ഭിത്തിയിലച്ഛൻ ചിരിക്കുന്ന കണ്ടില്ലെ
അച്ഛന്റെ നിഴലായ് നടന്നതല്ലേ ഞാൻ.
ഇന്നലെയീ നേരമെന്നമ്മ വിളമ്പിയ
ചോറുരുട്ടിയെന്നെയൂട്ടിയില്ലെ!
മൗനമാണിന്നീ വീട്ടിലാകെ,
ചാരുകസേരയുറക്കമായി .
ഇന്നത്തെ പത്രമനക്കമറ്റു .
കാലൊച്ച കാതോർത്ത്
അമ്മയിരിപ്പുണ്ട്,
ഊരിയ ചെരിപ്പൊന്നവിടെക്കിടപ്പുണ്ട്.
ചിതറിയ തേങ്ങകൾ
പറമ്പിൽക്കിടപ്പുണ്ട്.
വെട്ടിയ
കുലയൊന്നിറക്കായിലിരിപ്പുണ്ട്.
തെക്കേ ബലിമൂലയിലയിലെന്നച്ഛനോ
ഒരു പിടി ചാരമായടിഞ്ഞു കിടക്കയായ്.
ഓർമ്മകളെന്നെ പുണരുകയല്ലയൊ.
മൗനത്തിലെൻ കൂടു പിടയുകയല്ലയോ;
ദൃഷ്ടികളെന്തേ നിലയ്ക്കു
നിൽക്കാതങ്ങു
നീറുന്ന കാഴ്ചകളെന്നിൽ
നിറയ്ക്കുന്നു.
ശ്വാസമെൻ നെഞ്ചിൽത്തടഞ്ഞു
കിടക്കുന്നു.
ആരേലുമെന്തേലുമൊന്നു പറയാമോ;
എനിക്കൊന്നുറക്കേ പൊട്ടിക്കരയാനാ!
സലി പ്രദീപ് ✍️