അവനെത്തുമ്പോളേയ്ക്കും ചടങ്ങുകൾകഴിയാറായിരുന്നു.
ആകാശമാകെ മഴക്കാർ, എപ്പോൾ വേണമെങ്കിലും മഴപെയ്തേക്കാമെന്നാരോ പറയുന്നുണ്ട്.
കൂടിനിന്ന ആളുകളുടെ ഇടയിലൂടെ അകത്തേയ്ക്ക് നൂഴ്ന്നു കയറി. പെട്ടെന്നുണ്ടായ തിരക്കിൽ ആരക്കയോഅയാളെ തിരിഞ്ഞു നോക്കി.പരിചയക്കാരാരുമില്ലാത്തതുകൊണ്ട് ആരും തിരിച്ചറിയില്ല.
അയാൾ ആശ്വസിച്ചു. ആകെ അറിയാവുന്ന ആളാണ് വെള്ളപുതച്ച് കിടക്കുന്നത്,
ഇന്നലെ ടൗണിലെ ബേക്കറിയിലിരുന്ന് സംസാരിച്ചപ്പോളും ഇന്നിങ്ങനെ കാണേണ്ടിവരുമെന്നേ ഓർത്തില്ല.പിരിയാൻ നേരം ചോദിച്ചു.
ഇനിയെന്നാണ്..?
എന്ത്..?
ദർശന ഭാഗ്യം..?
അത് നേരത്ത് ഓർക്കണമായിരുന്നു..
ടീ…
പോടാ ഞാനെന്റെ കെട്ടിയോനോട് ചോദിക്കട്ടെ..
അതിന് അതിയാന് ബോധമുള്ള സമയമെപ്പോളാണ്.?
എന്റെ കെട്ടിയോനെ കുറ്റം പറഞ്ഞാൻ നിന്റെ താടിയ്ക്ക് ഞാൻ തട്ടുതരും പറഞ്ഞേക്കാം..
നേരത്ത ഓർക്കണമായിരുന്നു കാണണമെന്ന് ഇപ്പോളോർത്താൽപ്പോര…
ഓ… അതുകൊണ്ട് ഈ തലവേദന എന്റെ തലയിൽ നിന്നും ഒഴിവായിക്കിട്ടിയല്ലോ…
പോകാനായി സീറ്റിൽ നിന്നും എഴുന്നററ അവൾ വീണ്ടും ഇരുന്നു.
നീ പറഞ്ഞത് സത്യമാണോ..? നിനക്ക് ഞാൻ തലവേദനയാണോ..?
അല്ല ടീ … ഞാൻ വെറുതെ പറയുന്നതല്ലേ.. നിന്നെ എങ്ങിനേലും ഒന്നും തോൽപ്പിക്കണ്ടേ അതിന്…
ഒവ്വ….തോൽക്കും. നല്ലകഥ..
ആരാ തോറേറാടിയത് പണ്ട് നിന്റെ കൂടെ പോരാനിറങ്ങിവന്ന എന്നെ കണ്ട് പേടിച്ച് നാടുവിട്ടു പോയ ധീരൻ…ഒന്നും പോടാ…
അയാൾ കൈനീട്ടീ ടേബിളിൽ ഇരുന്ന അവളുടെ വിരലിൽ തൊട്ടു. അവൾ പുരികം ചുളിച്ച് അവനെ നോക്കി..
എന്താടാ…
അവൻ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമലുകൾ ഇളക്കി.
ശരിയെന്നും പറഞ്ഞ് അവൾ പുറത്തേയ്ക്ക് നടന്നു. ക്യാഷ് കൗണ്ടറിൽ ചെന്നു നിന്നുപേഴ്സ് തുറന്ന് ബിൽ പേ ചെയ്തു.
ഒന്നുകൂടി തിരിഞ്ഞ് നോക്കി പുറത്തെ വെയിലിലേയ്ക്ക് കുടചൂടിയിറങ്ങിപ്പോയി…
ആ…അവളാണ് ഇപ്പോൾ ഒന്നും കാണാതെ കേൾക്കാതെ കണ്ണടച്ച് കിടക്കുന്നത്.
മഴചാറാൻതുടങ്ങി. വീടിന് പിറകിലെ തൊടിയിൽ ചിത തയ്യാറായിക്കഴിഞ്ഞു.
ആരക്കയോ ചേർന്ന് അതിന് മുകളിലായി ഉയരത്തിൽ പടുതാ വലിച്ചു കെട്ടുന്നുണ്ട്.
അയാൾക്ക് അവളെ ഒന്നു തൊടണമെന്നു തോന്നി. അവളുടെ അടുത്തിരുന്ന് ആ മുഖത്തേയ്ക്കു മുഖം ചേർത്ത് കുറച്ചുനേരം ഇരിയ്ക്കണമെന്നും ..പറയാൻ മറന്നുപോയ എന്തൊക്കയോ പറയണമെന്നും.
അവൾ തൊടിയിലേയ്ക്കും അവിടെ നിന്നും ചിതയിലേയ്ക്കുമായി യാത്ര പോയി.
പതുക്കെപ്പതുക്കെ പുകയോടുകൂടി തീ പടർന്നു കത്താൻ തുടങ്ങി.
പുക പടർന്നപ്പോൾ ആളുകൾ അകന്നുമാറി.
അയാൾ വീടിന്റെ മുറ്റത്ത് നോക്കി നിന്നു.
അവൾ പലപ്പോഴും അവനോട് കളിയായിപ്പറഞ്ഞത് അവനോർത്തു.
നമുക്ക് ഒരു സിനിമയ്ക്ക് പോയാലോയെന്ന് അവൻ ചോദിച്ചപ്പോഴാണ് അവൾ അവസാനം പറഞ്ഞത് നീയെന്റെ പുക കണ്ടേ അടങ്ങുകയുള്ളോയെന്ന്..
താഴെ തൊടിയിൽ നിന്നും പുക മെല്ലെ ഒഴുകി വന്നയാളെപ്പൊതിഞ്ഞു.സമയവും കാലവും മഴച്ചാററലും ആരവങ്ങളും തേങ്ങലും അയാൾ മറന്നു.അവളുടെ ഗന്ധം, ചന്ദനക്കുറി യുടേയും കളഭക്കൂട്ടുകളുടേയും, അവളുടേതു മാത്രമായ ആ ഗന്ധം.!!
✍️ ബെന്നി സെബാസ്റ്റ്യൻ, ഇടുക്കി.
( സംസ്കൃതി & ആർഷഭാരതിയിലെ ഈയാഴ്ചയിലെ മികച്ച രചന)