ക്രൂശിതനായ ക്രിസ്തു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിൻ്റെ
ഓർമ്മദിനമായ ഈസ്റ്റർ
ഇന്ന് ലോകമെങ്ങും
ആഘോഷിക്കുന്നു.
പ്രത്യാശയുടേയും പ്രതീക്ഷയുടേയും ദിനം..
തിന്മക്ക് മേൽ നന്മയുടെ വിജയം..
സഹനത്തിൻ്റേയും സ്നേഹത്തിൻ്റേയും വിജയം..
ലോകം മുഴുവൻ എതിരായാലും സത്യവും സ്നേഹവും നന്മയും ഒടുവിൽ വിജയിക്കും
എന്നുള്ള സന്ദേശം നൽകുന്നു ഈസ്റ്റർ..
ക്രിസ്തുവിൻ്റെ പീഢാനുഭവാഴ്ചയിലെ ദു:ഖവെള്ളിയാഴ്ച ക്രൂശിക്കപ്പെട്ട ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു.
ക്രിസ്തുവിൻ്റെ ഉയിർപ്പിനെക്കുറിച്ച് വിശുദ്ധ ബൈബിൾ ഇങ്ങനെ സാക്ഷിക്കുന്നു..
“ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി..
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറക്കൽ ചെന്നു:
കല്ലറയുടെ വാതിൽക്കൽ നിന്നു..
നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.
അവർ കല്ലറക്കകത്തു കടന്നപ്പോൾ വെള്ള നിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.
അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസ്രായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ..എന്ന് പറഞ്ഞു.
ക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയക്കു ആദ്യം പ്രത്യക്ഷനായി.
പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിനിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി..”
++++++++++
ക്രിസ്തു ക്രൂശിതനാവും മുമ്പേ
യെരുശലേമിന്നരികെയുള്ള ബെഥാന്യയിൽ ദീനം പിടിച്ച്
മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്ന
സ്നേഹിതനായ ലാസറിനെ ഉയിർപ്പിക്കുന്നതിന് സാക്ഷികളായിരുന്നു ശിഷ്യന്മാരും ലാസറിൻ്റെ സഹോദരിമാരും..
ലാസറിൻ്റെ ഭവനത്തിൽ വെച്ച് ക്രിസ്തു പറഞ്ഞ വചനം
“Jesus said to her, ‘I am the resurrection and the life. The one who believes in me will live, even though they die; and whoever lives by believing in me will never die.”
John 11:25-26:
“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”
മരിച്ചവനെ യേശു ഉയർത്തെഴുന്നേൽപ്പിച്ചു. മയക്കത്തിൽ നിന്നെന്നപോലെ ലാസർ എഴുന്നേറ്റു.
ലാസറിനെ ഉയർപ്പിച്ച ക്രിസ്തു മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റിരിക്കുന്നു.. ഈ സന്തോഷ സുദിനത്തിൽ..
യേശുവിൻ്റെ ഇഹലോകജീവിതം
സാധാരണക്കാരോടൊപ്പമായിരുന്നു.
അറിവില്ലാത്തവരായിരുന്ന ശിഷ്യന്മാർ അവനോടൊപ്പം ചേർന്നു നടന്നു..
അവർക്ക് ദൈവിക ജ്ഞാനം ക്രിസ്തു പകർന്നു നൽകി..
അവർ ജ്ഞാനത്താൽ നിറഞ്ഞു…!
ക്രിസ്തു രോഗികളെ സൗഖ്യമാക്കി…!
അനുഗമിച്ചവർക്കെല്ലാം ജീവിതത്തെ ദൈവസ്നേഹത്തിൽ നിറയ്ക്കുവാൻ ദൈവവചനങ്ങൾ പകർന്നു നൽകി…!
അനേകം അത്ഭുത പ്രവൃത്തികൾ ചെയ്തു…!
യേശുക്രിസ്തുവിൻ്റെ തൃപ്പാദങ്ങൾ പതിഞ്ഞ ജോർദ്ദാൻ ,പലസ്തീൻ, ഇസ്രായേൽ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങൾ ചരിത്രം വിളിച്ചോതുന്നു.
ബേത് ലഹേമും
ഗോഗുൽത്താമലയും ക്രിസ്തുവിനെ അടക്കം ചെയ്തിരുന്ന കബറിടവും
മറ്റു പുണ്യസ്ഥലങ്ങളുമെല്ലാം സന്ദർശിക്കാൻ 2012 ൽ ഭാഗ്യമുണ്ടായി എന്നതിനാൽ ഈ ദിനത്തെക്കുറിച്ച് എഴുതുമ്പോൾ പ്രാർത്ഥനാപൂർവ്വം നിന്ന നിമിഷങ്ങൾ ഓർക്കാനാവുന്നു ..
ഈസ്റ്റർ
ഈസ്റ്റർ എന്ന വാക്കിൻ്റെ ഉറവിടത്തെക്കുറിച്ച് ആധികാരിക രേഖകൾ ഇങ്ങനെ പഠിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ ആംഗ്ലോ-
സാക്സോണിയന്മാർ ‘ഈയോസ്റ്ററേ’ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ നടന്നിരുന്ന മാസം ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് പ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ‘ ‘ക്യംതാ പെരുന്നാൾ’എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.
++++++
പ്രതീക്ഷയുടെയും പ്രത്യാശയുടേയും സന്ദേശമാണ് ഈസ്റ്റർ ലോകത്തിന് നൽകുന്നത്.
പ്രതിസന്ധികളെ നേരിടാനുള്ള കരുത്താണ് ഈസ്റ്റർ പകർന്നു തരുന്നത്..
യേശുവിൻ്റെ ഗിരിപ്രഭാഷണത്തിലെ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു…
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പ് കാരമില്ലാതെ പോയാൽ അതിന് എന്തുകൊണ്ട് രസം വരുത്താം. പുറത്തുകളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു. മലമേലിരിക്കുന്ന പട്ടണം മറഞ്ഞിരിക്കാൻ പാടില്ല. വിളക്കു കത്തിച്ച് പറയിന്മേലല്ല തണ്ടിന്മേലത്രേ വെക്കുന്നതു. അപ്പോളത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു”
ക്രിസ്തുവിൻ്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനത്തിൽ ലോകത്തിൻ്റെ വെളിച്ചമാകുവാൻ,
വീടിൻ്റെ വെളിച്ചമാകുവാൻ ഏവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു ..
“Love one another as I have Loved You”
“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം “
ക്രിസ്തു യേശുവിൻ്റെ ഈ സ്നേഹമൊഴികൾ
പിൻപറ്റുന്നതിനും പകർത്തുന്നതിനും
ഈ നല്ല ദിനം
മുഖാന്തിരമായിത്തീരട്ടെ..
ഏവർക്കും ഈസ്റ്റർ ദിനത്തിൻ്റെ എല്ലാ ആശംസകളും സ്നേഹത്തോടെ നേരുന്നു..
ബൈജു തെക്കുംപുറത്ത്