സുഖസുഗന്ധമതുമായി തെന്നലും
ദിവ്യപുഷ്പലത ചുറ്റുപാടിലും
പക്ഷി വൃക്ഷമയമാം പ്രകൃതിയും
സ്വച്ഛ സുന്ദരമീ സ്വർഗ്ഗലോകവും
എത്ര മോദമിവിടം മനോഹരം
എങ്കിലും സുഖമതില്ല തെല്ലുമേ
എന്റെ പ്രീയസഖി നിൻ വരവിനായ്
എത്രകാലമിനി കാത്തിരിക്കണം?…
സ്വന്ത ജീവിതമുടച്ചു വാർത്തുനീ
എന്റെ ജീവനതിലംശമായതിൻ-
ശ്ശേഷ കാലമൊരു സ്വപ്ന ജീവിതം
ആസ്വദിച്ചു കടന്നുപോന്നു ഞാൻ.
ഏതുകാലവുമെനിയ്ക്കു സ്വന്തമാം
ഛായയായരുകിൽ നീ നിറഞ്ഞതും
ആധിവ്യാധികളിലെന്നുമെൻ ഹൃദയ
താളമായി നീ ചേർന്നുനിന്നതും
സ്വർഗ്ഗശയ്യയതിലെങ്കിലും മനസ്സിൽ
സ്വപ്നദൃശ്യമായ് കാണ്മുഞാൻ സഖീ
കാലമെന്ന വികൃതിയ്ക്കു മുമ്പിലായ്
വീണിതെന്റെയുടൽ; നീൾ വിരിച്ചൊരു
ശ്വേതകമ്പളമതിൽ പുതച്ചു നവ
ദീപ്തിയിൻ പുറകിലായ് കിടക്കവേ
ആണ്ട ദുഃഖമണയാതിരുന്നു നീ,
എന്നെയോർത്തു വിലപിച്ച നേരമേ
എന്റെ ഓർമ്മകളിൽ ആദ്യമായിനിൻ
കണ്ണുനീർമണി പതിച്ചു ഭൂമിയിൽ…
നിന്റെ നീർമ്മണികളിറ്റു വീണതാം
മണ്ണിലേക്കിനി ഞാൻവരില്ലെടോ
ഒന്നുമാത്രമിനി കാത്തിരുന്നിടാം
നിന്റെപാദ പതന സ്വനത്തിനായ്…
സ്വർഗ്ഗവാതിലുകൾ തുറന്നു നീവരിക
സ്വർണ്ണ പാദുകമണിഞ്ഞ സുന്ദരീ.
നിൻവരവിനാൽ ധന്യമാകുമെൻ
സ്വർഗ്ഗജീവിതം, നിന്റെയും പ്രിയേ…
ദിനേശൻ കൂത്താട്ടുകുളം
കവിത നന്നായിരിക്കുന്നു മാഷേ.