17.1 C
New York
Wednesday, December 1, 2021
Home Literature ഉണ്ണിയുടെ ഒരു ദിവസം (കഥ)

ഉണ്ണിയുടെ ഒരു ദിവസം (കഥ)

ഉണ്ണികൃഷ്ണൻ✍

വെള്ളാരം കല്ലുകൾ നിറഞ്ഞ പഞ്ചായത്ത് റോഡവസാനിക്കുന്നത് ഒറ്റ കമ്മാനത്തിനു താഴെ.
കമ്മാനം കടന്നാൽ മണൽപ്പരപ്പിലൂടെ നിശബ്ദമായൊഴുന്ന നിള.
കാലം മാറ്റം വരുത്തിയ നിളയും, മണൽപ്പരപ്പും ഓർമ്മ മാത്രം.
കുറ്റിക്കാടുകളും, പുൽപ്പടർപ്പും നിറഞ്ഞ നിളയിന്ന് മൃതമായ് ഉരുകിയൊലിക്കുമ്പോൾ , തിലോദകം ചാർത്താൻ മണൽപ്പരപ്പിൽപ്പോലും ഒരിറ്റ് വെള്ളമില്ലാത്ത കാലം….

ഒറ്റക്കമ്മാനം ഇന്നും മനസ്സിൽ ഒരു ഗോപുരം പോലെ .
കരിങ്കൽ പാളികളാൽ നിർമ്മിച്ച പാലത്തിന്, ഓർമ്മകളുടെ തിരശ്ശീലയിൽ കാണാക്കാഴ്ച്ചകൾ സമ്മാനിച്ച മുഹൂർത്തങ്ങൾ.
മംഗലാപുരത്ത് നിന്ന് ഷൊർണൂർ വരെ, അവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് നീണ്ടു പോകുന്ന റെയിൽപ്പാത…
കുട്ടിക്കാലത്ത് നിളയും, കമ്മാനവും റെയിൽപ്പാളങ്ങളും ഒരു ജീവശ്വാസമായ് ഓർമ്മകളിൽ മധുരം നിറച്ചിരുന്നു….
മഴ മറിയ കാലം …. ചൂണ്ടയും, വലയും തോർത്തും, തലെക്കെട്ടും ഒരു കുണ്ടൻ പാളയും ….
മീൻപിടുത്തക്കാരുടെ വിഹാര കേന്ദ്രമായ വള്ളാഞ്ചേരി കയവും ….
ഇടക്കിടെ ദീർഘശ്വാസം വലിച്ചെത്തുന്ന ഗുഡ്സ് തീവണ്ടികളും, സ്മൃതികളിൽ ആകാശക്കാഴ്ച്ചയുടെ മൂവന്തിയും …
ഒറ്റ കമ്മാനത്തിരുന്ന് പടിഞ്ഞാറ് പേരശ്ശനൂർ കുന്നിന്നപ്പുറം, അസ്തമയ സൂര്യന്റെ പൊൻ വെളിച്ചം അണയാൻ പോകുന്നതും നോക്കി , കിഴക്ക് ചന്ദ്രശോഭയുടെ തൂവെളിച്ചം പടരുന്നതും നോക്കി മലർന്നങ്ങിനെ കിടന്ന നാളുകൾ …

അകലെ മുത്തു വിളയം കുന്നിലെ അൽത്തറയിൽ നിന്ന് ഉയരുന്ന ദീപജ്വാലകൾ, കോമുശഹീദായവരുടെ ജാറത്തിലെ മരക്കൊമ്പിൽ കൂട്ടമായ് പറന്നെത്തുന്ന പക്ഷികൾ …
വാഴകാവ് ക്ഷേത്രത്തിൽ നിന്ന് ഒഴുകിയെത്തുന്ന ഭക്തിഗാനങ്ങൾ …

ഓർമ്മകൾ അങ്ങിനെ ലക്കും ലാഗാനുമില്ലാതെ പറന്നകലുന്നു…
ഇനിയും കാണാൻ കഴിയാത്ത കാഴ്ച്ചകളും, മങ്ങിയ ഓർമ്മകളിൽ ഒരു തിരി വെട്ടമായ് വന്നെത്തുന്ന കാറ്റിന്റെ മൂളലും ….
നിളയുടെ ഇളം കാറ്റിന് പ്രത്യേക തണുപ്പ് …. അത് പ്രകൃതിയുടെ നന്മയിൽ പിറവിയെടുത്ത തെളിനീരിലലിഞ്ഞ തണുപ്പ് …

അകലെ പുഞ്ചപ്പാടത്തെ വയൽപ്പര പ്പിൽ നിന്ന് കൊറ്റികളും , കിളികളും കൂടണയാൻ യാത്രയാകുന്നു . അസ്തമയ ശോഭയുടെ നിറം മങ്ങുമ്പോൾ ഞാനും എന്റെ കൂട് തേടി യാത്രയാകുന്നു …

ഉമ്മറത്തെ നിലവിളക്കിൽ നിന്ന് വരുന്ന മഞ്ഞ വെളിച്ചത്തിൽ കൽപ്പടവുകൾ തെളിഞ്ഞു കാണാം. തറവാടിന്റെ കൽപ്പടികൾ താണ്ടി ഉമ്മറത്തെത്തുമ്പോൾ റാന്തൽ വിളക്കിനു ചുറ്റും ഈയലുകൾ വട്ടമിട്ട് പറക്കുന്നത് കാണാം …
മുത്തശ്ശിയുടെ സന്ധ്യാ വന്ദനം അതാ ….
അമ്മയുടെ ,ചാരെ നിലവിളക്കിന് ചുറ്റും പാറിപ്പറക്കുന്ന ചെറു ജീവികൾ സ്വയം ജീവിതം സമർപ്പിച്ച് യാത്രയാകുന്നു.
തിരിയുടെ നാളം നീട്ടി പ്രകാശത്തിന് ജീവൻ നൽകി അമ്മയും ….
അയയിൽ നിന്ന് തോർത്തെടുത്ത് തറവാട്ടിലെ കുളത്തിലേക്ക് നടക്കുമ്പോൾ, തോട്ടത്തിലെ കവുങ്ങും , വാഴയും തലയാട്ടി എതിരേൽക്കുന്നു…
കുളപ്പടവിൽ എകനായ് കുറച്ചുനേരം …..
ദൂരെ അഞ്ചുകണ്ണ് പാലത്തിലൂടെ ഒരു തീവണ്ടി ചൂളം വിളിച്ച് കടന്ന് പോകുന്നത് കാഴ്ച്ചയിൽ തെളിഞ്ഞു ….
ഇനി വൈകിയാൽ അമ്മ എന്തു പറയുമെന്നറിയാതെ കുളത്തിലേക്കിറങ്ങി….
കൽപ്പടവിലെ വിടവിൽ തല നീട്ടിയ നീർക്കോലി എന്നെ പേടിച്ച് തല വലിച്ചു….
ഒരു മുങ്ങൽ … തണുത്തു പോയി…
അല്ലെങ്കിലും കുളത്തിലെ വെളളത്തിന് ഇത്തിരി തണുപ്പ് കൂടുതലാ ….
സോപ്പ് എടുക്കാൻ മറന്നതല്ല,
വാഴയില കൂട്ടിയോജിപ്പിച്ച് പുറം തേക്കുമ്പോൾ ഓർത്തു :
ഈ മാസത്തെ ബഡ്ജറ്റിൽ സോപ്പിന്റെ മരണം കഴിഞ്ഞിരിക്കുന്നു.
ഇനി ഒരു സോപ്പ് അടുത്ത ആഴ്ച്ചയിലെ കാണു ….
മുതുക് തുടച്ച് തല തുവർത്തി കയറി….
കൽപ്പടവിലെ ചന്ദ്രശോഭയിൽ ഉടുത്തമുണ്ട് തിരഞ്ഞു …
തോർത്ത് മാറ്റി മുണ്ട് ചുറ്റി മുകളിലേക്ക് നോക്കി…
ആകാശത്ത് അമ്പിളിയും നക്ഷത്രങ്ങളും അതാ …
മിന്നുന്ന നക്ഷത്രങ്ങൾ, കൂടെ അമ്പിളിക്കലയും കൂടി പൂക്കൾ വാരിയിട്ട പോലെ ….

ചിന്ത അത്താഴത്തിലേക്ക് നീണ്ടു. ഇന്ന് എന്താകും : കഞ്ഞിയും ചമ്മന്തിയും ആണോ?
അതോ വൈക്കോൽ നെല്ലിന്റെ അവൽ നനച്ചതും, കട്ടൻ കാപ്പിയുമാണോ ..?
അറിയില്ലാ…..
തോട്ടത്തിലെ വാഴകൾ ഇളകിയാടുന്നതും നോക്കി നടന്നു.
ഉമ്മറത്തെത്തിയപ്പോൾ, നിലവിളക്കിലെ തിരി കെട്ടിരുന്നു.
പക്ഷെ റാന്തൽ വിളക്കിന്റെ മങ്ങിയ പ്രകാശം അപ്പോഴും പൂമുഖത്തും, മുറ്റത്തും നിറഞ്ഞിരുന്നു .
ഈയലും പാറ്റകളും പ്രകാശത്തിന്റെ അവസാന ശോഭയും തേടി അകലേക്ക് പോയ് മറഞ്ഞു..

ഇനി ഈ തടവറയിൽ ഞാനും എന്റെ സ്വപ്നങ്ങളും അന്തിയുറങ്ങും …
വടക്കെ അറയുടെ ജനാല തുറന്നു …
അമ്മ വിളിക്കുന്നതുവരെ മരക്കട്ടിലിലെ പായയിൽ മേൽപ്പോട്ട് നോക്കി , നാളെയെ സ്വപ്നം കാണാൻ വിധിക്കപ്പെട്ട നിമിഷങ്ങളെ സാക്ഷിയാക്കി ഞാൻ കണ്ണടച്ചു …..

ഉണ്ണികൃഷ്ണൻ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: