ഗോപകുമാർ മുതുകുളം
കൂകിപ്പാഞ്ഞുപോകും
രാത്രിവണ്ടിത്താരാട്ടിൽ
ഉണരാതുറങ്ങാൻ
പഠിച്ചയിടം….
മലമൂത്രഗന്ധത്തലോടലുകൾ
അസഹ്യമെന്നറിയാതെ
ചവറ് കൂനപ്പുറമ്പോക്കിലെ
കുത്തിമറച്ച,
പഴന്തുണിക്കൊട്ടാരവാസം
കാറ്റും – മഴയും
പ്രണയിച്ചിറക്കിവിടുമ്പോൾ,
ഓടിക്കയറിച്ചെല്ലാനൊരിടം
ഇവിടം….
അമ്മയുടെ മുടിക്കെട്ടിലെ
ചതഞ്ഞരഞ്ഞ മുല്ലപ്പൂ
ഗന്ധത്തെക്കാത്തിരുന്നുറങ്ങിയ,
കോൺക്രീറ്റ് ബഞ്ചുകളുടെ
ചങ്ങാത്തക്കാലം…
ചില നിലവിളികൾ
പുറത്തേയ്ക്കെടുത്തെറിഞ്ഞേതോ
കരിങ്കല്ലിൽ,
ഉമ്മവെച്ച് നിലയ്ക്കുമ്പോൾ
അകന്ന് പോകുന്ന ചൂളം വിളിയെ
തോൽപ്പിക്കാൻ ശ്രമിച്ച
അലറിക്കരച്ചിൽ
ആരോ രുചിച്ച് തുപ്പിയീ
പാളങ്ങളെ ചുവപ്പിച്ച
പെണ്ണുടലുകൾ കണ്ട്
പനിച്ചു വിയർത്തൊരോർമ്മകൾ..
പാളങ്ങളിൽ പരതി നടന്ന
ചില്ലറത്തുട്ടുകൾക്കും
പ്ലാറ്റ് ഫോം തിരക്കുകളിലെ
കൗതുകക്കാഴ്ചകൾക്കുമപ്പുറം
പത്തു വയസ്സുകാരൻ മൂടി വെച്ച
പരിഭവങ്ങളുടെ
സാക്ഷിയായൊരിടം…
ഇവിടം…!!!
ഗോപകുമാർ മുതുകുളം