ഇടവപ്പാതി തകർത്ത് പെയ്യുകയാണ്. മുറ്റത്തെ പടികളിലേക്ക് വെള്ളം വീഴാതിരിക്കുവാൻ പുതിയതായി ഇട്ട റ്റിൻ ഷേഡിൽ മഴവെള്ളം വീഴുന്ന ശബ്ദത്തിന്റെ കാഠിന്യം കാരണം, മഴയുടെ ശക്തി നിർണയിക്കാൻ കഴിയുന്നില്ല. വീടിന്റെ ഏകദേശം 50 അടി അകലത്തിൽ ഒരു തോടുണ്ട്. വർഷത്തിൽ പകുതിയിലേറെയും നീരൊഴുക്ക് ഒരു സ്വപ്നം മാത്രമായി കൊണ്ടുനടക്കുന്ന, മലമുകളിൽനിന്ന് വളഞ്ഞ് പുളഞ്ഞ് ഒഴുകിവരുന്ന തോട്, കഴിഞ്ഞ ഒരാഴ്ചയായി നിറഞ്ഞൊഴുകുകയാണ്. ആ നാട്ടിലെ പേര് കേട്ട പത്തോളം തൊഴിലുറപ്പു കാരുടെ ഒരു വർഷത്തെ, അതായത് 100 ദിവസത്തെ പണിയാണ് ഇടവപ്പാതിമഴ കഴിഞ്ഞ മൂന്നാല് ദിവസം കൊണ്ട് ചെയ്തു തീർത്തത്. അരികെല്ലാം വൃത്തിയാക്കി, വെട്ടിനിരത്തി, കഴുകിയൊതുക്കി…
സ്കൂളിൽ നിന്ന് നനഞ്ഞുകുതിർന്നാണ് രേഷ്മയും ഗ്രീഷ്മയും എത്തിയത്. ഇംഗ്ലീഷുകാരുടെ കവാത്തിനെ അനുകരിച്ച്, പരിഷ്കൃത സ്കൂൾ അധികാരികൾ പ്രാബല്യത്തിൽ വരുത്തിയ യൂണിഫോമും,ഷൂസും സോക്സുംമൊക്കെ ഈ മഴക്കാലത്ത് ഒരു ദുരിതം തന്നെയാണ്. ആദ്യം കൈ കാണിച്ച ബസ് നിർത്താഞ്ഞത് കൊണ്ട് അത്രയും കൂടി മഴ നനയേണ്ടി വന്നു. നനഞ്ഞുകുതിർന്ന സോക്സുകൾക്കുള്ളിൽനിന്ന് വിളർത്ത തണുപ്പിന്റെ വേരുകൾ പടർന്ന കാലുകൾ പുറത്തെടുക്കുമ്പോൾ, വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു. പുറത്തെ മുറ്റത്തെ ചായ്‌പ്പിൽ മഴ കണ്ടിരിക്കുകയായിരുന്നു ശ്രീനിമാഷ്. വഴിയിലൂടെപ്പോയ ആരോടോ മാഷ് ഉറക്കെ സംസാരിക്കുന്നത് കേട്ടു. രേഷ്മയുടെയും ഗ്രീഷ്മയുടെ അച്ഛൻ ശ്രീനിവാസൻ, മാഷാണ്. തൊട്ടടുത്ത സർക്കാർ പ്രൈമറി സ്കൂളിൽ. നാലുമണിക്ക് സ്കൂൾ വിട്ടാൽ, നാലരയ്ക്ക് മാഷ് വീട്ടിലുണ്ട്. അത്രയടുത്താണ് സ്കൂൾ. ഗ്രീഷ്മയും രേഷ്മയും മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള പ്രൈവറ്റ് സ്കൂളിലാണ് പഠിക്കുന്നത്. ക്ലാസ് കഴിഞ്ഞ് ട്യൂഷൻ ഉള്ളതുകൊണ്ട്, ഇരുവരും പ്രൈവറ്റ് ബസിനാണ് വൈകിട്ട് വരവ്.
നോക്കിനിൽക്കെ ശ്രീനി മാഷ് ധൃതിയിൽ അകത്തേക്കു കയറി, സ്റ്റോറിലെ ജനൽപടിയിൽ തൂക്കിയിട്ടിരുന്ന കുടയുമെടുത്ത്, ഷർട്ടിട്ടു കൊണ്ട് തിരക്കിട്ട് പുറത്തേക്ക് ഇടവഴിയിലേക്ക് ഇറങ്ങുന്നത് കണ്ട് സിന്ധു വിളിച്ചു ചോദിച്ചു.
“എന്നാ മാഷേ?? എന്ത് പറ്റി??ഈ മഴയത്ത് എങ്ങോട്ടാ??അവിടെയെല്ലാം തെന്നിക്കിടക്കുവാണേ….”
“ഡീ.. ഞാനിപ്പം വരാം. അപ്പുറത്തെ വളവിന് ‘ വയലാ ‘ ബസ് കുഴിയിലോട്ടു മറിഞ്ഞെന്ന്….ഞാനങ്ങോട്ടൊന്നു ചെന്നിട്ട് വരാം “
കേട്ടപ്പോൾ സിന്ധുവിന്റെ കാലിലൂടെ ഒരു തരിപ്പ് കയറി. കുട്ടികൾ മിക്കപ്പോഴും വരുന്ന ബസ് ആണ്. ഇന്ന് കൈകാണിച്ചിട്ടും നിർത്തിയില്ലാത്രേ. പതിവുപോലെ തിക്കും തിരക്കും ഉണ്ടായിരുന്നിരിക്കണം. സ്കൂൾ വിട്ടു വരുന്ന സമയം അല്ലേ?
“ഈശ്വരാ.. ആർക്കും കുഴപ്പങ്ങളൊന്നും വരുത്തരുതേ ” സിന്ധു കുട്ടികളെ ചേർത്ത് പിടിച്ചു. അവളുടെ ശരീരത്തിന്റെ വിറയൽ കുട്ടികൾക്കും അനുഭവപ്പെട്ടു.
മറ്റു ചിലരും റോഡിലൂടെ, കുന്നിറങ്ങി വരുന്ന ഇടവഴിയിലൂടെയൊക്കെ ആ വളവിലേക്ക് ഓടുന്നത് കണ്ടു. കുട പിടിച്ചും, പിടിയ്ക്കാതെയും, ഷർട്ടിട്ടും, ഷർട്ട് ഇടാതെയും, ഓടിയും,നടന്നും സംസാരിച്ചും,സംസാരിക്കാതെയും…
കൃഷ്ണനും, സെയ്തും,മുഹമ്മദും, ലോറൻസുമൊക്കെയുണ്ട്. എല്ലാവരും അവിടേക്ക് തന്നെ. ഫയർ എൻജിനുകൾ രണ്ടെണ്ണം പാഞ്ഞു പോകുന്നത് കണ്ടു. ഒരു വളവിന്റെ മറവിലാണെങ്കിലും, ഫയർഎൻജിന്റെ മണിയടി ശബ്ദവും, ആംബുലൻസിന്റെ സൈറണും കോരിച്ചൊരിയുന്ന മഴയിലും കേൾക്കാം. കുട്ടികൾക്ക് ചായയ്ക്കൊപ്പം പലഹാരവും എടുത്തു മേശപ്പുറത്ത് വച്ചിട്ട്, ” മക്കളെ…. ചായ കുടിയ്ക്കുമ്പോഴേക്ക് അമ്മയിങ്ങു വരാം.പറമ്പിന്റെ അങ്ങേയറ്റത്തു ചെന്നാൽ കാണാൻ പറ്റിയേക്കും. ” സ്റ്റോറിലെ ജനലിൽ അവശേഷിച്ചിരുന്ന കമ്പിപോയ ഒരു കുടയുമെടുത്തു സിന്ധു റബ്ബർ മരങ്ങളുടെ ഇടയിലൂടെ കമ്മ്യൂണിസ്റ്റ് കാടുകൾ വകഞ്ഞു മാറ്റി പറമ്പിന്റെ അങ്ങേ കോണിലേക്ക് നടന്നു. അവിടെ കുത്തനെയുള്ള ഒരു പാറയുടെ മുകളിൽ കയറി നിന്നാൽ, വളവിനപ്പുറമുള്ള കാഴ്ചകൾ വ്യക്തമായി കാണാം.
‘വയലാ’ ബസ് വളവിൽ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിലുകൾ കേൾക്കാം. വടമിട്ട് ബസ് കെട്ടിയിട്ടുണ്ട്. കൂടുതൽ താഴ്ചയിലേക്ക് മറിയാതെ. ക്രയിനിന്റെ ഹൂക്കിൽ ബസ് കൊളുത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ തുടർച്ചയായുള്ള മഴകാരണം, വശങ്ങൾ നനഞ്ഞു കുതിർന്നിരിക്കുന്നതിനാൽ ബസ് വീണ്ടും താഴേക്ക് പോകാൻ സാധ്യതയുണ്ട്. താഴെ കുഴിയാണ്. ചെറിയൊരു ‘കൊക്ക’ എന്ന് തന്നെ പറയാം. ആ ഭാഗത്ത് തോട് പരന്നൊഴുകുന്നതിനാൽ, നിറയെ കാടാണ്. രക്ഷാപ്രവർത്തകർ ബസിനുള്ളിലെ ആളുകളെ രക്ഷിക്കാൻ ആവുംവിധം ശ്രമിക്കുന്നുണ്ട്. നാട്ടുകാർ തന്നെയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്. സെയ്തും, ശ്രീനിമാഷും, ലോറെൻസുമൊക്കെത്തന്നെയാണ് മുൻപന്തിയിൽ.
പലയിടത്തായി ചിതറിക്കിടക്കുന്ന സ്കൂൾ ബാഗുകൾ, ചോറ്റുപാത്രങ്ങൾ, ബസിന്റെ മുകളിൽ വച്ചിരുന്നതാവണം, കുറെ ചാക്കുകെട്ടുകൾ,ചോരയൊലിപ്പിച്ചു കിടക്കുന്ന കുട്ടികൾ,സ്ത്രീകൾ, പരിഭ്രാന്തരായി ഓടുന്നവർ …. നിലവിളികൾ മഴയിൽ അലിയുകയാണ് …
സിന്ധുവിന്റെ കാഴ്ചയിൽ രക്ഷാപ്രവർത്തനം തകൃതിയിൽ നടക്കുന്നു. ആംബുലൻസുകളും മറ്റു വാഹനങ്ങളും പരുക്കേറ്റവരെ സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. അവിചാരിതമായാണ് സെയ്തില് സിന്ധുവിന്റെ കണ്ണുകളുടക്കിയത്. ഉറക്കെ സംസാരിച്ചുകൊണ്ട് കുട്ടികളിൽ ഒന്ന് രണ്ടു പേരെ അയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ജീപ്പുകളിൽ കൊണ്ട് കിടത്തി, അടുത്ത ആളുടെയെടുത്തേക്കോടുകയാണ്. മഴയുടെ ശക്തി വീണ്ടും കൂടുകയാണ്. ചുമലിലേക്ക് എടുത്തിട്ട ഒരു സ്കൂൾ കുട്ടിയുടെ ഒരു കാലിലെ വെള്ളിക്കൊലുസ്സൂരി സെയ്ത് തന്റെ പോക്കറ്റിലേക്കിടുന്നു. കുട്ടിയെ ആംബുലൻസിൽ എത്തിച്ച് അടുത്ത ആളുടെ അടുത്തേക്ക്. പോകുന്ന വഴിയിൽ കിടന്ന ഒരു ലേഡീസ്ബാഗിൽ നിന്ന് എന്തോ എടുത്തു എളിയിൽ തിരുകുന്നു. ഒരു വശത്തെ കാട്ടു പടർപ്പിൽ കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാലയൂരി അണ്ടർവെയറിന്റെ പോക്കറ്റിലേക്ക്..അവരെ ആംബുലൻസിലേക്ക് മാറ്റാൻ അടുത്ത് നിന്ന് ആളെ സഹായത്തിന് വിളിച്ച്, അവരൊരുമിച്ച് ആ സ്ത്രീയെ വാഹനത്തിലേക്ക് മാറ്റുന്നു. സിന്ധു നോക്കിനിൽക്കെ, സെയ്തിന്റെ കൈ പല പ്രാവശ്യം അണ്ടർവെയറിന്റെ പോക്കറ്റിലേക്ക് താണു. ബസിന്റെ ഉള്ളിൽ അകപ്പെട്ട ഒരു കുഞ്ഞിനെ അയാൾ തന്നെയാണ് പോലീസിന്റെ കൈകളിലേക്ക് എത്തിച്ചത്. വരുന്ന വഴിയിൽ ആ കുഞ്ഞിന്റെ കൈയിലെ വളകൾ സെയ്ത് ഊരി മാറ്റുന്നത് ഹൃദയ വേദനയോടെ ആ പാറപ്പുറത്തു നിന്ന് സിന്ധു കണ്ടു.
കുട്ടികൾ ചായയൊക്കെ എപ്പോഴേ കുടിച്ചു കഴിഞ്ഞു കാണും. മഴയ്ക്ക് ഒരു ശമനവുമില്ല. പറമ്പിലൂടെ തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ, സിന്ധുവിന്റെ മനസ്സിൽ, സെയ്‌തിന്റെ മുഖം മാത്രമായിരുന്നു.
ശ്രീനി മാഷിന്റെ ഏകദേശം പ്രായം ആണ് അയാൾക്ക്. ആറടിയിലധികം പൊക്കം. നന്നേ മെലിഞ്ഞ, മുറുക്കാൻ കറയുള്ള പല്ലുകൾ കാട്ടിയുള്ള ചിരി, നടക്കുമ്പോൾ മുന്നോട്ടാഞ്ഞുള്ള നടത്തം. സന്ധ്യകളിൽ അടുത്ത ഷാപ്പിൽ നിന്നുമുള്ള വരവാണെങ്കിൽ, മുന്നോട്ടുള്ള ആയത്തിന് ആക്കമിത്തിരി കൂടുതലാണ്. മാഷിനെ കാണുമ്പോൾ, മടക്കിയുടുത്തിരിക്കുന്ന കൈലി അഴിച്ചിട്ട് വല്ലാത്തൊരു വിനയ പ്രകടനമാണ്.’ മാഷേ’ ന്നാണ് വിളി. മാഷിന്റെ കൂടെ നാലാം തരം വരെ തൊട്ടടുത്ത സ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ചതാണ്. സെയ്ത് അവിടംകൊണ്ട് നിർത്തി. മാഷ് വളരെ ദൂരം മുന്നോട്ടു പോയി. എന്തെങ്കിലും പുറം പണികളുണ്ടെങ്കിൽ സെയ്ത് റെഡിയാണ്. പറമ്പിലെ കാടെടുക്കാനും, പ്ലാവിലെ ചക്കയിടാനുമൊക്കെ സെയ്ത് തന്നെയാണ് സമയം കണ്ടെത്തുന്നതും, തീരുമാനിക്കുന്നതും,ചെയ്യുന്നതും.
മാഷ് സംഭവസ്ഥലത്തുനിന്നും തിരിച്ചെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞു. കുളികഴിഞ്ഞ് വരാന്തയിൽ ഇരുന്ന് , ശ്രീനി മാഷ് എല്ലാം വിശദമായി പറഞ്ഞു തുടങ്ങി. ഏതോ വണ്ടിക്ക് സൈഡ് കൊടുത്തതാണത്രേ. ആ സമയമായതിനാൽ സ്കൂൾ കുട്ടികളും അധ്യാപകരുമൊക്കെയായിരുന്നു യാത്രക്കാരിൽ കൂടുതലും. ആർക്കും ഗുരുതരമായ പരിക്കുകൾ ഒന്നുമില്ല. നാട്ടുകാരുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ്, ഇത്ര കടുത്ത മഴയത്തും രക്ഷാപ്രവർത്തനം സാധ്യമായത്. സിന്ധു ഒന്നും മിണ്ടാതെ കേട്ടിരുന്നു. താൻ കണ്ടത്, മാഷിനോട് പറയാൻ സിന്ധുവിന് എന്തുകൊണ്ടോ തോന്നിയില്ല. ഓരോ മനുഷ്യരുടെ തനിസ്വഭാവം നേരിട്ട് കണ്ടാലല്ലാതെ, മറ്റൊരാൾ പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. വിശ്വസിക്കണമെന്നും, പ്രത്യേകിച്ച് മാഷ്..
രാത്രി ലൈറ്റ് അണച്ച് കിടക്കുമ്പോൾ ശ്രീനി മാഷ് ആരോടെന്നില്ലാതെ പറഞ്ഞു. “നീ പറഞ്ഞത് ശരിയാ… റോഡിലോട്ടിറങ്ങുന്ന വഴിയിലാകെ വഴുക്കലാണ്. ആ സെയ്തിനെ വിളിച്ച് പായലൊക്കെ ഒന്ന് ചുരണ്ടിച്ച് കളയണം. വെള്ളം ഒഴുകുന്നത് ഒന്ന് ചാല് തിരിച്ചുവിടുകയും വേണം. പിള്ളേര് വരുകയും പോവുകയും ചെയ്യുന്നതല്ലേ…”
സിന്ധു അതിന് മറുപടിയെന്നോണം പറഞ്ഞു.
” അതിനിപ്പോ സെയ്തു തന്നെ വേണമെന്നില്ലല്ലോ..കൃഷ്ണൻകണിയാന്റെ മോൻ രാഘവനും ആ പണികളൊക്കെ ചെയ്യും. മാത്രമല്ല, അവനാകുമ്പോ റബറിന്റെ ഇടയിലെ കാടും എടുപ്പിയ്ക്കാം, മണ്ട പോയ ആ വടക്കേപ്പുറത്തെ തെങ്ങും വെട്ടിക്കാം. എല്ലാംകൂടി രണ്ടുദിവസത്തെ കാര്യമേ ഉള്ളൂ.”
” സെയ്തിനെയല്ലേ സ്ഥിരമായി വിളിക്കുന്നത്…അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ. നിനക്കിതെന്തുപറ്റി” സിന്ധു ആ ചോദ്യം കേട്ടില്ലെന്ന് നടിച്ച്, തിരിഞ്ഞു ഇരുട്ടിലേക്ക് മിഴിച്ചു നോക്കി കിടന്നു. ഇരുട്ടിൽ അങ്ങനെ കുറെ നേരം കിടന്നപ്പോൾ, അപകടത്തിൽ പെട്ട്, ബോധമില്ലാതെ കിടന്നിരുന്ന ഒരു സ്ത്രീയുടെ കഴുത്തിലെ മാല സെയ്ത് വലിച്ചു പൊട്ടിക്കുന്നതും, കഴുത്തിലെ മുറിവിലേക്ക് ചോരയും, മഴവെള്ളവും ഒലിച്ചിറങ്ങുന്നതും,സിന്ധുവിന്റെ തുറന്ന കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു. അപ്പോഴും ശ്രീനിമാഷിന്റെ കൂർക്കത്തെയും മറികടന്ന്, പുറത്തെ മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു.
ആനി ജോർജ്ജ്✍