17.1 C
New York
Monday, September 20, 2021
Home Literature എൻറെ അമ്മ (ഓർമ്മക്കുറിപ്പ്)

എൻറെ അമ്മ (ഓർമ്മക്കുറിപ്പ്)

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

“അമ്മ”…. ..ഞാൻ ആദ്യമായി പറയാനും എഴുതാനും പഠിച്ച പദം. ഞങ്ങൾ മൂന്നു പെൺമക്കളെയും സഹോദരനെയും ഉത്തമ വ്യക്തിത്വത്തിന് ഉടമകളാക്കി വളർത്തിയ അമ്മ. ഈയിടെ ഞാൻ ടിവിയിൽ ഒരു ചൈൽഡ് സൈക്കോളജിസ്റ്റുമാ യുള്ള അഭിമുഖം കാണാനിടയായി. “കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് നിർബന്ധമായും അമ്മ അറിഞ്ഞിരിക്കണം”. മുത്തശ്ശിയിൽ നിന്നും പകർന്നു കിട്ടിയ അറിവുകൾ അല്ലാതെ എൻറെ അമ്മയ്ക്ക് ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന്റെയും ഉപദേശം കിട്ടി കാണാൻ വഴിയില്ല.

പതിനാറാം വയസ്സിൽ വിവാഹം. വിവാഹം കഴിഞ്ഞ് 23കാരനായ അച്ഛൻറെ കയ്യും പിടിച്ച് ഉദ്യോഗസ്ഥലമായ ആനയിറങ്കലിലേക്ക്.30 വയസ്സ് തികയുന്നതിനു മുമ്പേ നാലുമക്കൾ. ഈ അടുത്ത കാലത്ത് എൻറെ അടുത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ഒരു കുടുംബത്തിൽ രാവിലെ കോളേജിൽ പോയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചു വരാതായപ്പോൾ എല്ലാവരും ആ കുട്ടിയുടെ അമ്മയുടെ ചുറ്റും കൂടി നിന്ന് “അവളുടെ കൂട്ടുകാരികളെ ആരെങ്കിലും വിളിച്ചു ചോദിക്ക്” എന്ന് പറഞ്ഞപ്പോഴാണ് ആ അമ്മ പറയുന്നത് “അവളുടെ ഫ്രണ്ട്സ് ആരാണ് എന്നൊന്നും എനിക്ക് അറിയില്ല” എന്ന്. ഓഫീസിൽ നിന്ന് വന്നാൽ എനിക്ക് ഇതൊക്കെ അന്വേഷിക്കാൻ എവിടെ സമയം? അപ്പോഴാണ് ഞാൻ എൻറെ അമ്മയെ ഓർത്തത്.

ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്കൂൾ വിട്ടു വന്നാൽ ഉടനെ സ്കൂളിലെ എല്ലാ വിശേഷങ്ങളും കൂട്ടുകാരികളുടെ പേരും വിവരവും എല്ലാം വള്ളിപുള്ളി വിടാതെ അമ്മയോട് പറയും. അടുത്ത അവധി ദിവസം തന്നെ അമ്മ അവരെയൊക്കെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പറയും. അമ്മ അവരുടെ വീട്ടിലേക്കും പോകും. ഒരു സുഹൃത് ബന്ധം തുടങ്ങുകയായി അവിടെ. ഞങ്ങൾ മൂന്നു സഹോദരികളും കോളേജ് കാലഘട്ടത്തിൽ എത്തിയപ്പോഴേക്ക് ഏതാണ്ട് ലേഡീസ് ഹോസ്റ്റൽ പോലെയായിരുന്നു ഞങ്ങളുടെ വീട്. എപ്പോഴും ഞങ്ങളുടെ കൂട്ടുകാരികളും അവരുടെ കുടുംബവുമായുള്ള ഉത്തമ സുഹൃത് ബന്ധങ്ങൾ. ഇന്നും എൻറെ കൂട്ടുകാരികൾ ഫോൺ ചെയ്താൽ ആദ്യം ചോദിക്കുന്നത് “അമ്മച്ചി എന്തുപറയുന്നു? സുഖമാണോ? എൻറെ അന്വേഷണം പറയണേ” എന്നൊക്കെയാണ്. ഒരു മനഃശാസ്ത്രജ്ഞയുടെയും ഉപദേശം ഇല്ലാതെ തന്നെ അമ്മ ഇതൊക്കെ നന്നായി ചെയ്തിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഞങ്ങൾ മക്കൾക്ക് വഴി തെറ്റുന്നുണ്ടോ, മക്കളുടെ സുഹൃത്തുക്കൾ ആര് എന്നൊക്കെ അറിയാനുള്ള ഒരു അമ്മയുടെ സൂത്രവും ആയിരുന്നിരിക്കാം ഇതൊക്കെ.

മഹാഭാരതത്തിലും അമ്മ കുന്തി ദേവിയുടെ തന്ത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അർജുനൻ പാഞ്ചാലിയെ വിവാഹം ചെയ്തു കൊണ്ടുവന്നപ്പോൾ ഇപ്പോൾ കിട്ടിയ സമ്മാനം അഞ്ചുപേരും തുല്യമായി വീതിച്ച് എടുക്കണമെന്ന് അമ്മ കുന്തീദേവി പറഞ്ഞപ്പോൾ ആ അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ല മകൻ പാഞ്ചാലിയെ ആണ് കൊണ്ടുവന്നിരിക്കുന്നത് എന്ന്. അഞ്ച് സ്ത്രീകൾ വന്ന് അഞ്ചു സഹോദരന്മാരെയും തമ്മിൽതല്ലിക്കാതിരിക്കാനുള്ള ഒരു തന്ത്രം കൂടിയായിരുന്നു അത്.പത്തുമാസം ചുമന്ന് പെറ്റത് കൊണ്ടോ ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂർത്തിമത്ഭാവം ആയതുകൊണ്ടോ അമ്മ എന്ന പദവി അലങ്കരിക്കാൻ ഒരു സ്ത്രീ യോഗ്യയാണെന്ന് കരുതാനാവില്ല.

രസികനായ ഒരു ക്രൈസ്തവ പുരോഹിതൻ പണ്ട് പറഞ്ഞതുപോലെ പാമ്പും തേളും പുലിയും അടങ്ങുന്ന നോഹയുടെ പേടകം ആകുന്ന കുടുംബം നല്ലൊരു അമരക്കാരിയുടെ റോളിൽ നിന്ന് തന്ത്രപൂർവ്വം നിയന്ത്രിക്കാനുള്ള കഴിവ് ഒരു നല്ല അമ്മ ആകാൻ അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ പേടകത്തിനുള്ളിലെ ജീവജാലങ്ങൾ പരസ്പരം കടിപിടി കൂടി വള്ളം (കുടുംബം) മുക്കുന്നത് നിസ്സഹായായി നോക്കിനിൽക്കാനേ അവൾക്ക് കഴിയൂ. എല്ലാ മക്കൾക്കും ഒരേപോലെ തോന്നണം എൻറെ അമ്മ എന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്ന്. കഴിവു കുറഞ്ഞവരും സൗന്ദര്യം കൂടിയവരും അസാധാരണ കഴിവുകളുള്ളവരും അങ്ങനെ പലതരത്തിലുള്ള മക്കളുണ്ടാവും. പന്തിയിൽ പക്ഷഭേദമില്ലാതെ എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന അമ്മ- അതാണ് പെറ്റമ്മ.അതുകൊണ്ടല്ലേ ‘പത്തമ്മ ചമഞ്ഞാലും പോറ്റമ്മ ഒരിക്കലും പെറ്റമ്മ ആകില്ല’എന്ന് പറയുന്നത്.പെറ്റമ്മയ്ക്കൊപ്പം പെറ്റമ്മ മാത്രം.

✍മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: