ആറു മാസം ഗര്ഭത്തിന്റെയും പിന്നെ ഉച്ചയൂണിന്റെയും ആലസ്യത്തിൽ ചരിഞ്ഞു കിടന്ന മയങ്ങുമ്പോളാണ് ഫോൺ ബെല്ലടിച്ചത്.പ്രകാശൻ ലീവിലായതു കൊണ്ട് വീട്ടിലുണ്ട്..കിടക്ക വിട്ടു എഴുന്നേൽക്കാനുള്ള മടി കൊണ്ടാണ് പത്രത്തിൽ മുഴുകിയിരുന്ന പ്രകാശനെ ബുദ്ധിമുട്ടിച്ചത്.
“പ്രകാശേട്ടാ..നല്ല കുട്ടനല്ലേ…ആ ഫോണിങ് എടുത്തു തരാവോ…?”
പത്രവായന മുറിഞ്ഞതിന്റെ മുഷിവു കാണിക്കാതെ പ്രകാശൻ എഴുന്നേറ്റു ഫോണെടുത്തു മിനിയുടെ കയ്യിൽ കൊടുത്തു.അപ്പോഴേക്കും ബെൽ നിന്നിരുന്നു.പരിചയമില്ലാത്ത നമ്പർ ആണ്.എന്തായാലും ഉച്ചയുറക്കം കളഞ്ഞില്ലേ.?തിരിച്ചു വിളിക്കാം.
കോൾ ലോഗിൽനിന്നു ലാസ്റ്റ് കോൾ ഡയല് ചെയ്തു ചെവിയോട് ചേർത്തു.രണ്ടാമത്തെ ബെല്ലിനു തന്നെ കോൾ അറ്റൻഡ് ചെയ്തു.
ഒരു സ്ത്രീ ശബ്ദം ..
“ഹലോ…”
“ഹലോ…”
“മിനി ..ഞാൻ നീനയാണ് ….”
“ഹേ ..നീന.. നീയെന്താ ഈ നമ്പറീന്നു ?നീയെവിടെയാ?എത്ര നാളായി വിളിച്ചിട്ടു …എന്തുണ്ട് വിശേഷം?”
“മിനി..മ്മ്മ് ..വിശേഷങ്ങളൊത്തിരിയുണ്ട്..ഇപ്പോഴൊന്നും പറയാനുള്ള സമയമില്ല.സാഹചര്യവും..’
ഇങ്ങേത്തലക്കൽ പകപ്പു മാറും മുൻപ് ,നീന തുടർന്നു.
“എനിക്ക് സേഫ് ആയിട്ട് താമസിക്കാനൊരു സ്ഥലം വേണം.ഐ ക്യാൻറ് സ്റ്റേ വിത്ത് മൈ പേരെന്റ്സ് എനി മോർ .പ്ളീസ് ഹെല്പ് മി.ഐ ആം ഇൻ എ സീരിയസ് സിറ്റുവേഷൻ .എത്രയും വേഗം വേണം.വിൽ കോൾ യൂ ഡേ ആഫ്റ്റർ ടുമോറോ….പിന്നെ,….തിരിച്ചു വിളിക്കരുത്..ഞാൻ വിളിച്ചോളാം .”
മിനിക്ക് തിരിച്ചൊന്നും ചോദിക്കാനാവസരം കൊടുക്കാതെ നീന ഫോൺ വച്ചു.
മിനിയുടെ പകപ്പ് മാറാൻ വീണ്ടും ഏതാനം മിനിറ്റുകളെടുത്തു.നീന തന്റെ സഹമുറിയത്തിയായിരുന്നു.എറണാകുളത്തെ പ്രശസ്തമായ ഒരു കോളേജിനോട് ചേർന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആറു വര്ഷം .ഫാം ഡി യും ഇന്റേൺഷിപ്പും തീർത്തു താൻ ഹോസ്റ്റൽ റൂം ഒഴിയുമ്പോൾ ,നീന ഐ സി ഡബ്ലിയു എ കഴിഞ്ഞു ,സ്ഥലത്തെ പ്രധാന ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കീഴിൽ പ്രാക്ടീസും ,പിന്നെ CA മെയിൻ എക്സാമിനുള്ള പ്രെപറേഷനും ഒക്കെ ആയി അവിടെത്തന്നെ തങ്ങി.അത്യാവശ്യം ലോക്കൽ ചുറ്റിക്കളികളൊക്കെയുണ്ടായിരുന്നതിനാൽ ഹോസ്റ്റൽ വിടുന്ന കാര്യം തത്കാലം ചിന്തയിലില്ലെന്നായിരുന്നു അവളന്നു പറഞ്ഞത്.ഇടയ്ക്കൊക്കെ വിളികളും പറച്ചിലുകളുമുണ്ടായെങ്കിലും പിന്നെ അത് പതിയെ കുറഞ്ഞു വന്നു നിശ്ശേഷം ഇല്ലാതായി.ഏകദേശം ഒരു വര്ഷം മുൻപ് തന്റെ കല്യാണം ക്ഷണിച്ചു വിളിച്ചപ്പോൾ അവൾ വളരെ സന്തോഷവതിയായിരുന്നു..ആ ഭാഗ്യം ലഭിച്ച സുന്ദരനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്നായിരുന്നു അവളുടെ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞത്.തന്റെ വിവാഹത്തിന് അവൾ ക്ഷണം സ്വീകരിച്ചു എത്തിയിരുന്നു.പണ്ടേ അവൾക്കു നല്ല വെളുത്ത നിറമായിരുന്നു.അപ്പോൾ കുറച്ചു കൂടി തുടുത്തു വീണ്ടും സുന്ദരിയായെന്നു മിനിക്ക് തോന്നി.ആശംസകൾ അറിയിച്ചു പ്രകാശനെ പരിചയപ്പെട്ടു,വിവാഹസമ്മാനവും നൽകി അന്ന് പോയ അവളുടെ വിളി പിന്നെ ഇന്നാണ് വന്നത്..
പ്രകാശേട്ടനോട് നീനയുടെ ഫോൺവിളിയുടെ വിവരം പറഞ്ഞു.”ഇവിടെ താമസിച്ചോട്ടെ,കുറച്ചു ദിവസം വല്ലോമാണെങ്കിൽ ……,നിനക്ക് ഈ സമയത്തു ഒരു കൂട്ടുമാകുമല്ലോ ..”വല്യ ആലോചനയൊന്നുമില്ലാതെ തന്നെ പ്രകാശൻ പറഞ്ഞു.
‘എന്തായിരിക്കും സ്വന്തം മാതാപിതാക്കളോടൊപ്പം നിൽക്കാൻ പറ്റാത്ത സാഹചര്യം?അതെന്തുതന്നെയാണെങ്കിലും നീനയുടെ ഒരു രീതി വച്ചു തനിക്കു ബുദ്ധിമുട്ടുണ്ടാകാൻ സാധ്യത ഇല്ലാതില്ല.
വൈകിട്ട് പതിവ് പോലെ അമ്മ വിളിച്ചപ്പോൾ നീനയുടെ ഫോൺ വിളിയുടെ കാര്യവും പറഞ്ഞു.കേട്ടപാടെ..അമ്മ പറഞ്ഞു,”മിനി ..നീ ഇപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും ഇടപെടേണ്ട….എന്താ കാര്യമെന്ന് അറിയില്ലല്ലോ ..എന്തേലും ഏടാകൂടമാകാനാണ് സാധ്യത….”
“അല്ലെങ്കിലോ?…..” എന്ന മിനിയുടെ ചോദ്യം ‘അമ്മ കേട്ടതായിട്ടു പോലും ഭാവിച്ചില്ല.ഏതായാലും ഒരു മാസത്തേക്ക് വല്ലോമാണേൽ തന്റെ കൂടെ തന്നെ ആകാമെന്ന് പറയാൻ നിശ്ചയിച്ചു.പക്ഷെ വേണ്ടി വന്നില്ല.അവൾ പിന്നീട് വിളിച്ചേയില്ല.
ഒരു തിരക്ക് പിടിച്ച പ്രഭാതത്തിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിൻറെ ഭാഗമായുള്ള തിരക്കിനിടയിലാണ് പേർസണൽ മെയിൽ ബോക്സിൽ ‘ക്ലിങ്’ ശബ്ദത്തോടെ ആ മെയിൽ വന്നത്.സെന്റെർ : നീന മാർട്ടിൻ .ഒന്ന് പകച്ചെങ്കിലും ,തിരക്കിനിടയിലാണെങ്കിലും ആ പേര് കണ്ടപ്പോൾ തുറക്കാതിരിക്കാനായില്ല .
“മിനി..
നീ എനിക്കൊരു ഉപകാരം ചെയ്യണം…ഏറ്റവുമടുത്ത ദിവസങ്ങളിലൊന്നിൽ ,തലശ്ശേരിയിലെ ലിറ്റിൽ ഫ്ലവർ ഓർഫനേജിൽ ചെന്ന്, എന്റെ മകൻ സാമിനെ കാണണം.അവന്റെ അമ്മ തന്നതാണെന്നു പറഞ്ഞു അവനു ഒരു മൂന്നു വയസ്സുകാരന് പാകമാകുന്ന ഉടുപ്പുകളും ചോക്ലേറ്റും വാങ്ങിക്കൊടുക്കണം.കൂടുതലൊന്നും അവനോടു പറയേണ്ട.അവനോടെന്നല്ല ആരോടും ..
ഇത് എന്നും നമ്മുടെയിടയിലൊരു രഹസ്യമായിത്തന്നെ ഇരിക്കട്ടെ.
സസ്നേഹം,
നീന “
കുറച്ചു നേരം എന്റെ തലയിൽ നിന്ന് മെഡിക്കൽ ക്യാമ്പിന്റെ ചിന്തകളൊക്കെ അകന്നു പോയി.
നീന… അവളെങ്ങനെ…?? ഏകദേശം നാല് വര്ഷങ്ങള്ക്കു മുന്പായിരുന്നില്ലേ അവളെന്നെ താമസ സൗകര്യമന്വേഷിച്ചു വിളിച്ചത്??അവളുടെ വിവാഹമൊന്നും അറിഞ്ഞില്ലല്ലോ..?പിന്നെ ഈ കുഞ്ഞ്..??അതും ഓർഫനേജിൽ ?ചെന്ന് കാണാൻ പറ്റാത്ത എന്ത് സാഹചര്യത്തിലാകാം അവളിപ്പോൾ ?
കഴുകൻ കണ്ണുകളോടെ കറങ്ങി നടക്കുന്ന ഡിറെക്ടറുടെ കഷണ്ടിത്തല തന്റെ കാബിന്റെ പുറത്തു കണ്ടതും മിനി പേർസണൽ മെയിൽ ബോക്സ് ക്ലോസ് ചെയ്തു.മെഡിക്കൽ ക്യാമ്പിന്റെ രജിസ്ട്രേഷൻ ചാർട് തുറന്നു.രജിസ്ട്രേഷൻ ചെയ്തവരുടെയും ക്യാമ്പിന് വന്നവരുടെയും ലിസ്റ്റ് നോക്കി ,ഇനി വിളിക്കാനുള്ളവരെ ചാർട്ട് ചെയ്യുന്ന തിരക്കിലേക്ക് മിനി നീങ്ങി.
നമുക്കിടയിലെ രഹസ്യമായിരിക്കണമെന്നു നീന ഓര്മിപ്പിച്ചിരുന്നെങ്കിലും ,തലശ്ശേരി വരെയുള്ള യാത്ര നടക്കണമെങ്കിൽ പ്രകാശനെ അറിയിക്കാതെ പറ്റില്ല.സംഭവങ്ങളതേപോലെ പ്രകാശനെ ധരിപ്പിച്ചു ,തൊട്ടടുത്ത വീക്കെൻഡിൽ തന്നെ ഒരു തലശ്ശേരി ട്രിപ്പ് പ്ലാൻ ചെയ്തു.പവൻ മോന് നീണ്ട യാത്രകൾ ഇഷ്ടമായിരുന്നു.
ശനിയാഴ്ച വെളുപ്പിനെ പവനേ വിളിച്ചുണർത്തി പ്രകാശനെയും കൂട്ടി യാത്ര ആരംഭിക്കുമ്പോൾ നേരം പുലരുന്നതേയുണ്ടാരുന്നുള്ളു.ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഓർഫനേജ് ,തലശ്ശേരി,സാം ,4 വയസ്സ് …ഇത്ര മാത്രം വച്ച് ലക്ഷ്യസ്ഥാനത്തു എത്തുമ്പോൾ മാണി മൂന്നരയോടടുത്തു.ഇതൊരു ഫാമിലി ട്രിപ്പ് അന്ന് തോന്നിക്കാൻ വേണ്ടതൊക്കെ മിനി ചെയ്തു.പ്രകാശനും പവൻ മോനും മടുപ്പു തോന്നരുതല്ലോ.
ഓർഫനേജിന്റെ നരച്ച ബോർഡിൻറെ കീഴിൽ തൂക്കിയിരുന്ന ചെടിച്ചട്ടികളിൽ വെള്ളമൊഴിച്ചു കൊണ്ടിരുന്ന കാപ്പിപ്പൊടി നിറത്തിലുള്ള കുപ്പായമിട്ട ഒരു കന്യാസ്ത്രീ തങ്ങളെ ചോദ്യരൂപേണയുള്ള ഒരു നോട്ടം കൊണ്ട് എതിരേറ്റു.തങ്ങൾ സാമിനെ കാണാൻ എത്തിയതാണെന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് അത്ഭുതവും സംശയവും ചേർന്ന ഒരു വിചിത്ര ഭാവം നിഴലിച്ചു .നേരത്തെ വിളിച്ചിരുന്നോ എന്ന അവരുടെ ചോദ്യത്തിന്, നീനയുടെ സുഹൃത്താണ്,കാഞ്ഞിരപ്പള്ളിയിൽ നിന്നാണ്..വിളിക്കാൻ പറ്റിയില്ല എന്നാണു മിനി ഉത്തരം പറഞ്ഞത്.ആ കന്യാസ്ത്രീ മറ്റൊന്നും ചോദിക്കാതെ ഉള്ളിലേക്ക് പോയി.മുറ്റത്തെ വിവിധ രൂപത്തിൽ വെട്ടിനിർത്തിയിരിക്കുന്ന ചെടികളും,ലവ് ബേർഡ്സിനെയും സാകൂതം വീക്ഷിക്കുന്ന പവൻ മോനെയും ,അവനോടൊപ്പം നിന്ന പ്രകാശനെയും അവിടെത്തന്നെ നിർത്തി മിനി അകത്തേക്ക് കയറി.ആ കന്യാസ്ത്രീ ചൂണ്ടിക്കാണിച്ച വിസിറ്റിംഗ് എറിയയിലെ ബെഞ്ചിലിരിക്കുമ്പോൾ മിനിക്ക് നെഞ്ചിനൊരു ഖനം അനുഭവപ്പെട്ടു.ഏകദേശം 6 -7 മിനിട്ടിനു ശേഷം സിസ്റ്ററിന്റെ കൈ പിടിച്ചു ഒരു ആൺകുട്ടി വന്നു.നന്നേ വെളുത്തു മെലിഞ്ഞ ,ഉപയോഗിച്ച് പഴകിയ ഉടുപ്പും നിക്കറുമിട്ട് ഓമനത്തമുള്ളഒരു ആൺകുട്ടി .ഒരു കൈ വായിൽ വച്ചിരിക്കുന്നു.മിനി എഴുന്നേറ്റുകുട്ടിയുടെ അടുത്തേക്ക് ചെന്ന് കുനിഞ്ഞു അവന്റെ മുൻപിൽ മുട്ടുകുത്തി അവന്റെ കയ്യിൽ പിടിക്കുമ്പോൾ ,അവൻ നാണിച്ചു തന്റെ കൈ പിടിച്ചിരിക്കുന്ന സിസ്റ്ററിന്റെ പുറകിലേക്ക് കുറച്ചു കൂടി മറഞ്ഞു നിന്നു.
“ആന്റി യെ അറിയാമോ ,സാം മോനെ?? നിങ്ങൾ സംസാരിക്കു ..” കുട്ടിയെ കൊണ്ട് വന്ന സിസ്റ്റർ പുറത്തേക്കിറങ്ങി .
“സാം മോനെ, ആന്റിയെ അറിയുവോ ??”
“ഇല്ല”അവൻ കൊഞ്ചി.
“മോന്റെ അമ്മേടെ കൂട്ടുകാരിയാ”
കുട്ടിയുടെ കണ്ണുകൾ വിടർന്നു.
“നീനാമ്മേടെയോ?”എന്നിട്ടു നീനാമ്മ എവിടെ?”
“നീനാമ്മ പിന്നെ വരും”
ആ വിഷയം നീട്ടാതെ മിനി കയ്യിൽ കരുതിയിരുന്ന ഉടുപ്പുകളുടെ കവറും,ചോക്ലേറ്റിന്റെ ഒരു ബോക്സും അവന്റെ കയ്യിൽ കൊടുത്തു .”നീനാമ്മ തന്നു വിട്ടതാ ,സാം മോന് തരാൻ, വാങ്ങിക്കോ “
ഇനി ഈ ആന്റിക്കൊരു ഉമ്മ തന്നേ…”അവൻ വീണ്ടും നാണിച്ചു നിന്നു.
“നീനാമ്മക്ക് കൊടുത്തേക്കാം” അത് പറഞ്ഞതും സാം മോൻ വന്നു മിനിയുടെ കവിളിലൊരു ഉമ്മ നൽകി.അവനെ ചേർത്ത് നിർത്തുമ്പോൾ,അവനു വെയിലിന്റെ മണമായിരുന്നു..
മിനി അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിന് ഘനമേറിയിരുന്നു.തിരിഞ്ഞു നോക്കാതെ വണ്ടിയിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പവൻ മോനെ മടിയിലിരുത്തി ഉമ്മ വയ്ക്കുമ്പോൾ ,അവൻ ചോദിച്ചു..അമ്മക്കെന്താ പറ്റിയേ?പവൻ മോനിന്നൊത്തിരി ഉമ്മ തന്നല്ലോ..”
പ്രകാശൻ അത് ശ്രദ്ധിച്ചെങ്കിലും അയാളൊന്നും ചോദിച്ചില്ല.മൗനം മുറിക്കുവാൻ മിനിയുടെ മനസ്സനുവദിച്ചില്ല.അത് പ്രക്ഷുബ്ധമായിരുന്നു .കരയിലേക്ക് വീണ്ടും വീണ്ടും കയറി വരുന്ന തിര പോലെ സാം മോന്റെ മുഖം മിനിയുടെ മനസ്സിൽ അലയടിച്ചു .ആ കടൽ പ്രക്ഷുബ്ധമായിരുന്നു .ദിവസങ്ങളോളം…
അന്നോ, അതിനടുത്ത ദിവസങ്ങളിലോ ,നീന മാർട്ടിന്റെ കോൾ പ്രതീക്ഷിച്ചു .ഉണ്ടായില്ല…അടുത്ത ദിവസങ്ങളിലൊന്നും..പതിയെ മനസ്സിലെ ആ ചിത്രങ്ങൾ നരച്ചു തുടങ്ങി..നീനയുടെയും,സാമിന്റെയും..
കുറെ വര്ഷങ്ങള്ക്കു ശേഷം, പ്രകാശാണ് ജോലി തിരക്കേറിയ സമയങ്ങളിലൊന്നിൽ ,ഒരു ഡിസംബർ മാസത്തിൽ, മനു മോനുമൊത്തു ദുബായിലേക്കുള്ള യാത്രക്കായി നെടുമ്പാശേരി എയർപോർട്ടിൽ ഇരിക്കുകയാണ്.എത്തിഹാദ് ന്റെ ഗേറ്റ് ഓപ്പൺ ആകാൻ ഏകദേശം പതിനഞ്ചു മിനിട്ടു കൂടി അവശേഷിക്കെ,ജെറ്റ് എയർവേസിന്റെ പാസ്സഞ്ചേഴ്സിന്റെ എമിഗ്രേഷൻ കൗണ്ടറിൽ ഞാൻ നീനയെ കണ്ടു.കണ്ണുകൾ ഇടഞ്ഞതും അവൾ ഓടി വന്നു തന്നേ കെട്ടിപ്പിടിച്ചു.എന്നെ സംസാരിക്കാനനുവദിക്കാതെ അവൾ സംസാരിച്ചു..ടോറോന്റോയിലാണ് .മകൻ ലെവിസ് ,8 ത് ഗ്രേഡിൽ ,ഹസ്ബൻഡ് ജോ,..നാട്ടിലേക്കുള്ള വർഷങ്ങൾ കൂടിയുള്ള യാത്രയാണ്..രണ്ടാഴ്ചയുണ്ടാകും ….
നിർത്താതെയുള്ള സംസാരത്തിന്റെ ഇടവേളകളിലൊന്നിൽ പവൻ മോന്റെ കൈ ഗ്രഹിച്ചു അവൾ പറഞ്ഞു
“മോനറിയുവോ ഈ ആന്റിയെ?അമ്മയുടെ കൂട്ടുകാരിയാണ് .എനിക്ക് എന്നെ അറിയാവുന്നതിലും കൂടുതൽ മോന്റെ അമ്മയ്ക്കാണെന്നേ അറിയാവുന്നത്.നല്ല കുട്ടിയായി വളരണം .നീന പവൻ മോനെ ചേർത്ത് നിർത്തി , ചുമലിൽ തട്ടി .
ഗേറ്റ് ഓപ്പൺ ആയ അന്നൗൺസ്മെന്റ് വന്നപ്പോൾ നീന മിനിയും കരം ഗ്രഹിച്ചു.
“ഇനിയും കാണാം ..എവിടെയെങ്കിലും വച്ച്..എനിക്ക് പറയാനേറെയുണ്ട്..നിനക്ക് ചോദിക്കാനും..എനിക്കറിയാം…”
പറയാൻ ബാക്കിവച്ചതൊക്കെ അവളുടെ കണ്ണുകളിലുരുണ്ടു കൂടി .അടർന്നു വീഴും മുൻപ് അവൾ തിരിഞ്ഞു നടന്നു.കൈവീശി യാത്ര പറഞ്ഞു.
ബൈ മിനി…ബൈ മോനേ….
മിനിയുടെ മനസ്സിൽ വര്ഷങ്ങള്ക്കു ശേഷം ഒരു നാല് വയസ്സുകാരന്റെ മുഖം തെളിഞ്ഞു വന്നു…എവിടെയോ മറന്ന ഒരു വെയിലിന്റെ മണവും ……
ആനി ജോർജ്ജ്✍
നന്നായി അവതരിപ്പിച്ചു… ആശംസകൾ…