17.1 C
New York
Sunday, April 2, 2023
Home Literature ഉദാത്തം (കഥ) ഡോളി തോമസ് കണ്ണൂർ ✍

ഉദാത്തം (കഥ) ഡോളി തോമസ് കണ്ണൂർ ✍

ഡോളി തോമസ് കണ്ണൂർ ✍

കുറെ നാളത്തെ അലച്ചിലിന്റെ ക്ഷീണത്തിൽ വന്നപാടെ കട്ടിലിലേക്ക് വീണത് ഓർമ്മയുണ്ട്. ഫോൺ റിങ് ചെയ്യുന്നു. ആരാവാം?
സ്ഥലകാലബോധം വീണ്ടെടുക്കാൻ കുറച്ചു സമയം എടുത്തു.

ഫോൺ എടുത്തു നോക്കി. സോഫിയാണ്.

അവൾ പിന്നെയും വിളിച്ചു.

ഹലോ..

“ഹലോ..ജെറി, എവിടെയായിരുന്നു?

ഓട്ടത്തിൽ തന്നെ ആയിരുന്നെടോ. വല്ലാത്ത ക്ഷീണം. വാർഷികാഘോഷം ഒന്നു കഴിഞ്ഞു കിട്ടിയാലേ സമാധാനമാവു”

“കാണാഞ്ഞിട്ടു വിളിച്ചതാ. എന്നാൽ ശരി കിടന്നോളൂ..”

സോഫി കാൾ കട്ട് ചെയ്തു.

സോഫി. തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ചെങ്ങന്നൂർകാരി. ഉത്തരവാദിത്ത ബാഹുല്യമുള്ള ഒരു സാധാരണ കുടുംബത്തിലെ മൂത്ത അംഗം. ഉത്തരവാദിത്തങ്ങളൊക്കെ തീർന്നു വന്നപ്പോളേക്കും പാവത്തിന് പത്തുനാല്പത് വയസ്സായി. പണവും വിദേശവാസവും മോഹിച്ചു വിവാഹബന്ധം വേര്പെടുത്തിയവരും, വിഭാര്യന്മാരും ആലോചനയുമായി വരുന്നുണ്ട്.

അവൾ തമാശയായി പറയും

“എടൊ ജെറി താനിങ്ങനെ പുര നിറഞ്ഞു നിൽക്കുവല്ലേ തനിക്ക് എന്നെ അങ്ങു കെട്ടിയാൽ എന്താ?

വെറും തമാശയല്ലത് എന്നു തനിക്കറിയാം.

“എന്റെ കാര്യങ്ങൾ തനിക്ക് അറിയാവുന്നതല്ലേ സോഫി”

“ഇനിയും താനത് വിട്ടില്ലേ ജെറി. കാലം കുറെ ആയല്ലോ. അവൾ വേറെ ആരെയെങ്കിലും വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നുണ്ടാവും”

“ഇല്ല. എനിക്കറിയാം അവളെ. “

“പിന്നെ എത്ര നാളെന്നു വെച്ചാ ഇങ്ങനെ, ഇനിയെങ്കിലും പുതിയൊരു ജീവിതത്തെക്കുറിച്ചു ആലോചിക്കു.”

താൻ മൗനം പാലിക്കും.

പിന്നെ അവൾ അതേപ്പറ്റി ഒന്നും സംസാരിക്കാറില്ല.

ബാംഗ്ലൂര് ഒരു കമ്പനിയിലേയ്ക്ക് ജോലി മാറ്റം കിട്ടിയിട്ട് അധികം നാൾ ആയിട്ടില്ലായിരുന്നു. ഒരു വൈകുന്നേരം താൻ വണ്ടിയോടിച്ചു ഓഫീസിൽ നിന്നും തിരികെ വരുമ്പോൾ വയലിനും തോളിൽ തൂക്കി സ്വപ്നലോകത്ത് എന്നപോലെ നടന്നുവരുന്ന യുവതി. അടുത്തെത്തിയപ്പോൾ ഒരു തമാശയ്ക്ക് ഹോൺ അടിച്ചു. ഉറക്കത്തിൽ നിന്നു ഞെട്ടിയ പോലെ അവൾ റോഡിന്റെ സൈഡിലേയ്ക്ക് ചാടി. കല്ലിൽ ചവിട്ടി മറിഞ്ഞു വീഴാൻ പോയി. താൻ ചിരിച്ചപ്പോൾ തീ പാറുന്ന ഒരു നോട്ടം നോക്കി..

“മനുഷ്യരെ പേടിപ്പിക്കുന്നോടൊ!

പിന്നെ തന്റെ വണ്ടി കാണുമ്പോൾ അവൾ ശ്രദ്ധിച്ചു നടക്കുന്നത് കണ്ടു ചിരി പൊട്ടും.

വയലിൻ അധ്യാപികയായി സെന്റ് ആന്റണീസിൽ ജോലി ചെയ്യുകയായിരുന്നു ശ്രീനിധി. നടപ്പിലും, എടുപ്പിലും, പോസിറ്റീവ് എനർജി ചുറ്റും പ്രസരിപ്പിച്ചു നടക്കുന്ന അവളെ കൂടുതൽ അടുത്തറിയുന്തോറും സ്നേഹവും ബഹുമാനവും കൂടി. ജീവിതത്തിൽ ഓരോന്നിനും വ്യക്തമായ കാഴ്ചപ്പാടുള്ളവൾ.

കുടുംബം വിവാഹം ഇതിലൊക്കെ അവൾക്ക് വ്യക്തമായ തീരുമാനം ഉണ്ടായിരുന്നു. വിവാഹം എന്നത് ഒന്നാന്തരം അടിമത്തം ആണെന്ന് അവൾ വീറോടെ വാദിച്ചു. ആണും പെണ്ണും തമ്മിൽ പരസ്പരവിശ്വാസവും സ്നേഹവും ഉണ്ടെങ്കിൽ എന്തിന് ഒരു വിവാഹം. അത് കാലക്രമേണ വലിയൊരു ബന്ധനം ആയി മാറുന്നു. എന്ന് അവൾ സമർഥിച്ചു. പരസ്പരമുള്ള ഒരു തരം കെട്ടിയിടൽ.

അവൾക്ക് അതൊക്കെ പറയാം. കാരണം, അമ്മയൊഴികെ എല്ലാവരും ഉണ്ടായിട്ടും അനാഥാലയത്തിൽ വളർന്ന അവൾക്ക് സമൂഹത്തോട് അനിഷ്ടം തോന്നിയില്ലെങ്കിലെ അതിശയം ഉള്ളു. പിന്നെ ബന്ധുക്കൾ ഇല്ലാത്തത് കൊണ്ട് ആരോടും സമാധാനം പറയുകയും വേണ്ട. പരിചയപ്പെട്ടിട്ട് മൂന്നു വർഷത്തോളമായി. അതിനിടയിൽ പ്രണയത്തിലേക്ക് വളർന്നിരുന്നു ബന്ധം.

ഒരിക്കൽ അവൾ പറഞ്ഞു, “എടൊ ജെറി നമുക്ക് അതൊന്നു പരീക്ഷിച്ചാലോ? അവൾ ചിരിച്ചു.

ഏത്!

“വിവാഹം കഴിക്കാതെ ഒന്നിച്ച്..”

ലിവിങ് ടുഗെദർ! താൻ അമ്പരന്നു.

ഇതേപ്പറ്റി വീട്ടിൽ അറിഞ്ഞാൽ തന്നെ ഭൂകമ്പം ആകും. അപ്പളാണ്..

“നീ ഒന്നാന്തരം ഭീരുവാണ്..
അവൾ ശണ്ഠ കൂടി.

“അപ്പച്ചന്റെ മടിയിൽ നിന്നിറങ്ങാത്ത ഭീരു..!
അവൾ പരിഹസിച്ചു.

“അതല്ല നിധി..അവരെ പറഞ്ഞു മനസ്സിലാക്കി എല്ലാവരുടെയും സമ്മതത്തോടെ ഒരു വിവാഹം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.”

“എന്നിട്ട്..എല്ലാവരുടെയും ഇഷ്ടത്തിന്. പാവകളിച്ചു ജീവിക്കുക…അല്ലെ..?

തനിക്ക് മറുപടി ഇല്ലായിരുന്നു.

“എങ്കിൽ ഓകെ.. അവൾ എണീറ്റു.
എന്റെ ആദർശങ്ങൾ ചിന്തകൾ അതില്ലാതെ എനിക്ക് ജീവിതമില്ല”.

പിന്നെ കുറെ നാളത്തേക്ക് അവളെ കണ്ടില്ല. ഹോസ്റ്റലിൽ വിളിച്ചപ്പോളൊക്കെ അവൾ അവിടെ ഇല്ല എന്ന മറുപടി.

പിന്നീട് സ്കൂളിൽ പോയി അവളെ കണ്ടു.

“നിനക്ക് നിന്നെത്തന്നെ വിശ്വാസം ഇല്ല ജെറി. പിന്നെങ്ങനെ..”.

ആയിടക്കാണ് ഒരു ആക്‌സിഡന്റ്. കാലിനു നല്ല ചതവ്. തനിയെ ഒന്നും ചെയ്യാനോ പുറത്തു പോകാനോ വയ്യ. നഗരത്തിൽ കൂട്ടുകാർ എത്ര ദിവസം കാവലിരിക്കും. വീട്ടിൽ അറിയിച്ചില്ല. ആരോ പറഞ്ഞു കേട്ട് ശ്രീനിധി വന്നു. തനിക്ക് അതിശയം. സുഖമാവും വരെ അവൾ കൂടെ നിന്നു ശുശ്രുഷിച്ചു.

അവനു ഓഫീസിൽ പോകാൻ പറ്റും എന്നായ ദിവസം അവളും ഹോസ്റ്റലിലേക്ക് തിരിയെ പോയി.

വൈകുന്നേരം ഓഫീസ് വിട്ടു വന്നപ്പോൾ കണ്ടത് കിടക്കയും, കെട്ടുമായി റൂമിന്റെ വാതിലിൽ ശ്രീനിധിയെ ആണ്.

“എന്താ..നിധി..ഇത്!
താൻ ആശ്ചര്യം പൂണ്ടു.

“അതോ എന്നെ ഇനി ഹോസ്റ്റലിൽ വേണ്ടെന്ന്. ഏതോ ഒരുത്തന്റെ കൂടെ താമസിച്ചു പോലും.
ഞാൻ ഒന്നും മിണ്ടാതെ എല്ലാം കെട്ടിപ്പെറുക്കി ഇങ്ങു പോന്നു”
അവൾ നിസ്സാരമായി പറഞ്ഞു.

അങ്ങനെ ഒന്നിച്ചു താമസം തുടങ്ങി. വീട്ടിൽ വിവാഹാലോചനകളുടെ ബഹളം. വരുന്നതൊക്കെ ഓരോ മുട്ടാപോക്ക് പറഞ്ഞു മുടക്കിക്കൊണ്ടിരുന്ന സമയം. പിന്നെ രണ്ടിലൊന്നു തീരുമാനിക്കാതെ തരമില്ലെന്നായി. ആചാര വിവാഹത്തോട് അവൾക്ക് ഒട്ടും വിശ്വാസമോ താത്പര്യമോ ഇല്ലായിരുന്നു. അതുകൊണ്ട് വരുന്നത് വരട്ടെ എന്നു വെച്ചു. ജീവിതം മാത്രമല്ല വാടക മുതൽ വീട്ടു ചിലവുകൾ, വീട്ടു ജോലികൾ വരെ പങ്കിട്ടു. ആരും ആരെയും ഭരിച്ചില്ല. അധികാരം എടുത്തില്ല. ഏതാണ്ട് ആറു മാസം കഴിഞ്ഞ ഒരു ദിവസം അപ്പച്ചനും ചേട്ടനും അമ്മാവനും എത്തി.

അവർ വളരെ തന്മയത്വത്തോടെ സ്നേഹത്തോടെ ശ്രീനിധിയോട് പെരുമാറി. സ്നേഹത്തോടെ ഒഴിഞ്ഞു പോകാൻ നിർബ്ബന്ധിച്ചു.

“ജെറി വേണമെങ്കിൽ പൊയ്ക്കോട്ടെ പക്ഷെ, ഞാനായിട്ട് പോകില്ല.”

അവൾ കട്ടായം പറഞ്ഞു.

തന്നെയും കുറെ ഉപദേശിച്ചു. ബലം പിടിച്ചിട്ട് കാര്യമില്ല എന്നു മനസ്സിലായത് കൊണ്ട്
അവർ മടങ്ങിപ്പോയി.

ഒരു മാസം കൂടി കഴിഞ്ഞു. അന്ന് കുറെ ജോലികൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു വൈകി. ഓഫീസിൽ നിന്നും തിരിയെ വരുമ്പോൾ
ശ്രീനിധിയെ കാണാനില്ല.

കുറെ അന്വേഷിച്ചു. അറിയാവുന്നിടത്തൊക്കെ. ഒരു വിവരവും കിട്ടിയില്ല. സ്കൂളിലും ആർക്കും അറിയില്ല. അവിടെ ലീവ് ലെറ്റർ കൊടുത്തിട്ടില്ല.
അവളെ കണ്ടെത്താൻ നടത്തിയ എല്ലാ ശ്രമങ്ങളും വഴിമുട്ടി.

അന്വേഷണം തുടർന്നു. വീട്ടിൽ വന്നു അമ്മച്ചിയോട് ചോദിച്ചു. എന്താ ഉണ്ടായേ എന്ന്.

“എനിക്കറിയില്ല” അമ്മച്ചി കൈ മലർത്തി. കൂട്ടുകാർ ആശ്വസിപ്പിച്ചു.

“അവൾ പോട്ടെടാ. നിന്നെക്കാൾ നല്ലൊരാളെ കിട്ടിയപ്പോൾ അവൾ പോയിക്കാണും. അല്ലെങ്കിലും ഒരുത്തന്റെ കൂടെ താമസത്തിന് ഇറങ്ങി വന്നവൾക്ക് ഒന്നല്ലെങ്കിൽ മറ്റൊന്ന്. കൂടും കുടുക്കയും ഇല്ലാത്തവൾ. അവളിൽ നിന്നും ഇത് പ്രതീക്ഷിച്ചാൽ മതി.”
അത് കേട്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടു.
അപ്പറഞ്ഞവനെ ഷർട്ടിന്റെ കോളറിന് കുത്തിപ്പിടിച്ചു ഒരെണ്ണം പൊട്ടിച്ചു.

ജീവിതം തന്നെ താറുമാറായി. കുളിയില്ല, ഭക്ഷണം ഇല്ല. അങ്ങനെ അപ്പച്ചനും ചേട്ടനും വന്നു വളരെ പണിപ്പെട്ട് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
ഒരു വർഷത്തോളം വീട്ടിൽ തന്നെ ചടഞ്ഞുകൂടി.
പിന്നെ, കാലിഫോർണിയ യിലേക്ക് വിസ കിട്ടി. നാട്ടിൽ നിന്നും മാറ്റിയാൽ താൻ ശരിയാവും എന്ന് അപ്പച്ചൻ വിചാരിച്ചു. അപ്പച്ചന്റെ പെങ്ങളും കുടുംബവും ഇവിടെ ആയിരുന്നു. ഒരു മാറ്റം തനിക്കും ആവശ്യമായിരുന്നു.

ജോലി ആയി. വിവാഹാലോചനകൾ പലത് വന്നു. എല്ലാം താൻ തന്നെ മുടക്കി. വീട്ടുകാരോട് പകരം വീട്ടി. ശ്രീനിധിക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്ത്. ചിന്തിക്കാൻ വയ്യ. അവളുടെ തിരോധാനവുമായി തന്റെ വീട്ടുകാർക്ക് ബന്ധമുണ്ട് ഉറപ്പ്. പക്ഷെ അതെങ്ങനെ?. പിന്നീട് നാട്ടിലേക്ക് പോയില്ല. ആരെയും കാണണം എന്നും തോന്നിയില്ല. അമ്മച്ചിയും അപ്പച്ചനും ഇടയ്ക്ക് ഇവിടെ വന്നു. എല്ലാം ഓർക്കുമ്പോൾ ശ്വാസം മുട്ടും പോലെ. ബെഡിൽ കമിഴ്ന്നു കിടന്നു. ഉറങ്ങിപ്പോയത് അറിഞ്ഞില്ല.

തിരക്കിനുമേൽ തിരക്കുമായി ആ ദിവസം വന്നെത്തി. കാലിഫോർണിയ മലയാളി അസോസിയേഷന്റെ വാർഷികാഘോഷം. പരിപാടികൾ ഒന്നൊന്നായി നടക്കുന്നു. ഒരു സംഘാടകന്റെ എല്ലാ ഉത്തരവാദിത്തത്തോടും കൂടെ അതിഥികൾക്ക് ഒരു കുറവും വരാതെ എല്ലാം ഭംഗിയായി ശ്രദ്ധിച്ചു കൊണ്ട് നടക്കുന്നതിനിടയിൽ സോഫി വന്നു. അവളെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി. പ്രശസ്‌ത ഗായകരുടെ പാട്ട് കഴിഞ്ഞു. ഇടയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥി കളുടെ ചെറിയ പ്രഭാഷണം. നർമ്മം, സ്കിറ്റുകൾ.

അവതാരകരുടെ വാചാലത എല്ലാവരെയും രസിപ്പിച്ചു. കാണികൾ കയ്യടിക്കുകയും ചൂളം കുത്തുകയും ചെയ്തുകൊണ്ടിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വീണുകിട്ടുന്ന നിമിഷങ്ങൾ അവർ നന്നായി ആസ്വദിച്ചു.

‘അടുത്തതായി ഒരു വ്യത്യസ്ത പരിപാടി. അമ്മയും മകനും ചേർന്നവതരിപ്പിക്കുന്ന മനോഹരമായ വയലിൻ ജുഗൽബന്ദി.’ അവതാരകയുടെ ശബ്ദം ഒഴുകിയെത്തി.

‘സ്വാഗതം ചെയ്യുന്നു ശ്രീനിധി ആൻഡ് നിരോഷ്‌ ജെ സാരംഗ്…’

നീണ്ട കരഘോഷങ്ങൾ. സ്റ്റേജിൽ മിന്നിമറയുന്ന ദീപങ്ങൾ. ശ്രീനിധി എന്നു കേട്ടതും ഹൃദയമിടിപ്പ് ഒരു നിമിഷം നിന്നു, പിന്നെ അത് പൂർവ്വാധികം ശക്തിയിൽ മിടിക്കാൻ തുടങ്ങി.

മിന്നുന്ന പ്രകാശത്തിനുള്ളിലൂടെ ഇടം കയ്യിൽ വയലിനും വലം കയ്യിൽ ബോയുമായി 18 വയസ് പ്രായം തോന്നിക്കുന്ന ഒരു കൗമാരക്കാരൻ കടന്നു വന്നു കറുത്ത സൂട്ടും, ടൈയും വേഷം. പിന്നാലെ പച്ചക്കരയിൽ കസവു തുന്നിയ സെറ്റ് മുണ്ട് ഉടുത്ത മെലിഞ്ഞു പ്രൗഢയായ ഒരു യുവതിയും. രണ്ടാളും സദസ്സിനെ വണങ്ങി.

തന്റെ കണ്ണുകളെ വിശ്വസിക്കാമോ! തൊണ്ട വരളുന്നു. ഭൂമി കറങ്ങുന്നു. ഇപ്പോൾ താഴെ വീഴും എന്നു തോന്നി. വെട്ടി വിയർക്കുകയാണ്.

സോഫി കുലുക്കി വിളിച്ചപ്പോൾ പരിസരബോധം വന്നു.

“ജെറി, എന്താ. എന്താ പറ്റിയെ?. വല്ലാണ്ട് വിയർക്കുന്നുണ്ടല്ലോ. എന്താ സുഖമില്ലേ?അലഞ്ഞു നടന്നതിന്റെയാവും. ഇതാ ഈ വെള്ളം കുടിക്ക്. വാട്ടെർബോട്ടിലിൽ നിന്നും വെള്ളം കുടിക്കാൻ കൊടുത്തു.

‘ഇവിടെ ഇരിക്ക്?
അടുത്തു കണ്ട ഒഴിഞ്ഞ കസേരയിൽ സോഫി പിടിച്ചിരുത്തി.

“എന്താ ജെറി..എന്താന്ന് പറയ്? സോഫി ആവർത്തിച്ചു ചോദിച്ചപ്പോൾ സ്വപ്നലോകത്തെന്ന പോലെ സ്റ്റേജിലേക്ക് കൈ ചൂണ്ടി.

“ദാ… അവിടെ..എന്റെ നിധി….”

അവൾ അപ്പോളാണ് അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്. വയലിനിൽ സ്വയം മറന്നു സ്വാതിതിരുനാൾ കീർത്തനം വായിക്കുന്ന അമ്മയും മകനും.

അയാളുടെ ബോധം മറയുമെന്നു തോനിയ സോഫി അയാളുടെ കൈ മുറുകെ പിടിച്ചു.

ഒന്നുരണ്ടു പ്രശസ്തമായ സിനിമ ഗാനങ്ങൾ കൂടി അവർ വയലിനിൽ വായിച്ചു. പരിപാടി കഴിഞ്ഞതും ജെറി ഒരു ഭ്രാന്തനെപ്പോലെ എണീറ്റു. സോഫി അയാളെ സമാധാനിപ്പിച്ചു കൊണ്ട് പിന്നാലെ.
ആ ഓട്ടം നിന്നത് ഗ്രീൻ റൂമിന്റെ വാതിൽക്കൽ.

“എന്റെ നിധിയെ വിളിക്കു..വേഗം.” സന്നി ബാധിച്ചവനെപ്പോലെ അയാൾ പുലമ്പി.

സെക്യൂരിറ്റി അമ്പരന്നു.

“എന്താ ജെറി. ഇത് കൂൾ..കൂൾ ..” സോഫി സമാധാനിപ്പിക്കാൻ ശ്രമിച്ചു.
എന്നിട്ട് സെക്യൂരിറ്റിയോടായി പറഞ്ഞു.

” ആ വയലിൻ പ്ലെയർ ശ്രീനിധിയെ, ഒന്നു വിളിക്കുമോ?

അയാൾ ഉള്ളിലേയ്ക്ക് പോയി.

ജെറി വാതിൽക്കലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ടു നിന്നു.

ശ്രീനിധിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ തലചുറ്റി താഴെ വീഴും എന്ന് തോന്നിയപ്പോൾ അടുത്തു കണ്ട കസേരയിൽ ഇരുന്നു.

ജെറിയും സമീപത്തുള്ള കസേരയിൽ ഇരുന്നു.
“നിധി..നീ എവിടെയായിരുന്നു? നിന്നെ ഞാൻ അന്വേഷിക്കാത്ത ഇടമില്ല. “

സോഫി അല്പം മാറി നിന്നു അവരുടെ ഇടയിൽ താനെന്തിന് വെറുതെ. ഇനി അവരുടെ ലോകം.

“ഭാര്യയാണോ അത്? ശ്രീനിധി മറുചോദ്യം ഉന്നയിച്ചു.

“അല്ല സുഹൃത്ത്. “

“പറയു…നീ എവിടെയായിരുന്നു? ഭൂതം ആവേശിച്ച പോലെ ശ്രീനിധിയുടെ കൈ കവർന്നു. ജെറിയുടെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

അവൾ ജെറിയുടെ കൈ വിടുവിച്ചു

“നിങ്ങൾ ഇത്ര വൃത്തികെട്ടവൻ ആണെന്ന് ഞാൻ വിചാരിച്ചില്ല.”

“എന്ത്! ഞാൻ എന്ത് ചെയ്തെന്നാ?

” എത്ര വിദഗ്ദമായാണ് എന്നെ നിങ്ങൾ കബളിപ്പിച്ചത്. നാം തമ്മിൽ ഒരു കരാറും ഇല്ലായിരുന്നല്ലോ. പിന്നെന്തിനായിരുന്നു ആ നാടകം. നീ നിരപരാധി ആണെന്ന് വരുത്താനോ? അവൾ ചീറി..

“എന്തു ഭ്രാന്താ നീയിപ്പറയുന്നത്, കബളിപ്പിച്ചെന്നോ!

അവൾ ഓരോന്നായി പറഞ്ഞു..അമ്മ ബാംഗ്ലൂര് വന്നതും ജെറി എഴുതി എന്നവകാശപ്പെട്ട എഴുത്ത് കാണിച്ചതും.
ഇവിടുന്നു തന്നെ രക്ഷിച്ചു കൊണ്ടോവാൻ അപ്പച്ചനോട് താൻ ആവശ്യപ്പെട്ടെന്നും.

“ഓ..അപ്പൊ അതായിരുന്നല്ലേ കാര്യം. എല്ലാവരും കൂടി എന്നെ വിഡ്ഢിയാക്കി. നിനക്ക് എന്നോടൊന്നു ചോദിക്കാമായിരുന്നില്ലേ?

“അതും അമ്മയാണ് തടഞ്ഞത്. നീ അറിയരുതെന്ന് കരഞ്ഞു കാലു പിടിച്ചു അവർ.”

“അമ്മച്ചി വന്നതും താൻ അറിഞ്ഞിരുന്നില്ല.

“ഹൈദരാബാദിൽ എന്റെ സുഹൃത്ത് ജസീന്ത സിസ്റ്ററിന്റെ അടുത്തേയ്ക്കാണ് അന്ന് ഞാൻ പോയത്. സിസ്റ്റർ ജോലി ചെയ്യുന്ന സ്കൂളിൽ എനിക്ക് ജോലി തന്നു. അപ്പോൾ എന്റെ വയറ്റിൽ മോൻ രൂപംകൊണ്ടിരുന്നു. സിസ്റ്റർ ജസീന്ത എല്ലാറ്റിനും സഹായി ആയി നിന്നു.

സംഗീതവും, മോനും ഞാനും. അതു മാത്രമായിരുന്നു എന്റെ ജീവിതം. അവൻ അച്ഛനെക്കുറിച്ചു ചോദിക്കുമ്പോൾ അച്ഛൻ ഉണ്ട് എന്ന് ആദ്യമാദ്യം പറഞ്ഞു കൊടുത്തു. സ്കൂളിൽ ചേർത്തപ്പോൾ
അച്ഛൻ എന്നകോളത്തിൽ ജെറി
എന്നു തന്നെ ചേർത്തു . കാര്യങ്ങൾ മനസ്സിലാക്കാൻ പ്രായം ആയപ്പോൾ എല്ലാകാര്യങ്ങളും നമ്മൾ പിരിഞ്ഞതിന്റെ യാഥാർഥ്യം ഒഴികെ എല്ലാം പറഞ്ഞു കൊടുത്തു.”

നിരോഷ്‌, അമ്മയെത്തേടി വന്നു. ഏതോ ഒരാളുടെ ആലിംഗനത്തിൽ അമർന്നു നിൽക്കുന്ന അമ്മയേക്കണ്ട് അവൻ അമ്പരന്നു!

“അമ്മേ..

അവൾ മകനെ അടുത്തു വിളിച്ചു.

“മോന്റെ അച്ഛൻ!

അവൻ ഒന്നു പകച്ചു. പിന്നെ ഏതോ
ഉൾപ്രേരണയാൽ എന്നപോലെ പെട്ടെന്ന് കുനിഞ്ഞു ജെറിയുടെ കാലിൽ തൊട്ടു വന്ദിച്ചു. അയാൾ അവനെ പിടിച്ചുയർത്തി ആലിംഗനം ചെയ്തു മൂർധാവിൽ ഉമ്മവെച്ചു. അച്ഛന്റെ കൈകളുടെ സുരക്ഷിതത്വം, മാറിലെ ചൂട് എന്താണെന്ന് അവൻ ആദ്യമായി അറിഞ്ഞു. ജെറി രണ്ടാളെയും തന്നോട് ചേർത്തു പിടിച്ചു മാറി മാറി ഉമ്മ വെച്ചു. ഒരു യുഗം കാത്തു വെച്ച സ്നേഹം, പ്രണയം, വിരഹം, വാത്സല്യം എല്ലാം കൂടി ഒന്നിച്ചു പെയ്തൊഴിയുകയായിരുന്നു.

സോഫി തനിക്കിനി ഇവിടെ കാര്യമില്ല എന്നറിഞ്ഞു നേരത്തെ പോയ്ക്കഴിഞ്ഞിരുന്നു. അവളുടെ മിഴികളും അപ്പോൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.

ഡോളി തോമസ് കണ്ണൂർ

FACEBOOK - COMMENTS

WEBSITE - COMMENTS

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: