17.1 C
New York
Wednesday, December 1, 2021
Home Literature ഇങ്ങനെയുമൊരു പുലർക്കാലം.(കഥ)

ഇങ്ങനെയുമൊരു പുലർക്കാലം.(കഥ)

അയാൾ ഉറക്കച്ചടവോടെ തല ഉയർത്തി എന്നോട് ചോദിച്ചു ” സാറെ അല്പം വെള്ളം കിട്ടുമോ? ” ഞാനയാളെ ദേഷ്യത്തിൽ ഒന്നിരുത്തി നോക്കി. അത് കണ്ട് അയാൾ വീണ്ടും മുഖം താഴ്ത്തി കുഞ്ഞിരുന്നു.

സമയം രാത്രി രണ്ടു മണി ആയിട്ടുണ്ടാവും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ക്യാഷ്വാലിറ്റി ആണ് സ്ഥലം. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള ഞങ്ങൾ രണ്ടുപേർ, ഒരാളെയും കൊണ്ട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വന്നതാണ് . തീവണ്ടിയിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയ ആളാണ് കക്ഷി. ഡോക്ടർമാർ തിരക്കിലാണ്. കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി.

ക്യാഷ്വാലിറ്റിയി ലാണെങ്കിൽ പല പല ദിക്കുകളിൽ നിന്നായി വന്ന രോഗികളുടെയും അത്യാഹിതം സംഭവിച്ച വരുടെയും തിരക്ക്! നിരീക്ഷണ വാർഡുകളിലൊന്നും നിന്നുതിരിയാൻ സ്ഥലമില്ല!! അവശരായ രോഗികളും ഉത്കണ്ഠയോടെ കൂട്ടിരിപ്പുകാരും, ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി മുഖം തുണിയിട്ട് മറച്ചവരും, വേദനയോടെ അവരുടെ ബന്ധുക്കളും, എങ്ങുനിന്നോ അലറിവിളിച്ചുകൊണ്ട് പാഞ്ഞുവരുന്ന ആംബുലൻസുകളിൽ നിന്നിറക്കി കൊണ്ടുവരുന്ന പുതിയ കേസുകളും, ആത്മാർത്ഥതയോടെ ഡ്യൂട്ടിയിൽ വ്യാപൃതരായി രിക്കുന്ന ആശുപത്രി ജീവനക്കാരും…എവിടെ നോക്കിയാലും തിരക്ക് തന്നെ!!! അതെ ഇവിടെ യാണ് ശരിക്കും മനുഷ്യന്റെ നിസ്സഹായാവസ്ഥ നമുക്ക് കാണാൻ കഴിയുക.

അയാൾ കഴിച്ച മദ്യത്തിന്റെ ശക്തി ഒക്കെ ഇപ്പോൾ കുറഞ്ഞിരിക്കുന്നു. ആളിപ്പോൾ ശാന്തനായി, ക്ഷീണത്താൽ, അവിടെ കണ്ട ഒരു മേശ, മറ്റ് അഞ്ചാറു പേർക്കൊപ്പം പങ്കിട്ടു,ഉറക്കം തൂങ്ങി ഇരിപ്പാണ്. ക്യാഷ്വാലിറ്റി യിൽ രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റും ഉറക്കക്ഷീണത്തിലേക്ക് വഴുതി വീഴുന്നു.

എന്തായിരുന്നു രണ്ടു മൂന്ന് മണിക്കൂർ മുമ്പ് അയാളുടെ പ്രകടനം! പോലീസു കാരേയും TTE യെയും യാത്രകരെയും എല്ലാം മുൾമുനയിൽ നിർത്തി വണ്ടിയിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്ത അയാളെ ബലം പ്രയോഗിച്ചു തന്നെ ഇറക്കേണ്ടി വന്നു. പോലീസുകാരായ ഞങ്ങളുടെ നിഘണ്ടു വിൽ പോലുമില്ലാത്ത പല തെറികളും അയാൾ അസാമാന്യ പാടവത്തോടെ പ്രയോഗിച്ചു. അവസാനം ഓഫീസിലേക്ക് കൊണ്ടുപോകാനും ആശുപത്രിയിൽ എത്തിക്കാനും പെട്ട പാട് ഞങ്ങൾക്കേ അറിയൂ. അപ്പോഴേ അയാളുടെ ചെക്കിടക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നിയതാണ്.
ഇപ്പോൾ ഒന്നുമറിയാത്ത ആളെപ്പോലെ ഉറക്കം തൂങ്ങുന്ന അയാളെ കണ്ടപ്പോൾ എനിക്ക് തലയിലേക്ക് അരിശം കയറി വന്നു.

അല്പം കഷണ്ടി കയറിയതലയിലെ ചുരുളൻ മുടി ചീകിവച്ചിട്ടൊന്നും ഇല്ല. പാതി നരച്ച താടി വടിച്ചിട്ട് രണ്ടാഴ്ചയെങ്കിലും ആയി കാണും. ഞാൻ അയാളുടെ ഒ പി ടിക്കറ്റിലേക്ക് നോക്കി. സലീം 60 വയസ്സ്! അയാൾ വീണ്ടും എന്നെ വിളിച്ചു “സാർ അല്പം വെള്ളം…” എന്റെ കൂടെയുള്ള ആളോട് അയാളെ നോക്കാൻ ഏൽപ്പിച്ച് ഞാൻ വെള്ളം വാങ്ങാനായി പുറത്തേക്ക് നടന്നു.

വൈദ്യ പരിശോധന കഴിഞ്ഞ് ഞങ്ങൾ വണ്ടിയിൽ തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. സമയം ഒരു മൂന്നു മണിയായി കാണും. അയാൾ എന്നോട് വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു “സാർ ഈ സമയത്താണ് ആത്മഹത്യ ചെയ്യാൻ തോന്നുക. ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഉറങ്ങാതിരിക്കുന്ന ഒരു അവസ്ഥ ഭയാനകമാണ് സാർ. ഞാൻ രണ്ടു വട്ടം ശ്രമിച്ചതാണ് അതിന്. രണ്ടുവട്ടവും പിടിക്കപ്പെട്ടു. അവസാന ശ്രമത്തിൽ നിന്ന് എന്റെ ഇളയമകനാണ് എന്നെ തടഞ്ഞത് സാർ…” അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

ഓഫീസിൽ എത്തി. അടുത്ത ദിവസം റെയിൽവേ കോടതിയിൽ ഹാജരാക്കേണ്ടത് കൊണ്ട് അയാളെ പോകാൻ അനുവദിച്ചില്ല. അയാൾക്ക് ഉറങ്ങാൻ വേണ്ട സൗകര്യം ചെയ്തു കൊടുത്തു.

ഉറങ്ങാൻ തുടങ്ങിയതും അയാൾ എന്തോ ഒരു പേര് വിളിക്കുന്നതായി എനിക്ക് തോന്നി. ” എന്റെ ലക്ഷ്മി…. ലക്ഷ്മി…. ” എന്നാണ് അയാൾ പറഞ്ഞു കൊണ്ടിരിക്കുന്ന തെന്ന് ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായി. കുറച്ചു കഴിഞ്ഞപ്പോൾ ‘ഉറങ്ങാൻ പറ്റുന്നില്ല’ എന്ന് പറഞ്ഞു അയാൾ എഴുന്നേറ്റിരുന്നു. ഞാൻ അടുത്ത് ചെന്നിരുന്നു ആകാംക്ഷ കൊണ്ട് അയാളോട് ” ആരാണീ ‘ലക്ഷ്മി?’ ” എന്ന് വെറുതെ ചോദിച്ചു. അപ്പോൾ അയാൾ തന്റെ ഭൂതകാലം മുഴുവൻ എനിക്കു മുമ്പിൽ തുറന്നു വച്ചു.

തെക്കൻ കേരളത്തിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച അയാൾ ഇന്ത്യൻ നാവിക സേനയിൽ 35 വർഷം ജോലി ചെയ്തു വത്രേ. വർഷങ്ങൾക്കു മുൻപ് കേരളത്തിന്റെ വടക്കു ഭാഗത്തുള്ള നഗരത്തിൽ വച്ചു നടന്ന ഒരു ചടങ്ങിൽ വെച്ചായിരുന്നു അയാൾ ലക്ഷ്മിയെ പരിചയപ്പെടുന്നത്. ഉത്തര കേരളത്തിലെ പ്രശസ്തമായ ഒരു നായർ തറവാട്ടിൽ പിറന്ന ലക്ഷ്മി, ചൊവ്വാദോഷം കാരണം കല്യാണം കഴിയാതെ ഇരിക്കുകയായിരുന്നു. “സ്വാഭാവികമായും പ്രണയത്തിൽ കലാശിച്ചി രിക്കും. അല്ലേ? ” ഞാൻ ചോദിച്ചു . ” ഇല്ല ഒരിക്കലുമില്ല ” അയാൾ പറഞ്ഞു. കുറേ കാലം കഴിഞ്ഞു പോയി. അയാൾ ലക്ഷ്മിയെ മറന്നു. പിന്നീടെപ്പോഴോ അയാളെയും ലക്ഷ്മിയേയും അറിയാവുന്ന ഒരു സുഹൃത്ത് അയാളോട് ചോദിച്ചു ” ലക്ഷ്മി നല്ല പെണ്ണല്ലേ?നിനക്ക് അവൾക്ക് ഒരു ജീവിതം കൊടുത്തുകൂടെ? ” എന്ന്. അങ്ങനെയാണത്രെ അവർ വിവാഹിതരാവുന്നത്! കടുത്ത യഥാസ്ഥിതിക കുടുംബമായിരുന്ന അയാളുടെവീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു. പക്ഷേ അതൊന്നും അവർ കാര്യമാക്കിയില്ല.

ലക്ഷ്മിയെ പൊന്നുപോലെ ആണത്രേ അയാൾ നോക്കിയിരുന്നത്. മതം മാറുന്ന കാര്യമൊന്നും അവർ ചിന്തിച്ചിട്ടുപോലുമില്ല. ഏത് സ്ഥലങ്ങളിലും അമ്പലങ്ങളിലും പോകണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടാലും അദ്ദേഹം അവിടെ കൊണ്ടുപോകുമായിരുന്നു വത്രേ. കർണാടകത്തിലെ ഏകദേശം എല്ലാ അമ്പലങ്ങളിലും അവർ സന്ദർശനം നടത്തിയിട്ടുണ്ട്. ലക്ഷ്മിയുടെ ആവശ്യപ്രകാരം ഇളയ മകനെയും കൊണ്ട് ശബരിമലയിൽ വരെ അദ്ദേഹം പോയി.

ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ട കുടുംബമായി കഴിയുന്നതിനിടയിലാണ് വിധി കാൻസറിന്റെ രൂപത്തിൽ അവരെ വേട്ടയാടാൻ തുടങ്ങിയത്. ലക്ഷ്മിക്ക് സ്തനാർബുദം ആയിരുന്നുവത്രെ. മംഗലാപുരത്തെ ഏറ്റവും നല്ല ആശുപത്രികളിൽ അയാൾ ലക്ഷ്മിയെ ചികിത്സിച്ചു. പക്ഷേ അർബുദം മറ്റ് അവയവങ്ങളിലേക്ക് പടർന്നു കൊണ്ടിരുന്നു. അവസാനം ഏതാണ്ട് 12 വർഷങ്ങൾക്കു മുമ്പ് ലക്ഷ്മി മരണത്തിനു കീഴടങ്ങി. അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു . തന്റെ ലക്ഷ്മിയെ അയാൾ എത്രമാത്രം സ്നേഹിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു ആ കണ്ണുനീർ. “പക്ഷേ എനിക്ക് എന്തായാലും ആശ്വസിക്കാം സാറേ. ലക്ഷ്മിയെ ഒരു തരിമ്പ് പോലും ഞാൻ വേദനിപ്പിച്ചിട്ടില്ല – വാക്ക് കൊണ്ടായാലും പ്രവൃത്തി കൊണ്ടായാലും! വിദേശങ്ങളിൽ നിന്ന് വിലകൂടിയ മരുന്നുകൾ വരുത്തി ഞാൻ അവൾക്ക് നൽകി. വേദനയറിയിക്കാതെ തന്നെ ഞാൻ അവളെ മരണത്തിനും വിട്ടുകൊടുത്തു!!” അയാൾ നെടുവീർപ്പിട്ടു.

” ലക്ഷ്മി ഇപ്പോഴും എന്റെ അടുത്ത് വരാറുണ്ട് സാറേ…, ഉറങ്ങുമ്പോൾ അവൾ വന്ന് എന്നെ തൊട്ടു വിളിക്കും. അപ്പോഴാണ് ഞാൻ അവളുടെ പേര് വിളിക്കുന്നത്… മരിക്കുന്നതിന് മുമ്പ് അവൾ മക്കളെ, പൊന്നുപോലെ നോക്കാൻ, എന്റെ കയ്യിൽ ഏൽപ്പിച്ചിട്ടാണ് പോയത്. ഇല്ലെങ്കിൽ ഞാൻ എന്നേ എന്റെ ജീവിതം അവസാനിപ്പിച്ചേനെ. ഞാനവരെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സ്കൂളിൽ പഠിപ്പിച്ചാണ് വളർത്തിയത്. ഇളയ ആൾ ഇപ്പോഴും ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ പഠിക്കുന്നു. അവനു പരീക്ഷയിൽ മാർക്ക് കുറവാണെന്ന് അറിഞ്ഞ സങ്കടത്തിലാണ് ഞാൻ ഇന്ന് മദ്യപിച്ചത് സാറേ.” പാവം. തന്റെ പ്രിയതമയോടുള്ള സ്നേഹം കാരണം ജീവിതത്തിനും മരണത്തിനും ഇടയിൽ കരയിൽ പിടിച്ചിട്ട മീനിനെ പോലെ ജീവിക്കുന്ന ഒരു മനുഷ്യൻ…

അയാളുടെ കഥ കേട്ടപ്പോൾ ഒരു ട്രാജഡി സിനിമ കണ്ടിറങ്ങിയ മൂഡിൽ ആയി ഞാൻ. ഞാനോർത്തു. പ്രണയിച്ചു കല്യാണം കഴിച്ചയുടൻ മതം മാറ്റി സ്വന്തം മതത്തിലേക്ക് ഇണയെ ചേർക്കാൻ വെമ്പുന്നവരും,ഉത്തരമാരും, വിസ്മയമാരും, വർദ്ധിച്ചു വരുന്നതുമായ നമ്മുടെ സമൂഹത്തിൽ ഉദാത്തമായ ഇത്തരം പ്രണയകഥകൾ സങ്കല്പിക്കാൻ പോലും ഇന്നത്തെ ചെറുപ്പക്കാർക്ക് കഴിയുമോ? ആരെയും നമ്മൾ പുറംമോടി കണ്ടു വിലയിരുത്താൻ പാടില്ല.
അവരുടെ എല്ലാം ഉള്ളിൽ നമ്മൾ അറിയാത്ത ഒരുപാടു കഥകൾ കാണും.പൊള്ളുന്ന കഥകൾ.

അപ്പോഴേക്കും പുറത്തു, ആറുമണിക്കുള്ള ജനശദാബ്‌ദി എക്സ്പ്രസിന്റെ അനൗൺസ്മെന്റ് മുഴങ്ങാൻ തുടങ്ങി. നേരം പര പരാ വെളുക്കാനും…

മനോജ്‌ കുമാർ.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: