി നാടകകൃത്തിനെക്കൊണ്ട് ബംഗാളിയിലേക്ക് മൊഴിമാറ്റി കല്ക്കട്ടയിലും പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിലും നിരവധി വേദിയൊരുക്കിയതും പപ്പേട്ടൻ തന്നെ. ഇതിനിടയിൽ പപ്പേട്ടൻ ലക്ഷ്മിയേടത്തിയെ വിവാഹം കഴിച്ചു.
ഹിന്ദുസ്ഥാൻ ഹെറാൾഡിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായിരുന്നു ലക്ഷ്മി എൻ. നമ്പ്യാർ എങ്കിലും വീട്ടുകാർ അറിഞ്ഞുള്ള വിവാഹമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ തലശ്ശേരി പൊന്നിയത്ത് കെ. നാരായണൻ നമ്പ്യാരുടെ മൂത്ത മകളാണ് ലക്ഷ്മി. വിവാഹം ആർഭാടമല്ലായിരുന്നു . മതപരമായ ചടങ്ങുകളും ഇല്ലായിരുന്നു. അവർ സൗത്ത് കൽക്കട്ടയിലെ ലേക് ഗാര്‍ഡന്‍സില്‍ താമസം തുടങ്ങി. പിന്നീട് എനിക്ക് പപ്പേട്ടനുമായി വർഷങ്ങളോളം ബന്ധമില്ലായിരുന്നു. ഓഫീസ് എവിടെയാണന്നറിയില്ല. വീട്ടിലെ ഫോണിൽ ബന്ധപ്പെടുമ്പോൾ സുഖമില്ല അല്ലെങ്കിൽ തെരക്കുണ്ട് എന്നുപറഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. ഇടക്ക് ആരോ പറഞ്ഞറിഞ്ഞു പപ്പേട്ടന് സ്കൂട്ടർ ആക്സിഡന്‍റില്‍ കാലൊടിഞ്ഞു എന്ന്. ചോദിച്ചറിഞ്ഞ് ഞാൻ ലേക് ഗാര്‍ഡന്‍സിലെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിൽ എത്തി. ബെല്ലടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ഞാൻ തിരികെ പോന്നു . പിന്നീടറിഞ്ഞു അവർ രണ്ടുപേരും അത്ര യോജിപ്പിലല്ല എന്ന്. ഞാൻ പിന്നെ ബന്ധപ്പെടാൻ ശ്രമിച്ചുമില്ല.
വർഷങ്ങൾ ഓരോന്നായി കടന്നുപോയി. അഷിം ചാറ്റർജി, കനു സന്യാൽ തുടങ്ങിയ സമുന്നത വിപ്ലവനേതാക്കളുടെ രഹസ്യയോഗങ്ങളിൽ പങ്കെടുത്ത, 1972 ജൂലൈ 28 ന് ചാരു മജുംദാറിനെ ലോക്കപ്പിൽ മർദിച്ചു കൊലപ്പെടുത്തിയ കരിദിനത്തിൽ കൽക്കട്ട ആലിപൂര്‍ ജയിലിനു മുൻപിൽ ഒറ്റയ്ക്ക് ”സി. പി. ഐ (എം. എൽ ) സിന്താബാദ് ” വിളിച്ച് അറസ്റ്റ് വരിച്ച നട്ടെല്ലുള്ള നക്സലിറ്റ് രാഘവേട്ടൻ വിപ്ലവരാഷ്ട്രീയം വിട്ട് ബാലിഗഞ്ചിൽ മെസ്സ് നടത്തുന്നു. ഒറ്റയാനായ ഞാൻ മെസ്സിലെ സ്ഥിരതാമസക്കാരനും രാഘവേട്ടന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും. കഴിഞ്ഞ വർഷം ജ്യോതിബാസു സർക്കാർ പത്താം വാർഷികം ആഘോഷിച്ച ദിവസം. ഗ്രാമങ്ങളിൽനിന്നും പാർട്ടിസഖാക്കളെ കുത്തിനിറച് സ്വകാര്യബസ്സുകള്‍ സിറ്റിയിലേക്ക് ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. എവിടെയും ജനത്തിരക്ക്. കൽക്കട്ട മൈതാൻ ചെങ്കടലായി. തെരക്കിൽപെടാതെ ഞാൻ മെസ്സിൽ നേരത്തേയെത്തി കലാഭൂമിക്ക് ആ മാസം അയക്കേണ്ട ലേഖനം എഴുതിത്തുടങ്ങി. മുറിയുടെ വാതിലിൽ ആരോ മുട്ടുന്നു. വാതിൽ തുറന്നപ്പോൾ പപ്പേട്ടൻ ! ഒരു വയസ്സനെപ്പോലെ. താടിരോമങ്ങൾ നീണ്ടുനരച്ച്, മുഷിഞ്ഞ കുർത്തയും പൈജാമയും, ഇടതുകൈയിൽ ഇടതുകാലിന് സപ്പോർട്ടായി വാക്കിങ് സ്റ്റിക്, വലതുകൈയിൽ പഴയ ഒരു തുകൾപ്പെട്ടിയും .
”പപ്പേട്ടൻ”
”അതെ മുരളി ഞാൻ തന്നെ”
”പപ്പേട്ടൻ അകത്തുവാ”
പെട്ടി ഞാൻ വാങ്ങി മുറിക്കുള്ളിലേക്ക്
നടന്നു.
”നിന്റെ കൂടെ കൂടണമെന്ന് മനസ്സ്
പറയുന്നു. എന്റെ കൈയിൽ അല്പം
പണമുണ്ട്. അത് നീ രാഘവന് കൊടുത്ത് നിന്റെ മുറിയിൽ താമസിക്കാൻ സൗകര്യമൊരുക്കണം”
എന്തുപറയണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചുനിന്നപ്പോൾ വെളിയിലെവിടെയോപോയ രാഘവേട്ടൻ എത്തി. അന്നുമുതൽ
പപ്പേട്ടൻ എന്റെ മുറിയിൽ താമസമാക്കി. കഴിഞ്ഞ കാലങ്ങളെപ്പറ്റി ഞാനൊന്നും ചോദിച്ചില്ല. എന്നോട് ഒന്നും പറഞ്ഞുമില്ല. എങ്കിലും പപ്പേട്ടന്റെ
ജീവനറ്റ കണ്ണുകളിൽനിന്നും എനിക്ക്
ചിലതു മനസ്സിലാക്കാൻ കഴിഞ്ഞു. അത്രമാത്രം.
ഞാൻ പപ്പേട്ടനെ ഓരോ മുറിയിലെ
താമസക്കാരെയും പരിചയപ്പെടുത്തി. പഴയ പലർക്കും
അറിയാമായിരുന്നു എ. പി. എൻ. എന്ന പത്രപ്രവർത്തകനെ. പുതിയ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും
വാങ്ങിക്കൊടുത്തു. സിനിമകൾക്കും
നാടകങ്ങൾക്കും കൊണ്ടുപോയി. അദ്ദേഹത്തെ എത്രമാത്രം സന്തോഷിപ്പിക്കാമോ അതൊക്കെ ചെയ്തു. അവധിദിവസങ്ങളിൽ മെസ്സിലെ ചെറുപ്പക്കാരുടെ ‘ 28 ചീട്ടുകളി ‘ കൂട്ടായ്മയുണ്ട്. അതിൽ പപ്പേട്ടനെയും കൂട്ടി. പിള്ളേർക്കും പപ്പേട്ടൻ എ. പി. എൻ. ആയി. ചീട്ടുകളിക്കുമ്പോൾ ചില സരസന്മാർ എ. പി. എൻ. ലോപിപ്പിച്ച് ”ഏഭ്യന്‍” എന്ന് തമാശക്ക് വിളിച്ചു. പിന്നെ എല്ലാവരും എ. പി. എൻ നെ ഏഭ്യൻ എന്ന് വിളിച്ചുതുടങ്ങി. അങ്ങനെ രാഘവേട്ടന്റെ മെസ്സിൽ പപ്പേട്ടൻ എല്ലാവരുടെയും പ്രിയപ്പെട്ട ഏഭ്യനായി. ആ വിളി പപ്പേട്ടൻ ആസ്വദിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് അദ്ദേഹത്തിന് ഒരുപാട് മാറ്റങ്ങളുണ്ടായി. പ്രസരിപ്പും ചങ്കുറപ്പുമുള്ള പഴയ പത്രക്കാരനെ തിരിച്ചുകിട്ടിയപോലെ.
ഇന്നലെ രാവിലെ പതിവ് നടത്തം കഴിഞ്ഞ് ഞാൻ റൂമിൽ തിരിച്ചെത്തിയിട്ടും പപ്പേട്ടൻ എഴുന്നേറ്റില്ല. ഞാൻ ചോദിച്ചു
”ഏഭ്യൻ ഇതുവരെ എണീറ്റില്ലേ ?”
പപ്പേട്ടന്റെ വിഷാദം കലർന്ന മറുപടി
”നീയും എന്നെ ഏഭ്യൻ എന്ന് വിളിച്ചുതുടങ്ങി”
ഞാൻ ഇളിഭ്യനായി.
”അല്ല പപ്പേട്ടാ…അത്…. ഏഭ്യൻ എന്ന് വിളിക്കുമ്പോൾ പപ്പേട്ടന്റെ ചിരിക്കുന്ന മുഖം കാണാൻ ഒരു ഭംഗിയുണ്ട്. അത് കാണാനുള്ള കൊതികൊണ്ട് വിളിച്ചുപോയതാണ്”
പപ്പേട്ടൻ നിസ്സാരമായി
”അത് വിട്ടുകളയടാ. നീ ഇരിക്ക്.”
ഞാൻ പപ്പേട്ടന്റെ കട്ടിലിന്റെ അരികിൽ ഇരുന്നു.
”നിനക്ക് തെരക്കുണ്ടോ”
”ഇല്ല. പപ്പേട്ടൻ പറഞ്ഞോളൂ”
പപ്പേട്ടന് നല്ല സുഖമില്ലാത്തതുപോലെ തോന്നി. എങ്കിലും പറഞ്ഞുതുടങ്ങി.
”നിനക്ക് എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി അറിയണമെന്നുണ്ടാകും. നിന്റെ മാന്യതകൊണ്ട് അതെന്നോട് ചോദിച്ചില്ല. വിവാഹശേഷം കുടുംബത്തിനുവേണ്ടി ഞാൻ സ്വാർത്ഥനായി. ലക്ഷ്മിക്ക് ജോലിക്കു
പോകുന്നതിന് താല്പര്യമില്ലായിരുന്നു.മോളുണ്ടായ ശേഷം ജോലി വേണ്ടെന്നു വെച്ചു . ഞാൻ കുടുംബത്തിനുവേണ്ടി എന്തുചെയ്താലും അവൾക്ക് തൃപ്തിയാവില്ല. ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആയിരുന്നു. സമ്പാദിച്ചത് മുഴുവനും അവൾ പിൻവലിച്ചു. പണം എന്തുചെയ്തു എന്നുചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. ഒരു ദിവസം നല്ല സുഖമില്ലാത്തതുകൊണ്ട് നേരത്തെ വീട്ടിലെത്തി. ബെഡ്‌റൂമിൽ ഏതോ പുരുഷന്റെ കിന്നാരം പറച്ചിലും ലക്ഷ്‌മിയുടെ അടക്കിച്ചിരിയും. ഞാൻ വാതിൽ ചവിട്ടിത്തുറന്നപ്പോൾ കണ്ടത്
ലക്ഷ്മിയും എന്റെ മോൾടെ ട്യൂഷൻ മാസ്റ്ററും നൂൽവസ്ത്രമില്ലാതെ….
നിയന്ത്രണം വിട്ട ഞാൻ അവളുടെമേൽ ചാടിവീഴുകയായിരുന്നു. കൊല്ലാൻ കഴുത്തിനുപിടിച്ചു ഞെരിച്ചു.അവൾ പിടിവിടുവിച്ചു ചാടിയെഴുന്നേറ്റ് ഇരുമ്പുകസേര എടുത്ത് എന്റെ ഇടതുകാലിന് അടിച്ചു. ഞാൻ ഭിത്തിയിൽ തലയിടിച്ചു തറയിൽവീണു . ഈ സമയം ട്യൂഷൻ മാസ്റ്റർ ഓടിരക്ഷപെട്ടു . ആക്സിഡന്റ് ആക്കി എന്നെ അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പുറംലോകം കേട്ടത് സ്കൂട്ടർ ആക്‌സിഡന്റിൽ എന്റെ കാലൊടിഞ്ഞെന്നാണ്. മാസങ്ങളോളം ഹോസ്പിറ്റലിൽ കഴിഞ്ഞു. ഡിസ്ചാർജ് ചെയ്താൽ വീട്ടിലേക്ക് വരണ്ട എന്നുപറയാൻ ഒരുദിവസം അവൾ ഹോസ്പിറ്റലിൽ വന്നിരുന്നു. അപ്പോഴാണ് ഞാനോർത്തത് ഫ്ലാറ്റ് ലക്ഷ്മിയുടെ പേരിലാണല്ലോയെന്ന് . ഞങ്ങളുടെ ഒന്നാം വിവാഹവാർഷിക സമ്മാനമായി ഞാനവളുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തുകൊടുത്ത ഫ്ലാറ്റാണത്. ഹോസ്പിറ്റലിൽ നിന്നും ഞാൻ പോയത് ബാരാനഗറിലെ ആശാബെന്‍ മെമ്മോറിയൽ റിട്ടയർമെന്റ് ഹോമിലേക്കായിരുന്നു. അവിടെനിന്ന് ഇങ്ങോട്ടും ”
പപ്പേട്ടൻ ചുമയ്ക്കാൻ തുടങ്ങി. കഥകേട്ട് തരിച്ചിരുന്ന ഞാൻ കൂജയിൽനിന്നും കുറെ വെള്ളമെടുത്തു കുടിക്കാൻ കൊടുത്തു. എന്നിട്ട് ചോദിച്ചു
”അപ്പോൾ മോൾ ?”
”അവിടെയാണ് ഞാൻ മുഴുവനും തളർന്നുപോയതു് . അമ്മയുടെ കാമുകനായ ട്യൂഷൻ മാസ്റ്റർ 9 ല്‍ പഠിച്ചിരുന്ന എന്റെ മോളെയും കൊണ്ട് നാട് വിട്ടു. എന്റെ മോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല”
ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നതുപോലെ . ഈ പാവം
മനുഷ്യനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ
നിന്നപ്പോൾ പപ്പേട്ടൻ തലയിണക്കടിയിൽനിന്നും ഒരു കവർ എടുത്തെനിക്ക് തന്നിട്ട് പറഞ്ഞു.
”മുരളി, നിനക്ക് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ലക്ഷ്മിയുടെ ഫ്ലാറ്റിൽ പോയി ഈ കവർ അവൾക്ക് കൊടുക്കണം. ഇത് എന്റെ പാലക്കാട്ടുള്ള തറവാട് വീടിന്റെയും പുരയിടത്തിന്റെയും ആധാരമാണ്. ഇത് ലക്ഷ്മിക്കും എന്റെ മോൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ അവൾക്കും കൂടി അവകാശപ്പെട്ടതാണ്. ഇതൊക്കെ ഞാനറിഞ്ഞു ചെയ്യേണ്ടതല്ലേ. ഞാൻ ചെന്നാൽ അവൾ എന്നെ വീട്ടിൽ കയറ്റില്ല. അതുകൊണ്ടാണ് നിന്നെ അയക്കുന്നത്”
ഞാൻ കവർ വാങ്ങി എന്റെ ഹാൻഡ് ബാഗിൽ വച്ചു . എനിക്ക് പ്രസ്സ്ക്ലബ്ബിൽ മീറ്റിങ് ഉള്ളതുകൊണ്ട്
പപ്പേട്ടനോട് പറഞ്ഞ് ഞാൻ താഴെയെത്തി. രാഘവേട്ടൻ കൗണ്ടറിൽ ഉണ്ടായിരുന്നു.
”രാഘവേട്ടാ, എനിക്ക് ഇന്ത്യ പ്രസ്സ് ക്ലബ്ബിൽ ഒരു മീറ്റിംഗ് ഉണ്ട്. പപ്പേട്ടന് നല്ല സുഖമില്ലെന്ന് തോന്നുന്നു. ഒന്ന് ശ്രദ്ധിക്കണേ ”
എന്നുപറഞ് ഞാൻ വേഗത്തിൽ നടന്നകന്നു.
വൈകുന്നേരം മീറ്റിങ് കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ പ്രസ്സ്ക്ലബ് സെക്രട്ടറി സുഷമ ചാറ്റർജി വന്നുപറഞ്ഞു.
”മുരളിക്ക് ഒരു കോളുണ്ട് . ഫോൺ
ഹോൾഡ് ചെയ്തിട്ടുണ്ട്. വേഗം ചെല്ലൂ”
ഫോണെടുത്തപ്പോൾ രാഘവേട്ടന്റെ ശബ്ദം.
”മുരളി, നീ വേഗം വെൽവ്യൂ നഴ്സിംഗ് ഹോമിലേക്ക് വാ. പപ്പന് ഒരു ശ്വാസതടസ്സം ഉണ്ടായി. ഉടനെ ഇവിടെ എത്തിച്ചെങ്കിലും പപ്പൻ പോയടാ ”
”ലക്ഷ്മിയേടത്തി ?”
”ലക്ഷ്മിയെ അറിയിച്ചു. അവൾ വരുന്നില്ലെന്ന് പറഞ്ഞു”
എനിക്ക് ഭൂമി കറങ്ങുന്നതുപോലെ തോന്നി. സുഷമ തന്നെ അവളുടെ കാറിൽ എന്നെ വെൽവ്യൂവിൽ എത്തിച്ചു.
രാഘവേട്ടൻ പറഞ്ഞേൽപ്പിച്ച പയ്യനെത്തി. ഞാൻ ആലിന്‍തറയില്‍നിന്നും എഴുന്നേറ്റ് ചിതാഭസ്മം വാങ്ങി. വരിവരിയായി ഇരിക്കുന്ന ഭിക്ഷാടകരെ മറികടന്ന് മൂടിക്കെട്ടിയ ഭസ്മകലശവുമായി പപ്പേട്ടൻ തന്ന കവർ ഹാൻഡ് ബാഗിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി ശ്മശാനത്തിന് വെളിയിൽ ഒരു ടാക്സിക്കായി കാത്തുനിന്നു.