ഉറക്കം വരാഞ്ഞത്തിനാൽ സോമസുന്ദരൻ കട്ടിലിൽ നിന്നും കാലുകൾ വെളിയിലെക്കിട്ട് അൽപനേരം ഇരുന്നു….!
വാച്ചെടുത്തു സമയം നോക്കി.
മൂന്നര ആയതേ ഉള്ളു.
ഉറക്കമില്ലായ്മയുടെ അസ്വസ്ഥത
പൊതുവെ ശരീരത്തിനുണ്ട്.
ശരീരത്തിനകത്തു ഒരു പനിക്കോളൂ പോലെ…
ചെറിയ ശരീര വേദന…
പോരാത്തതിനു
മനസ്സിനെ മഥിപ്പിക്കുന്ന
കുറെ പ്രശ്നങ്ങളും….!
ഇളയമകൾക്ക്
ഫോൺ മേടിക്കണം
ആവശ്യപ്പെട്ട ആറായിരത്തി അഞ്ഞുറു
രൂപയുടെ ഇല്ലായ്മയും…
ആകെ തപ്പി പെറുക്കിയാൽ
ഒരു പത്തു മുന്നൂറു രൂപ ഉണ്ടാവും…
ബാക്കി..?
അവളുടെ ഏടത്തിയുടെ
കോളേജ് ഫീസും ഹോസ്റ്റൽഫീസുമെല്ലാം
അറേഞ്ച് ചെയ്തു കൊടുത്തിട്ട്
ഒരാഴ്ചപോലും ആയില്ല…
ഇളയവളുടെ ആവശ്യങ്ങളെ
തള്ളാനുമാവില്ല…
എന്തായാലും നേരമോന്നു വെളുക്കട്ടെ….
അസ്വസ്ഥമായ മനസ്സോടെ…
ഉറക്കം നഷ്ടപ്പെട്ടുവെന്ന
തിരിച്ചറിവോടെ തന്നെ അയാൾ
വീണ്ടും കട്ടിലിലേക്ക് ചെരിഞ്ഞു…
പിന്നെ എപ്പോഴോ പാതി മയക്കത്തിലേക്കു വഴുതിവീണു..
“ദാ കടുംകാപ്പി “
ശാലിനി…
ഭാര്യ കൊട്ടിവിളിച്ചു..
ഉറക്കച്ചടവോടെ
അയാൾ മെല്ലെ എഴുനേറ്റു….
സമയം ഏഴുമണി.
മുഖം കഴുകി തിരികെ
കട്ടിലിൽ വന്നിരുന്നു..
ആവി പറക്കുന്ന കടുംകാപ്പി
ഊതി കുടിച്ചുകൊണ്ടിരുന്നപ്പോൾ
ചിതറി കിടന്ന ചിന്തകൾ
പിന്നോക്കം വലിച്ചു.
ഗുരുമുഖത്തു നിന്നും കിട്ടിയ വരദാനം.
സംഗീതം എന്ന സപര്യ.
അത്യാവശ്യം നല്ല സ്വരവും
താളപരിചയവും കീർത്തനങ്ങളും
എല്ലാം കൂടി
നാട്ടിൽ ഒരു പാട്ടുസാറിന്റെ
മേൽവിലാസം ഉണ്ടാക്കിയെടുത്തു.
പിന്നെ ചെറിയ ചെറിയ
ഉത്സവകച്ചേരികളും.
പക്കമേളക്കാർക്ക്
കൊടുക്കാനുള്ളതുമൊക്കെ
കഴിഞ്ഞു അല്പസ്വല്പമൊക്കെ
മീതിയുണ്ടാവും..
ഇടയ്ക്കു
സാമ്പത്തിക ശേഷിയുള്ള
മൂന്നു നാലു വീട്ടിലെ കുട്ടികളെ
ആണ് ആദ്യം പാട്ടു പഠിപ്പിച്ചു തുടങ്ങിയത്.
പിന്നെ
പാട്ടിനോട് അഭിരുചിയുള്ള
കുറച്ചു കുട്ടികൾക്ക് വീട്ടിൽ വെച്ചുള്ള
ക്ലാസ്സും…
ഭാര്യയുടെ
തൊട്ടടുത്തുള്ള അംഗൻവാടിയിലെ
ആയയുടെ ജോലിയിൽ നിന്നും
കൂടിയുള്ള വരുമാനവും…
വലിയ കുഴപ്പമില്ലാതെ
കുട്ടികളുടെ പഠനവും വീട്ടുകാര്യങ്ങളും
ഒക്കെ ഓടി പോകുമായിരുന്നു.
ആയിടക്കാണ്
നഗരത്തിലെ സെന്റ്. ജോസഫ് സ്കൂളിൽ ഒരു ഒഴിവുണ്ടെന്നു അറിഞ്ഞത്.
CBSE സ്കൂൾ ആണ്.
ഗുരുമുഖത്തു നിന്നുള്ള
അറിവും ആ കാലം കൊണ്ടുണ്ടാക്കിയെടുത്ത സൽപേരും.
ഇത് മാത്രമാണ് യോഗ്യത.
ഗവണ്മെന്റ് അംഗീകൃത സാക്ഷ്യപത്രങ്ങൾ ഒന്നുമില്ല…
ഒന്നു ശ്രമിച്ചു നോക്കിയാലോ?
എന്തായാലും
വർഗീസ് സാറിന്റെ കുട്ടികൾക്കു
ട്യൂഷൻ എടുത്തത് തുണയായി.
സ്കൂളിന്റെ പ്രിൻസിപ്പളും പള്ളിയിലെ
പുരോഹിതനുമായ വികാരിയച്നോട്
വർഗീസ് സർ കാര്യം പറഞ്ഞു.
പി റ്റി എ പ്രസിഡന്റ് കൂടി ആയപ്പോൾ
കാര്യം ഭദ്രം.
ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസ്.
അഞ്ചാം ക്ലാസ്സു വരെ ഉള്ളു
സംഗീത പഠനം.
രാവിലെയും ഉച്ചകഴിഞ്ഞുമായി
ദിവസം രണ്ടു ക്ലാസുകൾ.
വീട്ടിൽ നിന്നും അല്പം അകലെ ആയതുകൊണ്ട് ഉച്ചഭക്ഷണം ഭാര്യ റെഡിയാക്കിത്തരും.
കുട്ടികളെ സ്കൂളിലും വിട്ടു
എന്നെയും യാത്ര ആക്കി വീടുംപൂട്ടിയിട്ടേ
ശാലിനി അംഗൻവാടിയിൽ പോകൂ..
വീട്ടിലെത്തി
പാട്ട് പടിപ്പിക്കുന കുട്ടികളുടെ പഠനം
രാവിലെയും വൈകിട്ടുമാക്കി..
പകലത്തെ പഠിപ്പിക്കൽ
ശനിയും ഞായറുമാക്കി.
അങ്ങിനെ
അവസ്ഥകളൊക്കെ
ഒന്നു മെച്ചപ്പെട്ടുവരവേ ആണ്
“മഹാമാരിയുടെ “വരവ്.
അനുദിനം മോശമായികൊണ്ടിരുന്ന
കാലം….
അന്ന് വരെ കേട്ടിട്ടില്ലാത്ത
കുറെ പുതിയ വാക്കുകൾ…!
കൊറോണ..
കോവിഡ് 19
മാസ്ക്..
ലോക്ക് ഡൌൺ,..
കന്റൈൻ മെന്റ് സോൺ..
ട്രിപ്പ്പിൾ ലോക് ഡൌൺ..
ഇരട്ടമാസ്ക്…
പുതിയ പദങ്ങളുടെയും
പൊരുത്തക്കേടുകളുടെയും ഇടയിൽ
കാലവും ജീവിതവും
കീഴ്മേൽ മറിഞ്ഞു….
ഇതിനിടയിൽ
സംഭവിച്ചതൊക്കെ ഓർത്തപ്പോൾ
തല കറങ്ങുന്നതുപോലെ..
അംഗൻവാടി മുതൽ
സ്കൂളുകൾ വരെ അടച്ചിട്ടു.
വീടുകളിൽ ചെന്നോ
വീട്ടിൽ വരുത്തിയോ
കുട്ടികളെ പഠിപ്പിക്കാൻ വയ്യാതായി..
എന്തിന്.. അഞ്ചു പേരിൽ
കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പോലും വയ്യെന്നായി..
ആശ്വാസം ആയി
സർക്കാർ നൽകുന്ന
പെൻഷൻപരിപാടികളിൽ
കലാകാരന്മാർ ഇല്ലാത്ത്രെ..!
അവരെന്താ മനുഷ്യരല്ലേ..?
അവർക്കും
വീടും കുടിയും
കുട്ടികളുമൊന്നുമില്ലേ?
വിശപ്പില്ലേ?
ആകെ കിട്ടുന്നത്
റേഷൻ കടയിൽ നിന്നുമുള്ള കിറ്റ് മാത്രം…!
മൂത്തവളോട് ഹോസ്റ്റലിൽ തന്നെ നിൽക്കാൻ പറഞ്ഞു..
വീടുൾപെടുന്ന സ്ഥലം
കൊറോണ കേസുകൾ കൂടുന്നു..
“കൺടൈൻമെന്റ് സോൺ “ആത്രേ..
അവൾക്കു ഫോൺ മേടിച്ചിരുന്നത് കൊണ്ടു ഓൺലൈൻ ക്ലാസിനു
കുഴപ്പമില്ല.
ഇനി ഇളയവൾക്കും വേണം ഫോൺ.
എന്തു ചെയ്യും..?
കയ്യിലുള്ളത് മുന്നൂറ് രൂപ..
പത്തുപതിനഞ്ചു മാസമായി ഉള്ള ലോക് ഡൌൺ..
കയ്യിലുള്ള മിച്ചമൊക്കെ
തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു…
കടം ചോദിക്കാൻ
അഭിമാനമൊട്ടു സമ്മതിക്കുന്നുമില്ല…
ആകെ ഓർത്തിട്ട്….
“നിങ്ങളിതുവരെ
കാപ്പി കുടിച്ചില്ലേ?”
ഭാര്യയുടെ ചോദ്യം
അയാളെ ചിന്തകളിൽ നിന്നുമുണർത്തി….!
“ഇതിന്റെ ചൂട് പോയി..
യ്യ്….ഒരു തുടം കൂടി ഇങ്ങെട്..”
ന്യൂന മർദത്തിന്റെ
ആഘാതത്തിൽ…
പുറത്ത് തിമിർത്തു പെയ്യുന്ന
പെരുമഴയെ നോക്കി…
മേശപ്പുറത്ത്
പാതി കുടിച്ചു ബാക്കി വെച്ച
തണുത്തുറഞ്ഞ കടുംകാപ്പിപോലെ…
മരവിച്ച മനസ്സുമായി….
ശുന്യമായി കിടക്കുന്ന
പെരുവഴിയുടെ നീളം നോക്കി…
അയാൾ
അവ്യക്തമായി
എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു….!!!!
കെ. എൻ പ്രസന്നകുമാർ✍
ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ “കൊറോണ “യുടെ “ഇന്ത്യൻ വകഭേദ”മെന്ന
പേരിൽ വന്ന രണ്ടാം തരംഗത്തിലും അവസാനിച്ചിട്ടില്ലാത്ത,കൊറോണ ഭീതിയിൽ
ജീവിതം കീഴ്മേൽ മറിഞ്ഞ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിന്റെ നേർകാഴ്ച,
അമേരിക്ക “മലയാളി മനസ്സിൽ “പ്രസിദ്ധീകരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി സർ. ഈ കാഴ്ചകൾ അവിടേക്കെത്തിച്ച
എനിക്ക് എത്രയും പ്രിയപ്പെട്ട, ബഹുമാന്യ യായ ടീച്ചർ smt.ജിതദേവനും (അഡ്മിൻ,സംസ്കൃതി സാഹിത്യവേദി )അമേരിക്കൻ മലയാളിമനസ്സിന്റെ ഹൃദ്യമായ കൂട്ടായ്മക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽക്കൂടി ചൊല്ലട്ടെ. 🙏🌹🌹❤❤❤