17.1 C
New York
Wednesday, January 19, 2022
Home Literature ഉത്തരം.. (കഥ)✍️ഹൈമവതി

ഉത്തരം.. (കഥ)✍️ഹൈമവതി

ഹൈമവതി ✍️

“അഭിക്കുട്ട്യേയ്,
കുറെയായിട്ട്ഈ വഴിക്കൊന്നും കാണാറേയില്ല്യല്ലോ?”
“ഇനി എന്നും കാണാലോ നാരായണേട്ടാ.”

അഭിരാമി ഉള്ളറിഞ്ഞു ചിരിച്ചു.
എങ്ങിനെ ഇത്രപെട്ടെന്ന് തനിക്കീ ലാഘവം കൈവന്നു?
അതിശയമായിരിക്കുന്നു,
അവളോർത്തു.
ഒരു നീണ്ടയാത്രയുടെ മുഴുവൻ ക്ഷീണവുമുണ്ട്.
മതിവരുവോളം ഒന്നുറങ്ങണം, കഴിഞ്ഞ കുറേ വർഷങ്ങളുടെ ഉറക്കച്ചടവ് മാറുന്നതുവരെ.

വീട്.
ഈ പ്രായത്തിനിടയ്ക്ക് എവിടെയൊക്കെതാമസിച്ചു!. സുഖലോലുപതയുടെ രാപകലുകൾ എത്രയെത്ര ഉദിച്ചസ്തമിച്ചു!. നക്ഷത്രപ്പകിട്ടേതുമില്ലാത്ത ഈ അന്തരീക്ഷത്തിൽ താനിപ്പോളനുഭവിക്കുന്ന സുരക്ഷിതത്വവും ആശ്വാസവും ഒരിടത്തും അനുഭവിക്കാനായില്ല!.
ഒരു കൊച്ചുപെൺകിടാവ് അഭിരാമിയെ തോണ്ടിവിളിച്ച് അകത്തേക്കോടിമറഞ്ഞു.
അവളുടെ കളിക്കൊഞ്ചൽ അകത്തളങ്ങളിൽ പ്രതിധ്വനിച്ചു.

കാച്ചെണ്ണയുടേയും വാകപ്പൊടിയുടേയും സമ്മിശ്രഗന്ധം തളംകെട്ടിനിന്ന കുളപ്പുര.
സീതാമുടിയും കുറുന്തോട്ടിയും ചെമ്പരത്തിയും ഒഴുകിയിറങ്ങിയ താളിക്കല്ല്.
മരതകക്കല്ലുപോലെ തിളങ്ങുന്ന വെള്ളത്തിൽ അസ്തമയസൂര്യൻ പൊന്നും കുങ്കുമവും ചൊരിഞ്ഞു. പാദങ്ങളിൽ പൊടിമീനുകൾ ഇക്കിളിയിട്ടു.
തണുപ്പിൽ ഉടലാകെ കോരിത്തരിച്ചു.
കിലുകിലാചിരിച്ചുകൊണ്ടൊരു കൗമാരക്കാരി വെള്ളത്തിലേക്ക് മുങ്ങാങ്കുഴിയിട്ടു.
എത്രയോനേരം അവളാ തണുപ്പിൽ മുങ്ങിക്കിടന്നു.
തണുക്കട്ടെ,
ഉടലും ഉയിരും തണുക്കട്ടെ .

” അച്ച്യുതം കേശവം രാമനാരായണം … “
സന്ധ്യാനാമം ചൊല്ലുന്നതാരാണാവോ?
കർപ്പൂരഗന്ധം മച്ചിൽനിന്നാണോ?
ഒരു ദാവണിക്കാരി പാദസരം കിലുക്കിക്കൊണ്ട് ഗോവണിത്തളത്തിലൂടെ ഓടിമറഞ്ഞുവോ ?!

തന്റെ സാമ്രാജ്യം.
തന്റെമുറി,
മേശ,
പുസ്തകങ്ങൾ
കട്ടിൽ.
ജനാലയ്ക്കപ്പുറം
നിഴൽ പടർന്നുകിടക്കുന്ന തെക്കേ മുറ്റവും മാന്തോപ്പും.

ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും അവളാ ജാലകപ്പടിയിലിരുന്നു. ഇവിടെയിങ്ങനെയിരുന്ന് എത്ര
മനോരാജ്യംകണ്ടിരുന്നു !
എത്ര കവിതകൾ വായിച്ചിരുന്നു !
ചൊല്ലി രസിച്ചിരുന്നു !
എത്ര കവിതകളും, കഥകളുമെഴുതിയിരുന്നു !

കവിതയും കഥയും തന്നെ പിരിഞ്ഞുപോയതെപ്പോഴാണ് ?
ഓർമ്മയില്ല,
എഴുത്തു മരിച്ചതെന്നാണെന്ന്.
ഒരുപക്ഷേ, അതിനോടൊപ്പമാവും താനും മരിച്ചുപോയത്?!
ആരോടാണു ചോദിക്കേണ്ടത്?
ആർക്കാണ് ഉത്തരംതരാൻ ബാദ്ധ്യത?
അല്ലെങ്കിൽത്തന്നെ, എല്ലാ ചോദ്യങ്ങൾക്കും ഉത്തരംകിട്ടണം എന്നുണ്ടോ?
ചോദ്യങ്ങളങ്ങനെ പെരുകിക്കൊണ്ടിരിക്കും ചുറ്റുപാടും പറന്ന് നടക്കും.
ഉത്തരം കിട്ടിയാലായി, അത്രതന്നെ.
ഉത്തരം കിട്ടിയ ചോദ്യങ്ങൾ സ്വസ്ഥമായ ഒരിടം കണ്ടുപിടിക്കും.
അല്ലാത്തവ , അല്ലാത്തവ തന്നെപ്പോലെ …

ആരാണാ ദാവണിക്കാരിക്കുട്ടിയെ ഇവിടെ കയറിവരാൻ അനുവദിച്ചത്?
അവളെന്തിനാണ് തന്റെ പുസ്തകങ്ങളും ഡയറികളുമൊക്കെ മറിച്ചുനോക്കുന്നത്?
അവളെന്താണീ തിരയുന്നത്?
ആ കയ്യിലതെന്താണ്? പച്ചകുത്തിയിരിക്കുന്നോ!
അഭിരാമി കൈത്തണ്ട തഴുകി.കനൽതൊട്ടിട്ടെന്നപോലെ കൈ പിൻവലിച്ചു.
ഉടലാകെനീറ്റി പച്ചകുത്തിയ അക്ഷരം പുകഞ്ഞു.

” ശ്രീ ” !
ഓർമ്മക്കനലിൽ അവൾ അടിമുടി വെന്തു.

ശ്രീകാന്ത്…
സുന്ദരൻ, സൽസ്വഭാവി, സമ്പന്നൻ സർവ്വോപരി സാഹിത്യ കുതുകി.
കടിഞ്ഞൂൽ പ്രണയം വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ കതിർമണ്ഡപമേറി.
ഈ ലോകത്തിലെ ഏറ്റവും സൗഭാഗ്യവതി താനായിരുന്നെന്ന് നിനച്ചുപോയി.
നാട്ടിലും ശ്രീകാന്തിന്റെ ജോലിസ്ഥലത്തുമായി കടന്നുപോയ ആദ്യവർഷങ്ങൾ ആ ചിന്ത ശരിവയ്ക്കുന്നതുമായിരുന്നു.

പിന്നെപ്പിന്നെ എന്തോ ഒന്നിന്റെ കുറവ്
അവൾക്കനുഭവപ്പെട്ടുതുടങ്ങി. തന്റെ തോന്നലായിരിക്കുമെന്ന് സമാധാനിക്കാൻ ശ്രമിച്ചു. ശ്രീകാന്തിന് ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവുമായി. തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് അയാൾ ഒഴുകിപ്പോയി. അവൾക്ക് ഒപ്പം തുഴഞ്ഞെത്താനാവാത്തത്ര വേഗത്തിലായിരുന്നു അത്.

ഒരേ കൂരയ്ക്കുതാഴെ രണ്ടുലോകങ്ങളിലായി ജീവിതം.
വളരെ വിരളമായ സ്വകാര്യനിമിഷങ്ങളിൽ പോലും തൊലിക്കപ്പുറത്തേക്ക് തന്നെ തൊടാനോ, ഉണർത്താനോ അയാൾക്കാവുന്നില്ലന്ന സത്യം അവൾ തിരിച്ചറിഞ്ഞു.
പലപ്പോഴും ആ വലിയവീടിന്റെ ഏകാന്തത തന്നെ വിഴുങ്ങുമെന്നവൾ ഭയന്നു. ഒരിക്കൽ ഏറെ കൗതുകംപകർന്ന നിഴലുകൾ അക്കാലത്ത് അവളെ വല്ലാതെ അസ്വസ്ഥയാക്കാൻ തുടങ്ങിയിരുന്നു. തൻ്റേയും ശ്രീകാന്തിൻ്റേയും ചിലസഹപ്രവർത്തകരും സുഹൃത്തുക്കളും താൻ അടുത്തുനിന്നു മാറുമ്പോൾ അടക്കംപറഞ്ഞു ചിരിച്ചിരുന്ന കഥകളിലെ കഥാപാത്രങ്ങളുടെ രൂപവും ഭാവവും ആ നിഴൽരൂപങ്ങൾക്കുണ്ട് എന്നവൾക്കു തോന്നി.

ഇടിവെട്ടിപ്പെയ്ത് മാനം മനസ്സൊഴിച്ച ഒരുരാത്രിയിൽ
വളരെ വൈകി, ഉറയ്ക്കാത്ത ചുവടുകളുമായി അവളുടെ മുറിയിലെത്തിയ അയാൾ അനുവാദത്തിനു കാക്കാതെ അവളിൽ തന്റെ അധികാരം നടപ്പിലാക്കി.
വഴുക്കുന്ന വാക്കുകളിൽ അയാൾ പുലമ്പിയതൊന്നും അവൾക്ക് മനസ്സിലായിരുന്നില്ല. അല്ലെങ്കിൽ അവൾക്ക്, അയാളെയേ മനസ്സിലാക്കാനായിരുന്നില്ലല്ലോ?!
കട്ടിലിൽ ഒടിഞ്ഞ താമരത്തണ്ടുപോലെ കിടക്കുമ്പോൾ ശരീരത്തേക്കാൾ നൊന്തത് മനസ്സായിരുന്നു.
വ്രണപ്പെട്ടത്, ആത്മാഭിമാനമായിരുന്നു.

തിരിഞ്ഞുനടക്കാൻ മനസ്സ് പാകപ്പെടുത്തുന്നതിനിടയിലാണ് തന്റെയുള്ളിൽ ഒരുജീവന്റെ മിടിപ്പ് അവൾ തിരിച്ചറിയുന്നത്.
ആശിച്ചു കാത്തിരുന്നപ്പോളെല്ലാം, നിരാശ മാത്രമായിരുന്നു ഫലം.
പക്ഷേ ഇത് …

അത് ജനിക്കട്ടെ.
വളരട്ടെ.
അതിന്റെ അവകാശമാണത്.
ശ്രീകാന്തിന്റെ മേൽവിലാസത്തിൽത്തന്നെ അത്
വളരണം, തീരുമാനം ഉറച്ചതായിരുന്നു.

ഇരുപത്തിയേഴു വർഷങ്ങൾ.
ഇരുപത്തിയേഴുവർഷങ്ങൾ
മലവെള്ളംപോലെ അവളുടെ മുന്നിലൂടെ ഒഴുകിപ്പോയി.
ആ ജീവൻ ജനിച്ചു, വളർന്നു, വിദ്യാഭ്യാസം നേടി, ഉദ്യോഗസ്ഥനായി.
കഴിഞ്ഞ ആഴ്ച അവന്റെ വിവാഹമായിരുന്നു.

ഇന്നലെ രാത്രിയിൽ അവൻ
ഭാര്യയേയുംകൂട്ടി അമേരിക്കയ്ക്ക് പറന്നു. യാത്ര പറയുമ്പോൾ
“ടെയ്ക്ക് കേർ അമ്മാ.”
എന്നു പറയാൻ അവൻ സൗമനസ്യം കാണിച്ചു, ഭാഗ്യം!

അന്തരീക്ഷം പൊതുവെ ശാന്തമായിരുന്നു. അധികം വിശദീകരണങ്ങളുടെയോ, വാദപ്രതിവാദങ്ങളുടേയോ ആവശ്യമുണ്ടായില്ല.

” നിന്റെയീ വർഗ്ഗത്തെ മനസ്സിലാക്കാനേ പാടാ, ഇപ്പോൾ
പനിനീരെങ്കിൽ അടുത്ത സെക്കന്റിൽ
തനി ഓടവെള്ളം.”
അവജ്ഞയോടെ പിറുപിറുക്കുന്നത് കേട്ടു.

“അല്ല ശ്രീകാന്ത്, ഓരോപെണ്ണും ഒരുകടലാണ്.
അലയും ചുഴിയും അകത്തൊളിപ്പിച്ച,
പുറമേയ്ക്ക് അലസ വിലാസിനിയായ മഹാസാഗരം .
കരയിലിരുന്നു കാഴ്ചകാണുന്നവർക്ക് അത്ര എളുപ്പത്തിലവളെ അളക്കാൻ കഴിഞ്ഞെന്നുവരില്ല. “

തന്റേതായതൊക്കെ നേരത്തേതന്നെ പാക്ക് ചെയ്തുകഴിഞ്ഞിരുന്നു. ഏറെ മോഹിച്ച് ഹൃദയത്തിൽ ഏറ്റുവാങ്ങിയ താലി, പൂജാമുറിയിൽ അഴിച്ചുവച്ചു. വെളുപ്പിനേ യാത്രതിരിച്ചു.

കൂടു തുറന്നുവിട്ട കിളിയെപ്പോലെയായിരുന്നു മനസ്സ്.
ചിറകു കുടഞ്ഞ് , നാലടിനടന്ന്, തത്തിപ്പറന്ന് ,
പിന്നെയൊരു കുതിപ്പ്.
എന്തൊരാത്മവിശ്വാസമായിരുന്നു അപ്പോൾ!

പുറത്ത് നിലാവു പെയ്യുന്നുണ്ട് .
അഭിരാമി ജാലകങ്ങൾ ഒന്നൊന്നായി തുറന്നു. നിലാവും പാതിരാ മുല്ലയുടെ സുഗന്ധം പൂശിയ കാറ്റും മുറിക്കകത്തേക്ക് ഒഴുകിവന്നു. ഗന്ധർവൻകാവിറങ്ങിവരുന്ന കാറ്റാണ്. എന്തൊരു കുളിര് !
ഓരോ അണുവിലും, പ്രാണൻ
മുളപൊട്ടിയുണരുന്നപോലെ.
പഴയപുറന്തോട് ഇളകി അടർന്നുപോയിരിക്കുന്നു.
പുനർജന്മം !
അതെ,
അഭിരാമി പുനർജനിച്ചിരിക്കുന്നു!
അവൾക്ക് ഈലോകത്തോട് ഉറക്കെയുറക്കെ വിളിച്ചുപറയണമെന്നു തോന്നി.
എവിടെനിന്നോ പറന്നുവന്ന ഒരു മിന്നാമിനുങ്ങ്, പുസ്തകങ്ങൾക്കുമേൽ പരതിനടന്നു.
ഉത്തരംകിട്ടിയ ചോദ്യങ്ങൾ , അവിടവിടെ സ്വസ്ഥരാവുന്നതറിഞ്ഞ് അവളുടെ മുഖത്ത് ഒരുചിരി വിടർന്നു.

ഹൈമവതി ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: