17.1 C
New York
Wednesday, September 22, 2021
Home Literature എന്റെയിടങ്ങൾ (ഓർമ്മകുറിപ്പ്)

എന്റെയിടങ്ങൾ (ഓർമ്മകുറിപ്പ്)

✍ദീപ ദേവിക.

മലമക്കാവ്,
കേട്ടിട്ടുണ്ടാവുംചിലർ ഇതൊരു സ്ഥലപ്പേരാ,
ഇനി ഒരു തരത്തിൽക്കൂടി പറയാം മലമക്കാവിനെ…

നീലത്താമര സിനിമയിൽ നീലത്താമര വിരിയുന്ന ഒരമ്പക്കുളത്തെകുറിച്ചു പറയുന്നുണ്ട് അത് ഈ മലമക്കാവാട്ടോ.
പാലക്കാട് ജില്ലയിലാണ്.
എനിക്കിവിടവുമായി ഒരു വല്ലാത്തജാതി ഇഷ്ടാ. എന്താച്ചാ എന്റമ്മേടെ വീടിവിടെയാ.

മലമക്കാവമ്പലത്തിലെ ഉത്സവം നടക്കുന്ന കുന്നുണ്ട് അതിന്റെ മുകളിൽ നിന്ന് നോക്കിയാൽ ഒട്ടേറെ സ്ഥലങ്ങൾ കാണാം അതി സുന്ദരമായിട്ട്.

കുന്നിന് കിഴക്കുവശത്ത് നിന്നു നോക്കിയാൽ പട്ടിത്തറക്കായൽ വലതുവശത്തായി നീണ്ട്കിടക്കുന്നതുകാണാം.
മഴക്കാലത്ത് ആകാശം അറ്റമില്ലാതെ താഴെ വീണുകിടക്കുകയാണെന്നു തോന്നിപ്പോകും.

അതിന് കുറച്ചുമാറി കണ്ണോടിച്ചാൽ ഭാരതപ്പുഴ ഒഴുകിവന്ന് കൂട്ടക്കടവിനപ്പുറത്തുവച്ച് വളയും.
എം ടി വാസുദേവൻ നായരെ സ്നേഹിച്ച് സ്നേഹിച്ച് കൂടല്ലൂരിലൂടെ അവളങ്ങനെ ഒഴുകിയകലും.
പുഴക്കപ്പുറം റെയിൽപ്പാത അഞ്ചുകണ്ണുപാലവും ഒറ്റക്കണ്ണുപാലവുമൊക്കെ കടന്ന് ചുവന്ന തേരട്ട അരിച്ചെന്നപോലെ തീവണ്ടി പോകുന്ന കാഴ്ച…

നോക്കി നോക്കി നേരം പോകുന്നതറിയില്ല. വേഗം അമ്മാവന്റെ വീട്ടിലേക്ക് പോവട്ടെ. കുന്നിറങ്ങി താഴോട്ടൊരു റോഡുണ്ട് കുത്തനെ, ഓടിയും ചാടിയുംതെങ്ങുകൾക്കും കരിമ്പനകൾക്കുമിടയിലൂടെ ബേബിച്ചേച്ചീടെ തയ്യൽമെഷീന്റെ ശബ്ദവും കേട്ടുകേട്ട് താഴേക്കു വമ്പോൾ തെങ്ങിൻതോട്ടത്തിനുള്ളിൽ കപ്പി കരയുന്ന ശബ്ദം, വെറുതേ എത്തി നോക്കി, അല്ല അവിടേക്കു പോയി നോക്കി.
വെള്ളം കോരുന്ന കുറച്ചുപേരുണ്ട് അലക്കലും കുളിയും ഒക്കെയായിട്ട്. ഒരിക്കലും വറ്റാത്ത ആ കിണറിന് ഒരുപാട് ആഴമുണ്ട്, ഇപ്പോഴത്തെ ഷോപ്പിംഗ് മാളിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയായിലെ പ്രവേശനസ്ഥലംപോലെ
ഒരുറോഡുപോലെ താഴേക്കു ചെന്നു നിൽക്കും. അവിടെ നിന്നോണ്ടാ വെള്ളം കോരുക.
എന്നിട്ടും ഒത്തിരി ആഴം.

വെറുതേ കുളിസീൻ കണ്ടുനിൽക്കാതെ വീട്ടിൽപ്പോന്ന് ഞാനെന്നോട് ഒന്നുകൂടിപ്പറഞ്ഞ് തിരികെ നടന്നു.

അവിടവിടെ തെണ്ടിനടന്ന് കാലിലെല്ലാം മണ്ണായി എന്നാപ്പിന്നെ ചോലേപ്പോയി കാൽകഴുകാം അമ്മമ്മേടെ അശ്രീകരം കേൾക്കണ്ടാലോ.
റോഡിലേക്കുകയറാതെ വലതുവശത്തേക്കുവച്ചുപിടിച്ചു. ഒരു രണ്ടടി നടന്നാൽ ചോലയാ.

തണ്ണിമത്തൻറെ നടുമുറിച്ച് ഉള്ളുതുരന്ന് ചെരിച്ചുവച്ചപോലെയാ ചോലയുടെ ആകൃതി ഒരുവശംമാത്രം തുറന്നു മറ്റുഭാഗം കാടുപിടിച്ച് ഉയർന്നു തെങ്ങിൻ തല തൊടാൻ പാകത്തിൽ. വെള്ളിയിലത്താളിയും കുറേയേറെ കാട്ടു ചെടികളും തൊട്ടു തൊട്ട് മുകളിലും അരികിലുമൊക്കെയായിട്ട്.

ഓണം വെക്കേഷനുള്ളപോക്കായതുകൊണ്ട് ചോലക്കന്ന് നിറവയറാണ്.
ഇടവഴിയുടെ വക്കത്ത് ഒരുപാലംപോലെയിട്ട് അവിടെ ഇറങ്ങിയിട്ടാണ് അലക്കുംകുളിയും നീന്തലും.
പാലത്തിനടിയിലൂടെ ഊർന്നുപോയി ഇവൾ ഉരുളൻ കല്ലിലൊക്കെ തട്ടിത്തടഞ്ഞ് കുറച്ചുതാഴെ രൂപപ്പെട്ട തടാകംപോലത്തെ കുഞ്ഞുകുഴിയിൽ ക്ഷീണം തീർക്കും. ഉരുണ്ടകരിങ്കൽപ്പാറകൾക്കിടയിൽ അവൾടെ ആ കിടപ്പ് ഞങ്ങൾക്ക് ഇത്തിരി അസൂയഉണ്ടാക്കും. അതുകൊണ്ടുതന്നെ ക്രിസ്തുമസ് വെക്കേഷനിൽ കുളിയും തേവാരവും അവിടേക്കാക്കും.

ഞങ്ങളോട് തോറ്റിട്ടെന്നോണം അവളിറങ്ങി ഉരുളൻപാറക്കിടയിലൂടെ തലതല്ലിക്കരഞ്ഞ് അപ്പുട്ട്യച്ഛന്റെ അതിർവക്കിലൂടെയുള്ള തോട്ടിലൂടെ ഒഴുകിയൊഴുകി ദേവുഏടത്തിയോട് ഒന്നുംരണ്ടും പറഞ്ഞ് കാളിക്കുട്ടീനേം വേലായുധനേം എത്തിനോക്കീട്ടും കാണാത്തസങ്കടം അവരുടെമോൻ പ്രസാദിനോട് പറയാൻവെമ്പി താഴത്തേലെ പടിക്കലുള്ളകുഴീലിത്തിരിനേരം കാത്തുകിടന്ന് ഒഴുകിയൊഴുകി അങ്ങുപോകും.

എന്നാൽ ചോലയൊരിക്കലും വറ്റാറില്ലാട്ടോ.
ഞാൻ വാർഷികപ്പരീക്ഷകഴിഞ്ഞ് രണ്ടുമാസം സ്കൂളവധിക്ക് ചെല്ലുമ്പോൾ ഒഴുക്കിന്റെ ധാരാളിത്തമൊക്കെ തീർന്ന് തുടങ്ങിയഇടത്തുതന്നെ നിൽക്കുന്നുണ്ടാവും ചോലയുടെ അങ്ങേതലക്കൽ രണ്ടുമൂന്നുകുഴികളിലൊതുങ്ങീട്ട്.

സ്വിമ്മിംഗ്പൂളിന്റെ ആകൃതിയൊക്കെതോന്നു. ശരിക്കും പറഞ്ഞാൽ പഴംപൊരിയുടെ ഷെയ്പ്പായിട്ടാ എനിക്കുതോന്നീരിക്കണത്. ഒരേ നീളത്തിൽ അടുത്തടുത്ത് രണ്ടു കുഴികൾ ചെറിയ ഉയരത്തിന്റെ വ്യത്യാസത്തിൽ.

ഇതിനടുത്തെത്തുന്നത് രസകരമാണ്, കുട്ടികൾക്ക് സാഹസികമായി വലിയ ഉണ്ടപ്പാറയിൽ കയറി താഴേക്ക് കാലിട്ട് ചാടി അങ്ങനെ.

വലിയവർക്ക് താഴേക്കിറങ്ങി കെട്ടിനിൽക്കുന്ന വെള്ളത്തിനരികിലൂടെ കുളവാഴകൾക്കിടയിൽ രൂപപ്പെട്ടവഴിയിലുടെയുമാവാം. പിന്നെ
പഴംപൊരി ചെരിച്ചുവച്ചപോലത്തെ നീണ്ട്ഉയർന്ന കല്ലിൽ തുണികൾ തല്ലി അലക്കും. ബക്കറ്റിൽ കുഴികളിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ.

അലക്കിയതുണിയൊക്കെ പിഴിഞ്ഞുവച്ച് പിന്നെയൊരു കുളി. ഹോ ഓർക്കുമ്പോത്തന്നെ ശരീരം തണുക്കുന്നു.

ചോലയുടെ ഏറ്റവും ഉൾഭാഗത്തായി മൂന്നാമത്തെ ആ കുഴി നിറഞ്ഞങ്ങനെ ഒഴുകുന്നുണ്ടാവും. വളരെ ചെറിയ ആ പെണ്ണിന്റെവായ അതിലുംചെറുതാ , കപ്പ് കൊണ്ട് വേണം ബക്കറ്റിലേക്ക് വെള്ളമെടുക്കാൻ. എത്രകോരിയെടുത്താലും വറ്റാത്തയവൾ വീണ്ടും നിറഞ്ഞൊഴുകുന്നത് അത്ഭുതമായി ഇറ്റിവീഴും.

കുളിക്കിടയിൽദാഹം വന്നാലും അതുതീർക്കുവാനും ഇവളെ കോരിക്കുടിക്കും.
മനസും ശരീരവും വസ്ത്രവും ഒരുപോലെ വൃത്തിയായി വീട്ടിലേക്കുള്ള തിരികെപ്പോക്ക് ഉണ്ടൻപാറയിൽ അള്ളിപ്പീടിച്ചുകയറി താഴെയിറങ്ങി ഇടവഴിയിലേക്കുകയറിത്തന്നെയാണ്.

ഇത്രയൊക്കെപ്പറഞ്ഞ് പറഞ്ഞ് നേരം പോയി.
തിരുച്ചുനടക്കുമ്പോൾ സുന്ദരമ്മാവന്റെ ആനയെ ഓർത്തു. ഷാപ്പുവളപ്പിൽ തളക്കാറുള്ള ഗജകേസരിയെ ഇത്തവണ കണ്ടില്ലല്ലോന്ന്. ചെമ്മൾറോഡിലൂടെ പിന്നെയുള്ള ഓട്ടം നടത്തമാക്കി നല്ല കുട്ടിയാണെന്ന് പറയിപ്പിക്കാൻവേണ്ടി മാത്രമൊന്നുമല്ല, നിരപ്പ് കഴിഞ്ഞുള്ള കുത്തനെയുള്ള ഇറക്കത്തിൽ കാലുതെറ്റിവീഴാനുള്ള സാധ്യത കൂടുതലാണ്, ഇറക്കത്തിൽവച്ച് അടുക്കളഭാഗത്തേക്കൊന്നുപാളിനോക്കി കിണറ്റുകരയിലോ പിന്നാമ്പുറത്തെകോലായിലോ അമ്മമ്മയുണ്ടോ എന്ന്, കണ്ടില്ല

പടി കടന്നപ്പോൾ ഉമ്മറത്തും ആരേയും കണ്ടില്ല. പലപ്പോഴും ഉമ്മറത്തിട്ട മരക്കസേരയിൽ പുരുഷകേസരികളെ കാണാറുള്ളതാണ്.

ആ ദിവസം എന്റേതായിരുന്നു.

മുറ്റത്ത് ഗംഗാദരേട്ടന്റെ ഓട്ടോയും കരുണാകരേട്ടന്റെ കരുണയും , അതും ഓട്ടോതന്നെയാട്ടോ.
പതിയെ ഗംഗാദരേട്ടന്റെ ഓട്ടോയിൽ കയറിയിരുന്നു. ഞാൻ വന്നിട്ട് കുറേനേരായല്ലോന്ന് നുണപറയാൻവേണ്ടിമാത്രം.

✍ദീപ ദേവിക.

COMMENTS

2 COMMENTS

  1. സൂപ്പർ ചേച്ചി… മനോഹരം.. 👌👌👌💜💜💜❤❤❤💙💙🌹🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...
WP2Social Auto Publish Powered By : XYZScripts.com
error: