17.1 C
New York
Monday, September 20, 2021
Home Literature "ഇനി നിറയാത്തൊരു ചഷകം" (ചെറുകഥ)

“ഇനി നിറയാത്തൊരു ചഷകം” (ചെറുകഥ)

ഹരീഷ് മൂർത്തി✍

സമയം രാത്രി 09:00.

‘ഒരാൾപൊക്കത്തിന് മുകളിലുള്ള ചെറിയ ജാലകത്തിന്‍റെയപ്പുറം നിന്നു വരുന്ന നിലാ വെളിച്ചം, മുറിയാകെ ചിതറി കിടക്കുന്നു. തുറിച്ച കണ്ണുകളുമായി ഭാസ്കർ നീ, ലക്ഷ്യമില്ലാതെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി. വേണമെന്ന ബലഹീനതയും, വേണ്ട എന്ന ഭീഷ്മപ്രതിഞ്ജയും, നീ എനിക്കായി ഇട്ടു തന്നിരിക്കുന്നു. എന്തിലും,ഏതിലും, തോന്നലുകളുടെ വേലിയേറ്റങ്ങൾ ഉണ്ടാക്കാനെ എനിക്ക് കഴിയു. തീരുമാനങ്ങൾ എന്നും നിന്റേതു മാത്രം.’

‘ഭാസ്കർ, ഞാൻ നിന്‍റെ ഉള്ളിൽ എന്നോ കുടുങ്ങിപ്പോയ, ഇന്ധനമില്ലാതെ പ്രവർത്തിക്കുന്ന മനസ്സെന്ന യന്ത്രം മാത്രമാണ്. മെഡിക്കൽ സയൻസ് എത്ര കീറി മുറിച്ചു നോക്കിയാലും, എന്നെ കണ്ടെത്താനാവില്ല. തോന്നലുകളുടെ നിരന്തര ഉത്പാദനം മാത്രമേ എനിക്കറിയൂ, അല്ലെങ്കിൽ എന്‍റെ ജോലി അതുമാത്രമാണ്. ശരി തെറ്റുകൾ വിവേചിച്ചു അറിയേണ്ടത്, നടപ്പാക്കേണ്ടത്, അല്ലെങ്കിൽ നിരാകരിക്കേണ്ടത് നീ തന്നെയാണ്. നീ മാത്രമാണ്.
ഇല്ലാതെ പോയ ഒരു ഡബിൾ ലാർജ് ബ്രാണ്ടിയുടെ പുകച്ചിൽ നിന്നിൽ ഞാൻ ഇപ്പോൾ കാണുന്നു.’

‘ഉം…പറഞ്ഞോളു ഞാൻ കേൾക്കുന്നു. വിരലുകളിൽ,കൈകളിൽ, തരിപ്പ് വീഴുന്നുണ്ടല്ലേ.? പതിവ് സമയം അതിക്രമിച്ചു ഒരു മണിക്കൂറിലേറെയായി, അതാണ്. ഫ്രിഡ്ജിലെ ഒരു കുപ്പി തണുത്ത വെള്ളം മുഴുവനോടെ കുടിച്ചു നോക്കു, പുകച്ചിൽ അടങ്ങുമായിരിക്കും.’

‘ഭാസ്കർ, എന്നെ ബലം പിടിച്ചു നിർത്താൻ നിനക്ക് ശ്രമിക്കാം, പക്ഷെ എനിക്കുറപ്പില്ല നീ എത്ര വിജയിക്കുമെന്ന്. ഇനി നീയും കിടക്കു, സൗമിനിക്കും, മകൾ മണികുട്ടിക്കും അരികിൽ, കട്ടിലിൽ നിന്‍റെ പതിവിടം ഒഴിഞ്ഞു കിടക്കുന്നു. നിന്‍റെ ചിന്തകളെ മെല്ലെ പിടിച്ചു കെട്ടാൻ ശ്രമിക്കു. കണ്ണുകളടച്ചു സിരകളിൽ പതിവ് ലഹരി നിറഞ്ഞതായി സങ്കൽപ്പിച്ചു, ഒന്ന് രണ്ടു ദീർഘ ശ്വാസങ്ങൾ എടുത്തു നോക്കു, ഒരു പക്ഷെ ഉറങ്ങാനാവും’.

സമയം രാത്രി 11:00.

‘എന്താ ഭാസ്കർ, എന്താണ് ഞെട്ടി എഴുന്നേറ്റത്.? വല്ലാതെ വിയർക്കുന്നുണ്ടല്ലേ.?കഴിഞ്ഞ രണ്ടു മണിക്കൂർ നീ ഉറങ്ങിയില്ല, എന്നെ ഉറക്കിയതുമില്ല. എനിക്ക് നീ തരുന്ന സമ്മർദങ്ങൾ വല്ലാതെ ഏറി വരുന്നു ഭാസ്കർ. നിനക്ക് വേർതിരിച്ചു എടുക്കേണ്ട നല്ല തോന്നലുകളുടെ ഗുണത്തെ അത് ബാധിക്കാം. നീ വിയർപ്പിൽ കുളിച്ചു കൊണ്ടിരിക്കുന്നു. വീണ്ടും ജനാലക്കരുകിലേ കസാലയിലേക്കു വരൂ അവിടിരിക്കാം. സൗമിനിയെ ഉണർത്തണ്ട.’

‘പറയു ഭാസ്കർ, ഞാൻ എന്ത് ചെയ്യണം.? നിന്‍റെ അസ്വസ്ഥമാക്കുന്ന ചിന്തകളെ, വല്ലാതെ വിറച്ചു തുടങ്ങുന്ന കൈ വിരലുകളെ, വലിഞ്ഞു മുറുകുന്ന പേശികളെ ഒന്നും എനിക്ക് പിടിച്ചു നിർത്താൻ ആവുന്നില്ല. നിനക്കായി ഇപ്പോൾ എനിക്ക് തോന്നിപ്പിക്കാവുന്നതു ഇതുമാത്രം.മെല്ലെ അലമാരക്കു മുകളിൽ കൈ പരതി നോക്കു, എപ്പോഴെങ്കിലും വലിച്ചെറിഞ്ഞ കാലി കുപ്പിയുടെ അടിയിൽ ഉണങ്ങി പോകാതെ ഇപ്പോഴും ഭദ്രമായിരിക്കുന്ന ഏതാനം ലഹരി തുള്ളികൾ ഒരു പക്ഷെ കിട്ടിയേക്കാം. അല്ലെങ്കിൽ ബാത്റൂമിലെ ഫ്ളഷിനുള്ളിൽ, അടുക്കളയിലെ ഗ്യാസ്സിലിണ്ടറിന് പുറകിൽ, അതുമല്ലെങ്കിൽ സ്റ്റോർറൂമിലെ ആക്രി സാധനങ്ങൾ ഇട്ടുവച്ച
വക്ക്പൊട്ടിയ ആ പഴയ പ്ലാസ്റ്റിക് ബക്കറ്റിൽ. വരൂ നമുക്ക് നോക്കാം. ഇപ്പോൾ നിനക്ക് അല്പമാത്രമെങ്കിലും ആ ലഹരി തുള്ളികൾ ആവശ്യമാണ്. പ്രതിജ്ഞകൾ മാറ്റി വയ്ക്കു. ബാക്കി നാളെ നേരം പുലർന്നിട്ടു നോക്കാം.’

‘ഭാസ്കർ, നിന്‍റെ ഏറി വരുന്ന വിവശതകൾ ഞാൻ മാത്രമേ കാണുന്നുള്ളൂ ഇപ്പോൾ. ലഹരി തുള്ളികൾക്കു വേണ്ടിയുള്ള ഫലമില്ലാതെപോയ,എല്ലാ തിരച്ചിലുകളും കഴിഞ്ഞിരിക്കുന്നു. നിന്‍റെ ശക്തമായി വിറച്ചു, വിറങ്ങലിക്കുന്ന വലതു കരം, ഇടം കരം കൊണ്ട് അമർത്തി പിടിക്കു.ആമാശയത്തിൽ നിന്നും ഉരുളുപോലെ പൊട്ടി വരുന്ന ഒരു ഓക്കാനം,വാഷ് ബേസിനിൽ നിക്ഷേപിക്കു. സൗമിനി ഉണരും ശബ്ദം കേട്ടു. സാരമില്ല ഇനി ഒളിച്ചു വെച്ചു, പതിവുപോലെ മുൻപോട്ടു പോകാനാവില്ല.’

സമയം രാത്രി 01:00.

‘സൗമിനി തടവിത്തന്ന പുറം ചുമലിൽ നിനക്ക് ആശ്വാസമൊന്നും കിട്ടുന്നില്ല എന്ന് എനിക്കറിയാം. അവളുടെ വിയർത്ത കൈകളിൽ കുടുങ്ങി, കണ്ണുനീര് വീണ മാറിൽ തലവച്ചു നീ കുറച്ചിട വിശ്രമിക്കു. ഒരു അപഗ്രഥനത്തിനു ശേഷം പറയാം, ഇനി എനിക്കു എന്ത് നിന്നിൽ തോന്നിപ്പിക്കാമെന്നു.’

“കുട്ടേട്ടാ, ഇപ്പൊ എങ്ങിനെയുണ്ട്.? ഡോക്ടറുടെ അടുത്ത് പോകണോ.?”

‘കരച്ചിലും, വാക്കും, കുഴച്ചു സൗമിനി കുടഞ്ഞിടുന്നുണ്ട്. നീ പോകില്ല എന്ന് എനിക്കറിയാം. ശക്തമായി തലയാട്ടി, പിറു പിറുത്തു കൊണ്ടിരിക്കും നീയിനി. വിറയ്ക്കുന്ന നിന്‍റെ കയ്യിൽ നിന്നും വിയർപ്പു ഇറ്റു വീഴുന്നുണ്ട്. ഫാനിന്റെ ഇതളുകളുടെ വേഗ പാച്ചിലിന്റെ ശബ്ദത്തെ, നീ ഭയക്കുന്നു, അതിടിഞ്ഞു വീഴുമെന്നു. തലക്കിരുവശവും ചെറുതായി തുടങ്ങുന്ന വേദന, ഉച്ചിയിൽ
കൂട്ടിമുട്ടാൻ തയ്യാറെടുക്കുന്നു. സൗമിനിയിട്ട എൽ ഈഡി ലൈറ്റിന്റെ പ്രകാശം, കണ്ണിൽ കുത്തികയറി നീ അന്ധനാകുമെന്നു ഭയന്ന്, വേണമെങ്കിൽ ചെറുതായി നിനക്ക് വികൃത ശബ്ദമുണ്ടാക്കാം. പേടിക്കണ്ട, നിന്‍റെ ആക്രാന്തങ്ങൾ കണ്ടു ഭയന്ന് സൗമിനി ആ വെട്ടം കെടുത്തി, ഇളം വെളിച്ചത്തിന്റെ സീറോ വാട്ട് മാത്രം ഓണാക്കി വച്ചിരിക്കുന്നു.’

‘ഭാസ്കർ, വിഭ്രമങ്ങൾ കൂടി വരുന്നുണ്ട് നിനക്ക് അല്ലെ.?
സ്വബോധത്തിന്റെ കണികകളെ ഇല്ലായ്മ ചെയ്യുന്ന തോന്നലുകൾ, എനിക്ക് ഇപ്പോൾ ഉത്പാദിപ്പിച്ചേ തീരു. വെള്ള നിറമുള്ള ഈ മുറിയുടെ ഭിത്തികൾ കറുത്ത് ഇരുണ്ടതായി, നിന്നെക്കൊണ്ടു എനിക്ക് തോന്നിപ്പിക്കേണ്ടിവരുന്നു. ഇല്ലാത്ത വികൃത ഭീകര ചിത്രങ്ങൾ അവിടെയുണ്ട് എന്നും ക്ഷമിക്കു. നിനക്കും, സൗമിനിക്കും, മണികുട്ടിക്കും, മാത്രമറിയാവുന്ന നിന്‍റെ ലഹരിയുടെ ആസക്തിയെ കുറിച്ച് നിമിഷ നേരം നിന്നെ ഖിന്നനാക്കുന്ന ഒരു തോന്നലും,എന്നിൽ നിന്നു മുളപൊട്ടി പോയി. സാരമില്ല, അതിനു മുകളിൽ തോറ്റു പിന്മാറാതെ വിഭ്രാന്തിയുടെ കറുത്ത ക്ഷോഭിച്ച കടൽ, ഞാൻ പെട്ടെന്ന് ഇരച്ചു കയറ്റാം. വരണ്ട ചുണ്ടുകൾ തൊട്ടു, തൊണ്ട നനച്ചു, ആമാശയത്തിൽ എത്തി
കത്തിപടരുന്ന ലഹരിയുടെ, കൊതിപ്പിക്കുന്ന ഹൃസ്വ ചിത്രങ്ങൾ മാറി മാറി നിന്നെ കാട്ടാൻ തലച്ചോറിലേക്ക് ഞാൻ അയച്ചു കഴിഞ്ഞു. ഓരോ വിഭ്രമക്കാഴ്ചയുടെ ഇടവേളയിലും അത് നിനക്ക് കാണാം.’

‘ഭാസ്കർ, മാറിൽ ചേർത്ത് വച്ച നിന്‍റെ തലയിലെ മുടിച്ചുരുളുകളിൽ വിരലോടിച്ചു, മറുകൈകൊണ്ട് മണികുട്ടിയുടെ തുടയിൽ മെല്ലെ താളംതട്ടി,സൗമിനി
പാതിമയക്കത്തിലാണ്. തളർച്ചയുടെ,ഭയത്തിന്റെ, മയക്കമാണത്. നിന്‍റെ ഇറുകെ പൂട്ടി, പിന്നെ പെട്ടെന്ന് തുറിച്ചു നോക്കുന്ന കണ്ണുകളിലും, ഇപ്പോൾ അകാരണമായ ഒരു ഭയമുണ്ട്. കട്ടിലിനു മുകളിലേക്ക് കാലുകൾ ചേർത്ത് വയ്ക്കു. അടിയിൽ ഒരു കറുത്ത സർപ്പം ഉണ്ടെന്നു നിനക്ക് തോന്നുന്നില്ലേ.?
നീ ഭയപ്പെടുന്നുണ്ട്. വേഗത്തിൽ കറങ്ങുന്ന ഫാനിന്റെ മുരൾച്ചയിൽ,സർപ്പ സീൽക്കാരങ്ങൾ കേൾക്കുന്ന പുതിയ തോന്നലോന്നു ഞാൻ സൃഷ്ട്ടിച്ചു കഴിഞ്ഞു. ശരീരം വെട്ടി വിറച്ചു ഭയക്കുന്ന നിമിഷങ്ങളാണിനി,ഒരുപക്ഷെ. കട്ടിലിനു താഴെ പടർന്നു കയറുന്ന ഈർപ്പം, ഉറവ തുറന്നു പോയ ജലശേഖരം പോലെ നിനക്ക് തോന്നുന്നുണ്ടോ.? തോന്നും തീർച്ചയായും’

സമയം രാത്രി 03:00.

‘ഭാസ്കർ, മെല്ലെ വിറയ്ക്കുന്ന ഇടം കൈ ഭിത്തിയിൽ അമർത്തി എഴുന്നേൽക്കണം എന്ന് തോന്നുന്നുണ്ടോ.? ശ്രമിച്ചു നോക്കു.തല പിളർക്കുന്ന വേദന കുറച്ചൊന്നു കുറക്കാൻ, നിന്‍റെ ഇടതൂർന്ന മുടിച്ചുരുളുകളിൽ സ്വയം പിടിച്ചു, ശക്തമായി വലിക്കു. നിന്‍റെ കാൽപ്പാദങ്ങൾ തൊട്ടു വരുന്ന ഉറവ പൊട്ടിയ ജലശേഖരം നിന്നെ ഭയപ്പെടുത്തുന്നു ഇല്ലേ.? സൗമിനിയെ വിളിക്കാൻ വരണ്ട നാവിൽ, ശബ്ദം മരവിച്ചു പോയിരിക്കുന്നു അല്ലെ.? ലഹരിയുടെ ഒരു തുള്ളി നാവു തൊട്ടുഴിഞ്ഞു കടന്നു പോയിരുന്നു എങ്കിലെന്നു നീ അതിയായി ആഗ്രഹിക്കുന്നു അല്ലേ ?’

‘ഭാസ്കർ, ഇളം വെളിച്ചത്തിൽ മുറിയിലേക്ക് പെരുകിവരുന്ന, ജല പ്രവാഹത്തിന്റെ ഉറവിടം കണ്ടെത്തണം എന്നൊരു തോന്നൽ നിനക്ക് തരുന്നു ഞാൻ. കൂട്ടിനു ഞാനുണ്ട് ഭയക്കേണ്ട. ഇരു കരങ്ങളും ചേർത്ത് പരതി നോക്കു,ഈ മുറിയുടെ മുക്കും മൂലയും. ഉറവിടങ്ങൾ തേടിയെടുത്തില്ലെങ്കിൽ, ഈ ഉയരുന്ന ജലപ്രവാഹത്തിൽ നീ മുങ്ങി മരിച്ചാലോ.? നിലവും, ഭിത്തിയും, ഒത്തു ചേരുന്ന ബന്ധിത സംയോജിപ്പുകളിൽ, ചെറിയ വിടവുകളിൽ,എത്ര നേരമായി നീ പരതുന്നു.? ഇതുവരെ കിട്ടാത്ത ഉറവയുടെ ഉറവിടം തേടി. ഒടുവിൽ കണ്ടു കിട്ടിയ ഉറവയുടെ,ഉറവിടമായ മുൻവാതിലിന്റെ അടിയിൽ, ബലം ചേർത്ത് കുത്തി തിരുകിയ രണ്ടു ഡബിൾ മുണ്ടുകളും, സൗമിനിയുടെ നിനക്ക് ഇഷ്ട്ടപെട്ട നീല ഷിഫോൺ സാരിയും ഈ പ്രവാഹത്തെ തടയുന്നില്ലേ.?’

‘ഭാസ്കർ, തോന്നലുകളുടെ ഉത്പാദന പ്രക്രിയയിൽ, എനിക്കും താളം തെറ്റുന്നു. നിന്‍റെ ഉയർന്നു നില്കുന്ന രക്തസമ്മർദ്ദം, എന്നെയും അലോരസപ്പെടുതുന്നു. നിന്‍റെ വിഭ്രാന്തികളിൽ, നീ ചെയ്യുന്ന കഠിന പ്രവർത്തികളിൽ, നിന്നിലെ ജലാംശം ഏറെ വിയർപ്പായി നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ നിന്‍റെ തലച്ചോറിലേക്ക് അയക്കുന്ന തോന്നലുകളുടെ ചിത്രങ്ങൾ,അടുക്കും,ചിട്ടയും ഇല്ലാതെ അവിടെ ചിതറി കിടക്കുന്നു. നിന്‍റെ കണ്ണുകളിലെ ഭയം എന്നെയും ഭയപ്പെടുത്തുന്നു. സർപ്പങ്ങൾ ഇഴഞ്ഞു നടക്കുന്ന ഈ ജലപ്രവാഹം, ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നു. സർപ്പങ്ങൾ നിന്നെ ദംശിക്കാതിരിക്കാൻ നീ നന്നേ
പാട്പെടുന്നു അല്ലെ.? കസാലയിൽ ചവിട്ടി,ഏന്തി വലിഞ്ഞു ജനാലയുടെ തിട്ടയിൽ കയറി ഇരിക്കു,
അൽപ്പനേരം. നിന്നെ രക്ഷപ്പെടുത്താനുള്ള പുതിയ തോന്നലുകൾ, ഞാനൊന്നു തീർത്തെടുക്കട്ടെ.’

‘ഭാസ്കർ, എനിക്ക് അൽപ്പ നേരം കൂടിവേണം, പണ്ട് ഞാൻ നിർമ്മിച്ച് നീ ഉപയോഗിക്കാതെ പോയ ഒരു തോന്നൽ ചിത്രം, ഞാൻ നിന്‍റെ തലച്ചോറിലേക്ക് ഇട്ടു തന്നു പോയി അബദ്ധവശാൽ, അറിയാതെ. അൽപ്പ നേരം ആ ചിത്രത്തിലൂടെ നിന്‍റെ കണ്ണുകൾ തുറന്നു, സൗമിനിയെ ഒന്ന് നോക്കാം നിനക്കിപ്പോൾ, കൂടെ മണികുട്ടിയെയും. പ്രാരാബ്ധങ്ങളുടെ ഭാരവും,നിന്‍റെ അമിത ലഹരി ആസക്തിയും, തകർത്തു കളഞ്ഞ സൗമിനിക്ക് നീ ആദ്യം കണ്ട ഉരുണ്ട ചുവന്ന കവിളുകളില്ല.ഒട്ടിപ്പോയ കവിളുകളിൽ അവസാനം, കരഞ്ഞ കണ്ണുനീർ ഉണങ്ങി കിടപ്പുണ്ട്. മെല്ലിച്ചു പോയ ശരീരത്തിൽ അവൾ ഒളിച്ചുവച്ച നിന്‍റെ പ്രഹരങ്ങളുടെ, ഇപ്പോഴും ഉണങ്ങാത്ത പാടുകളുണ്ട്. മണികുട്ടിയുടെ പാതിയടഞ്ഞ ഉറങ്ങുന്ന കണ്ണുകളിൽ,അവളെ നീ ഒരിക്കൽ പോലും ചേർത്ത് നിർത്തി പറഞ്ഞു കൊടുക്കാത്ത, വേതാള കഥകളുടെ, സ്വപ്നങ്ങളുണ്ട്. നിമിഷ നേരത്തേക്ക് തിരിച്ചു വന്ന ബോധ കണികകളിൽ ഒരു നിമിഷം മാത്രം, നിനക്കൊന്നു പൊട്ടി കരയാം, വേണമെങ്കിൽ മാത്രം ശബ്ദമില്ലാതെ. എന്‍റെ പുതിയ തോന്നൽ ചിത്രങ്ങൾ ശരിയായി വന്നു കഴിഞ്ഞു, അവ നിന്‍റെ തലച്ചോറിൽ ബാക്കിയാവുന്ന ബോധ കണികകളെ ഇപ്പോൾ മായ്ച്ചു കളയും, കൂടെ സൗമിനിക്കും, മണിക്കുട്ടിക്കുമായി നീ മാറ്റി വച്ച ബാക്കിയാവുന്ന കരച്ചിലും.’

സമയം പുലർച്ചെ 04:00.

‘ഭാസ്കർ, ഇനി അധിക നേരമില്ല. ഞാൻ തീർത്ത അവസാന തോന്നലുകളുടെ തന്മാത്രകൾ, നിന്‍റെ തലച്ചോറിലേക്ക് എത്തി പിടിച്ചു കഴിഞ്ഞു. വീണ്ടും നിനക്ക് ദാഹിക്കുന്നു,തൊണ്ട പൊട്ടുമാറു. ഈ ദാഹത്തിനെ ശമിപ്പിക്കാൻ ലഹരി തുള്ളികൾ, അടുത്ത കാലത്തൊന്നും നിനക്ക് കിട്ടില്ല എന്ന സത്യം നിന്നെ ഞാൻ വീണ്ടും,വീണ്ടും, ഓർമിപ്പിക്കുന്നു. ലഹരി പടരാത്ത സിരകളുമായി, വിറയ്ക്കുന്ന കൈകളുമായി, എരിയുന്ന ആമാശയവും , വേദനിച്ചു പൊട്ടിത്തെറിക്കാൻ വെമ്പുന്ന ഈ തലവേദനയുമായി ഇനിയും നിനക്ക് പൊരുതി നിൽക്കുവാനാകില്ല
ഒന്നിനോടും നിന്നോട് പോലും.
പതിയെ ഉയർന്നു വരുന്ന ഈ ജലപ്രവാഹത്തിൽ നീ മുങ്ങി മരിക്കും. വിട്ടുപോകാൻ മടിച്ചു നിൽക്കുന്ന ബോധകണികകൾ നിന്നെ ഓർമ്മിപ്പിക്കും ഒരു മാത്ര, സൗമിനിയെ, മണികുട്ടിയെ, അവരെ ഈ ഉയരുന്ന ജലപ്രവാഹത്തിൽ നിന്നും, രക്ഷപെടുത്തേണ്ട നിന്‍റെ കർത്തവ്യത്തെ. ഭയക്കേണ്ട മിന്നി മറയേണ്ട ബോധകണികകൾ, നിന്നിൽ അധിക നേരം നിൽക്കില്ല. വിഭ്രാന്തമായി പാഞ്ഞു, അലയുന്ന നിന്‍റെ തലച്ചോറിൽ, ഇനി സ്ഥിര
പ്രതിഷ്ഠ ചിത്രങ്ങളില്ലാ എന്ന് മനസ്സിലാക്കണം ഇനി നീ.’

‘ഭാസ്കർ, ഞാൻ അയച്ച അവസാന തോന്നലുകൾ നിന്നിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ ജനൽ തിട്ടയിൽ, കാലുകൾ നനയാതെ നീ പരിഭ്രമിച്ചു,ഭയന്ന് ചേർന്നിരിക്കുന്നു. താഴേക്കു ഊർന്നിറങ്ങാൻ ശ്രമിക്കരുത്,ഉയർന്നു വരുന്ന ജലപ്രവാഹം നിന്നെ നിലയില്ലാതെ മുക്കി കളയും. സൗമിനിയും, മണികുട്ടിയും കട്ടിലും മെല്ലെ ജലപ്രവാഹത്തിനു താഴേക്കു പോയിരിക്കുന്നു. അവരെ കുറിച്ച് ഖിന്നത വേണ്ട. വേഗം ജനാലക്കപ്പുറമുള്ള ഇരുമ്പു സുരക്ഷാ ഗ്രില്ലുകൾ,തള്ളി തുറക്കു. പുറത്തു മങ്ങി തുടങ്ങുന്ന നിലാവുണ്ട്. തണുത്ത കാറ്റ് ഒരു കവിൾ, പുകയുന്ന ശ്വാസകോശത്തിൽ നിറക്കു. വായിൽ അധികരിച്ചു വരുന്ന ഉമിനീര് ചേർത്ത് ഇറക്കു. വെള്ളം ചേർക്കാതെ കത്തി പടർന്നു ആമാശയത്തിലേക്കു ഇറങ്ങി വരുന്ന ലഹരിയുടെ, അവസാന തോന്നലുകൾ ഞാൻ നിനക്ക് തരുന്നു, കൂടെ ഉന്മാദം നിറഞ്ഞു തുളുമ്പുന്ന തലച്ചോറിൽ ഭയക്കാതെ നിനക്ക് രക്ഷപെടാനുള്ള അവസാന മരുന്നും, വഴിയും.’

‘ഭാസ്കർ, തുറന്നിട്ട ഇരുമ്പഴികളിലൂടെ താഴേക്കു നോക്കു. നാല്നിലയുടെ നിന്നെ എപ്പോഴും പേടിപ്പെടുത്തുന്ന ആഴം, പക്ഷെ ഇപ്പോൾ നിന്നെ ഭയപ്പെടുത്തുന്നില്ല. വിറച്ചു തെറിക്കുന്ന കരങ്ങൾ ചേർത്ത് വെച്ചു മെല്ലെ താഴേക്കു നോക്കു. വിജന വീഥിയിൽ നിലാവ് മാറി പകൽ പടരാൻ തുടങ്ങിയിട്ടില്ല. ഒറ്റയ്ക്ക് നിൽക്കുന്ന കാറ്റാടി മരത്തിന്റെ ചുവട്ടിൽ, തളർന്ന നിഴലുകൾ പോലെ സൗമിനിയും, മണികുട്ടിയും നിൽക്കുന്നത് നിനക്ക് കാണാനാവുന്നുണ്ടോ.? നിന്‍റെ സംശയങ്ങൾ നിവർത്തിച്ചു തരാൻ യുക്തിയുടെ വിചാര കണങ്ങൾക്ക് ഇനി ശക്തിയില്ല. ഉയർന്നു വരുന്ന ജലപ്രവാഹത്തിലും, അതിൽ ഒളിച്ചു കളിക്കുന്ന വിഷസർപ്പത്തിനും ഇടയിലൂടെ ഇനി ഒന്നും തിരഞ്ഞു നേടാനുമില്ല. ജനൽ തിട്ടയിൽ നിന്നു നിനക്ക് പുറകോട്ടു, ഒരു മടക്കം സാധ്യമല്ല. ഒരു ചെറു വിരലനക്കത്തിനുള്ള സമയം പോലും ഇനി ബാക്കിയില്ല.’

സമയം പുലർച്ചെ 04:30.

‘ഭാസ്കർ, തുറന്നിട്ട ഇരുമ്പഴികളിൽ ദേഹം ഒതുക്കി സ്വൽപ്പം കുനിഞ്ഞു എഴുന്നേറ്റു നിൽക്കുക. കണ്ണുകളടച്ചു വായിൽ വീണ്ടും നിറയുന്ന ഉമിനീരിൽ ലഹരി തിരയുക, ഞാൻ അവസാനമായി ഉത്തേജിപ്പിച്ച
തലച്ചോറിന്റെ ഓരോ ഭാഗങ്ങളിലും നിനക്ക് നിർവചിക്കാൻ ആവാത്ത ഉന്മാദം തൊട്ടറിയാം. താഴെ നിന്നെ മാടി വിളിക്കുന്ന സൗമിനിയെയും, മണികുട്ടിയേയും, ലഹരി നുരയുന്ന ചുവന്ന കണ്ണുകൾ ചേർത്ത് ഒന്ന് തുറിച്ചു നോക്കാം. വേഗത്തിൽ മിടിക്കുന്ന ഹൃദയം നിന്‍റെ തൊണ്ടയിൽ എത്തി, മറ്റൊരു ഓക്കാനത്തിനു കാത്തു നിൽക്കുന്നു. വിയർപ്പിന്റെ കുമിളകളിൽ കാറ്റ് തണുപ്പ് നിറക്കുന്നു. ഇനി മെല്ലെ കണ്ണുകൾ ചേർത്തടച്ചു നിനക്ക് നിന്‍റെ കരങ്ങൾ അഴികളിൽ നിന്നു സ്വതന്ത്രമാക്കാം. മെല്ലെ മുൻപോട്ടു സ്വയം തള്ളിവിട്ട നിന്നെ, പതിയെ വന്ന പുലർകാല കാറ്റു ഏറ്റെടുത്തു കഴിഞ്ഞു. എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ നിനക്കു അവസാനമായി പറയാം, “നിന്‍റെ ദുരിതങ്ങളിൽ നിന്നു ഞാൻ രക്ഷപെടുന്നു”. ഒരു തൂവൽ പോലെ നിനക്കിനി താഴോട്ടു പറന്നു പതിക്കാം. കണ്ണുകൾ തുറക്കരുത്. താഴെ സൗമിനിയുടെയും, മണികുട്ടിയുടെയും അടുത്ത് എത്തുവോളം.’

‘ഭാസ്ക്കർ, നീ ഏൽപ്പിച്ച എല്ലാ കർത്തവ്യങ്ങളും ഞാൻ നിർവഹിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ നിന്നിലേക്ക്‌ ഉണ്ടാക്കി തരേണ്ട തോന്നലുകളുടെ എല്ലാ ഉത്പാദനവും കഴിഞ്ഞിരിക്കുന്നു. ഒരു തൂവൽ പോലെ നീ ആഴങ്ങൾ താണ്ടി ഭൂമിയിൽ പറന്നിറങ്ങും എന്ന വിഭ്രമ തോന്നലിനൊപ്പം നീ, നിരത്തിൽ ശക്തമായി പതിച്ചു, തലയോട് തകർന്നു കിടക്കുന്നു. ഞാനെന്ന യന്ത്രം സ്വയം പ്രവർത്തനം നിറുത്തും മുൻപേ, നിന്‍റെ ബോധത്തിന്റെ അവശേഷിച്ച ഒരേയൊരു കണികയിലേക്ക്, നിനക്കായി ഞാൻ എന്നോ കരുതി വച്ച,ഒരു തോന്നൽ ചിത്രം കൂടി അവസാനമായി തരുന്നു. അങ്ങ് മുകളിൽ പരിഭ്രമിച്ചു നീ കയറിയ ഇടുങ്ങിയ അതെ ജനാലയിലൂടെ, തുറന്നു കിടക്കുന്ന ജനലഴികളിൽ മുറുകെ പിടിച്ചു, ഇങ്ങു താഴെ ചിതറി തെറിച്ചു കിടക്കുന്ന നിന്നെ നോക്കി അലറി കരയുന്ന സൗമിനിയുടെയും, മണികുട്ടിയുടേയും ഇരുണ്ട രൂപ ചിത്രങ്ങൾ.’

സമയം പുലർച്ചെ 04:35.

‘ഭാസ്കർ, ഇനി മായകാഴ്ചകളില്ല, വിഭ്രമ ചിത്രങ്ങളും. നീണ്ട നിന്‍റെ ഈ ഉറക്കത്തിൽ നിന്നൊരു ഉണർവും ഇനി നിനക്കില്ല. തോന്നൽ ചിത്രങ്ങൾ തീർന്നു പോയ ഞാനും, ഇനി ഒന്നും ചെയ്യാനില്ലാത്ത നിന്റെയൊപ്പം കണ്ണുകൾ ചേർത്തടച്ചു കിടക്കാം, ഞാൻ നിനക്ക് ഇതുവരെ തന്ന ഓരോ ചിത്രങ്ങളെയും അയവിറക്കികൊണ്ട്’……

ഹരീഷ് മൂർത്തി✍

COMMENTS

1 COMMENT

  1. മദ്യപാനം തകർത്ത ഒരു മനുഷ്യന്റെയും അയാളുടെ കുടുബത്തിന്റെയും സമ്പൂർണ തകർച്ചയുടെ ഹൃദയസ്പർശിയായ കഥ. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...

ബുദ്ധൻ….ക്രിസ്തു…മുഹമ്മദ്

ഉറ്റവരെയുംപ്രിയപ്പെട്ടതിനേയും വെടിഞ്ഞ്അനന്തമായ വ്യസനം അകറ്റാൻഹൃദയം തന്നെ അടർത്തി മാറ്റിയതഥാഗതന്റെഅവസാനിക്കാത്തസഞ്ചാരംസഹനം.ജീവിതംബുദ്ധന്‍ ! ഒറ്റിയവരെയുംതള്ളിപ്പറഞ്ഞവരെയുംകുരിശേറ്റിയവരെയുംനെഞ്ചോട് ചേർത്ത് പിടിച്ച്ഇവരോട് പൊറുക്കണെ,പൊറുക്കണെ..എന്ന കാൽവരിയിലെകണ്ണീര്‍കരുണമരണംക്രിസ്തു . നൂൽപ്പാലത്തിൽ  നിന്നുനരക യാതനയിലെക്ക് ഇടറി പോയഅവസാന യാത്രികനെയുംകരകയറ്റും വരെമഹാകൽപകാലങ്ങൾദൈവത്തിന്റെ കാൽക്കൽവീണു വിതുമ്പുന്നസമര്‍പ്പണംപ്രണയം.മോക്ഷംമുഹമ്മദ്. ✍ഷമീന ബീഗം
WP2Social Auto Publish Powered By : XYZScripts.com
error: