17.1 C
New York
Monday, September 20, 2021
Home Literature ഇത്തിൾക്കണ്ണി (കഥ)

ഇത്തിൾക്കണ്ണി (കഥ)

✍സുജ പാറുകണ്ണിൽ

ഞായറാഴ്ച രാവിലെ തെങ്ങിന് തടം എടുത്തുകൊണ്ടു നിൽക്കുകയാണ് തോമസ്കുട്ടി. ആകെ കിട്ടുന്ന ഒരു അവധി ദിവസം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല, മാസാവസാനം എണ്ണിച്ചുട്ട അപ്പം പോലെ കയ്യിൽ കിട്ടുന്ന സാലറിയും പറമ്പിൽ നിന്നു കിട്ടുന്ന ആദായവും കൊണ്ടാണ് തട്ടി മുട്ടി കഴിഞ്ഞു കൂടുന്നത്. അതുകൊണ്ട് അവധി ദിവസങ്ങളിൽ എല്ലാം പറമ്പിലെ പണികൾ ചെയ്യും.

പറമ്പിനു താഴെ കയ്യാലയോട് ചേർന്ന് ബൈക്ക് വന്നു നിൽക്കുന്നതു കണ്ടു നോക്കിയ തോമസുകുട്ടി ആളെ കണ്ടു ഞെട്ടി. “മഹേഷ്‌”. രാവിലെ കിടക്കപ്പായയിൽ നിന്നു എഴുന്നേറ്റപ്പോളെ എന്തോ ഒരു ആപത്തു വരാൻ പോകുന്നപോലെ ഒരു തോന്നൽ ഉണ്ടായിരുന്നു അത് ഇതായിരുന്നോ? ആപത്തു ബൈക്കിൽ കയറിവരുന്നതു കണ്ടു തോമസ്കുട്ടി വീട്ടിലോട്ടു നോക്കി. രാവിലെ ബ്രേക്ക്‌ ഫാസ്റ്റിനു അമ്മച്ചി കപ്പ നുറുക്കുന്നത് കണ്ടിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇവനെയെങ്ങാനും കണ്ടാൽ കപ്പയുടെ കൂടെ കൊത്തി നുറുക്കി കപ്പ ബിരിയാണി ആക്കി കളയും അമ്മച്ചി അത്രക്കുണ്ട് അമ്മച്ചിക്ക് ഇവനോടുള്ള ദേഷ്യം, പണ്ടൊക്കെ തന്റെ കൂടെ പഠിച്ചിരുന്ന കാലത്തു അമ്മച്ചിക്ക് ഇവനെ വലിയ ഇഷ്ടം ആയിരുന്നു.

നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യൻ, സമൂഹത്തിൽ നിലയും വിലയും ഉള്ള അപ്പനും അമ്മയും. നന്നായി അധ്വാനിച്ചു പണം ഉണ്ടാക്കുന്ന രണ്ടു ചേട്ടൻമാർ ഇവനും അവരുടെ പാത പിന്തുടരും എന്നു അമ്മച്ചി തെറ്റിദ്ധരിച്ചു, കഷ്ടിച്ചു ഒരു ഡിഗ്രി ഒപ്പിച്ചു അപ്പന്റെമേൽ നിർബന്ധം ചെലുത്തി വാങ്ങിച്ച ബൈക്കിൽ ചേട്ടന്മാരുടെ ചിലവിൽ നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ടു അവൻ വെറുതെ കറങ്ങി നടന്നു, ഉണ്ടും ഉറങ്ങിയും സമയം കളഞ്ഞു. അപ്പനും അമ്മയും വാ തോരാതെ അവനെ വളർത്താനും പഠിപ്പിക്കാനും കഷ്ടപ്പെട്ടതിനെക്കുറിച്ചും അവനെ കുറിച്ചുള്ള പ്രതീക്ഷകളെകുറിച്ചും പറഞ്ഞുകൊണ്ടേ ഇരുന്നു ആരു കേൾക്കാൻ, ഞാൻ നിങ്ങളെ ശല്യം ചെയ്യാൻ വരുന്നില്ലല്ലോ? പിന്നെന്തിനാ എന്നെ ശല്യം ചെയ്യുന്നത് എന്നെ ജോലിക്ക് വിടണം എന്നു നിങ്ങള്ക്ക് എന്താ ഇത്ര നിർബന്ധം? നിങ്ങൾ പൈസ ഉണ്ടാക്കുന്നുണ്ടല്ലോ അതിൽ കുറച്ചു എനിക്ക് തന്നാൽ പോരെ? ഇതാണ് അവന്റെ നയം.പോത്തു പോലെ വളർന്നിട്ടും അപ്പനെയും ചേട്ടന്മാരെയും ഊറ്റി ജീവിക്കാൻ ഒരു ഉളുപ്പുമില്ലാത്തവൻ, വളർത്തിയ മാതാ പിതാക്കൾക്ക് വേണ്ടി ഒരു ദിവസം പോലും ജീവിക്കാത്തവൻ ഒരു കാര്യത്തിൽ ഉത്തരവാദിത്വം കാണിച്ചു. ഒരു പെണ്ണിനെ വളക്കുന്ന കാര്യത്തിൽ.

പെൺവീട്ടുകാര് തിരക്കിയപ്പോൾ ചെറുക്കന് ദുസ്വഭാവം ഒന്നും ഇല്ല നല്ല കുടുംബം. ജോലി ഇല്ല എന്നത് പെണ്ണിന്റെ അച്ഛൻ ഒരു കുറവായി പറഞ്ഞപ്പോൾ വീട്ടിൽ സ്വത്തു ഉണ്ടല്ലോ പിന്നെ ചേട്ടന്മാരുടെ കൂടെ അവരുടെ ബിസ്സിനസ്സ് നോക്കി നടത്തിക്കോളും എന്നുപറഞ്ഞു പെൺകുട്ടി അവനു വേണ്ടി വാദിച്ചു. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നു അധികം താമസിയാതെ അവൾക്കു മനസ്സിലായി, വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ലല്ലോ
കല്യാണം കഴിഞ്ഞാൽ എങ്കിലും ഇവൻ നന്നാകും എന്നു വീട്ടുകാരും കരുതി. വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല പിന്നല്ലേ എന്ന മട്ടിൽ അവനും. പഴയപടി തന്നെ. അവനു മാത്രമല്ല ഭാര്യക്കും വീട്ടുകാർ ചിലവിനു കൊടുക്കേണ്ടി വന്നു എന്നൊരു വ്യത്യാസം മാത്രം, സഹികെട്ടപ്പോളാണ് അവന്റെ അച്ചൻ കയ്യിൽ ഉണ്ടായിരുന്നതും കടം വാങ്ങിയതും എല്ലാം ചേർത്തു ഒരു ബിസ്സിനസ്സ് തുടങ്ങി കൊടുത്തത്. കുരങ്ങിന്റെ കയ്യിൽ പൂമാല കൊടുത്തപോലെ ആയി അത്. വീണ്ടും പഴയപടി ഊറ്റൽ തുടങ്ങിയപ്പോൾ ചേട്ടത്തിമാർ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങി അങ്ങനെ തങ്ങളുടെ ഭർത്താക്കന്മാർ കഷ്ടപ്പെടുന്നതു കൊണ്ട് ഓസിൽ ജീവിക്കാം എന്നു കരുതണ്ട എന്നു അവർ ഉറക്കെ പ്രഖ്യാപിച്ചു. ഇനി ഒരു നയാ പൈസപോലും തരില്ല എന്നു ചേട്ടന്മാർ തീർത്തു പറഞ്ഞു.

താൻ വളരെ കഷ്ട്ടപ്പെട്ടു പടുത്തുയർത്തിക്കൊണ്ട് വന്ന കുടുംബത്തിലെ സമാധാനം നഷ്ടപ്പെടുന്നത് കണ്ടപ്പോൾ മഹേഷിന്റെ അച്ഛൻ ചില തീരുമാനങ്ങൾ എടുത്തു. അദ്ദേഹം മഹേഷിനോട് പറഞ്ഞു, ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നിങ്ങളെ വളർത്തിയതും പഠിപ്പിച്ചതും രണ്ടു പെൺമക്കളെ കെട്ടിച്ചു വിട്ടതും. വീട് പൊളിച്ചു പണിതതും അതിനു ചുറ്റുമുള്ള സ്ഥലം വാങ്ങിയതും നിന്റെ ചേട്ടന്മാരും. അതിൽ നിനക്ക് ഒരു അവകാശവും ഇല്ല. നിനക്ക് തരാനുള്ളത് നിനക്ക് ബിസ്സിനസ്സ് തുടങ്ങാൻ ഞാൻ ചിലവാക്കി. ഇനി ഒന്നും തരാൻ പറ്റില്ല. നിനക്കുവേണ്ടി ഞാൻ ഒരു വാടക വീട് എടുത്തിട്ടുണ്ട് ഉടനെ നിങ്ങൾ അങ്ങോട്ട് മാറണം. സെക്യൂരിറ്റിയും മൂന്നു മാസത്തെ വാടകയും കൊടുത്തിട്ടുണ്ട്. പിന്നെ നിന്റെ ഭാര്യക്ക് ഒരു ജോലിയും ശരിയാക്കിയിട്ടുണ്ട്. നീയും കൂടി ഒരു ജോലിക്ക് പോയാൽ നിങ്ങൾക്ക് സുഖമായി ജീവിക്കാം. ഇതോടെ എങ്കിലും മകൻ നന്നാവും എന്നു ആ പാവം അച്ഛൻ കരുതി.

പാലം കുലുങ്ങിയിട്ടും കേളൻ കുലുങ്ങിയില്ല , പുതിയ വീട്ടിൽ അവന്റെ ദിവസങ്ങൾ അവൻ ഉണ്ടും ഉറങ്ങിയും T.V. കണ്ടും തീർത്തു. എപ്പോൾ നോക്കിയാലും ഉറക്കം. സമയത്തു കഴിക്കാൻ വല്ലതും കിട്ടണം. ഭാര്യ രാവിലെ എഴുന്നേറ്റു വീട്ടു പണി എല്ലാം തീർത്തു ജോലിക്ക് പോകും വൈകിട്ട് വരുമ്പോൾ വീട്ടിലേക്കു ഉള്ളത് ഒക്കെ വാങ്ങി വരും. ദിവസവും കഴിച്ച പാത്രം പോലും കഴുകി വയ്ക്കാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ കണ്ടു സഹികെട്ടു പാവം പെണ്ണ് കണ്ണുനീരുമായി അമ്മായി അമ്മയുടെ മുൻപിൽ എത്തി. ഒരു പെണ്ണിന് അല്ലേ വേറൊരു പെണ്ണിനെ ശരിക്കും മനസ്സിലാക്കാൻ പറ്റു. അമ്മ അവൾക്കു നല്ല ഒരു ഉപദേശം കൊടുത്തു അവൾ അത് ശിരസ്സാ വഹിച്ചു. ഇപ്പോൾ ആണെങ്കിൽ മോളെ നിനക്ക് രക്ഷപെടാം. ഒരു കുഞ്ഞൊക്കെ ആയാൽ ജീവിത കാലം മുഴുവൻ നീ ഇവനെ സഹിക്കേണ്ടി വരും ഇവൻ നന്നാകും എന്നു പെറ്റ തള്ള ആയ എനിക്ക് പോലും പ്രതീക്ഷ ഇല്ല പിന്നെ നീ എന്തിനാ ജീവിതം കളയുന്നത്, നിനക്ക് ഒരു ജോലി ഉണ്ടല്ലോ ആരെയും ആശ്രയിക്കാതെ ജീവിച്ച് കൂടെ. ബുദ്ധി ഉള്ളവൾ ആയിരുന്നത് കൊണ്ടു കേട്ട പാതി കേൾക്കാത്ത പാതി ഈ കുരിശ് ഒഴിവാക്കി അവൾ ജീവനും കൊണ്ടു സ്ഥലം വിട്ടു.

ഇപ്പോൾ ഇങ്ങോട്ടുള്ള ഈ വരവിന്റെ ഉദ്ദേശ്യം എന്താണാവോ?
എന്താടാ പതിവില്ലാതെ ഈ വഴിക്ക്? തോമസുകുട്ടി കൂട്ടുകാരനോട് കുശാലാനേഷണം നടത്തി. വെറുതെ, പ്രത്യേകിച്ചു ഒന്നുമില്ലെടാ
അത് വെറുതെ ഒരു കാര്യവും ഇല്ലാതെ നീ മെനക്കെട്ടു വരില്ലെന്ന് എനിക്കറിയാം, നിന്റെ ഭാര്യയുടെ വിവരം എന്തുണ്ട്?
ഭാര്യ, അവള് വിചാരിച്ചു ഞാൻ അവളുടെ കാല് പിടിക്കാൻ ചെല്ലുമെന്നു ആർക്കുവേണം അവളെ അഹങ്കാരി. ഭർത്താവാണ് എന്നൊരു ബഹുമാനം തരണ്ടേ? ഞാൻ ജോലിക്ക് പോകുന്നില്ലാന്നു ഏതു നേരവും പരാതി? മടുത്തു പോയി അളിയാ പുല്ലുപോലെ ഞാൻ ഡിവോഴ്സ് കൊടുത്തു.
കയ്യിലിരിക്കുന്ന തൂമ്പ കൊണ്ട് ഇവന്റെ തല അടിച്ചു പൊളിച്ചാലോ ഒരു നിമിഷം തോമസ്കുട്ടി ചിന്തിച്ചു,

ഇപ്പോൾ പ്രശ്നം എന്താന്ന് വച്ചാൽ വാടക കൊടുക്കാത്തതുകൊണ്ട് താമസിയാതെ വീട്ടുടമസ്ഥൻ ഇറക്കി വിടും.പിന്നെ ചിലവും നടക്കണ്ടേ?അതൊരു പ്രശ്നം ആണ്. ദൈവമേ കാശ് ആണോ ഇവന്റെ ഉദ്ദേശ്യം. ഇവന് കടം കൊടുത്താൽ പള്ളിക്കാട്ടിലേക്കു മയ്യത്തു കൊണ്ടുപോകും പോലെ ആണ്. അങ്ങോട്ടെ ഉള്ളു. തിരിച്ചു ഇങ്ങോട്ട് ഇല്ല..

നിനക്ക് നിന്റെ വീട്ടിലേക്കു തിരിച്ചു ചെല്ലാമായിരുന്നില്ലേ? ശ്രമിച്ചതാ നടന്നില്ലെടാ അവർക്കൊന്നും എന്നോട് ഒരു സ്നേഹവും ഇല്ലെടാ.
മകന്റെ ഭാവി ഓർത്തു തന്റെ മുൻപിൽ നിന്നു കരഞ്ഞ അവന്റെ അച്ഛന്റെ മുഖം ഓർത്തപ്പോൾ രോക്ഷം അടക്കാനാവാതെ തോമസ്കുട്ടി തെങ്ങിൻ മുകളിലേക്കു നോക്കി. കർത്താവെ ഒരു ഉണക്കത്തേങ്ങ പോലും ഇല്ലേ ഇവന്റെ തലേൽ വന്നു വീഴാൻ.

ഞാൻ ഇപ്പോൾ വന്നത് എന്താ എന്നു വച്ചാൽ പത്രത്തിൽ ഒരു പരസ്യം കണ്ടു കഴിഞ്ഞ ദിവസം ഇവൻ നന്നാകാൻ തീരുമാനിച്ചോ? വിയർപ്പിന്റെ അസുഖം ഉള്ള ഇവൻ ജോലിക്ക് പോകാനോ. ലോകാവസാനമോ മറ്റോ ആണോ ദൈവമേ .ജോലിക്കുള്ള പരസ്യം ആണോടാ? ആരു പോകുന്നു ജോലിക്ക് ഇത് അതൊന്നും അല്ല.ലണ്ടനിൽ പോകാനുള്ള ഒരു ചാൻസ്. ലണ്ടനിലോ അത് എങ്ങനെ?
അവിടെ നല്ല ജോലിയും വീടും സ്വത്തും ഒക്കെ ഉള്ള ഒരു പെണ്ണിന് ഭർത്താവിനെ വേണം. ഒരു കുട്ടിയുണ്ട് ഡിവോഴ്സ് ആണ്. ഒരു ഡിമാന്റു മാത്രമേ ഉള്ളു കൂടെ ചെല്ലണം.

ഓ അത് ശരി ഭർത്താവ് ഉദ്യോഗം, സാരിത്തുമ്പ് വിസ, ഭർത്താവായിട്ടു ഇരിക്കുക, കൊച്ചിന്റെ അച്ഛൻ ആയിട്ടു ഇരിക്കുക ഒരു കഷ്ടപ്പാടും ഇല്ല. കൊള്ളാം നിനക്ക് പറ്റിയ പണിതന്നെ. ഇതിനു ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടത്?
അതല്ലെടാ ഞാൻ അവളോട്‌ ഫോണിൽ സംസാരിച്ചു എന്റെ കഥ കേട്ടതും അവൾക്കു എന്നെ വളരെ ഇഷ്ട്ടപ്പെട്ടു. അവൾ ഇപ്പോൾ നാട്ടിൽ ഉണ്ട് ഇന്ന് കാണാൻ ചെല്ലാൻ പറഞ്ഞേക്കുവാ
അത് ശരി നിന്റെ ഏതു കഥയാ നീ അവളോട്‌ പറഞ്ഞത്?
അത് എനിക്ക് ജോലിയും പണവും ഇല്ലാത്തതുകൊണ്ട് ഭാര്യ എന്നെ ഉപേക്ഷിച്ചു പോയതും കുടുംബത്തെ സ്വത്തെല്ലാം ചേട്ടൻമാർ തട്ടിയെടുത്തതും എല്ലാം കേട്ടപ്പോൾ അവൾ കരഞ്ഞുപോയി.

മഹാപാപി ഇത്രകാലം അവര് അധ്വാനിച്ചത് കൊണ്ട് സുഭിക്ഷം ആയി ജീവിച്ചിട്ട്, ആ പെണ്ണ് സഹികെട്ട് ഇറങ്ങി പോയതല്ലേ? ഈ കഥ ഇങ്ങനെ വൈറ്റ് വാഷ് ചെയ്തു വെളുപ്പിച്ചു എടുക്കാൻ ഇവനെ കൊണ്ടേ കഴിയു. ഇവന്റെ കഥക്ക് ഇങ്ങനെയും ഒരു വേർഷൻ ഉണ്ട് അല്ലേ.വല്ലാത്തൊരു ബുദ്ധി തന്നെ. ഇവനൊക്കെ എങ്ങനെ വീണാലും പൂച്ച വീഴും പോലെ നാലു കാലിൽ തന്നെ. തോമസ്കുട്ടി ചെറുപ്പം മുതൽ തൂമ്പ പിടിച്ചു തഴമ്പിച്ച സ്വന്തം കൈകളിലേക്കു നോക്കി.
പെണ്ണ് കാണാൻ പോകാൻ നീയും കൂടി വരണം ഒറ്റയ്ക്ക് പോകുന്നത് ശരിയല്ലല്ലോ. ഭാവിയിൽ ഏതോ ഒരു പെണ്ണിന്റെ പ്രാക്കും ശാപവാക്കുകളും തന്റെ നേർക്കു പറന്നു വരുന്നത് തോമസ്കുട്ടി മനക്കണ്ണിൽ കണ്ടു.ഞാൻ വരണോ? വരണം നീ അല്ലാതെ എനിക്ക് ആരാ ഉള്ളത് ഞാൻ ഒരു നാലുമണി ആകുമ്പോൾ റെഡി ആയി ഇങ്ങോട്ട് വരാം. തോമസ്കുട്ടി ഞെട്ടി. അമ്മച്ചി തൂമ്പ കൈ ഇടുന്നത് പിന്നെ തന്റെ പുറത്തു ആയിരിക്കും. അത് വേണ്ട ഞാൻ ജംഗ്ഷനിലോട്ട് വരാം. ഇവനെ ലണ്ടനിലോട്ടു കെട്ട് കെട്ടിക്കുന്നത് തന്നെ ആണ് നല്ലത്. ഇവിടെ വളർന്നു വരുന്ന തലമുറയിൽ ഏതെങ്കിലും ഒരെണ്ണം ഇവനെ കണ്ടു പഠിച്ചാൽ കഴിഞ്ഞില്ലേ. ഈ ശാപം പിടിച്ചവനൊക്കെ നാട് വിട്ടു പോകട്ടെ. വരാം ഞാൻ വരാം.എന്നാൽ ശരി അളിയാ ഞാൻ പോട്ടെ ഇട്ടോണ്ട് പോകാനുള്ള ഡ്രസ്സ്‌ റെഡി ആക്കണം.

ബ്രേക് ഫാസ്റ്റ് കഴിക്കാൻ ചെന്ന തോമസ്കുട്ടിയോട് അമ്മച്ചി ചോദിച്ചു എന്താടാ താമസിച്ചത്. സാധാരണ വേകും മുൻപേ വിശക്കുന്നു എന്നും പറഞ്ഞു വരുന്നതാണല്ലോ അത് അമ്മച്ചി ഒരു ഇത്തിൾക്കണ്ണി വെട്ടി പറിച്ചു കളയാൻ നോക്കുവാരുന്നു. എന്നിട്ട് കളഞ്ഞോടാ. ഇല്ല അമ്മച്ചി വൈകിട്ട് നാലുമണിക്ക് കളയാം എന്നു വച്ചു. അതെന്താടാ കൃത്യം ഒരു നാലുമണി അതിനും മുഹൂർത്തം ഒക്കെ ഉണ്ടോ? അല്ല അമ്മച്ചി വൈകുന്നേരം എന്നാ ഉദേശിച്ചത്‌.
ഓഹോ അങ്ങ് ദൂരെ കൊണ്ട് കളയണേ മോനെ ഇത്തിൾക്കണ്ണി കയ്യാല കയറി ഹെൽമറ്റും വച്ചു വരുന്നത് ഞാൻ കണ്ടാരുന്നു. നിന്നെ ഏതു കുഴിയിൽ ചാടിക്കാൻ ആണ് അവൻ വന്നത്. അവനുമായി ഒരു ഇടപാടും വേണ്ട എന്നു ഞാൻ പറഞ്ഞിട്ടുള്ളതല്ലേ? കൂടെ നടന്നിട്ട് വേണം അവന്റെ മടി നിനക്കും കിട്ടാൻ. പിന്നെ മടി എന്നു പറഞ്ഞാൽ പകർച്ചവ്യാധി ആണല്ലോ? തോമസ്കുട്ടി പിറുപിറുത്തു കൊണ്ട് വൈകിട്ട് അമ്മച്ചിയോടു എന്തു കള്ളം പറഞ്ഞു പെണ്ണ് കാണാൻ പോകും എന്നു ആലോചിച്ചു, തൂമ്പയുമെടുത്തു വീണ്ടും പറമ്പിലേക്കു ഇറങ്ങി….

✍സുജ പാറുകണ്ണിൽ

COMMENTS

1 COMMENT

  1. പെണ്ണ് കാണാൻ പോയിട്ട് എന്ത് സംഭവിച്ചു എന്നറിയാൻ മോഹം…..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: