മാമലകൾക്കപ്പുറം ചന്തം തികഞ്ഞൊരു
സുന്ദരി പെണ്ണാണെന്റെ ഗ്രാമം
അനുരാഗ ശ്രുതിമീട്ടും കാട്ടാറും കല്ലോലിനികളും
ആർദ്രഗീതം മുഴക്കുന്ന ശാന്തിതീരം
കോടമഞ്ഞിൻ തലോടലിൽ നിശയുടെ തണലിൽ
നിർവൃതിയാലുറങ്ങുമെൻ കൊച്ചു ഗ്രാമം
അർക്കന്റെ ചുംബനങ്ങളാൽ പുളകിതയായി
നഖചിത്രം വരയ്ക്കും കന്യകയെന്റെ ഗ്രാമം
സ്വർണ്ണക്കതിരേന്തി മുടിയാട്ടമാടും പാട ങ്ങളും
കാറ്റിലൂയലാടിയെത്തും ഞാറ്റുപാട്ടും
ശീതളഛായയേകും അരയാൽ കൂട്ടങ്ങളും
ശ്രവണ നയന വിസ്മയമൊരുക്കുമെൻ സ്നേഹതീരം
ഹിന്ദുവും മുസൽമാനും
ക്രിസ്ത്യാനിയുമല്ലാതെ
ദൈവമക്കളായി വാഴും പുണ്യഭൂമി
മരതകച്ചേലചുറ്റി കുണുങ്ങി നിൽക്കും
ഗ്രാമഭംഗി തുളുമ്പും ഒരു കൊച്ചു
സ്വർഗ്ഗമെന്റെ നാട്.
ശ്രീജ സുരേഷ്, ഷാർജ✍