17.1 C
New York
Wednesday, January 19, 2022
Home Literature ഇരുമുഖൻ (കഥ)

ഇരുമുഖൻ (കഥ)

ആനി ജോർജ്ജ്✍

ജനാർദ്ദനൻ നായർ സ്ഥലത്തെ പ്രധാനി കളിൽ ഒരാളാണ്. എൺപതുകളിൽ എത്തിനിൽക്കുന്ന പ്രായം. ഭാര്യ ശാന്തി ഐശ്വര്യപൂർണമായ വാർദ്ധക്യം ആസ്വദിച്ചു വീട്ടുഭരണം നടത്തുന്നു. ഒരേ ഒരു മകൻ സുരേഷ്. കുവൈത്തിലെ ഓയിൽ കമ്പനിയിലാണ് ജോലി. വിവാഹിതൻ. കുടുംബമായി അവിടെത്തന്നെ സ്ഥിരതാമസം. വല്ലപ്പോഴുമൊരിക്കൽ കിട്ടുന്നതിന്റെ ഒരു ഓഹരി ദാനം ചെയ്യാനും, പ്രൗഢി അറിയിക്കാനുമായി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നാട്ടിൽ വരും. സുരേഷിന്റെ തിരിച്ചുപോക്കിന് ശേഷം, ജനാർദ്ദനൻ നായരുടെ പ്രാധാന്യം വർദ്ധിക്കുന്നു. വെഞ്ഞാറമൂട്ടിലെ ഏകദേശം എല്ലാ സാമൂഹ്യ സ്വകാര്യ പ്രശ്നങ്ങളിലും അയാൾ വാക്കുകൊണ്ടോ അഭിപ്രായം കൊണ്ടോ ഇടപെട്ടിരിക്കും. അത് ഒരു കടമയായി,ഒരു ജീവിത രീതിയായിത്തന്നെ അയാൾ കണ്ടിരുന്നു. സ്വന്തം നാട്ടിലെയും അയൽ നാട്ടിലെയും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിവാഹം മുടക്കുന്നതിൽ, അതിനെ കുറച്ച് കാശ് ചെലവായാൽ കൂടി, ഒരു പ്രത്യേക സ്വകാര്യ സന്തോഷം നായര് കണ്ടിരുന്നു. അത് പരസ്യമായ രഹസ്യവും ആയിരുന്നു.

ജനാർദ്ദനൻ നായരുടെ ഭാര്യ ശാന്തി, അയലത്ത്കാരുടെയും അടുപ്പക്കാരുടെയും ശാന്തി അമ്മ, രാവിലെ ജോലിക്കാരി കലയെ ശാസിക്കുന്നത് കേട്ടുകൊണ്ടാണ് ജനാർദ്ദനൻ നായർ ഉണർന്നത്.
ഫോണിലൂടെയുള്ള മകന്റെ കുഞ്ഞുങ്ങളുമായുള്ള ശാന്തിയമ്മയുടെ കളിയും ചിരിയും ഇന്നലെ അവസാനിച്ചത് തന്നെ നന്നേ വൈകിയാണ്.
” എടി പെണ്ണേ…നിനക്ക് ഉറക്കം ഈയിടെയായി തീരെ മതിയാകുന്നില്ലെന്നു തോന്നുന്നല്ലോ… ഇപ്പോ വന്ന് വന്ന്, നിന്നെ വിളിച്ചുണർത്തി നിനക്ക് കൂടി വെച്ചുണ്ടാക്കി തരേണ്ട അവസ്ഥയാണല്ലോ”

“ശാന്തിമ്മേ…രാത്രി കോലിഞ്ചി ഉണക്കിയത് ഒക്കെ ചാക്കിലാക്കി വെച്ച് കിടന്നപ്പോൾ ഇത്തിരി വൈകിയാരുന്നു…. 11 ചാക്ക് ഉണ്ട്…. രാവിലെ ചന്തയ്ക്ക് കൊണ്ടുപോകാൻ മോനച്ചൻ വരത്തില്ല്യോ!!”

” അത് കണ്ടറിഞ്ഞ് ചെയ്യേണ്ടത് നിന്റെ പണി അല്ലിയോ…. എനിക്ക് വീട്ടുജോലിക്ക് ഒരാളെ കിട്ടുന്നത് വലിയ പാടുള്ള കാര്യമൊന്നുമല്ല…നിനക്ക് ഓർമ വേണം അത്”
” കാപ്പി അരമണിക്കൂറിനുള്ളിൽ റെഡിയാകും ശാന്തിമ്മേ ….ഇഡലി വേവുന്ന താമസമേയുള്ളൂ”
ഇതു കേട്ടു കൊണ്ട് തന്നെ അടുക്കളയിൽ നിന്ന് ജനാർദ്ദനൻ നായരുടെ കിടപ്പുമുറിയിലേക്കു നീങ്ങിയത് കൊണ്ട്, കല മുഖം കൊണ്ട് കാണിച്ച ചേഷ്ട ശാന്തിയമ്മ കണ്ടില്ല.

ഉറക്കമുണർന്ന്‌ പ്രഭാത കർമ്മങ്ങൾക്ക് മുമ്പ് തന്നെ ഫോണിൽ തോണ്ടി ഇരിക്കുന്ന നായരെ, ശാന്തിയമ്മ വെറുപ്പോടെ നോക്കി. ആ നോട്ടത്തിലെ വെറുപ്പും ഇഷ്ടക്കേടും മനസ്സിലാക്കിയ ജനാർദനൻ നായര് പുതപ്പുമാറ്റി, അരയിലെ കൈലി മുറുക്കിയുടുത്ത്, കുളിമുറി ലക്ഷ്യമാക്കി നടന്നു.

” എന്താ നായരെ!.. ഇന്ന് വല്ല പുതിയ കോളും ഒപ്പിച്ചിട്ടുണ്ടോ??? രാവിലെതന്നെ ഫോണിന്റാത്തോട്ടങ്ങ് കയറിയത് കണ്ടോണ്ട് ചോദിച്ചതാ…..ആ ചെറുക്കൻ അവിടെ കഷ്ടപ്പെടുന്നതിന്റെ നിഴലില് നെഗളിച്ചു അവനും കൂടി ചീത്തപ്പേര് ഉണ്ടാക്കല്ലേ മനുഷ്യ…. വയസ്സാംകാലത്ത് കിട്ടുന്നതും കഴിച്ചോണ്ട് ഇവിടെങ്ങാനും അടങ്ങിയൊതുങ്ങി ഇരിക്കാനുള്ളതിനുപകരം…..”
ജനാർദ്ദനൻ നായരുടെ മുഖത്തോട്ട് പോലും നോക്കാതെ, ഉറക്കെ പറഞ്ഞുകൊണ്ട് ശാന്തി മുറിക്കു പുറത്തിറങ്ങി.
” മകന്റെ പോക്കറ്റിൽ കയ്യിട്ടു ആളു കളിച്ച് കാലം കഴിക്കാനിരിക്കുന്ന ഒരു ജന്മം… ” വാതിൽക്കൽ വെച്ച് മുറിഞ്ഞ വാക്കുകൾ അതായിരുന്നു.

മുൻവശത്തെ കോലായിലും, വായനശാലയിലും, കവലയിലും, രാമൻനായരുടെ ചായപ്പീടികയിലുമായി നേരം കളയുന്ന ജനാർദ്ദനൻ നായർ, തന്റെ മനസ്സുഖത്തിനു വേണ്ടി നടത്തുന്ന ചില യാത്രകളൊഴിച്ചാൽ വെഞ്ഞാറമൂട് വിട്ടു പോകാറേ ഇല്ല. വീടിന്റെ മതിൽ കെട്ടിനുള്ളിലെ ശാന്തിയുടെ തനി സ്വഭാവം അറിയാത്ത നാട്ടുകാര് അവരെ മാതൃകാ ദമ്പതികളായി തന്നെ കണ്ടിരുന്നു. ഷഷ്ടിപൂർത്തി ക്ക് ശേഷവും തുടരുന്ന അവരുടെ പ്രണയജീവിതം, ജനാർദ്ദനൻ നായരുടെയും ശാന്തിയുടെയും സുഹൃത്തുക്കൾക്കും,പരിചയക്കാർ ക്കും, നാട്ടുകാർക്കും അസൂയയ്ക്കും ബഹുമാനത്തിനും കാരണമായിരുന്നു.
സ്നേഹമയിയായ ഒരു ഭാര്യയിൽ നിന്ന്, നിഷേധിയായ,ശാഠ്യക്കാരിയായ,കണിശക്കാരിയായ, സ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ഭാര്യയിലേക്കുള്ള പരകായപ്രവേശത്തിന് ‘ പ്രകാശം’ എന്ന ആ വലിയ വീടിന്റെ ചുറ്റുമതിലുമായി എന്തോ ബന്ധമുണ്ടെന്നു തോന്നും. കാരണം, അവിടെയാണ് ശാന്തിയുടെ സ്വഭാവത്തിന് മാറ്റങ്ങൾ സംഭവിക്കുന്നത്.
‘പ്രകാശ’ത്തിലെ തന്റെ ദുസ്സഹമായ ജീവിതത്തിലേക്ക് പ്രകാശം കടന്നുവരാൻ, ജനാർദ്ദനൻ നായരുടെ പ്രൗഢിയുടെ മേലങ്കി അനുവദിച്ചിരുന്നില്ല.

നാട്ടിൽ നിർമ്മിച്ചെടുത്ത പ്രൗഢി കാരണം, വിവാഹം മുടക്കുന്നതിൽ നായരുടെ വാക്കിന് ബന്ധുക്കൾ വില കല്പിച്ചു. അങ്ങനെ എത്രയെത്ര വിവാഹങ്ങൾ…
ലവലേശം കുറ്റബോധമില്ലാതെ താൻ മുടക്കിയ കല്യാണങ്ങളെക്കാളുമൊക്കെ തന്റെ സ്വസ്ഥത കെടുത്തിയത് വീടിനുള്ളിലെ അവഗണനയാണ്. ശാന്തി മകനിലേക്കും അവന്റെ കുടുംബത്തിലേക്കും പകർന്നുകൊടുത്ത ആ കയ്പ്പ്, പലപ്പോഴും തനിക്ക് താങ്ങാനാവുന്നതിലും ഏറെയാണെന്ന് ജനാർദ്ദനൻ നായർക്കു തോന്നി തുടങ്ങിയിട്ട് കുറച്ചുനാളുകളായി .

രാത്രി പതിവില്ലാതെ സുരേഷ് ഫോൺ ചെയ്തു. “അച്ഛൻ ഇനി നാട്ടുകാരുടെ കാര്യങ്ങളിലൊന്നും ഇടപെടാൻ പോകേണ്ട.ഇത്രയും പ്രായമായില്ലേ? വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി ” എന്നു പറഞ്ഞപ്പോൾ നെഞ്ചൊന്നു പൊടിഞ്ഞു. വീട്ടിലെ ഒറ്റപ്പെടൽ അവനും മനസ്സിലാകുന്നില്ലല്ലോ…കല്യാണങ്ങൾ മുടക്കുന്നതിലൂടെ തനിക്ക് ചിലവിനുള്ളത് തടയുന്നുണ്ടെന്ന് അവന് അറിയാമോ എന്തോ…

രാവിലെ കല നിർമ്മിച്ച ഇടിയപ്പോം ചിക്കൻ സ്റ്റൂവും കഴിക്കാൻ പതിവുപോലെ നായര് കുളികഴിഞ്ഞ് ഡൈനിങ് ടേബിളിന്റെ ഒരറ്റത്തു വന്നിരുന്നു. അറിഞ്ഞോ അറിയാതെയോ, സ്റ്റുവിൽ നിന്ന് അപ്രത്യക്ഷമായ ചിക്കൻ കഷ്ണങ്ങളെ കണ്ടുപിടിക്കാൻ നായര് ശ്രമിച്ചു. രണ്ട് ഇടിയപ്പവും കറിയുമാണ് ശാന്തി ഈയിടയായി തനിക്ക് പടി നിശ്ചയിച്ചിരിക്കുന്നത്. ഒഴിഞ്ഞ കാസറോളിന്റെ മൂടി തുറന്നു നോക്കിയതിനു ഉത്തരമായി ഒരുദിവസം അവൾ പറയുന്നത് കേട്ടു. ” ഒരെണ്ണം കൂടി കഴിച്ചിട്ടു ഇപ്പം മല മറിക്കാനൊന്നും പോകുന്നില്ലല്ലോ… രണ്ടെണ്ണം തന്നെ ധാരാളം.. ” അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന കലയും കേട്ടു കാണണം. പ്ലേറ്റ് എടുക്കാൻ വന്നപ്പം അവൾ തന്റെ മുഖത്തു നോക്കി ഊറി ചിരിക്കുന്നത് കണ്ടു. ആഹാരം കഴിഞ്ഞ് പതിവുപോലെ, ജൂബയും കസവ് മുണ്ടുമുടുത്ത് ജനാർദനൻ നായര് പുറത്തേക്കിറങ്ങി.
” പതിവില്ലാതെ ഇങ്ങേര് ഫോൺ ഇവിടെ വെച്ചിട്ട് എവിടെ പോയേക്കുവാ!! തെണ്ടിത്തിരിഞ്ഞ് ഇനി സന്ധ്യയാകുമ്പോൾ എത്തും”. ശാന്തി വരാന്തയിലെ കസേരയിലിരുന്ന് പത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ പിറുപിറുത്തു.

വായനശാലയുടെ പുനരുദ്ധാരണത്തിനുള്ള പിരിവിന് നാട്ടിലെ പ്രമാണികൾ എത്തിയപ്പോൾ അവരുടെ കൂടെയും കണ്ടില്ല. രൂപ 10000 ആണ് കൊടുത്തത്. ‘ഭേദപ്പെട്ട സംഭാവനയ്ക്ക് കാർന്നോന്മാരുടെ വലിയ ഫോട്ടോ ഫ്രെയിം ചെയ്തു വായനശാലയുടെ ചുമരിൽ തൂക്കാം’ എന്ന് ഒരു ഓഫറും അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. പതിനായിരത്തിന് രസീത് കൈപ്പറ്റുമ്പോൾ മനസ്സിലെ ആൽബത്തിൽ ശാന്തി ഫോട്ടോകൾ തിരയുകയായിരുന്നു.

തിരുവനന്തപുരത്തുനിന്ന് മാർത്താണ്ഡത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ ഇരിക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നില്ല, വെയിലും ഉണ്ടായിരുന്നില്ല.എങ്കിലും,ഷട്ടർ താഴ്ത്തിയിട്ടു, കണ്ണടച്ച് ജനാലക്കരികിൽ ഉള്ള സീറ്റിൽ നായരിരുന്നു.മാർത്താണ്ഡ ത്തിനുള്ള ടിക്കറ്റ് വാങ്ങി, നാലഞ്ചായി മടക്കി,പോക്കറ്റിൽ നിക്ഷേപിക്കുമ്പോൾ ഒരു 20 രൂപ നോട്ടല്ലാതെ മറ്റൊന്നും തന്നെ പോക്കറ്റിൽ ഉണ്ടായിരുന്നില്ല.തിരിച്ചു വീടെത്താൻ അതു പോരാ… ബസിറങ്ങി കടൽത്തീരത്തേക്ക് നടക്കുമ്പോൾ അഞ്ചുമണിയോടടുത്തിരുന്നു. 20 രൂപയ്ക്ക് കടല വാങ്ങി കൊറിച്ചുകൊണ്ട് നായര് അവിടങ്ങനിരുന്നു.അയാളുടെ മനസ്സിൽ ചിന്തകളൊരുപാട് വന്നുപോയി.

ശാന്തി ഇപ്പോൾ മുൻവശത്തെ വരാന്തയിലൂടങ്ങിങ്ങു നടക്കുന്നുണ്ടാകും. ഫോൺ എടുത്തിട്ടില്ല എന്നറിയുമ്പോൾ ലേശം പരിഭ്രമം തോന്നാതിരിക്കില്ല. താൻ വിവാഹം മുടക്കിയ മുഖമറിയാവുന്ന ഏതാനം ചില യുവാക്കളും പെൺകുട്ടികളുമൊരുമിച്ച് ഏതോ ആഘോഷത്തിനെന്നപോലെ മനസ്സിന്റെ പന്തലിൽ ഒത്തു കൂടിയിട്ടുണ്ട്.മകൻ വന്നിട്ട് രണ്ടു വർഷത്തിലേറെയായി. അടുത്ത വരവ് ഉടനെ തന്നെ ഉണ്ടാകും.ചിലപ്പോൾ നാളെത്തന്നെ. വായനശാലയിലെ ചുവരിൽ സിൽക്ക് ജൂബ്ബയിട്ട ജനാർദ്ദനൻ നായരുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു കണ്ടു. അതിൽ ചാർത്തിയിരുന്ന മാല വാടിക്കരിഞ്ഞിരുന്നു.
കോസ്റ്റ് ഗാർഡ്ന്റെ റോന്തുചുറ്റലിന്റെ ഇടവേളയിൽ മങ്ങിയ വെളിച്ചത്തിൽ ജനാർദ്ദനൻ നായർ കടലിലേക്ക് ഇറങ്ങി നടന്നു. നിലാവിൻ ശക്തിപ്രാപിച്ച തിരമാലകൾ അയാളെ സന്തോഷപൂർവ്വം സ്വീകരിച്ചു കൊണ്ടു പോയി.

ആനി ജോർജ്ജ്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: