ഒരു കാൻവാസിൽ ഒന്നിച്ചു ചേർന്നു നിൽക്കാത്ത രണ്ടു പേർ…
ഇരുട്ടായ ഞാനും, പിന്നെ വെളിച്ചവും..
തമ്മിൽ കണ്ടിട്ടില്ലാത്തവർ
പരസ്പരം ബഹുമാനിക്കുന്നവർ …..
വെളിച്ചമില്ലെങ്കിൽ ഇരുട്ടിനോ, ഇരുട്ടില്ലെങ്കിൽ വെളിച്ചത്തിനോ നില നിൽപില്ലെന്ന് പരസ്പരം മനസ്സിലാക്കിയവർ ….
വെളിച്ചം എത്തി നോക്കാത്ത എത്രയോ രാത്രികളിൽ ‘കൂരിരുട്ടിൻ്റെ മറവിൽ എന്തൊക്കെയാണു നിങ്ങൾ കാട്ടിക്കൂട്ടിയത്? എന്തൊക്കെയാണ് ഇന്നും കാട്ടിക്കൂട്ടുന്നത്?
ഇരുട്ട് നിങ്ങളുടെ കാഴ്ചയെ അല്ലെ മറയ്ക്കുന്നുള്ളു.?
എനിക്ക് കാഴ്ച നശിക്കുന്നില്ലല്ലോ.
ഇരുട്ടിൽ നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും ഇരുട്ടായ ഞാൻ കാണുന്നുണ്ട് എന്ന് ഇനിയെങ്കിലും നിങ്ങൾ അറിയണം. എന്നെ ഒന്നും മറയ്ക്കാനാവില്ല മനുഷ്യരായ നിങ്ങൾക്ക്…
ഞാൻ കണ്ടത് പറയാൻ തുടങ്ങിയാൽ നിങ്ങൾക്കു പിന്നെ ജീവിതമുണ്ടാവില്ല.സദാചാരമൂല്യം തകർന്നടിയുന്നതും,
പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുന്നതും പലവുരുകണ്ടിട്ടും
കണ്ടില്ലെന്നു നടിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വട്ടമല്ല പല വട്ടം.
അതുപോലെ തന്നെ ഇരുളിൻ മറവിൽ നൻമകളും എത്രയോ ഞാനറിഞ്ഞിരിക്കുന്നു”…..
അരനൂറ്റാണ്ടു മുൻപ് പകൽ മുഴുവൻ പണിത ‘മനുഷ്യർ രാത്രിയിലും മണ്ണെണ്ണപ്പന്തത്തിൻ്റെ വെളിച്ചത്തിൽ കപ്പക്കൂടം
കുത്തിയിരുന്നത് ഞാനിന്നോർക്കുകയാണ്. അന്ന് അവരുടെ ഉൽസാഹം കണ്ടപ്പോൾ വെളിച്ചത്തിന് വഴി മാറി ഒളിച്ചാലോ ഓടിയൊളിച്ചാലോ എന്നാലോചിച്ചിട്ടുണ്ട്……
പഴയ നാളുകൾ ഓർക്കാൻ നല്ല രസം …..
എല്ലാവരും എല്ലാവരുടെയും പണികൾ കൂട്ടായി ചെയ്തു തീർക്കുന്ന മാറ്റാൾ പണി. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി തീർക്കാൻ കഷ്ടപ്പെട്ട നാളുകൾ. എല്ലാ ജോലികളും കപ്പ വാട്ടും,പുര മേയലും, കപ്പക്കൂടം കുത്തും, കിണർ തേകലും എല്ലാം അന്ന് എല്ലാവരും കൂടി കൂട്ടായി ചെയ്തു തീർത്ത ഐക്യത്തിൻ്റെ നാളുകൾ …..
അന്ന് ഐക്യം ആവശ്യമായിരുന്നു.
ഇന്ന് ആർക്കും ആരുടെയും സഹായം വേണ്ട. എല്ലാറ്റിനും
പണമുണ്ട്. പണം കൊടുത്താൽ ചെയ്യാൻ ആൾക്കാരുണ്ട്.
പണ്ട്, ജൻമിത്വവും ജാതീ വ്യവസ്ഥയും,തൊട്ടുകൂടായ്മയും,
അസമത്വങ്ങളുമെല്ലാം തകർത്താടിയ നാളുകൾ..
അതിനെതിരെ ഒത്തുചേരാനും, പോരാടാനുള്ള ഊർജ്ജം
പകരാനും മഹാരഥൻമാർക്ക് കാവൽക്കവചം തീർത്തത് ഇരുട്ട്
ചെയ്ത ഏറ്റവും മഹത്തായ ഇടപെടലെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്ന്, അധികാരിവർഗ്ഗത്തെ ഭയന്ന്, വിപ്ലവ നായകർ
രാത്രിയിലെ ഇരുട്ടിലാണ് ഒത്തുചേർന്നിരുന്നത്, യോഗം കൂടിയിരുന്നത്.
നിലവിലുള്ള വ്യവസ്ഥിതിയെയോ, അനാചാരങ്ങളെയോ,
അധികാരിവർഗ്ഗത്തെയോ എതിർക്കുന്നത് കുറ്റമായിക്കണ്ട അക്കാലത്തും ധീരദേശാഭിമാനികൾ ചെയ്ത സേവനങ്ങൾക്ക് ഞങ്ങളാണ് സാക്ഷി.
അല്ലെങ്കിൽ തന്നെ വെളിച്ചത്തിൽ മാത്രം കാഴ്ചയുള്ള മനുഷ്യരോട് ഇരുട്ടിൽ മാത്രം കാഴ്ചക്കുള്ള ഞങ്ങൾ
എന്തു പറയാൻ: !
ഇവിടെ ഒന്നും ശാശ്വതമല്ലെന്നറിയണം.. നവഗ്രഹങ്ങളിൽ പ്ലൂട്ടോ ഇന്നെവിടെ?
അതുപോലെ പുതിയൊരു ഗ്രഹം രാത്രിയിൽ കുളിർമ്മയുള്ള തണുത്ത വെളിച്ചം തരാൻ ഉണ്ടായിക്കൂടെന്നില്ലല്ലോ ?
അന്നുവരെയേ ഇരുട്ട് എന്ന ഞാൻ നിങ്ങളോടൊപ്പമുണ്ടാകൂ
അല്ലെങ്കിൽ തന്നെ നിങ്ങളുടെ വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കേണ്ടിവരുന്നത് ഏറെ വേദനാജനകമാണ്.
നിങ്ങൾ സ്ത്രീ വർഗ്ഗത്തോടു പറയുന്നതു പലവട്ടം കേട്ടിട്ടുണ്ട്.
“ഏതായാലും രാത്രിയല്ലേ ഇരുട്ടത്ത് മോളൊറ്റയ്ക്ക് പോണ്ടാ,
നേരം വെളുത്തിട്ടു പോയാമതി”എന്ന്.
രാത്രിയേയും ഇരുട്ടിനേയും വില കുറച്ചു കാണുന്ന പ്രസ്താവനകൾ എത്രമാത്രം ഞങ്ങളെ വേദനിപ്പിക്കുന്നുവെന്ന്
നിങ്ങളറിയുന്നില്ല.
എന്താണ് ഇരുട്ടും വെളിച്ചവും തമ്മിൽ?
ഇരുട്ടിലും വെളിച്ചത്തിലും മനുഷ്യ മനസ്സ് പ്രത്യേക
ഭാവം കൈവരിക്കുന്നതെങ്ങ
നെ?
” ക്ഷമാബലമശക്താനാം
ശക്തന്നു ഭൂഷണം ക്ഷമ:”
എന്താ ഈ വാക്കുകൾ നിങ്ങൾ മറന്നോ?വെളിച്ചത്തിൽ നല്ലവനാകുന്നതിലും മഹത്വം ഇരുട്ടിൽ നല്ലവനാകുന്നതാണ്.
അല്ലെങ്കിൽ ഞാനിതൊക്കെ ആരോട് ? ഇന്നിനി ഒന്നിനും നേരമില്ല.വെളിച്ചമിതാ മറയാൻ തയ്യാറെടുക്കുന്നു ‘
എനിക്ക് ജോലിക്കു കയറാൻ സമയമായി.
പോട്ടെ…
ഇരുട്ട് ഇരുട്ടിലേയ്ക്ക് നൂഴ്ന്നിറങ്ങി!
എൻ. രഘുനാഥക്കുറുപ്പ് ✍