പഞ്ചവടിയുടെ ദുർബലമായ അകകാടുകളിൽ, അതിനു മുകളിലെ നീലാകാശത്തിൽ, ഞാൻ ഇന്നും അലയുന്നു, രാവും, പകലും തിരിച്ചറിയാത്ത വിഭ്രാന്തിയോടെ. എന്‍റെ പുകയുന്ന വിഭ്രാന്തികളിൽ, ആർദ്ര വിഹ്വലതകളിൽ, മുളപൊട്ടി തിങ്ങിവിങ്ങുന്ന സങ്കടങ്ങളിൽ, രാമബാണമേറ്റു മൃതയായ അമ്മ താടകയുടെ
സ്നേഹതലോടലുകളുണ്ട്. വേദന കടിച്ചമർത്തി മരിച്ചുവീണ, സഹോദരൻ സുബാഹുവുണ്ട്.ലഹരിയുടെ ഉന്മാദത്തിൽ ചെയ്തുപോയൊരു തെറ്റിന്, അഗസ്ത്യന്റെ ക്രോധാഗ്നി കാറ്റിനൊപ്പം,പടർന്നുകയറി ചാമ്പലായ അച്ഛൻ സുണ്ടനുണ്ട്. അതിനപ്പുറം…..!!!
ജാനകി,നീയോ, ലോകമോ, ഒരിക്കലും അറിയാതെപോയ, നിന്നോടുള്ള അടങ്ങാത്ത വിശുദ്ധ പ്രണയമുണ്ട്. ഈ പഞ്ചവടിയുടെ ഇരുളുവീണ നീലാകാശത്തിൽ ഒരു പരുന്തിനെപോലെ വട്ടമിട്ടു ഇന്നും ഞാനുണ്ട്. പിടഞ്ഞുവീണ പുൽനാമ്പുകളിൽ, എന്‍റെ ഉണങ്ങിയ രക്തക്കറകൾ തിരഞ്ഞു. അസുരൻ മാരീചന്റെ മറിമായത്തിന്റെ നിറംവച്ച കഥകളെ ലോകമറിയു. ദണ്ഡകാരണ്യത്തിൽ, ഞാൻ ഒരു നോക്കുകണ്ട നീയെന്ന,അത്ഭുദ സൗന്ദര്യത്തെ, നിശബ്ദമായി ഹൃദയം ഓർത്തുവെച്ചു. അരുതുകളുടെ വിലക്കുകൾക്കപ്പുറം നാളേറെ കഴിഞ്ഞപ്പോൾ, എനിക്കു മനസ്സിലായി, എനിക്ക് നിന്നോട് പ്രണയമെന്നു. ഇരുളിലും,നിഴലിലും,നിന്‍റെ രൂപം, എന്‍റെ കണ്ണുകളിൽ
മായക്കാഴ്ച്ചകൾ
നിറച്ചുകൊണ്ടിരുന്നു. ഒരിക്കലും നേടാനാവില്ല എന്നറിഞ്ഞു കൊണ്ടും,ഞാൻ ഭ്രാന്തമായി പ്രണയിക്കുന്നു, ഇന്നും, നിന്നെ ജാനകി. തുടക്കവും, ഒടുക്കവും നിന്നിൽ മാത്രമായിപോയ
നിശബ്ദപ്രണയം കൂടുകെട്ടിയ, നെഞ്ചിൽതറച്ച രാമ ബാണത്തിൽ ഇല്ലാതായ മാരീചനെ ആർക്കുമറിയില്ല.
ദശാനനന്റെ പുഷ്പകം കടൽത്തിരകളെ മുറിച്ചു,കടൽത്തീരത്ത് വന്നിറങ്ങിയ അന്ന്, പൗർണ്ണമിയുടെ രാവിൽ ഞാൻ വല്ലാതെ അത്ഭുദപ്പെട്ടു. വിവശതയുടെ ആശ്ലേഷത്തിൽ, എന്‍റെ കാതിൽ തട്ടിയ രാവണന്റെ നിശ്വാസത്തിലും ജാനകി, നീയുണ്ടായിരുന്നുവെന്നു, ഞാൻ വൈകി തിരിച്ചറിഞ്ഞു. നീയെന്ന
ഭ്രമസൗന്ദര്യത്തിനെക്കുറിച്ച്, സോദരി ശൂർപ്പണഖയുടെ, വർണ്ണനയുടെ ചൊൽവാക്കുകൾ,രാവണനെ എത്രമാത്രം സ്വാധീനിച്ചുവെന്നും ഞാനറിഞ്ഞു. അംഗഭംഗപ്പെട്ട ശൂർപ്പണഖയോ, അതിനു ഹേതുവായ രാമ, ലക്ഷ്മണൻമാരോടുള്ള
കനൽപ്പകയോ അല്ല,അന്ന് ഞാൻ രാവണന്‍റെ കണ്ണുകളിൽ കണ്ടത്. മറിച്ചു,പൗർണ്ണമി തിളക്കിയ കണ്ണുകളിൽ,കേട്ടറിവിലെ നീയെന്ന സങ്കൽപ്പത്തിനോടുള്ള, പ്രണയ തിരയിളക്കമായിരുന്നു. ചുണ്ടുകളിൽ, വിറച്ചു ചൊല്ലാൻ വെമ്പിനിന്നതു,സീതയെന്ന രണ്ടക്ഷരമായിരുന്നു.
രാപ്പക്ഷികൾ ഇരതേടി കടൽപ്പരപ്പിൽ പറന്നുകൊണ്ടിരുന്നു. എന്നെയും, രാവണനെയും തൊട്ടുഴിഞ്ഞുപോകുന്ന കടൽക്കാറ്റും, ചോദ്യമെറിഞ്ഞു, ‘ഇനിയെന്ത് ‘.?
പുഷ്പകത്തിന്റെ
വർണ്ണവിളക്കുകൾ,കാറ്റിൽ
ഉലഞ്ഞുകൊണ്ടിരുന്നു.നെറ്റിയിൽ വീണ ചുളിവുകളിൽ, നീണ്ട വിരലുകൾ ചേർത്തമർത്തി തടവി രാവണൻ, ഗൂഡ തന്ത്രങ്ങളുടെ ചുരുളഴിച്ചു, പതിയെപറഞ്ഞു.
ഒരു നേർയുദ്ധത്തിന് പോർവിളികളില്ലാതെ,
കള്ളനെപോലെ സീതയെ കവർന്നെടുക്കാൻ രൂപം കൊടുത്ത തന്ത്രത്തിന്റെ, പൊരുളുകളെക്കുറിച്ചുള്ള എന്‍റെ സന്ദേഹചിന്തകളെ, ഇടയ്ക്കു മുറിച്ചിട്ടതും രാവണൻ തന്നെയായിരുന്നു. ചതിയുടെ രംഗ പടമുയരുമ്പോൾ, രംഗത്ത്,പഞ്ചവടിയുടെ ഉദ്യാനത്തിൽ മനംമയക്കുന്ന സ്വർണ്ണപുള്ളികളുള്ള കൃഷ്ണ മൃഗമായി,സീതക്കു
ദൃഷ്ടിഗോചരമായി ഞാനുണ്ടാകണം.
ഒഴുകിനീങ്ങുന്ന തിങ്കൾ പ്രഭയിൽ കണ്ണ് നട്ടു,ഞാൻ നിശബ്ദനായി രാവണനെ കേട്ടുകൊണ്ടിരുന്നു, പഠിച്ചു, മനഃപൂർവം മറന്നുവച്ച എന്‍റെ, അസുര ജാലത്തിന്റെ പശ്ചാത്തലം, അതിൽ,
മെയ്വഴക്കത്തോടെ ഞാൻ ചേർത്തു വയ്‌ക്കേണ്ട ഒടിവിദ്യകൾ, അതാണ് രാവണൻ ആവശ്യപ്പെടുന്നത്. ജാനകി, നിന്നോടുള്ള എന്‍റെ പ്രണയത്തിന്റെ ലയതാളങ്ങൾ, രാവണനെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു. എന്‍റെ തളർന്ന മുരടനക്കത്തിനു മുൻപേ,കുറുകി ചെറുതാകുന്ന രാവണന്റെ കണ്ണുകളിൽ,വില്ലുപോലെ വളയുന്ന പുരികക്കൊടികളിൽ, ഒരു
രാജകല്പ്പനയുടെ നിഴലാട്ടം ഞാൻ കണ്ടു. ഓർമ്മകൾ മുൻപോട്ടു
നീക്കിവെച്ചു തന്ന രാമബാണം, ‘മാനവാസ്ത്രത്തിന്റെ’ ,തീവ്രവേഗം ഇടംതോളിൽ തുളച്ചുകയറി നൂറു യോജനകൾക്കുമപ്പുറം വലിച്ചെറിയപ്പെട്ട, എന്‍റെ
പഴയചിത്രത്തിന്റെ ഞെട്ടലിൽ മനസ്സ് ഒന്ന് വേച്ചുപോയി. ഏതു വേഷധാരിയായി ചെന്നാലും, രാമന്റെ കുശാഗ്രമായ കണ്ണുകളിൽ, ഞാൻ പിടിക്കപ്പെടുമെന്ന സത്യം, രാവണന്റെ ഭ്രമംനിറഞ്ഞ ഹൃദയത്തോട്,ഞാൻ ഉരുവിട്ട് പറഞ്ഞുകൊണ്ടിരുന്നു. രാവണന്റെ ആജ്ഞയെ,
തിരസ്കരിക്കാൻ എന്‍റെ മനസ്സ് വല്ലാതെവെമ്പി പക്ഷെ,ആ സംശയ കണ്ണുകൾക്ക് മുൻപിൽ, ഉറയിലുറങ്ങുന്ന ഉടവാളിനു മുന്നിൽ, ഞാൻ പതറിക്കൊണ്ടേയിരുന്നു. സുനിശ്ചിത മരണത്തിനു, എന്‍റെ മുന്നിൽ കാലം നീട്ടിവെച്ചു തന്നത് രണ്ടു വഴികളായിരുന്നു. രാവണാഞ്ജ ധിക്കരിച്ചു, ആ ഉടവാളിന്റെ മൂർച്ചയറിഞ്ഞുള്ളൊരു മരണം, അല്ലെങ്കിൽ, വീണ്ടും രാമബാണങ്ങളുടെ തീവ്രതയറിഞ്ഞുള്ളൊരു മരണം. അസുരന്റെയുള്ളു ആർദ്രമാകരുതു, പിടയുകയുമരുതു, എന്ന അമ്മയുടെ ഉപദേശം കടൽകാറ്റ് എന്‍റെ കാതരുകിൽ മന്ത്രിക്കുന്നപോലെ തോന്നി, അമ്മയുടെ അതെ സ്വരത്തിൽ.
നിശബ്ദതയുടെ കനത്തകോട്ടകൾ, എങ്ങിനെ തകർക്കണമെന്നറിയാതെ ഞാനുഴറിനിന്നു. രാമാസ്ത്രങ്ങളിൽ ഒരു ജീവത്യാഗത്തിന്റെ
കാലനിയോഗത്തിലേക്കു ,മെല്ലെ നടന്നുപോകാൻ മനസ്സ് മന്ത്രിക്കുന്നു.നീയെന്ന എന്‍റെ പ്രണയത്തിന്റെ ജീവശരീരത്തിനോട് തൊട്ട്നിൽക്കുന്ന,
ക്ഷണമാത്രകളുടെ
സൗഭാഗ്യചിന്തകൾ,എന്നെ വല്ലാതെ ഉന്മത്തനാക്കി കഴിഞ്ഞിരുന്നു. ഇനി ഒരു തിരിച്ചുവരവില്ലാത്ത എന്‍റെ അവസാന യാത്രക്കുള്ള ഒരുക്കങ്ങൾ, രാവണൻ അക്കമിട്ടു പറഞ്ഞത് മുഴുവൻ
മൂളികേൾക്കുമ്പോഴും,എന്‍റെ ഉള്ളിൽ നീ മാത്രമായിരുന്നു. നിന്നരുകിലേക്കു ഒരു സ്വർണ്ണവർണ്ണ,കൃഷ്ണമൃഗമായി ഞാനെത്തുന്ന, മനോജ്ഞ ചിത്രങ്ങളായിരുന്നു.
ഏഴ് നാൾ കഴിഞ്ഞുള്ള അമാവാസിക്കടുത്ത നാൾ,
തിയതികുറിച്ചു, രാവണൻ കടൽ തീരത്തെ പൂഴിമണലിൽ കാൽപാദങ്ങൾ ആഞ്ഞമർത്തി നടന്നു,പുഷ്പകമേറി മറയുവോളം ഞാൻ നിർന്നിമേഷനായി നിന്നു. പൗർണ്ണമിയെ മറച്ചു കടന്നുപോയ ഒരു കരിമേഘം, പർണ്ണാശ്രമത്തെയും, എന്നെയും നിഴൽ വിറയ്ക്കുന്ന ഇരുട്ടിൽ ആഴ്ത്തികൊണ്ടിരുന്നു.
വിഹ്വലതകൾ
തണുത്തുറഞ്ഞുപോയ മനസ്സിൽ, ഭയചിന്തകൾ ഒന്നുമില്ലായിരുന്നു, നിന്‍റെ രൂപസങ്കല്പം അടുത്തുണ്ട് എന്ന തോന്നലിൽ,ഞാൻ ശബ്ദമില്ലാതെ നിന്നോട്
സംസാരിച്ചുകൊണ്ടിരുന്നു. രാവിന്റെ അവസാനയാമപകുതിയിൽ, അംഗുലീനീളത്തിൽ അളന്നെടുത്തു തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ, അരണിതീയിൽ, ഹവിസ്സ് അർപ്പിച്ചു എല്ലാം തുടങ്ങുമ്പോൾ അമ്മയെ ഓർത്തു. കിഴക്ക് കണ്ണ്
ചേർത്തുവെച്ചു, ഉദയ കിരണങ്ങളുടെ, സഞ്ചാര വേഗമളന്നു. കറുകയും, ചമതയും ഹോമിച്ചു. ഇളം മുളംതണ്ടിൽ കുത്തിയെടുത്ത,മനുഷ്യ
ഭ്രൂണദ്രവങ്ങൾ ഹോമാഗ്നിയിൽ വീഴ്ത്തി, ദാനവ ശാസ്ത്ര മന്ത്രങ്ങൾ, തെറ്റാതെ ചൊല്ലി.കറുത്ത
ഹോമപ്പുകയിലെ മാംസംവെന്ത ഗന്ധമേറ്റ് എഴുന്നേൽക്കുമ്പോൾ, മനസ്സ്ചൊല്ലി ഒന്നും തെറ്റിയിട്ടില്ല.
പിന്നെ, ആറു ദിനരാത്രങ്ങൾ ഞാനറിഞ്ഞില്ല. സമയ നാഴികകളിൽ ഉറക്കാതെ, നിന്നിലേക്ക്
വഴുതിപോകുന്ന മനസ്സിനെ ശാസിച്ചു നിർത്തി. നിന്നരുകിലെത്താനുള്ള പ്രയത്നങ്ങളുടെ കാഠിന്യത്തിൽ, ഞാൻ തെല്ലും ഖിന്നനായില്ല ജാനകി.
ചുടലഭസ്മത്തിന്റെ നറും ചൂട് ദേഹമാസകലം പുരളുമ്പോൾ, നിന്‍റെ നേർത്ത വിരലുകളുടെ സ്പര്ശനം ഞാൻ ഏറ്റുവാങ്ങിയതായിതോന്നി. ഏകാഗ്രതയിൽ മനസ്സുറപ്പിക്കാൻ നന്നേ ക്ലേശിച്ചു. തലയോടടർത്തി മാറ്റിയ, നീളൻ കലമാൻകൊമ്പിന്റെ വളഞ്ഞ ശാഖാശിഖരങ്ങളിൽ മൃഗ കൊഴുപ്പുചേർത്തു മിനുസപ്പെടുത്തി.എന്‍റെ ശിരസ്സളവിൽ, വടവൃക്ഷ വള്ളികളാൽ ബന്ധിച്ചു.
പച്ചിലച്ചാറിൽ, ക്ഷാരക്കല്ലുകൾ ഉരച്ചുചേർത്തു,
സ്വർണ്ണവർണ്ണമുണ്ടാക്കി,
മനംമയങ്ങും വൃത്തപ്പുള്ളികൾ ഉടലാകെ തീർത്തുവെച്ചു,
ഊയിട്ടുണക്കിയ,മൃദു മാൻ
മൃഗത്തോലിൽ കർണ്ണതടങ്ങൾ കൂർപ്പിച്ചു. ചുണ്ടുകളിൽ കാർമേഘ വർണ്ണം ചാർത്തി. ഇരുളിൽ പതുങ്ങിയിരുന്ന്,
കൃഷ്ണമൃഗത്തിന്റെ ഉടലാഴങ്ങൾ അളന്നു പഠിച്ചു. ശരീരം കൃശമാക്കി, മൃഗരൂപ സമാനമാക്കി.
മിഴിയിണകളിൽ കടും അജ്ഞനമെഴുതി.കൃഷ്ണമൃഗ
നയനചലനങ്ങൾ സ്വാംശീകരിച്ചു.കൈകളെ, കാലുകളാക്കി.പച്ച മരത്തിൽ കുളമ്പുകൾ ആകൃതിക്കൊത്തു ചീന്തിയെടുത്തു.ഭയചകിത സ്വർണ്ണ മൃഗത്തിന്റെ വായുവേഗം പകർന്നെടുത്തു. ആഹാര,നീഹാരാദികൾ ക്രമപ്പെടുത്തി, മറന്നുപോയ
മെയ് വഴക്കത്തിന്റെ ഏടുകൾ ഓർത്തെടുത്തു,ദിവസങ്ങൾകൊണ്ട് ഞാൻ പരകായംചെയ്തു,ഒരു സ്വർണ്ണവർണ്ണ മാൻ മൃഗത്തിലേക്കു.
അമാവാസിക്കു അടുത്തനാൾ, വന്നെത്തിയത് ഞാനറിഞ്ഞില്ല. മേഘങ്ങളെ കീറിമുറിച്ചു രാവണന്റെ പുഷ്പകം നിലംതൊട്ടിറങ്ങി.
രൂപമാറ്റംവന്ന എന്‍റെ ഉടലാഴങ്ങളിൽ, രാവണന്റെ കണ്ണുകൾ അത്ഭുതത്തോടെ പാഞ്ഞുനടന്നു. കടൽത്തിരകൾ വല്ലാതെ
ഇളകിക്കളിച്ചുകൊണ്ടിരുന്നു. വട്ടമിട്ടു പറക്കുന്ന കൃഷ്‌ണപ്പരുന്തുകൾ, അപശകുനംപോലെ
വികൃതശബ്ദത്തിൽ ശബ്‌ദിച്ചു. പരസപരം കണ്ണുകളുടക്കാതെ ഞങ്ങൾ, നിശബ്ദരായി
കടൽപ്പരപ്പിലേക്കു നോക്കിനിന്നു. കലുഷിത തന്മാത്രകൾ,
രണ്ടുപേരുടെയും മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. പടിഞ്ഞാറേക്ക് ചാഞ്ഞിറങ്ങാൻ വെമ്പൽകൊള്ളുന്ന സൂര്യനെ നോക്കി ഇമകളനക്കാതെ രാവണൻ മെല്ലെപറഞ്ഞു.
‘മാതുലാ, എന്‍റെ പ്രവർത്തികളിൽ ആശങ്കകൾവേണ്ട, ശരിതെറ്റുകളിൽ ഇനിയൊരു വിശകലനവും. സീതയെന്ന സൗന്ദര്യത്തിൽ ഞാൻ ഉന്മത്തനാണ്, എനിക്ക് മുൻപിൽ വേറെവഴികളില്ല.ഒരു തുറന്ന യുദ്ധത്തിനുള്ള മാനസിക അവസ്ഥയിലുമല്ല ഞാൻ.ഈ
സ്വർണ്ണ മൃഗത്തിന്റെ മനംമയക്കുന്ന സൗന്ദര്യത്തിൽ, സീത ആകൃഷ്ടയാകും തീർച്ച. സീതയെ തൊട്ടുഴുഞ്ഞു പാഞ്ഞുപോകുന്ന സ്വർണ്ണമൃഗത്തിനോടുള്ള അഭിനിവേശത്തിൽ,അതിനെ സ്വന്തമാക്കണമെന്ന അതിമോഹത്തിൽ,
രാമലക്ഷ്മണർ, സീതയെവിട്ടു മാതുലനു പുറകെ പായുമ്പോൾ, എന്‍റെ സമയം സമാഗതമാകും. ഭിക്ഷാംദേഹിയായി രൂപമാറ്റത്തിൽ, സീതാപഹരണം പൂർത്തിയാക്കി ഞാൻ, പുഷ്പ്പകത്തിന്റെ ചിറകുകൾ വിടർത്തി ആഞ്ഞുവീശി, പഞ്ചവടിയുടെ ഈ കരയിൽനിന്നും കടൽകടന്നു,എന്‍റെ ലങ്കയിലേക്ക് പറന്നിരിക്കും. മായക്കാഴ്ചകളിൽ, രാമലക്ഷ്മണരേ കുരുക്കിയിട്ടു, മാതുലൻ ഒടിവേഗങ്ങളിൽ അവിടെ നിന്നും രക്ഷനേടുമെന്നും എനിക്കുറപ്പാണ്.’
കാറ്റ് ഇളക്കികളിക്കുന്ന രാവണന്റെ ഉത്തരീയത്തിൽ, എന്‍റെ കണ്ണുകൾ വെറുതെ ഉടക്കിക്കിടന്നു. മൗനം വിഴുങ്ങിപോയ വാക്കുകളിലേ എന്‍റെ നിശബ്ദത, ഒരു പക്ഷെ രാവണൻ ഒരു മറുപടിയായി കരുതിയിരിക്കാം. സഹോദരി പുത്രനോടുള്ള വാത്സല്യത്തിനുമപ്പുറം, കടപ്പാടുകളിലൂടെ ഉയർത്തിക്കെട്ടിയ വിധേയത്വമായിരുന്നു എനിക്കവനോട്.അവന്‍റെ ക്ഷിപ്രകോപത്തോടു ഭയവും. നാശത്തിന്റെ വഴികളിലേക്ക്
കടന്നുകയറുന്ന അവന്‍റെ ചിന്തകളെ പിടിച്ചുകെട്ടാനാവാത്ത, തിരുത്തുവാനാവാത്ത എന്‍റെ നിസ്സഹായതയെ, ഞാൻ സ്വയം ശപിച്ചുകൊണ്ടിരുന്നു.
അടുത്തുവരുന്ന എന്‍റെ മരണത്തിന്റെ ദുർനിമിത്തങ്ങൾ ആകാശത്തിലും,
കടൽത്തിരകളിലും, അടയാളങ്ങൾ കാട്ടിതന്നു. സമാഗതമാകുന്ന നിന്‍റെ സാമിപ്യത്തിന്റെ നിമിഷങ്ങളെ, ഞാൻ മറ്റെല്ലാംമറന്നു മനസ്സിൽ താലോചിച്ചു കൊണ്ടിരുന്നു. തീർത്തും വിഭിന്നമായി ചിന്തിച്ചു, ഒരേ ദിശയിലേക്കു സഞ്ചരിക്കുന്ന രണ്ടു വിഭ്രമങ്ങളാണ്, ഞാനും, രാവണനും എന്നെനിക്കുതോന്നി.
കടൽപ്പരപ്പിൽ സൂര്യ രശ്മികൾ ചരിഞ്ഞുവീഴാൻ തുടങ്ങിയിരിക്കുന്നു. ഗോകൃതം, ശുദ്ധജലം ചേർത്തു തെളിയിച്ചുവച്ച കൽഭരണിയിൽ, സ്വന്തം പ്രതിച്ഛായ ഒന്ന് കൂടി കണ്ടുറപ്പിച്ചു. നാഴിക കണക്കു മാനംനോക്കി കൂട്ടിയെടുത്തു രാവണനൊപ്പം, പുഷപ്പകമേറുമ്പോൾ ഞാൻ, എനിക്ക് പുറകിൽ ഉരിഞ്ഞിട്ടത് മാരീചനെന്ന ശാന്ത
ദാനവരൂപമായിരുന്നു.
ത്രിസന്ധ്യയ്ക്ക് നാഴികൾക്കുമുൻപ് പഞ്ചവടിയുടെ തീരങ്ങളിൽ, പുഷ്പകം നിശബ്ദമായി പറന്നിറങ്ങുമ്പോൾ, രാവണൻ
ഘനചിന്തകളിലായിരുന്നു. ഊഷ്മളമായ ആലിംഗനത്തിൽ അവൻ എന്നെ ചേർത്തമർത്തുമ്പോൾ,വിറയ്ക്കുന്ന അവന്‍റെ ഹൃദയം ഞാൻ തൊട്ടറിഞ്ഞു. കർണ്ണതടങ്ങളിൽ ഒരു പുലമ്പൽ പോലെ ഞാൻ മന്ത്രിച്ചു ‘ നല്ലതുമാത്രംവരട്ടെ’ പർണ്ണശാലക്കരുകിലെ
മുളംകാടുകളിൽ കുതിച്ചെത്തി ഞാൻ നിന്നെ കാത്തിരുന്നു ജാനകി,കിതപ്പുകളടക്കിവെച്ചു. സന്ധ്യാപൂജക്കുള്ള പുഷ്പങ്ങളിറുക്കുവാൻ നീ വരുമ്പോൾ, സ്വർണ്ണവർണ്ണ പുള്ളികളിളക്കി,കുതിച്ചുവരാൻ ഞാൻ കുളമ്പുകൾ ചേർത്തുവെച്ചു, മണ്ണിൽ ചുരമാന്തിനിന്നു. പ്രതീക്ഷകൾക്കവസാനം,
വള്ളിക്കൂടയുമായി കടന്നുവന്ന നിന്‍റെ രൂപത്തിൽ, കണ്ണുകളുടക്കി ഞാൻ വിവശനായി.കരുതിവച്ച എന്‍റെ ഊർജ്ജകണികകൾ, എന്നിൽനിന്നും ബാഷ്പീകരിക്കുന്നതുപോലെതോന്നി. എനിക്ക്ചുറ്റും പരക്കുന്ന നിന്‍റെ ഗന്ധം, എന്‍റെ ഉന്മാദങ്ങളുടെ തന്ത്രികളെ
വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. കാറ്റിന്റെഗതിയിൽ നിന്നടുത്തേക്കു കുളമ്പുകൾ ചേർത്തുവെച്ചു പാഞ്ഞപ്പോൾ, ഒന്നുമാത്രമേ മനസ്സിലുണ്ടാട്ടിരുന്നുള്ളു. നിന്‍റെ ആവുന്നത്ര അടുത്തെത്തിയുള്ള, കൺനിറയുന്ന നിന്‍റെ
ഉടൽരൂപക്കാഴ്ച്ച.
കണക്കുകൾതെറ്റാതെ എല്ലാം സംഭവിച്ചു. നിന്‍റെ
ഉടൽസ്പർശ്ശമേറ്റു ,തരളിതനായ ഞാൻ അശ്വവേഗത്തിൽ നിന്നിൽ നിന്നും ഒടിമറഞ്ഞു, പുൽക്കാടുകളിൽ കിതച്ചു,
കാത്തുനിന്നു. വിദൂരക്കാഴ്ച്ചയിൽ നിന്നിൽനിന്നും കണ്ണെടുക്കാതെ, നിന്‍റെ പിടിവാശിക്കു വഴങ്ങി, രാമലക്ഷ്മണർ ചേർന്ന്,എന്നെ തേടിയെത്തുമെന്ന എന്‍റെ
കണക്കുകൂട്ടൽ മാത്രം,എനിക്ക് പിഴച്ചു. രക്ഷയുടെ നൂലിടയിലൂടെ,മുളങ്കാടിന്റെ
നിഴലുപറ്റി, രാമസ്‌ത്രങ്ങളെ പകുത്തു ശരവേഗത്തിൽ ഓടി മറയാമെന്ന എന്‍റെ ഭാഗ്യംകുറഞ്ഞ,
പരീക്ഷണശ്രമത്തിന്റെ
വിജയസാധ്യതയും, എന്നെ പരിക്ഷീണനാക്കികൊണ്ടിരുന്നു.
ഇതിഹാസത്തിന്റെ ഏടുകളിൽ മനപ്പൂർവ്വമോ, അല്ലാതെയോ എന്‍റെ അവസാന നിമിഷങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല. സുനിശ്ചിത മരണത്തിന്റെ കാലടിയൊച്ചകളിലും ജാനകി, നിന്നെ ഞാൻ ചതിച്ചിട്ടില്ല. രാമബാണത്തിന്റെ മൂർച്ച
ഹൃദയം പകുത്തുപോയ മരണ വേദനയിലും, ഒരു
നിഴൽക്കാഴ്ച്ചപോലെ നീ മാത്രമായിരുന്നു,എന്‍റെ മങ്ങിയ കണ്ണുകൾക്ക് മുൻപിൽ. വേദനയുടെ അവസാന വികൃതാക്രോശങ്ങളിൽ, എന്‍റെ ദയനീയപിടച്ചിലിൽ, ഞാൻ ലക്ഷ്മണനാമം,രാമന്റെ ശബ്ദത്തിൽ വിളിച്ചതില്ല. എന്‍റെ രോദനങ്ങളിൽ വിഭ്രമംപൂണ്ട നീ,കേട്ട ഇല്ലാ വിളിയിൽ,നിന്‍റെ സന്ദേഹങ്ങളിൽ, നീ നിന്‍റെ
ഭാഗ്യരാശികളുടെ,ഭാവിയുടെ,
ഗതിതന്നെ മാറ്റിമറിച്ചു ജാനകി. നിന്‍റെ വിഭ്രമങ്ങൾ അടക്കി നിർത്തി, ഒന്ന് കൂടി
ചെവികൂർപ്പിച്ചിരുന്നുവെങ്കിൽ,
നിനക്ക് കേൾക്കാനാവുമായിരുന്നതു എന്‍റെ വെറും അവ്യക്ത മരണ പിടച്ചിലുകൾ മാത്രം.
പഞ്ചവടിയുടെ തീരങ്ങൾതാണ്ടി പുഷ്പകം, നിന്നെയും വഹിച്ചു മറയുവോളം ഞാൻ,എന്‍റെ
ജീവതന്മാത്രകളെ പിടിച്ചുനിർത്തി. കലങ്ങിച്ചുവന്ന നിന്‍റെ കണ്ണുകളെ, ഞാൻ വേദനയോടെ, സങ്കൽപ്പത്തിൽ ഓർത്തെടുത്തു. നിസഹായതയുടെ അവസാന പിടച്ചിലും നിലക്കുവോളം,ഞാൻ പിന്നെ കരഞ്ഞതുമുഴുവൻ,
നിനക്കുവേണ്ടിയായിരുന്നു.
കടൽകടന്നു പുഷ്പകത്തിനു പിറകെ കാറ്റുപോലെ പാഞ്ഞെത്തി, നിന്നെ രാവണന്റെ കൈകളിൽ നിന്നും
തട്ടിപ്പറിക്കുവാൻ മനസ്സുവെമ്പി. ദാനവൻ കൊടുത്ത വാക്കിന്റെ, സ്ഥിരതയുടെ കോട്ടകൾ എന്നെ ഉലച്ചു തടഞ്ഞുനിർത്തി അപ്പോഴൊക്കെ.
കാലസമയങ്ങൾ,
എണ്ണിതിട്ടപ്പെടുത്താതെ എത്രയോ
കടന്നുപോയി. സ്വർഗ്ഗമാർഗ്ഗത്തിന്റെ വാതായനങ്ങൾ,ഒരിക്കലും തുറക്കാതെ ഇന്നും എന്‍റെ മുന്നിൽ അടഞ്ഞുതന്നെ കിടക്കുന്നു. ഉത്തമ പുരുഷന്റെ, ശരമേറ്റു മരണം പുൽകിയ ദാനവനെ, ഇതിഹാസ രചനയുടെ പിന്നീടുള്ള ഏടുകളിൽ, കാലം മറന്നുവെച്ചു,
സ്വർഗ്ഗംപൂകിയെന്നൊരു
പെരുംകള്ളത്തോടെ.
യുഗങ്ങൾ പിറന്നു, മരിച്ചു, എന്‍റെ മുന്നിൽ. മാറ്റങ്ങളുടെ ശംഖൊലികൾ ഞാൻ എത്രകേട്ടു.
പുൽക്കാട്ടിൽവീണ എന്‍റെ
രക്തത്തുള്ളികൾപോലും അടയാളമില്ലാതെ കാലം
മായിച്ചുകളഞ്ഞിരിക്കുന്നു.
കൃഷ്ണപരുന്തുകൾക്കൊപ്പം,
കാറ്റിന്റെഗതിയിൽ ഞാൻ അരൂപനായി, ഇന്നും,ഈ പഞ്ചവടിയുടെ ആകാശപ്പരപ്പിൽ എന്തോ തിരഞ്ഞുകൊണ്ടിരിക്കുന്നു. അസുരന്റെ മായകാഴ്ച്ചകളുടെയും,
ഒടി വിദ്യകളുടെ ബാലപാഠങ്ങളേയും മറന്നു. ഇതിഹാസം ചാർത്തിതന്ന കളങ്കവുമായി,ഈ ദാനവൻ നിസ്സഹായനായി, തിരഞ്ഞുകൊണ്ടേയിരിക്കുന്നു. നീ എന്ന ദേവസ്ത്രിയുടെ,
പ്രണയഗന്ധം, ഉള്ളിലെ
കനൽ തണുപ്പിക്കുന്ന ആ
ദിവ്യരൂപം……
ഹരീഷ് മൂർത്തി
മുംബൈ
Great writing, awesome presentation. Bow down to you Harish Moorthy.
മനോഹരം! പ്രണയതിനൊരു മാറ്റിയെഴുത്ത്.രാമായണ നിർവചനങ്ങളിൽ പലതും ഗൂഢമായിരുന്നു. രാമസായകമേറ്റ താടകയും ലഷ്മണ ഖഡ്ഗം അംഗഭംഗയാക്കിയ ശൂർപ്പണഖയും ഇതാ ശ്രീരാമനെ പ്രണയിച്ച മാരിചനും..തുടക്കമിട്ടത് വയലാറെങ്കിൽ എലാറ്റിലും പ്രണയത്തിനു വർണങ്ങളുണ്ട്. മനോഹരമായെഴുതി.ആശംസകൾ മാഷെ.